- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ആദ്യം ലിംഗവും വൃഷ്ണവും നീക്കും, പിന്നെ യോനി തുന്നിപ്പിടിപ്പിക്കും; ലക്ഷങ്ങൾ ചെലവിട്ടുള്ള ഓപ്പറേഷൻ പലപ്പോഴും പാളുന്നു; തൊഴിലില്ലായ്മയും ഒറ്റപ്പെടുത്തലും തുടരുന്നു; നല്ലൊരു ശതമാനം ഇപ്പോഴും ലൈംഗികത്തൊഴിലിൽ; കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മരിച്ചത് ഏഴു പേർ; 'കാക്കകളെപ്പോലെ മരിച്ചു വീഴുന്ന' കേരളത്തിലെ ട്രാൻസ് ജെൻഡറുകളുടെ കഥ!
കൊച്ചി: കാക്കകളും കന്യാസ്ത്രീകളുമാണ് കേരളത്തിൽ ആരുമറിയാതെ മരിക്കുന്നത് എന്നായിരുന്നു നേരത്തെ പറയാറുണ്ടായിരുന്നത്. ഇപ്പോഴിതാ അതിലേക്ക് ഒരു വിഭാഗത്തെക്കൂടി ചേർക്കേണ്ടി വന്നിരിക്കുന്നു. അതാണ് ട്രാൻസ്ജെൻഡറുകൾ. കഴിഞ്ഞ ഒന്നരവർഷത്തിനുള്ളിൽ എട്ട് ട്രാൻസ് ജെൻഡറുകളാണ് കേരളത്തിൽ മരിച്ചത്. അതിൽ ഭൂരിഭാഗവും 30ൽ താഴെ മാത്രം പ്രായമുള്ളവർ. മിക്കതും അത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. സമൂഹവും സർക്കാറും ഏറെ മാറിയെന്ന് പറയുമ്പോഴും, എന്തുകൊണ്ട് കേരളത്തിലെ ട്രാൻസ്ജെൻഡർ കമ്യൂണിറ്റി ഇതുപോലെ ദുരന്തത്തിലേക്ക് നീങ്ങുന്നു എന്നതിന്റെ കാരണം ആർക്കും പറയാൻ പറ്റുന്നില്ല.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും കേരളത്തിൽ ഒരു ട്രാൻസ്ജെൻഡർ കൂടി നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവാണ് മരിച്ചത്. 27 വയസായിരുന്നു. കൊച്ചി ചക്കരപ്പറമ്പിലെ ഒരു അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടത്. വർഷങ്ങളായി കൊച്ചിയിലാണ് ഷെറിൻ താമസിക്കുന്നത്. ആലപ്പുഴയാണ് സ്വദേശം. പാലാരിവട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം പുരോഗമിക്കയാണ്.
അതിനിടെ ട്രാൻസ്‌ജെൻഡേഴ്‌സിന്റെ മരണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും വിഷയത്തിൽ സാമൂഹ്യ നീതി വകുപ്പും സർക്കാരും കാര്യമായ ഇടപെടൽ നടത്തണമെന്നും മുൻ എം എൽ എ വിടി ബൽറാം രംഗത്തെത്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ കൊച്ചിയിൽത്തന്നെ അഞ്ചാമത്തെ മരണമാണിതെന്നും കേവലം ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന് എഴുതിത്ത്തള്ളാതെ സവിശേഷമായ സാമൂഹിക ശ്രദ്ധയും പഠനവും ആവശ്യമാണെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. ''കേവലം ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന് എഴുതിത്ത്തള്ളാതെ സവിശേഷമായ സാമൂഹിക ശ്രദ്ധയും പഠനവും ആവശ്യമുള്ള ഗൗരവതരമായ ഒരു വിഷയമായി ഇതിനെ കാണാൻ നമുക്ക് കഴിയേണ്ടതുണ്ട്. ട്രാൻസ് കമ്മ്യൂണിറ്റിയോടുള്ള സമൂഹത്തിന്റെ മനോഭാവം, അധികാര സ്ഥാപനങ്ങളിലടക്കം ഇപ്പോഴും നിലനിൽക്കുന്ന സ്റ്റിഗ്മ, പലതരം ചൂഷണങ്ങൾ, വിവേചനങ്ങൾ, രൂക്ഷമായ തൊഴിലില്ലായ്മ, എന്നിങ്ങനെ പലതരം പ്രശ്നങ്ങളും ഇനിയും വേണ്ട രീതിയിൽ അഡ്രസ് ചെയ്യപ്പെട്ടിട്ടില്ല.
അതുകൊണ്ടുതന്നെ ഈ മരണത്തേക്കുറിച്ചുള്ള പൊലീസിന്റെ കേസന്വേഷണത്തിനപ്പുറം സാമൂഹിക നീതി വകുപ്പ് അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ ഇതിനെ ഒരു പൊതു വിഷയമായിക്കണ്ട് ഗൗരവമുള്ള പഠനത്തിനും അതനുസരിച്ചുള്ള ഇടപെടലുകൾക്കും ഇനിയും മടിച്ചു നിൽക്കരുത്. സമൂഹത്തിലെ ഓരോ വ്യക്തിയും പൂർണാർത്ഥത്തിൽ ഉൾക്കൊള്ളപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് നാമേവരുടേയും ഉത്തരവാദിത്തമാണ്.''- വി ടി ബൽറാം ചൂണ്ടിക്കാട്ടുന്നു.
