ഭിന്നലിംഗക്കാർക്ക് കേരളത്തിലെ പൊതുനിരത്തിൽ ധൈര്യപൂർവ്വം ഇറങ്ങി നടക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടായത് അടുത്തകാലത്താണ്. തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇവരുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രാൻസ്ജന്റേഴ്‌സ് എന്ന നിലയിൽ തന്നെയാണ് ഇവർക്ക് പാസ് അനുവദിച്ചതും. എന്നാൽ, നമ്മുടെ സമൂഹത്തിൽ ഇപ്പോഴും ട്രാൻസ് ജെന്റേഴ്‌സിന് നേരെ അവഹേളനം നേരിടേണ്ടി വരുന്നുണ്ട്. എങ്ങനെയാണ് ഒരു ട്രാൻസ് ജെന്ററിന്റെ ജീവിതമെന്ന വിവരിക്കുകയാണ് വിജയരാജ മല്ലിക. വിപിൽ വിൽഫ്രെഡ് എടുത്ത അഭിമുഖത്തിലേക്ക്.

  • സാധാരണയുള്ള ആൺ പെൺ ലൈംഗികതയെപ്പറ്റിപ്പോലും വളരെക്കുറച്ചുമാത്രം ചർച്ച ചെയ്യുന്ന ഒരു സമൂഹമാണിത്. ആ സമൂഹത്തോടാണ് ഇങ്ങനെ ചിലരിവിടെയുണ്ട് എന്നും ഞങ്ങളുടെ ലൈംഗികത നിങ്ങളുടേതിൽ നിന്ന് വേറിട്ടതാണെന്നുമൊക്കെ നിങ്ങൾ പറഞ്ഞുമനസ്സിലാക്കിക്കാൻ ശ്രമിക്കുന്നത്. ഈ വ്യത്യസ്തമായ ലൈംഗികതയെ എങ്ങനെയാണ് വിശദീകരിക്കുക? 

രു ശരീരത്തിനുള്ളിൽ മറ്റൊരു സ്വത്വം വളർന്നുവരുന്നതാണ് ട്രാൻസ്‌ജെൻഡർ. സാധാരണയായി മൂന്ന് ലിംഗമുണ്ടല്ലോ. ആണ്, പെണ്ണ് പിന്നെ ഉഭയലിംഗം. ട്രാൻസ്‌ജെൻഡർ എന്ന് പറയുമ്പോൾ ഒന്നിൽ മറ്റൊന്ന് വളരുന്ന അവസ്ഥയാണ്. പെണ്ണുങ്ങൾ ഇത്രയേറെ ബുദ്ധിമുട്ടനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സമയത്താണ് പെണ്ണുങ്ങളെപ്പോലെ അല്ലെങ്കിൽ പെണ്ണുങ്ങളിൽനിന്ന് വ്യത്യസ്തമായി മറ്റൊരു മാർജിനലൈസ്ഡ് ഗ്രൂപ് നമ്മുടെ സൊസൈറ്റിയിലേക്ക് എമർജ് ചെയ്ത് വരുന്നത്. ഞങ്ങളെ ഭിന്നലിംഗമെന്നും മൂന്നാം ലിംഗമെന്നും.. അക്ഷരങ്ങളല്ലല്ലോ അക്കങ്ങളല്ലേ ഉപയോഗിക്കുന്നത്. അക്കങ്ങൾ കൊണ്ട് അളക്കുകയാണ് ചെയ്യുന്നത്. ആണ് പെണ്ണ് എന്നല്ലാതെ ഈ ഇന്റർസെക്‌സെന്താണെന്നോ ട്രാൻസ്‌ജെൻഡർ എന്താണെന്നോ എം ബി ബി എസ് പഠിക്കുന്ന ഡോക്ടർമാർ പോലും പഠിക്കുന്നില്ല. 100 മാർക്കിനു പഠിക്കുമ്പോൾ അര മാർക്കിനെങ്കിലും ട്രാൻസ്‌ജെൻഡർ വിഷയങ്ങൾ പഠിച്ചാൽ സ്‌കൂളുകളിലെങ്കിലും കുട്ടികൾ ഇത്രയേറെ അനുഭവിക്കേണ്ടിവരില്ല. ഞാൻ 12 കൊല്ലം അനുഭവിച്ചതാണ്. ഒരു നിവൃത്തിയുമില്ലാതെ രണ്ട് തവണ ഞാൻ ആത്മഹത്യക്ക് ശ്രമിച്ചു. 12 വർഷത്തെ സ്‌കൂൾ ജീവിതം എന്നെക്കൊണ്ടുചെന്നെത്തിച്ചത് ഭ്രാന്താശുപത്രിയിലാണ്.

