കൊച്ചി: കാക്കനാട് വാഴക്കാലയിൽ എക്‌സൈസ് നടത്തിയ രഹസ്യ നീക്കത്തിൽ മാരക രാസലഹരി മരുന്നുമായി ട്രാൻസ്‌ജെന്റർ പിടിയിലായി. ചേർത്തല കുത്തിയതോടിൽ കണ്ടത്തിൽ വീട്ടിൽ ദീക്ഷ (ശ്രീരാജ്) (24) എന്ന മോഡലിങ് ആർട്ടിസ്റ്റാണ് എറണാകുളം റേഞ്ച് എക്‌സൈസിന്റെ പിടിയിലായത്. മോഡലിംഗും മറ്റ് ഫോട്ടോഷൂട്ടുകളും നടത്തപ്പെടുന്ന റേവ് പാർട്ടികളിൽ ഉപയോഗിച്ച് വരുന്ന 'പാർട്ടി ഡ്രഗ്ഗ് 'എന്ന വിളിപ്പേരുള്ള അതിമാരകമായ മെതലിൻ ഡയോക്‌സി മെത്താഫിറ്റമിനാണ് (MDMA) ഇയാളിൽ നിന്ന് കണ്ടെടുത്തത്. 8.5 ഗ്രാം (എട്ടര ഗ്രാം) രാസലഹരി മരുന്ന് പിടിച്ചെടുത്തു.

മയക്ക് മരുന്ന് ഉപയോക്താക്കളുടെ പ്രത്യേക ടെലിങ്രാം ഗ്രൂപ്പുകൾ തുടങ്ങി ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലങ്ങളിൽ ഇടനിലക്കാർ വഴി മയക്ക് മരുന്ന് എത്തിച്ച് കൊടുത്തിരുന്നതുകൊണ്ട് ഇയാളിൽ നിന്ന് നിരവധി പേർ മയക്ക് മരുന്ന് വാങ്ങി ഉപയോഗിച്ചതായി സൂചനയുണ്ട്. സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാതെ ഓരോ ദിവസവും വ്യത്യസ്ത ഹോട്ടലുകളിൽ മാറി മാറി താമസിച്ചായിരുന്നു മയക്ക് മരുന്ന് ഇടപാട്. വ്യത്യസ്ത ആളുകളുടെ പേരിൽ മുറി ബുക്ക് ചെയ്ത് ഒറ്റ ദിവസം മാത്രം താമസിച്ച ശേഷം അടുത്ത സ്ഥലത്തേയ്ക്ക് താമസം മാറുന്നതിനാൽ ഇവരുടെ ഇടപാടുകൾ കണ്ടെത്തുക ദുഷ്‌കരമായിരുന്നു.

ട്രാൻസ്ജന്റേഴ്‌സിന്റെ ഇടയിൽ മയ്ക്ക് മരുന്ന് ഇടപാട് വ്യാപകമായി നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സിറ്റി മെട്രോ ഷാഡോ ടീം ഇതിനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. വാഴക്കാല പിബികെ മൈന റോഡിലുള്ള ഒരു അപ്പാർട്ട്‌മെന്റിൽ മയക്കുമരുന്നുമായി ഒരു ട്രാൻസ്ജന്റ് എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഷാഡോ സംഘം ഇവിടെ എത്തി മയക്ക് മരുന്നു മായി ഇവരെ കൈയോടെ പിടികൂടുകയായിരുന്നു. ഗോവ, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിലുള്ള സുഹൃത്തുക്കൾ വഴിയാണ് ഇയാൾ മയക്ക് മരുന്ന് എത്തിച്ചിരുന്നത് എന്നാതാണ് എക്‌സൈസിന്റെ പ്രാഥമീക നിഗമനം.

ഗ്രാമിന് 2000- ത്തിൽ പരം രൂപയ്ക്ക് വാങ്ങി 4000 മുതൽ 7000 രൂപ നിരക്കിൽ മറിച്ച് വിൽപ്പന നടത്തിവരുകയായിരുന്നു. പാർട്ടി ഡ്രഗ്ഗ് എന്നും മെത്ത് എന്നും അറിയപ്പെടുന്ന ഈ രാസലഹരി ഏകദേശം 8 മണിക്കൂർ മുതൽ 12 മണിക്കൂർ വരെ ഉന്മാദാവസ്ഥയിൽ തുടരുവാൻ ശേഷിയുള്ള അത്ര മാരകമാണ്. ഇത്തരത്തിലുള്ള ലഹരി ഉപയോഗിക്കുന്നത് ആർക്കും തിരിച്ചറിയുവാൻ കഴിയില്ല എന്നതും ഉപയോഗിക്കുവാനുള്ള എളുപ്പവുമാണ് ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നത്. ഇത് ഉപയോഗിച്ച് തുടങ്ങിയാൽ ഇതിൽ കുറഞ്ഞ മറ്റൊരു ലഹരിയിലേയക്ക് ഇറങ്ങി ചെല്ലുവാൻ കഴിയില്ലായെന്നത് ഇതിന്റെ വലിയൊരു അപകടാവസ്ഥയായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഈ ഇനത്തിൽപ്പെട്ട സിന്തറ്റിക് ഡ്രഗ്ഗ് അര ഗ്രാമിൽ കൂടുതൽ കൈവശം വച്ചാൽ 10 വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റമാണ്. ഇയാളുടെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. എറണാകുളം റേഞ്ച് ഇൻസ്‌പെക്ടർ എം.എസ്. ഹനീഫ, പ്രിവന്റീവ് ഓഫീസർ എസ്. സുരേഷ് കുമാർ, സിറ്റി മെട്രോ ഷാഡോയിലെ പ്രിവന്റീവ് ഓഫീസർ അജിത്കുമാർ എൻ.ജി, സിവിൽ എക്‌സൈസ് ഓഫീസർ എൻ.ഡി. ടോമി, വനിത ഉദ്ദ്യോഗസ്ഥരായ കെ.എസ് സൗമ്യ, സി.ജി. പ്രമിത എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.