എന്നാൽ വി ടി പറഞ്ഞതിനും എത്രയോ ഭീകരമാണ് ഈ മേഖലയിലെ കാര്യങ്ങൾ എന്നാണ് ട്രാൻസ്ജെൻഡർ ആക്റ്റീവിസ്റ്റുകൾ പറയുന്നത്. സർക്കാർ ട്രാൻസ്ജെൻഡർ പോളിസി നടപ്പാക്കിയെന്ന് പറയുന്നുണ്ടെങ്കിലും സമൂഹത്തിന്റെ മനോഭാവവും, ട്രാൻസ്ജെൻഡറുകളുടെ തൊഴിൽ സാഹചര്യവും ഒന്നും തീരെ മെച്ചപ്പെട്ടിട്ടില്ല എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ലോകത്തിന്റെ പലഭാഗത്തും പാർലിമെന്റിൽ തൊട്ട് സൈന്യത്തിൽവരെ ട്രാൻസ് ജെൻഡറുകൾ എത്തിക്കഴിഞ്ഞു. പക്ഷേ നമ്മുടെ നാട്ടിൽ ഇപ്പോഴും ഭൂരിഭാഗം ട്രാൻസ് ജെൻഡറുകളും സെക്സ് വർക്ക് ചെയ്യേണ്ട അവസ്ഥയാണ്.
ആവർത്തിക്കുന്ന ആത്മഹത്യകൾ
2021 എന്ന ഒറ്റവർഷത്തിൽ മാത്രം അഞ്ച് ട്രാൻസ് ജെൻഡറുകളാണ് ഈ നാട്ടിൽ ജീവനനൊടുക്കിയത്. വൈറ്റിലയിലെ വാടക വീട്ടിൽ ട്രാൻസ് ജെൻഡർ യുവതിയായ കോഴിക്കോട് സ്വദേശി ശ്രീധന്യ(30)യുടെ മൃതദേഹം കണ്ടെത്തുന്നത് 2021 ജൂണിലാണ്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നു. ദിവസങ്ങളായി ഇവർ പനിയും ഛർദിയുമായി രോഗാവസ്ഥയിൽ ആയിരുന്നെന്നാണ് സുഹൃത്തുക്കൾ പറഞ്ഞിരുന്നത്. സമീപത്തു താമസിച്ചിരുന്ന സുഹൃത്തുക്കളാണ് ഭക്ഷണവും മറ്റും എത്തിച്ചു നൽകിയിരുന്നത്. കോവിഡ് സംശയത്തെ തുടർന്ന് പിന്നെ അവരും എത്തിയിരുന്നില്ല. അങ്ങനെ ആരും തിരിഞ്ഞുനോക്കാനില്ലാതെയാണ് ആ മരണം നടക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ട്രാൻസ്‌ജെൻഡർ യുവതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവമായിരുന്നു അടുത്തത്. കണ്ണൂർ തോട്ടട സമാജ് വാദി കോളനിയിലെ സ്‌നേഹയായിരുന്നു തീക്കൊളുത്തി ആത്മഹത്യ ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപ്പറേഷനിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. വീടിനകത്ത് നിന്നും മണ്ണെണ്ണയൊഴിച്ച സ്‌നേഹ പുറത്തേക്ക് വന്ന് തീകൊളുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.കണ്ണൂർ കോർപ്പറേഷനിലെ 36-ാം ഡിവിഷനായ കിഴുന്നയിൽനിന്നുമായിരുന്നു സ്‌നേഹ ജനവിധി തേടിയത്. മരണകാരണം എന്താണെന്ന് ഇപ്പോഴം വ്യക്തമായിട്ടില്ല.
അതിനുശേഷമാണ് കൊച്ചി ഇടപ്പള്ളിയിൽ ട്രാൻസ്ജെൻഡർ യുവതിയെ ആത്മഹത്യ നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ ശ്രദ്ധയെ (21) ആയിരുന്നു പോണേക്കരയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റ് അസ്വഭാവികത ഒന്നുമില്ലെന്നും ആത്മഹത്യ തന്നെ ആണ് മരണകാരണമെന്നുമായിരുന്നു പൊലീസ് പറഞ്ഞത്. കൊല്ലം സ്വദേശിയായ ശ്രദ്ധ പഠനാവശ്യത്തിനായിരുന്നു കൊച്ചിയിലെത്തിയത്. ആറ് മാസത്തോളം ശ്രദ്ധയും മൂന്ന് ട്രാൻസ് സുഹൃത്തുക്കളും പോണേക്കര പെരുമനത്താഴത്തെ വാടക വീട്ടിലായിരുന്നു താമസം. സുഹൃത്തുക്കൾ രാത്രി പുറത്ത് പോയപ്പോൾ സുഖമില്ലെന്ന് പറഞ്ഞ് ശ്രദ്ധ മുറിയിൽ തന്നെ തുടർന്നു. ഇവർ തിരിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ ശ്രദ്ധയെ കണ്ടത്. ശ്രദ്ധ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയ ആയിരുന്നില്ല. എന്നാൽ, വ്യക്തിപരമായ ചില പ്രശ്‌നങ്ങൾ ശ്രദ്ധക്ക് ഉണ്ടായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു.
കഴിഞ്ഞ ജൂലൈയിൽ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മാധ്യമ പ്രവർത്തകയുമായ അനന്യ കുമാരി അലക്‌സ് ആത്മഹത്യ ചെയ്തത് വലിയ വാർത്തയായിരുന്നു. ഇടപ്പള്ളി ടോൾ ജംങ്ഷനു സമീപത്തെ ഫ്‌ളാറ്റിലാണ് അനന്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിൽ പാളിച്ച സംഭവിച്ചതായി അനന്യ മുൻപ് പരാതി ഉന്നയിച്ചിരുന്നു. ഇതിലുള്ള മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നിഗമനം. കൊല്ലം സ്വദേശിനിയായ അനന്യ കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ജോക്കിയും, ആദ്യത്തെ ട്രാൻസ്‌ജെൻഡർ സ്ഥാനാർത്ഥിയുമായിരുന്നു. ഈ മരണത്തിന് പിന്നാലെ സുഹൃത്ത് ജിജുവിനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. അനന്യയുടെ മരണത്തിൽ പൊലീസ് അന്വേഷണം ഇപ്പോഴും തുടരുകയാണ്. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവാണോ മരണ കാരണം എന്ന് പൊലീസിന് ഇപ്പോഴും ഉറപ്പിക്കാൻ ആയിട്ടില്ല. അനന്യയുടെ മരണം കോളിളക്കം സൃഷ്ടിച്ചതോടെ സർക്കാർ വലിയ പ്രഖ്യാപനങ്ങളും നടത്തിയിരുന്നു.