അഞ്ചുവർഷത്തെ ആകെ ചികിത്സയ്ക്കിടയിൽ ഒരു മൂന്നരവർഷത്തോളം എന്നെ ഭ്രാന്തിനു ചികിത്സിച്ചു; ഹോമോസെക്ഷ്വലാണെന്ന് പറഞ്ഞ്. പൊതുവെ ഭിന്നലൈംഗികതയെന്നാണ് പറയുന്നത്. അങ്ങനെ പറയാൻ നിങ്ങൾക്കെന്ത് ധൈര്യം. ഹെറ്ററോ സെക്ഷ്വാലിറ്റിയുടെ മലയാളമാണ് ഭിന്നലൈംഗികത. ഞങ്ങളുടെ ലൈംഗികത ട്രാൻസ്‌സെക്ഷ്വാലിറ്റിയാണ്. ഉദാഹരണത്തിന് ആണിന്റെ ശരീരത്തിൽ പെണ്ണ് വളരുമ്പോൾ ആ പെണ്ണ് ഹെറ്റെറോസെക്ഷ്വലാണ്. അവള് മോഹിക്കുന്നതും കാമിക്കുന്നതുമൊക്കെ മറ്റൊരു പുരുഷനെയാകുമ്പോൾ, പുരുഷന്റെ രണ്ട് ശരീരങ്ങൾ മാത്രമേ സമൂഹം കാണുന്നുള്ളു. അപ്പൊ അതിനെ ഹോമോസെക്ഷ്വൽ എന്ന് ചിത്രീകരിക്കുകയാണ്. ശരിക്കും അവർ മാനസികമായി പെണ്ണും ബാഹ്യരൂപത്തിൽ പുരുഷനുമാണ്. ഇത് നേരെ തിരിച്ചുമാകാം.

ശരീരം കൊണ്ട് സ്ത്രീയും മനസ്സുകൊണ്ട് പുരുഷനും. പ്രശ്‌നം വരുന്നത് വിവാഹം കഴിപ്പിക്കുന്ന സമയത്താണ്. ഞാൻ വിവാഹം കഴിച്ചതാണ്. അപൂർണ്ണയായിട്ടുള്ള ഒരു സ്ത്രീയും പൂർണ്ണയായിട്ടുള്ള ഒരു സ്ത്രീയും ഒരു കൂരയ്ക്കുകീഴിൽ സംവദിക്കുന്ന രാസപ്രക്രിയയെന്തെന്ന് പൊതുസമൂഹത്തിനറിയേണ്ട കാര്യമില്ല. അവർക്കാകെ അറിയേണ്ടത് 14 ദിവസത്തിനുശേഷം കുളിതെറ്റിയോ എന്നുമാത്രമാണ്. എന്നെ സംബന്ധിച്ച് എന്നെ ഒരു സ്ത്രീയോട് വിവാഹം കഴിപ്പിക്കാൻ മുതിരുമ്പോൾ എനിക്ക് തോന്നിയത് പോത്തിനെ വെട്ടാൻ കൊടുക്കുമ്പോലെയാണ്. കാരണം എനിക്ക് താൽപ്പര്യമില്ല. I don't have any kind of desire for a woman. If I should have sex with a woman, I have to be a lesbian. I am not a lesbian. Hope you will understand. ഇത് കുറച്ച് സങ്കീർണ്ണമായ കാര്യമാണ്. സ്ത്രീ വളരുന്നു, ആണിന്റെ ശരീരത്തിൽ. ആ സ്ത്രീ ജീവിക്കാനാഗ്രഹിക്കുന്നു, സ്ത്രീയെപ്പോലെ. പെണ്ണുങ്ങളുടെ ഉടുപ്പിടാനാഗ്രഹിക്കുന്നു, പെണ്ണുങ്ങളെപ്പോലെ ജീവിക്കാനാഗ്രഹിക്കുന്നു. സ്ത്രീയെന്ന നിലയിൽ എനിക്ക് പൂർണ്ണരൂപത്തിലുള്ള ഒരാവിഷ്‌ക്കാരം ലഭിക്കുന്നത്, അല്ലെങ്കിൽ സ്വാതന്ത്ര്യം കിട്ടുന്നതുപോലും എന്റെ വസ്ത്രത്തിലാണ്.

ഒരു പുരുഷന്റെയുള്ളിൽ ജീവിച്ച സ്ത്രീയായതുകൊണ്ടുതന്നെ എനിക്ക് പല മേഖലകളിലും എത്തിപ്പെടാൻ സാധിച്ചിട്ടില്ല, അന്ന്. ഉദാഹരണത്തിന് എന്റെ പന്ത്രണ്ടാം വയസ്സിൽ ഞാൻ കവിതയെഴുതിത്ത്ത്ത്ത്ത്ത്ത്ത്ത്ത്തുടങ്ങിയതാണ്. 22 വയസ്സുവരെ ഞാനെഴുതിയതൊക്കെ പ്രണയകവിതകളാണ്. അന്ന് ഏഴാം ക്ലാസിൽ വച്ച് കവിതയെഴുതുമ്പോൾ എന്റെ ടീച്ചർ പറഞ്ഞത് ഇത് പെണ്ണുങ്ങളെഴുതുന്ന കവിതയാണ്, നീ ആണുങ്ങളെപ്പോലെ കവിതയെഴുതൂ എന്നാണ്. ആ കവിതകളിൽ ചിലത് ഇന്ന് പ്രസിദ്ധീകരിക്കാനൊരുങ്ങുമ്പോൾ അതിനൊരു വാല്യൂ കൊടുക്കുന്നുണ്ട്, അതിനൊരു സോഷ്യൽ ഇംപോർട്ടൻസ് കൊടുക്കുന്നുണ്ട്. അതുപോലെ, ടീച്ചറാകാനായിരുന്നു എനിക്കാഗ്രഹം. ഇങ്ങനെ പെമ്പിള്ളേരു പോകുന്ന പോലെ മാറത്ത് ചേർത്ത് ഫയലൊക്കെ വച്ച് പോകാനായിരുന്നു ഇഷ്ടം. പക്ഷേ അതും സാധിക്കില്ല.