ആലുവയിൽ ട്രാൻസ്ജെൻഡർ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയായിരുന്നു അടുത്തത്. തൃശൂർ ഊരകം സ്വദേശി താഹിറയെയാണ് ശനിയാഴ്ച പുലർച്ചെ പുളിഞ്ചുവട് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തിടെ താഹിറയുടെ ഉറ്റസുഹൃത്ത് വാഹനാപകടത്തിൽ മരണമടഞ്ഞിരുന്നു. ഇതിൽ മനം നൊന്താണ് ആത്മഹത്യയെന്ന് പറയപ്പെടുന്നു. കൊച്ചി കാക്കനാട്ടെ ഐടി കമ്പനിയിലെ ജീവനക്കാരിയാണ് താഹിറ. സമൂഹത്തിന്റെ രണ്ട് വ്യത്യസ്തതലങ്ങളിൽ നിൽക്കുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ജീവിതം പറയുന്ന ഹ്രസ്വ ചിത്രത്തിന്റെ സംവിധായകയായും അഭിനയത്രിയായും താഹിറ എത്തിയിരുന്നു.
ട്രാൻസ് ആയതിന്റെ പേരിൽ ദുരഭിമാനക്കൊലയും
ഒരാൾ ട്രാൻസ് ആവുന്നത് അയാളുടെ കുഴപ്പമല്ല മസ്തിഷ്‌ക്കത്തിന്റെ ഓറിയൻേറഷൻ ആണെന്ന് ഇന്ന് ആർക്കും അറിയാവുന്നതാണ്. പക്ഷേ അതിന്റെ പേരിൽ ദുരഭിമാനക്കൊലക്ക് സമാനമായ ഒരു കൃത്യത്തിനും കേരളം സാക്ഷിയായി. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയാകുവാൻ താൽപര്യപ്പെട്ടിരുന്നു സഹോദരനെ അടിച്ചുകൊന്ന സംഭവം പത്തനംതിട്ട തണ്ണിത്തോട് നിന്നാണ് റിപ്പോർട്ട് ചെയ്തത്. തണ്ണിത്തോട് മൂഴി കുഞ്ഞിനാംകുഴി കോട്ടയ്ക്ക് അടുത്ത് ചരിവുകാല പുത്തൻവീട്ടിൽ ജസ്റ്റിൻ സി. എബി(28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 5ന് ജസ്റ്റിന്റെ സഹോദരൻ ജെറിൻ(23) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ജെറിൻ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയാകുവാൻ താൽപര്യപ്പെട്ടിരുന്നു. ഇതിനെതുടർന്ന് സഹോദരങ്ങൾക്ക് വാക്കുതർക്കങ്ങളുണ്ടാകുകയും ജസ്റ്റിൻ വിറക് ഉപയോഗിച്ച് ജെറിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. ബോധരഹിതനായ ജെറിനെ കുളിപ്പിച്ച് കിടത്തി. മാതാപിതാക്കൾ വൈകീട്ട് എത്തിയപ്പോൾ ജെറിന് അപസ്മാരം വന്നതാകാമെന്ന് കരുതി ആശുപത്രിയിൽ കൊണ്ടുപോയി.
കോന്നി താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ജെറിന്റെ തലയ്‌ക്കേറ്റ ക്ഷതത്തിന്റെ ആഘാതത്തിലാണ് മരണമെന്ന് അറിഞ്ഞതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. തലയ്ക്ക് അടിക്കാനായി ഉപയോഗിച്ച വിറക് വീട്ടിലെ അലമാരയുടെ മുകളിൽ നിന്ന് പൊലീസ് കണ്ടെടുത്തു.സഹോദരനെ കൊന്ന കേസിൽ അറസ്റ്റിലായ ജസ്റ്റിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇത് ഒക്കെ തെളിയിക്കുന്നത് കേരളത്തിന്റെ ഇനിയും മാറാത്ത അവസ്ഥയാണെന്ന് ട്രാൻസ്ജെൻഡർ ആക്റ്റീവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും വലിയ പ്രശ്നം ശസ്ത്രക്രിയ
കേരളത്തിലെ ട്രാൻസ്ജെൻഡർ കമ്യുണിറ്റി അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്, ഇപ്പോഴും ലിംഗമാറ്റ ശസ്ത്രക്രിയക്കുള്ള ഭീമമായ ചെലവും, വിദഗ്ധ ഡോക്ടമാരുടെ അഭാവവുമാണ്. ആത്മഹത്യ ചെയ്ത അനന്യകുമാരി അലക്സ് പറഞ്ഞിരുന്നത് ഈ സർജറിയെ തുടർന്ന് തനിക്ക് എഴുന്നേറ്റ് നിൽക്കാൻ പോലും ആകുന്നില്ല എന്നാണ്. ഒന്ന് തുമ്മുമ്പോൾപോലും തീവ്ര വേദനയുണ്ടെന്നും ഇവർ പറഞ്ഞിരുന്നു.
പക്ഷേ ലിംഗമാറ്റ ശസ്ത്രക്രിയ ഇന്നും അതീവ സങ്കീർണ്ണമായ സർജറിയകളിൽ ഒന്നാണ്.ജന്മനാ ആണോ പെണ്ണോ ആയ ഒരാളെ മറ്റേ ലിംഗത്തിലേക്കോ ,അല്ലെങ്കിൽ വ്യക്തമായ ലിംഗം ഇല്ലാത്ത ഒരാളെ ഏതെങ്കിലും ഒരു പ്രത്യേക ലിംഗത്തിലേക്കോ ശസ്ത്രക്രിയ വഴി മാറ്റുന്നതാണ് ലിംഗമാറ്റ ശസ്ത്രക്രിയ അഥവാ എസ്.ആർ.എസ് എന്ന് പറയുന്നത്. പ്രധാനമായും രണ്ടു വിഭാഗങ്ങൾക്കാണ് ഈ ശസ്ത്രക്രിയ ചെയ്യുന്നത്.
ഒന്ന് ജന്മനാ വ്യക്തമായ ലിംഗം ഇല്ലാത്ത കുട്ടികൾക്ക്. ഇത്തരക്കാരെ ചെറുപ്പത്തിലെ തന്നെ ഏതെങ്കിലും പ്രത്യേക ലിംഗത്തിലേക്ക് സർജറി വഴി മാറ്റുകയാണ് ചെയുന്നത്. സാധാരണയായി സ്ത്രീ ലിംഗത്തിലേക്ക് ആണ് ഇത്തരം മാറ്റം നടത്തുക. ഈ സർജറി പൊതുവേ എളുപ്പമായതുകൊണ്ടും കൂടുതൽ വിജയകരം ആയതുകൊണ്ടും ആണ് ഇത് .ഇപ്പോളത്തെ കാഴ്ചപ്പാട് അനുസരിച്ച് കുട്ടി വലുതായി സ്വയം ഏതു ലിംഗമായി തന്നെ കരുതുന്നുവോ ആ വിഭാഗത്തിലേക്ക് മാറ്റുന്നതാണ് ഭാവിയിലേക്ക് നല്ലത് എന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ജന്മനാ ഏതെങ്കിലും വ്യക്തമായ ലിംഗം ഉള്ള ഒരാൾ അതിന്റെ എതിർ വിഭാഗം ആയി മാറാൻ അതിയായി ഇഷ്ടപെടുന്ന അവസ്ഥ ഉള്ളവരിലാണ് ഇത് ചെയ്യുന്നത്. പൊതുവേ ട്രാൻസ് ജെൻഡർ ആൾക്കാരിൽ ഈ അവസ്ഥ ഉണ്ട്. കൂടാതെ സ്വവർഗ രതി ഇഷ്ടപെടുന്ന ചിലരിലും ഈ അവസ്ഥ കാണാറുണ്ട് . ഇവരിൽ രണ്ടു തരത്തിൽ ഉള്ള മാറ്റങ്ങൾ സാധ്യമാണ്. പുരുഷനിൽ നിന്ന് സ്ത്രീ രൂപത്തിലേക്കും, സ്ത്രീയിൽ നിന്ന് പുരുഷ രൂപത്തിലേക്കും ഇതിൽ മെയിൽ ടു ഫീമെയിൽ സർജറി താരതമ്യേന എളുപ്പമുള്ളതാണ്. ശസ്ത്രക്രിയക്കു ശേഷമുള്ള ഇത്തരക്കാരുടെ റിസൾട്ടും മികച്ചതാണ . ഫീമെയിൽ ടു മെയിൽ ശസ്ത്രക്രിയ കൂടുതൽ ശ്രമകരമാണ്.
ആർക്കെങ്കിലും ഓടി ഒരു ആശുപത്രിയിൽ ചെന്ന് എന്നെ ആണാക്കണം എന്നോ പെണ്ണാക്കണം എന്നോ ആവശ്യപ്പെട്ടാൽ ഇത് ചെയ്തു കിട്ടില്ല. മാനസിക രോഗ വിദഗ്ധൻ തുടർച്ചയായ പരിശോധനകൾ നടത്തി, ഒരു വ്യക്തിക്ക് നിലവിലുള്ള ജെൻഡറിൽ തുടരുന്നത് മാനസികമായി ബുദ്ധിമുട്ടു ഉണ്ടാക്കും എന്ന് കണ്ടെത്തി സർജറി ചെയ്യുന്നതിലോടെ ഇതിനു കുറവുണ്ടാകും എന്ന് ഉറപ്പു പറയണം. വിദഗ്ദ്ധരായ ഒരുപറ്റം ഡോക്ടരുമാരുടെ പരിശ്രമം ഈ ശസ്ത്രക്രിയക്കു ആവശ്യമാണ്.
ഇതിലെ ഒരു പ്രധാന റോൾ വഹിക്കുന്ന വ്യക്തി മാനസികാരോഗ്യവിദഗ്ധനാണ് . ഒരു വ്യക്തിക്ക് ഈ പറയുന്ന മാനസിക അവസ്ഥ ഉണ്ടെന്നു കണ്ടെത്തുന്നതും അത് ഉറപ്പിക്കുന്നതും, ഒപ്പം ഇത്തരത്തിൽ ഒരു ശസ്ത്രക്രിയ അവരുടെ മാനസിക അവസ്ഥയ്ക്കും ഭാവിയിലും ഗുണം ചെയ്യുമോ എന്നും ഉള്ള നിർണയം നടത്തുന്നത് അദ്ദേഹമാണ്. ശസ്ത്രക്രിയക്ക് ഒരുങ്ങുന്നതിനു മുൻപും പിൻപും മാനസികമായ മുന്നൊരുക്കങ്ങൾ കൊടുക്കുന്നതും ഈ ഡോക്ടർ ആണ് . ഈ വ്യക്തിയെ പരിചരിക്കുന്ന മാനസികാരോഗ്യ ഡോക്ടറുടെ നിർദ്ദേശം ഉണ്ടെങ്കിൽ മാത്രമേ ഇത്തരം ഒരു ശസ്ത്രക്രിയക്കു ഉള്ള തീരുമാനം എടുക്കുകയുള്ളൂ . ഈ വ്യക്തിയുടെ കുടുംബാങ്ങൾക്കും വിധഗ്ത ഉപദേശങ്ങളും നിർദേശങ്ങളും ആവശ്യമാണ്. ഇത്തരം വ്യക്തികൾ വർഷങ്ങളായി തന്നെ എതിർ ലിംഗക്കാരുടെ സ്വഭാവ രീതികളും, വസ്ത്ര ധാരണവും ഒക്കെ ഉള്ളവർ ആയിരിക്കും . അങ്ങനെ അല്ലാത്തവർക്ക് ഈ പരിശീലനവും ലഭിക്കേണ്ടതുണ്ട് .