നിങ്ങൾ ആണുങ്ങളെപ്പോലെ ജീവിക്കൂ എന്നാണ് ഉപദേശം. ദ്വന്ദ്വസങ്കൽപ്പങ്ങളിലാണ് മലയാളി ഇന്നും ജീവിക്കുന്നത്. ഒന്നുകിൽ ആണ് അല്ലെങ്കിൽ പെണ്ണ്. അതിനതീതമായി ഒന്നുമില്ല. കഴിഞ്ഞ സർക്കാരു പോലും പറഞ്ഞോണ്ടിരുന്നത് ഇവിടെ ട്രാൻസ്‌ജെൻഡേഴ്‌സ് ഇല്ലെന്നാണ്. അതൊക്കെ അങ്ങ് നോർത്തിൽ പോണം അല്ലെങ്കിൽ ട്രെയിനിൽ പോണം എന്നൊക്കെയാണ്. ഒരാണും പൂർണ്ണമായി പുരുഷനല്ല ഒരു പെണ്ണും പൂർണ്ണമായി സ്ത്രീയല്ല. എല്ലാവരുടെയുള്ളിലും ഇതരലിംഗത്തിന്റെ ഒരംശമുണ്ട്. എന്നാൽ ചിലരെസംബന്ധിച്ച് ഇതിനെ ഓവർകം ചെയ്യാൻ പറ്റാതെ വരുമ്പൊ അവരത് തുറന്നുപറയുന്നു. അപ്പോൾ അവർക്ക് സോഷ്യൽ അക്‌സപ്റ്റൻസ് കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇവിടെ ചെയ്യുന്നതെന്താ..? അച്ചന്റെ അടുത്തുകൊണ്ടുപോയി വെഞ്ചരിക്കുക, മന്ത്രവാദീടെ അടുത്തുകൊണ്ടുപോകുക അല്ലെങ്കിൽ മാനസികരോഗ ചികിത്സയ്ക്ക് കൊണ്ടുപോകുക... എനിക്ക് അഞ്ചരലക്ഷത്തിന്റെ ചികിത്സ എന്റെയീ ശരീരത്തിൽ ചെയ്തിട്ടുണ്ട്. ഹോർമോൺ തെറാപി ചെയ്തു. പതിനാറാം വയസിൽ എന്റെ ടെസ്റ്റിസ് ബയോപ്‌സി കഴിഞ്ഞപ്പൊ എനിക്ക് കുട്ടികളുണ്ടാവില്ലെന്ന് പറഞ്ഞു. പതിനെട്ടാം വയസ്സൊക്കെ ആയപ്പൊ ഒരു പെൺകുട്ടിയിൽ സ്വാഭാവികമായുണ്ടാവുന്ന എല്ലാ വികാരവിചാരങ്ങളും എനിക്കുമുണ്ടായി. ഇക്കാര്യത്തിൽ ഏറ്റവുമധികം മനുഷ്യാവകാശലംഘനങ്ങൾ നടക്കുന്നത് കുടുംബങ്ങളിലാണ്. ട്രാൻസ്‌ജെൻഡറാണെന്ന് പറയാനുള്ള അവകാശം കുട്ടിക്കില്ല. കേരളമുൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും കറക്ടിവ് റേപ് നടക്കുന്നുണ്ട്. മനസ്സിലായോന്നറിയില്ല. മകൾ ലെസ്‌ബിയനാണ് അല്ലെങ്കിൽ ട്രാൻസ്‌ജെൻഡറാണെന്നറിയുമ്പോൾ കുടുംബത്തിൽ അത്യാവശ്യം ബലാൽസംഗം ചെയ്യാൻ പരിചയമുള്ള ഒരാങ്ങളയെയോ അമ്മാവന്റെ മകനെയൊക്കെ വീട്ടിൽ കൊണ്ട് താമസിപ്പിക്കുക, എന്നിട്ട് മുറിയിലടച്ചിടുക, സെക്‌സ് ചെയ്യിപ്പിക്കുക.. എന്തിനാന്നല്ലേ.. ഹെറ്ററോ സെക്ഷ്വാലിറ്റിയുടെ രുചി അറിയാനാണത്രേ.. ഇതെന്താ കോഴിബിരിയാണിയാ..? രുചിയറിയാൻ! ഇതുപോലെ അവേർഷൻ തെറാപ്പിയും നടക്കുന്നുണ്ട്. അപ്പൊ പറഞ്ഞുവന്നത്, ഇതൊരു സോഷ്യൽ റെസ്‌പോൺസിബിലിറ്റിയാണ്. സ്്ത്രീകളിങ്ങനെയാണ്, പുരുഷന്മാരിങ്ങനെയാണ് പക്ഷെ ഇതു രണ്ടുമല്ലാത്ത, അല്ലെങ്കിൽ ഇതുരണ്ടും സമ്മിശ്രിതമായ ഒരു ഐഡെന്റിറ്റി ഉണ്ട്. പിന്നെ പുരുഷന് പാട്രിയാർക്കി എക്‌സിസ്റ്റ് ചെയ്യുന്ന കാലത്തോളം എനിക്ക് ട്രാൻസ്‌ജെൻഡറാണെന്ന് തുറന്നുപറയാം. പക്ഷെ ഒരു പെണ്ണിനെ സംബന്ധിച്ച് ഇതൊരിക്കലും സാധിക്കില്ല. അത്രയേറെ മാർജിനലൈസ്ഡ് ആയ സൊസൈറ്റിയാണിത്.