ഹോർമോൺ ചികിത്സ നിർബന്ധംമാണ്. ഒരു എൻഡോക്രൈനോളജിസ്റ്റ് ആണ് ഈ ഘട്ടത്തിന് മേൽനോട്ടം വഹിക്കുന്നത്. പുരുഷൻ ആകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് പുരുഷ ഹോർമോണുകൾ നൽകുകയാണ് ഈ ഘട്ടത്തിൽ ചെയ്യുന്നത്. അതുപോലെ സ്ത്രീ ആകാൻ ആഗ്രഹിക്കുന്ന പുരുഷന് സ്ത്രീ ഹോർമോണുകൾ നൽകും. പുരുഷന്റെ ശരീര പ്രകൃതി മാറി സ്ത്രീകളുടെ ശരീര സവിശേഷതകൾ ഉണ്ടാവാൻ ഇത് കാരണം ആകുന്നു. ഏകദേശം ഒരു വർഷത്തോളം ഈ ചികിത്സ നീണ്ടു നിൽക്കും .
ഇതിനുശേഷം ഈ സർജറിക്ക് വേണ്ട മാനസിക ശാരീരിക മുന്നൊരുക്കങ്ങളും , മറ്റു അനുകൂല സാഹചര്യങ്ങളും ഉണ്ടെങ്കിൽ മാത്രമേ ലിംഗമാറ്റ ശസ്ത്രക്രിയയുമായി മുന്നോട്ടു പോകുകയുള്ളൂ. പല ഘട്ടങ്ങൾ ആയാണ് ഈ സർജറി നടക്കുന്നത്.
കാലിലെ പേശികളിൽനിന്ന് ഉണ്ടാക്കുന്ന ലിംഗം
പുരുഷ ലിംഗവും വൃഷ്ണവും എടുത്തു മാറ്റുകയാണ് .തുടർന്ന് അടുത്ത ഘട്ടത്തിൽ സ്ത്രീകളുടെ സവിശേഷ അവയവമായ യോനി പുരുഷനിൽ രൂപപ്പെടുത്തി എടുക്കുകയാണ് .പുരുഷ ലിംഗത്തിന്റെ ഒരു ഭാഗം രൂപഭേദം വരുത്തി ഈ പുതിയ യോനിയിൽ നിലനിർത്തും. തുടർന്ന് ഹോർമോൺ ചികിൽസ തുടരും , അതോടെ സ്ത്രീകളുടെ ശരീര സവിശേഷതകൾ പതിയെ വന്നു തുടങ്ങും. സ്തന വളർച്ച ഒക്കെ ഈ സമയത്താണ് . തുടർന്നും മാനസിക പരിചരണം ആവശ്യമാണ് . നിലവിൽ ഇത്തരം സർജറി കഴിഞ്ഞാൽ ഗർഭ ധാരണം സാധ്യമല്ല , എന്നാൽ ഭാവിയിൽ ഇതു സാധ്യമാക്കാൻ ഉള്ള പഠനങ്ങൾ നടക്കുകയാണ്
സ്ത്രീ പുരുഷൻ ആകുന്നത് പ്രാവർത്തികമായി ബുദ്ധിമുട്ടുള്ള പ്രക്രിയ ആണിത് . ആദ്യപടി ആയി സ്തനങ്ങൾ എടുത്തുമാറ്റുകയാണ് ചെയ്യുന്നത് ,തുടർന്ന് ഗർഭ പാത്രവും , അണ്ഡാശയവും എടുത്തു മാറ്റുകയാണ്.തുടർന്ന് യോനി രൂപമാറ്റം വരുത്തുകയും, അവസാനമായി ഏറ്റവും ബുദ്ധിമുട്ട് ഉള്ള , ആൺ ലിംഗം ഉണ്ടാക്കിയെടുക്കുന്ന പ്രക്രിയ നടത്തുന്നു .കാലിലെ പേശികളിൽ നിന്നാണ് പലപ്പോഴും പുരുഷ ലിംഗം സൃഷ്ടിച്ചത് .അതുപോലെ കൈയിൽ നിന്നും അല്ലെങ്കിൽ കൃത്രിമ ഇമ്പ്ലാന്റ് ഉപയോഗിച്ചും ഇത് സാധ്യമാകും . തുടർന്ന് ആൺ ഹോർമോൺ ചികിത്സ തുടരുന്നു .
പഠനങ്ങൾ പറയുന്നത് സർജറിക്ക് ശേഷം ഇവരിൽ പ്രത്യേകിച്ച് സ്ത്രീ ആയി മാറിയവരിൽ മാനസിക സംഘർഷങ്ങൾ കുറവാണ് എന്നാണ് . തങ്ങളുടെ വ്യക്തിത്വം നിലനിർത്താൻ ഇത് സഹായിച്ചു എന്നാണ് പലരുടേയും അഭിപ്രായം . മികച്ച ലൈംഗിക ജീവിതവും ഇവർക്ക് ലഭിക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു . പൊതു സമൂഹം ഇവരെ അംഗീകരിക്കാനും സ്വീകരിക്കാനും ഇപ്പോളും മടിക്കുന്നു എന്നൊരു പ്രശ്നവും ഉണ്ട്. ഒപ്പം ചിലരിലെങ്കിലും ജെൻഡർ ഡയസിഫോര തുടരാറുണ്ട്. സർജറി കഴിഞ്ഞു ഗർഭ ധാരണം ഇപ്പോൾ സാധ്യമല്ല .അതുപോലെ ആണുങ്ങൾ ആയവരിൽ സെമെൻ ഉണ്ടാവുകയുമില്ല .അതുകൊണ്ടു നിലവിൽ ഇവർക്ക് കുട്ടികൾ ഉണ്ടാകാൻ സാധ്യത ഇല്ല. എന്നാൽ ഇത്തരത്തിലുള്ള പഠനങ്ങൾ നടക്കുകയാണ്. സമീപ ഭാവിയിൽ തന്നെ ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകും എന്ന് കരുതാം .