പി എസ് സി പറഞ്ഞല്ലോ ട്രാൻസ്‌ജെൻഡറായതുകൊണ്ട് നിങ്ങൾ ജോലിക്ക് അപ്ലൈ ചെയ്യണ്ടാന്ന്. ഞങ്ങൾ ലിംഗാടിസ്ഥാനത്തിലാണ് ജോലി കൊടുക്കുന്നതെന്ന്. അപ്പൊ ആണിന്റെ ശരീരത്തിൽ പെണ്ണ് വളരുന്നതുകൊണ്ടും പെണ്ണിന്റെ ശരീരത്തിൽ ആണ് വളരുന്നതുകൊണ്ടും ആണും പെണ്ണുമല്ലാതെ ജനിക്കുന്നതുകൊണ്ടും മാത്രം, അതുകൊണ്ടു മാത്രം ഞങ്ങൾക്ക് പൊതു സ്‌പെയ്‌സുകളിൽ ലഭിക്കേണ്ട ഒരുപാടവകാശങ്ങൾ നിഷേധിക്കപ്പെടുന്നു. അങ്ങനെ വരുമ്പോൾ, ഞങ്ങൾ ഇതല്ല അതല്ല മൂന്നാമതൊന്നാണെന്ന് പറഞ്ഞ് വരാൻ ധൈര്യം കാട്ടുന്നത് ജീവിക്കാൻ വേണ്ടിയാണ്. അതിജീവനത്തിനാണ്. എക്‌സിസ്റ്റൻസിനു ജോലി വേണം. കിട്ടാത്തതെന്താ? ട്രാൻസ്‌ജെൻഡറാണെന്ന് തുറന്നുപറഞ്ഞതുകൊണ്ട്. ഞാൻ എട്ടുവർഷം ജോലിചെയ്തു. അവസാനം ജമാ അത്തെ ഇസ്‌ലാമിയുടെ ഒരു സ്‌കൂളിലായിരുന്നു. ട്രാൻസ്‌ജെൻഡറാണെന്ന് പറഞ്ഞപ്പൊ.., അവർക്കറിയാം ട്രാൻസ്‌ജെൻഡറാണെന്ന്, അയാൾ അങ്ങനെയാണെന്നറിയാം, അയാൾ ഇങ്ങനെയൊക്കെയേ പെരുമാറൂ എന്നറിയാം, പക്ഷെ ഞാൻ ട്രാൻസ്‌ജെൻഡറാണെന്ന് തുറന്നുപറഞ്ഞുതുടങ്ങിയപ്പൊ എന്നെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടു. പിന്നീട് മല്ലിക എങ്ങനെയാ ജീവിച്ചതെന്ന് ആരും അന്വേഷിച്ചിട്ടില്ല. എല്ലാരും പറഞ്ഞു സെക്‌സ് വർക് ചെയ്യുകയാണെന്ന്. ജീവിച്ചിരിക്കുമ്പോൾ വിജയരാജമല്ലിക അത് ചെയ്യില്ല..

  • ഒന്നിടപെട്ടോട്ടെ... മനു ജെ കൃഷ്ണൻ എന്ന ആൺകുട്ടിക്ക് എപ്പോഴാണ് തന്റെയുള്ളിലുള്ളത് ഒരു പെണ്ണാണെന്ന ബോധ്യമുണ്ടാവുന്നത്?

സാധാരണ ട്രാൻസ്‌ജെൻഡറുകൾക്ക് ആ ബോധ്യമുണ്ടാവുന്നത് കൗമാരകാലത്താണ്. എനിക്ക് ഒരു ഏഴെട്ട് വയസ്സുള്ളപ്പോൾ തന്നെ ആമ്പിള്ളേർ അടുത്ത് വന്നിരിക്കുമ്പോൾ വല്ലാത്തൊരു ബുദ്ധിമുട്ടുണ്ടായിരുന്നു.പറയാൻ കഴിയാത്തൊരു ബുദ്ധിമുട്ട്. നടപ്പിൽ തന്നെ വ്യത്യാസമുണ്ടായിരുന്നു. എനിക്ക് സ്വയം ആണായിട്ടും പെണ്ണായിട്ടും തോന്നിയിരുന്നില്ല. കാരണം ആണുങ്ങളുടെ കൂടെയിരിക്കുമ്പൊൾ ഞാൻ സെയ്ഫല്ല പെണ്ണുങ്ങളുടെ കൂടെയിരിക്കുമ്പോഴും സെയ്ഫല്ല. എനിക്ക് ഞാൻ വേറെയെന്തോ ആണെന്ന് തോന്നിയിരുന്നു. പന്ത്രണ്ടാം വയസ്സിൽ, ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എന്റെ ആദ്യ പ്രണയം. അപ്പോൾ ഒരു സ്യൂഡോ ഹോമോ സെക്ഷ്വൽ എന്നൊക്കെ സമൂഹം നമ്മെ മുദ്രകുത്തുന്ന സമയമായിരുന്നു. എന്റെ ആദ്യത്തെ കവിത വരുന്നതുമക്കാലത്താണ്. അതൊരു പ്രണയകവിതയായിരുന്നു. ഞാനാദ്യമായി മാസ്റ്റർബേറ്റ് ചെയ്യുന്നതും പന്ത്രണ്ടാം വയസ്സിലാണ്. നാട്ടിലെ ചെറുപ്പക്കാരെ ആലോചിച്ചായിരുന്നു അത്. ആ സമയത്തുതന്നെ ഞാൻ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും എന്റെ ചിന്തകളും കാമനകളുമെല്ലാം പെൺകുട്ടികളെപ്പോലെയായിരുന്നു.

പാരന്റ്‌സിനും ഇതിങ്ങനെയാണെന്ന് അറിയാമായിരുന്നു. പക്ഷെ സ്‌കൂളിലെ പ്രശ്‌നങ്ങളെല്ലാം വീട്ടിൽ വന്നുപറയാനുള്ള ഒരു സ്‌പെയ്‌സ് ഉണ്ടായിരുന്നില്ല. അന്ന് എഴുതിയിരുന്നതും വരച്ചിരുന്നതുമൊക്കെ വീടും അടുക്കളയുമൊക്കെയായിരുന്നു. ആണുങ്ങളെയൊക്കെ വരയ്ക്കും. മീശയുള്ള ആണുങ്ങളെ. ചിത്രങ്ങളിലെ സ്ത്രീകളൊക്കെ നന്നായി സാരിയൊക്കെയുടുത്തവരും ആണുങ്ങൾ അത്യാവശ്യം മാംസമൊക്കെ കാണുന്നവരുമൊക്കെയായിരുന്നു. അന്ന് പുരുഷന്മാരെ കാണുമ്പോഴൊക്കെ ഭയങ്കര നാണമാണ്. പെട്ടെന്ന് എക്‌സൈറ്റഡാവും, എറോസ്ഡ് ആവും. അന്ന് എന്താന്നൊന്നും അറിയില്ല. ടെയിലർമാര് തൊടുമ്പൊ ഭയങ്കര രോമാഞ്ചമൊക്കെയുണ്ടാവും. ഷർട്ടിന്റെയൊക്കെ അളവെടുക്കുമ്പൊ ചിലപ്പൊ കെട്ടിപ്പിടിക്കുമായിരുന്നു, കുളിരുകോരീട്ട്...

  • ഈ തിരിച്ചറിവ് എന്തൊക്കെ ആത്മസംഘർഷങ്ങളിലേക്കാണ് നയിച്ചത്?

റയുന്നകാര്യങ്ങൾ അതേ അർഥത്തിൽ മറ്റുള്ളവർ മനസ്സിലാക്കാത്തത് ഒരു പ്രശ്‌നമായിരുന്നു. ഞാനങ്ങനെ ചിന്തിക്കുന്നു ഇങ്ങനെ ചിന്തിക്കുന്നു എന്നൊക്കെ പറയുമ്പൊ, നിനക്ക് ഭ്രാന്താണെന്നാണ് ആളുകൾ പറയുക. നമ്മളൊക്കെ സാധാരണ കാണാത്തത് കാണുന്നവരെയാണ് ഭ്രാന്തന്മാരെന്ന് വിളിക്കുന്നത് എന്ന് പറയാറുണ്ട്. ഉദാഹരണത്തിന്, എന്റെയൊരു കവിതയുണ്ട്. എതിർമൊഴി എന്ന പേരിൽ. അതിലെ ആദ്യത്തെ വരികളിങ്ങനെയാണ്.
'എറണാകുളത്തുണ്ടൊരു ചരിഞ്ഞ നൊമ്പരം, ഏഴത്ഭുതങ്ങളിലില്ലാത്ത ഗോപുരം..'
പറഞ്ഞപ്പൊ നിങ്ങക്ക് മനസ്സിലായിക്കാണും. എറണാകുളത്ത് ഒരു ചരിഞ്ഞ ഗോപുരമുണ്ട്. ഇതെല്ലാവരും കാണുന്നുണ്ട്. ആരും ശ്രദ്ധിക്കുന്നില്ല. ഞാനന്വേഷിച്ചപ്പൊ അതിന്റെ ഉടമസ്ഥൻ ഈ കെട്ടിടം ചരിഞ്ഞുതുടങ്ങിയപ്പോൾ സാമ്പത്തികപ്രതിസന്ധിയിലായി ആത്മഹത്യ ചെയ്തതാണ്. കവിതയുടെ സാരമിങ്ങനെയാണ്... ഹേമന്തമാസത്തിന്റെ പ്രത്യേകത അറിയാലോ..? ഏഴിലംപാല അത്തറുപൂശുന്ന രാത്രിയാണ്. ഇങ്ങനെ ഏഴിലം പാല അത്തറുപൂശുന്നു എന്ന് ഒരു സാധാരണ പുരുഷനോ സ്ത്രീയോ ചിന്തിക്കാനിടയില്ല. പക്ഷെ ഒരു ട്രാൻസ്‌ജെൻഡർ എന്ന നിലയ്ക്ക് ഞാനത് അനുഭവിച്ചതുകൊണ്ടാണ്... അങ്ങനെ ആഭിചാരികയായ കവയിത്രിയും കാമുകനും കൂടി ആ കെട്ടിടത്തിലേക്ക് ചെല്ലുന്നതും ആത്മഹത്യചെയ്ത ആളിന്റെ ആത്മാവിനെ കാമുകന്റെ ശരീരത്തിലേക്ക് ആവാഹിക്കുന്നതുമൊക്കെയാണ് ആ കവിതയുടെ പ്രമേയം.