നിയമപരമായി ഈ സർജറിക്ക് തടസങ്ങൾ ഇല്ല. എന്നാൽ ചില ഇൻഷുറൻസ് സ്ഥാപനങ്ങൾ ഇവർക്ക് ചികിത്സ ആനുകൂല്യങ്ങൾ നിഷേധിക്കാറുണ്ട് . ഇതിനെതിരെ വലിയ നിയമ യുദ്ധങ്ങൾ തന്നെ അമേരിക്കയിൽ നടന്നിട്ടുണ്ട് . ലോകത്ത് ഏറ്റവും കൂടുതൽ ലിംഗ മാറ്റ ശസ്ത്രക്രിയ നടക്കുന്നത് തായ്ലണ്ടിൽ ആണ്. അതിനു ശേഷം ഇറാനിലും . ഇത്തരം സർജറികൾ ചെയ്യാൻ വിദഗ്ധ പരിശീലനം ലഭിച്ചവർ ഇന്ന് കുറവാണ് . ഈ പരിശീലനത്തിനും ,ഇത്തരം സർജറിക്ക് ഏകീകൃതരൂപം നൽകുന്നതിനുമായി പ്രവർത്തിക്കുന്ന സംഘടനയാണ് വേൾഡ് പ്രൊഫഷണൽ അസോസിയേഷൻ ഫോർ ട്രാൻസ്ജെൻഡർ ഹെൽത്ത്. ഇവർകാലാകാലങ്ങളിൽ കൊണ്ടുവരുന്ന നിർദേശങ്ങാണ് പൊതുവെ പിൻതുടരാറുള്ളത്.
ഭാവിയിൽ ഗർഭപാത്രം മാറ്റി വെയ്ക്കുന്നതിനും അതിലൂടെ ഇവർക്ക് ഗർഭ ധാരണം നടത്തുന്നതിനും ഉള്ള സാധ്യതകൾ ഉണ്ട്. പരീക്ഷണങ്ങൾ നടക്കുകയാണ് .ഒപ്പം പുരുഷ ലിംഗം ഉദ്ധാരണ ശേഷിയോടെ പുനർ നിർമ്മിക്കുന്ന പരീക്ഷണങ്ങൾ നടക്കുന്നുണ്ട്.
കേരളത്തിൽ വിദഗ്ധ ഡോക്ടർമാർ കുറവ്
കേരളത്തിൽ പൊതുവെ ഇതിന് വിദഗ്ധ ഡോക്ടർമാർ കുറവാണ് എന്നാണ് ട്രാൻസ് ജെൻഡർ കമ്യൂണിറ്റിയിൽ പെട്ടവർ പറയുന്നത്. അതുകൊണ്ടുതന്നെ അവർ ചെന്നെയിലെയും, കോയമ്പത്തൂരിലെയും, ആശുപത്രികളെയാണ് പ്രധാനമായും സമീപിക്കാറ്. സർക്കാർ ആശുപത്രിയിൽ വെറും 25000 രൂപക്ക് പ്രാഥമിക ശസ്ത്രക്രിയ നടത്താൻ കഴിയും. എന്നാൽ ഇതിന് കാലതാമസവും വിദഗ്ധ ഡോക്ടർമാരുടെ അഭാവവും പൊതുവെ പറഞ്ഞുകേൾക്കുന്നുണ്ട്. എന്നാൽ സ്വകാര്യ മേഖലയിലാവട്ടെ, ശസ്ത്രക്രിയയും അനുബന്ധ ചെലവുകളും ചേർത്ത് പത്തുലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് അറിയുന്നത്.
കേരളത്തിൽ 2018ൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടന്ന ശസ്ത്രക്രിയയും ചരിത്രമായിരുന്നു. ഏറ്റവും ബുദ്ധിമുട്ടേറിയ പെണ്ണിനെ ആണാക്കി മാറ്റുന്നസർജറിയാണ് ഇവിടെ നടന്നത്. 41 വയസുകാരി ആയ സ്ത്രീക്കാണ്, തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്ലാസ്റ്റിക് സർജറി വിഭാഗം തലവൻ ഡോ. അജയകുമാറിന്റെ നേതൃത്വത്തിൽ സർജറി ചെയ്ത വിജയിപ്പിച്ചത്. എൻഡോക്രൈനോളജി , മാനസികാരോഗ്യം, അനസ്തേഷ്യ വിഭാഗങ്ങൾ സഹകരിച്ചാണ് വർഷങ്ങൾ നീണ്ട ചികിത്സ പൂർത്തിയാക്കിയത് . ചെറുപ്പം തൊട്ടു തന്നെ പുരുഷനായി ജീവിക്കാൻ ആഗ്രഹിച്ച അവർക്ക് ഈ ശസ്ത്രക്രിയാ ചെലവ് താങ്ങാവുന്നതിൽ അപ്പുറം ആയിരുന്നു . കഴിഞ്ഞ കുറെ വർഷങ്ങളായി മാനസികാരോഗ്യ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു ഇവർ . ഒരു വർഷം മുൻപേ തന്നെ ആണുങ്ങളുടെ ശരീര സവിശേഷതകൾ ഉണ്ടാകുവാനായി ഹോർമോൺ ചികിത്സ ആരംഭിച്ചിരുന്നു . ഏലിറലൃ ശറലിേേശ്യ റശീൃെറലൃ അധവ ലെഃൗമഹ റ്യുെവീൃശമ എന്ന മാനസിക അവസ്ഥ ഉള്ള വ്യക്തികൾക്ക് ഒരു അനുഗ്രഹം ആണ് ഈ നേട്ടം.