കവയിത്രിയുടെ ചോദ്യങ്ങൾക്ക് അയാൾ പറയുന്ന മറുപടികളാണ് 'എതിർമൊഴി'. അപ്പൊ, ഇങ്ങനെ മറ്റുപലരും കാണാത്തത് പലതും ഞങ്ങൾ ട്രാൻസ്‌ജെൻഡറുകൾ കാണുന്നുണ്ട്. ഇതുതന്നെയായിരുന്നു ബാല്യത്തിലും സംഭവിച്ചത്. നമ്മുടെ ഇത്തരത്തിലുള്ള തോന്നലുകൾ പറയാൻ ഒരു സ്‌പെയ്‌സ് ഉണ്ടായിരുന്നില്ല. സുന്ദരന്മാരായ ഒരുപാട് മാഷ്ന്മാര് പഠിപ്പിച്ചിരുന്നു. അവരുടെ സൗന്ദര്യത്തെക്കുറിച്ച് നമുക്കൊരു ആൺകുട്ടിയോടോ പെൺകുട്ടിയോടോ പറയാൻ പറ്റില്ല. നിനക്കെന്താ ഭ്രാന്താണോന്ന് ചോദിക്കും. അത്തരത്തിലുള്ള ഒരുപാട് സംഘർഷങ്ങൾ കൊണ്ടുചെന്നെത്തിച്ചത് ആത്മഹത്യാശ്രമത്തിലേക്കാണ്. മഷികുടിച്ചാൽ ചത്തുപോകുമെന്ന് കരുതി, അന്ന് ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുവാ.. ബ്രില്ലിന്റെ ഒരുകുപ്പി മഷി കുടിച്ചു. മഷിക്കെന്തോ കുഴപ്പമുണ്ടെന്ന് തോന്നുന്നു. എനിക്കൊന്നും പറ്റീല. പിന്നെ, ഈ ആമ്പിള്ളേർക്ക് നമ്മുടെ സ്‌ത്രൈണത മനസ്സിലായിക്കഴിഞ്ഞാൽ ഒരുതരം, വല്ലാത്തൊരു മെന്റാലിറ്റിയാണ്. അവർക്കത് ഉപയോഗിക്കണമെന്നുണ്ട്, അല്ലെങ്കിൽ ഒരു അറപ്പാണ്. ഇങ്ങനെ ഒരുതരം പെയിന്റടിച്ച രതിസങ്കൽപ്പം അന്നും ആൺകുട്ടികൾക്കുണ്ടായിരുന്നു. ഈയിടെ ശീതൾ ശ്യാം പറഞ്ഞു അവളു പഠിത്തം നിർത്താൻ കാരണം ഒമ്പതാം ക്ലാസ്സിൽ വച്ച് കുട്ടികൾ അവളെ റെയ്പ് ചെയ്തതുകൊണ്ടാണെന്ന്. സത്യത്തിൽ, എന്നെ ആരും റെയ്പ് ചെയ്യുന്നില്ലല്ലോ എന്ന സങ്കടം ഒരു പ്രായത്തിൽ എനിക്കുണ്ടായിരുന്നു. ഈ സംഘർഷങ്ങൾ, സ്ങ്കീർണ്ണതകളൊക്കെ കൊണ്ടുചെന്നെത്തിച്ചത് ഒരു ഡിഫറന്റ് ചൈൽഡ്, അബ്‌നോർമൽ ചൈൽഡ്, അതല്ലെങ്കിൽ ഒരു രണ്ടും കെട്ടത് എന്നൊക്കെയുള്ള തീർപ്പുകളിലാണ്. ഒരുപാട് വെർബൽ അബ്യൂസസ് ഉണ്ടായിരുന്നു.