പക്ഷേ പിന്നീട് എന്തുകൊണ്ടോ ലിംഗമാറ്റ ശസ്ത്രക്രിയകളിൽ സർക്കാർ ആശുപത്രികൾ പിന്തള്ളപ്പെട്ടു. ട്രാൻസ് ജെൻഡർ കമ്യൂണിറ്റിക്ക് പുർണ്ണമായും സ്വകാര്യ മേഖലയിലേക്ക് തിരിഞ്ഞു.
പണ്ട് നടന്നത് രാത്രിയിലെ ലിംഗഛേദം
ഇത്തരം ശസ്ത്രക്രിയകൾ വ്യാപകമായിട്ട് വെറും പത്തുവർഷം മാത്രമേ ആയിട്ടുള്ളുവെന്നാണ് ട്രാൻസ് ജെൻഡർ ആക്റ്റീവിസ്റ്റുകൾ പറയുന്നത്. അതിനുമുമ്പ് വരെ തമിഴ്‌നാട്ടിലെ കൂവാഗത്തും, ബ്ലാംഗ്ലൂരിലുമൊക്കെയുള്ള ട്രാൻസ്ജെൻഡർ കേന്ദ്രങ്ങളിൽ അർധരാത്രി ചില മതപരമായ ചടങ്ങുകളോടെ കത്തികൊണ്ട് ലിംഗം അറത്തുമാറ്റുകയാണത്രേ. ഇത്തരം അവസ്ഥക്ക് വിധേയായ ഒരു ട്രാൻസ് യുവതി തന്റെ അനുഭവം വിവരിച്ചത് ഇങ്ങനെയാണ്. 'പച്ചക്ക് മുറിച്ച് മാറ്റുകായിരുന്നു അന്ന് നടന്നിരുന്നത്. ഇങ്ങനെ മരിച്ചവരുണ്ട്. അവരെ രാത്രി കുഴിവെട്ടി മൂടിക്കളയും. വലിയ വാദ്യഘോഷങ്ങളോടെയൊക്കെയാണ് ലിംഗം മുറിക്കുന്ന ചടങ്ങ് നടക്കാറുള്ളത്. എണ്ണ തിളപ്പിച്ച് ചൂടാക്കി മൂർച്ചയുള്ള കത്തിയിൽ ഒഴിച്ച് അതുകൊണ്ടാണ് മുറിക്കുക. കത്തി തുടർച്ചായി മൂർച്ചകൂട്ടും. ആ മൂർച്ചകൂട്ടലിൽ തന്നെ മുറിയും നടക്കും. നാടൻ കത്തികൊണ്ട്. മുറിവിൽ ചുണ്ണാമ്പ് ഇലയും മഞ്ഞൾപ്പൊടിയും ഇടും. കറുത്ത റിബ്ബൺ കെട്ടി ഒരു മണിക്കൂറോളം നടത്തിക്കും. ചിലർ രക്ഷപ്പെടും. ചിലർ മരിക്കും. അന്ന് ഹോർമോൺ ചികിത്സയൊന്നുമില്ല. ആ അവസ്ഥയിൽ നിന്ന് നാം എത്രമാറിയെന്ന് ഓർക്കുക'-
ശരിയാണ്. കേരളത്തിലെ ട്രാൻസ് ജൻഡറുകളുടെ അവസ്ഥ ഒരു പാട് മാറിയിട്ടുണ്ട്. തൊഴിലും മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും ശസ്ത്രക്രിയക്ക് വിദഗ്ധ സൗകര്യം ഒരുക്കുന്നതിലുമെല്ലാം ഒരുപാട് കാര്യങ്ങൾ സർക്കാർ ചെയ്തുവെങ്കിലും ഇനിയും മുന്നോട്ട് പോകേണ്ടതായ ഒരുപാട് കാര്യങ്ങളുമുണ്ട്.
ഇന്നും തൊഴിൽ സുരക്ഷയില്ല
ലോകത്തിലെ നല്ലൊരു വിഭാഗം ട്രാൻസ്ജെൻഡറുകളും മുന്നോട്ട് പോയെങ്കിലും കേരളത്തിൽ ഇപ്പോഴും ഗണ്യമായ ഒരു വിഭാഗത്തെ ലൈംഗിക തൊഴിലിൽനിന്ന് രക്ഷിക്കാന കഴിഞ്ഞിട്ടില്ല. ട്രാൻസ് ജെൻഡറുകളെ ജോലിക്കെടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സർക്കാർ സ്ഥാപനമാണ് കൊച്ചി മെട്രോ. വഴികാട്ടുന്ന കേരളം എന്ന നിലയിൽ കൊട്ടിഘോഷിക്കപ്പെടുന്ന ഈ തീരുമാനം അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ വാർത്തയായി. എന്നാൽ, യാതൊരു വിവേചനവും ഉണ്ടാവില്ല എന്ന് ഉറപ്പിൽ ജോലിയിൽ പ്രവേശിച്ച പലർക്കും ഉണ്ടായത് നല്ല അനുഭവമല്ലെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഘട്ടത്തിൽ 23 ട്രാൻസ് ജെൻഡറുകളെയാണ് ഇവിടെ ജോലിക്കെടുത്തത്. ഇതിൽ തന്നെ രണ്ടു പേർ പരിശീലനം നൽകിയതിനു ശേഷം ജോലിയിൽ നിന്നും ഒഴിവാക്കി എന്ന ആരോപണം ഉയർത്തിയിരുന്നു. നിലവിൽ 12 പേർ മാത്രമാണ് സ്ഥിരമായി ജോലിക്കെത്തുന്നതെന്നാണ് സന്നദ്ധ സംഘടനകൾ പറയുന്നത്.