  • എപ്പോഴാണ് മകനിലെ മാറ്റം അച്ഛനും അമ്മയുമൊക്കെ ശ്രദ്ധിക്കുന്നത്?

വരു വളരെ ചെറുതിലേ ശ്രദ്ധിച്ചിരുന്നു എന്ന് തോന്നുന്നു. ആൺകുട്ടിയായി വളർത്തുന്ന കാലത്തും ആറുമണി കഴിഞ്ഞാൽ വീടിനുപുറത്തേക്ക് വിടില്ല. പന്ത്രണ്ടാം ക്ലാസ്സുവരെ വീട്ടിൽ നിന്നാണ് പോയിവന്നിരുന്നത്. പ്രൈവറ്റ് ബസിൽ ഒറ്റയ്ക്ക് യാത്രചെയ്യുന്നതിന്റെ സുഖം ഞാനനുഭവിക്കുന്നത് ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. ഞാൻ ഹോസ്റ്റലിൽ നിന്നിട്ടില്ല. എനിക്കെന്റെ പ്രശ്‌നങ്ങൾ അറിയാമായിരുന്നു. നമ്മളു നമ്മുടെ സെക്ഷ്വാലിറ്റി മനസ്സിലാക്കിക്കഴിഞ്ഞാൽ പിന്നെ നമ്മളു മറ്റൊരു പുരുഷന്റെ കൂടെ... അത് വളരെ ബുദ്ധിമുട്ടാണ്. രാജഗിരിയിൽ പഠിക്കുമ്പോൾ ഒരു നാലുനിലക്കെട്ടിടത്തിൽ ഒറ്റയ്ക്കായിരുന്നു താമസം. അത് പണ്ടൊരു ഹോസ്പിറ്റലായിരുന്നു. പണ്ടെങ്ങാണ്ട് അവിടെയൊരു രോഗി തൂങ്ങിച്ചത്തിട്ടുണ്ട്. അതുകൊണ്ട് അങ്ങോട്ടങ്ങനെ ആരും വരില്ല. പറഞ്ഞുവന്നത് എന്റെ വീട്ടിലെല്ലാർക്കും, പ്രത്യേകിച്ച് ചേച്ചിക്കൊക്കെ നേരത്തെ അറിയാമായിരുന്നു. എനിക്ക് അച്ഛനും അമ്മയും ഒരു സഹോദരിയുമാണുള്ളത്്.

എന്നെ കല്യാണം കഴിപ്പിക്കാനുള്ള നീക്കത്തിനെയൊക്കെ ഏറ്റവുമധികം എതിർത്തത് സിസ്റ്ററായിരുന്നു. അന്ന് അമ്മ പറഞ്ഞു അവൾക്ക് സ്വത്തുക്കളൊക്കെ അടിച്ചെടുക്കാനാണെന്ന്. എന്റെ അമ്മ സ്റ്റേറ്റ് അവാർഡ് കിട്ടി പെൻഷനായ മാതൃകാ അദ്ധ്യാപികയാണ്. അവർക്ക് പക്ഷേ അവരുടെ സെൻസിൽ നോർമ്മലല്ലാത്ത യാതൊന്നും അംഗീകരിക്കാൻ പറ്റില്ലായിരുന്നു. കുഞ്ഞിക്കൂനൻ പോലുള്ള സിനിമകൾ പോലും കാണില്ല. നായകൻ നല്ല പെർഫെക്ടായ ഒരാണ്. അങ്ങനെയുള്ള സിനിമകളേ കാണൂ. അച്ഛൻ പക്ഷേ കുറച്ച് സോബറായിരുന്നു. ഇലക്ട്രിസിറ്റി ബോർഡിൽ സൂപ്രണ്ടായിരുന്നു. സിസ്റ്ററെ കല്യാണം കഴിച്ചത് ഒരു ഡോക്ടറാണ്. അങ്ങേർക്ക് എന്നെ കണ്ടപ്പഴേ മനസ്സിലായി. എനിക്കിടയ്ക്കിടെ യൂറിനറി ഇൻഫെക്ഷൻ വന്നിരുന്നു. ഒരിക്കൽ പെയിൻ വന്നപ്പൊ അദ്ദേഹത്തെ കാണിച്ചു. എന്റെ പെനിസൊക്കെ തീരെച്ചെറുതായിരുന്നു. ഞാനതിനെക്കുറിച്ച് ബോതേഡും ആയിരുന്നില്ല. കാരണം അങ്ങനെയൊരു സാധനം അവിടെയുണ്ടായിട്ട് എനിക്ക് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായിരുന്നില്ല. അന്ന് പതിനാറാം വയസ്സിൽ ടെസ്റ്റിസ് ബയോപ്‌സി നടത്തിയപ്പോൾ കുട്ടികളുണ്ടാവില്ലെന്ന് മനസ്സിലായി. ചേച്ചി ജനിച്ച് 3 വർഷത്തിനു ശേഷം ഒരു 3 അബോർഷനൊക്കെ കഴിഞ്ഞ് കുട്ടികളുണ്ടാവരുത് എന്ന് പറഞ്ഞ സമയത്താണ് അമ്മ എന്നെ ഗർഭം ധരിക്കുന്നത്. അച്ഛനു ഭയങ്കര വാശിയായിരുന്നു ഒരു ആൺകുട്ടി വേണമെന്ന്. നോക്കണേ കാലത്തിന്റെ കളികൾ..!