മെട്രോ ജീവനക്കാരിയായ സ്വീറ്റി ബെർണാഡ് ഒരുമാസത്തിനകം ജോലി ഉപേക്ഷിച്ചു. സഹജീവനക്കാരിൽ നിന്നും സ്റ്റേഷൻ മാസ്റ്ററിൽ നിന്നും നേരിട്ട അവഗണന സഹിക്കാൻ കഴിയാതെയാണ് രാജി എന്നായിരുന്നു സ്വീറ്റി പറഞ്ഞത്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടതിനാൽ, താമസ സൗകര്യം ലഭിക്കാതെ പ്രതിദിന ശമ്പളത്തിന്റെ ഇരട്ടി ചെലവാക്കി ലോഡ്ജ് മുറികളിൽ തങ്ങാൻ നിർബന്ധിതയാകുന്നതായി മെട്രോ ജീവനക്കാരികളായ രാഗരഞ്ജിനി, ജാസ്മിൻ എന്നിവർ പറയുന്നു. ഇതിനാൽ, ഷെൽട്ടർ ഹോമുകൾ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. 9500 രൂപയാണ് ഇവരുടെ വേതനം.
മാന്യമായി ജോലി ചെയ്യാൻ അവസരം കൊടുത്തിട്ട് മാനസികമായി അവരെ തകർക്കുന്ന കാഴ്ചയാണ് അവിടെ കാണുവാൻ സാധിക്കുന്നത് എന്നാണ് സാമുഹിക പ്രവർത്തകർ പറയുന്നത്. ജോലി നൽകി എന്നതുകൊണ്ട് മാത്രം അവസാനിക്കുന്നില്ല അവരുടെ പ്രശ്‌നങ്ങൾ. നമ്മെ പോലെ സ്വാതന്ത്ര്യവും അവകാശങ്ങളുമുള്ള മനുഷ്യരാണ് അവരെന്ന സത്യം അംഗീകരിക്കാനുള്ള മനസ് വളർത്തിയെടുക്കുകയും വേണം. ഏറെ പ്രചരണം നൽകി ഒരു സമൂഹത്തിന് പുതിയ പ്രതീക്ഷകൾ നൽകി കൊട്ടിഘോഷിച്ചു നടത്തിയ പദ്ധതി സുഗമമായി മുന്നോട്ടു കൊണ്ടു പോകേണ്ട ഉത്തരവാദിത്വം കൂടി സർക്കാരിൽ അർപ്പിതമാണെന്ന് ഓർമിപ്പിക്കുകയാണ് ഇത്തരം സംഭവങ്ങൾ.
ഈ വിഷയത്തിൽ പഠനം നടത്തിയിട്ടുള്ള സോഷ്യൽ മീഡിയ ആക്റ്റീവിസ്ററ് അനു ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ''കേരളം എന്നും ട്രാൻസ് ജെൻഡറുകൾക്ക് എതിരെ മുഖം തിരിച്ചിട്ടേയുള്ളൂ. ആയിരകണക്കിന് ട്രാൻസ് ജെൻഡറുകൾ കേരളത്തിലുണ്ടെങ്കിലും തങ്ങളുടെ ലൈംഗിക സ്വത്വം പുറത്തു പറയാനോ പുറത്തിറങ്ങി നടക്കാനോ ഭയമാണന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. പൊതു നിരത്തിൽ പ്രത്യക്ഷപ്പെട്ടാൽ അവജ്ഞയും മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങളുമാണ് ഇവർക്ക് നേരിടേണ്ടി വരുന്നത്. മുഖ്യധാരയിൽ നിന്ന് അകന്ന് നിന്നിട്ടും പിന്തുടർന്ന് വേട്ടയാടപ്പെടുകയാണ് ഈ ജീവിതങ്ങൾ. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാൻ ഇഷ്ടപ്പെടുന്ന മലയാളികളുടെ ചീഞ്ഞ സ്വഭാവം സ്വസ്ഥമായ ജീവിതം ഇവർക്ക് അന്യമാക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട് എന്നഭിമാനിക്കുന്ന കേരളത്തിന്റെ സാമൂഹിക ചുറ്റുപാടിൽ സ്വന്തം സ്വത്വത്തിന് ഇടം ലഭിക്കാതെ വരുമ്പോൾ ഇതരസംസ്ഥാനങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരാകുന്നു ഇവർ. കുടുംബങ്ങളോടൊപ്പം വീട്ടിലും സമൂഹത്തിലും ജീവിക്കാൻ മനസുകൊണ്ട് കൊതിക്കുന്ന ഇവർ പക്ഷേ, വീട്ടുകാരും, സമൂഹവും അംഗീകരിക്കാത്തതിന്റെ പേരിൽ, അവരിൽ നിന്ന് നേരിടേണ്ടി വരുന്ന അവഹേളനവും പരിഹാസങ്ങളും കാരണം, എത്ര തന്നെ ദുരിതങ്ങളും തിക്താനുഭവങ്ങളും നേരിടേണ്ടി വന്നാലും സ്വന്തം ലോകവും ജീവിതവും വിട്ട് കുടുംബങ്ങളിലേക്ക് തിരിച്ചു പോവാറില്ല.'' സമൂഹത്തിന്റെ മനോഗതി കൂടി മാറിയാലെ മാറ്റം ഉണ്ടാവുകയുള്ളൂ എന്ന് ചുരുക്കം.
വാൽക്കഷ്ണം: അതോടൊപ്പം ട്രാൻസജെൻഡർ കമ്യൂണിറ്റിയും ഒരു അത്മപരിശോധനക്ക് വിധേയമാകണം എന്ന് അഭിപ്രായം ഉയരുന്നുണ്ട്. ഒരുതരം ഗെറ്റോ കൾച്ചർ അറിഞ്ഞോ അറിയാതെയോ ഇവർ പിന്തുടരുന്നുണ്ട്. ഈ 'കൾട്ടിലെ' ഭിന്നതകളും തർക്കങ്ങളും കാരണം ജീവനൊടുക്കിയവരും ഉണ്ട്. വ്യക്തിയെ സ്വതന്ത്രനായി ജീവിക്കാൻ വിടുകയാണ് വേണ്ടതെന്ന് ഇവരും പലപ്പോഴും മറന്നുപോകുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