  • ശരിക്കും അമ്മയും സഹോദരിയുമൊക്കെ അമിതമായി ലാളിച്ചതിന്റെ വളർത്തുദോഷമാണോ ഈ ലൈംഗികചായ്‌വിന് വളമായത്?

താണെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് ആൾറെഡി ഹോർമോൺ പ്രോബ്ലംസ് ഉണ്ടായിരുന്നു. എനിക്ക് മീശ വളരുന്നത് ഈ ഹോർമോൺ ട്രീറ്റ്‌മെന്റ് തുടങ്ങിയതിൽപ്പിന്നെയാണ്. അതുവരെ മീശേം രോമവുമൊന്നും ഉണ്ടായിരുന്നില്ല. ബുദ്ധന്റെ മുഖം പോലെയിരിക്കുവായിരുന്നു.

  • സ്‌കൂളിലെ സഹപാഠികളും അദ്ധ്യാപകരുമൊക്കെ എങ്ങനെയാണ് ഇടപെട്ടിരുന്നത്?

ളിത് എന്ന നിലയ്ക്ക് എനിക്കിതുവരെയും ഒരു പ്രശ്‌നങ്ങളും നേരിടേണ്ടി വന്നിട്ടില്ല. പക്ഷേ കറുത്തത് വലിയൊരു വിഷയമായിരുന്നു. കരിങ്കുരങ്ങ്, ചിമ്പാൻസി എന്നൊക്കെ വിളിക്കുമായിരുന്നു. ദളിതാവുക, ട്രാൻസ്‌ജെൻഡറാവുക, കറുക്കുക. ഇതുമൂന്നും ട്രിപ്പിൾ പ്രഹരങ്ങളാണ്. ട്രാൻസ്‌ജെൻഡറായതുകൊണ്ടാണ് എനിക്കിത്രയേറെ പ്രശ്‌നമുണ്ടായത്. ആണല്ലാത്തതുകൊണ്ട്, ആൺ വ്യവസ്ഥകളിൽ ജീവിക്കാത്തതുകൊണ്ട് ഒരുപാട് പ്രതിസന്ധികളുണ്ടായിട്ടുണ്ട്. വെർബൽ അബ്യൂസൊക്കെയായിരുന്നു അധികവും. ഫിസിക്കലി അബ്യൂസ് ചെയ്ത പിള്ളേരുണ്ട്. ഇടിക്കുക, അടിക്കുക. ഒരിക്കൽ ഒരു ആൺകുട്ടിക്ക് എന്നോട് കാമമുണ്ടായിരുന്നു. അത് പ്രകടിപ്പിച്ചിട്ടുമുണ്ട്. പക്ഷേ ഞങ്ങൾ തമ്മിൽ എപ്പഴും ഫൈറ്റായിരുന്നു. പക്ഷേ ആ ഫൈറ്റിന്റെ ഉദ്ദേശ്യം അദ്ദേഹത്തിനുണ്ടായിരുന്ന കാമമായിരുന്നെന്ന്, അതിന്റെ ഫ്രസ്‌ട്രേഷനായിരുന്നു എന്ന് എനിക്ക് പിന്നീട് മനസ്സിലായി. പിന്നീട് എനിക്കത് ആവശ്യമായി വന്നപ്പഴേക്കും പുള്ളീടെ സെക്ഷ്വൽ ഓറിയെന്റേഷനു മാറ്റം വന്നിരുന്നു. പിന്നെ ടീച്ചേഴ്‌സ്, ആണും പെണ്ണും നമ്മളെ മാറ്റിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. എനിക്ക് സ്‌കൂളിൽ പോകാൻ തന്നെ പേടിയായിരുന്നു. വല്ലാത്തൊരു അപ്രോച്ചായിരുന്നു. ഒരിക്കൽ സിസിഎക്ക് പാടാൻ വിളിച്ചപ്പൊ, ആണുങ്ങളുടെ കൂടെ പാടണം. കോറസുപാടുമ്പോൾ എനിക്ക് പെൺ ശബ്ദമാ വരിക.

അതൊക്കെ അപഹസിക്കപ്പെട്ടിട്ടുണ്ട്. സ്‌പോർട്‌സിലും അതുപോലെ... മാർച്ച്പാസ്റ്റൊക്കെ ചെയ്യുമ്പൊ കൈവീശി നടക്കണമല്ലോ എനിക്കത് എത്രശ്രമിച്ചാലും ശരിയാവില്ല. നടക്കുമ്പോൾ എന്റെ ചന്തികുലുങ്ങും. ടീച്ചേഴ്‌സൊക്കെ കളിയാക്കും. ശിക്ഷയും കിട്ടും. അന്ന് കെ വിയുടെ ഗ്രൗണ്ടെന്നു പറഞ്ഞാൽ ഒരു രണ്ട് രണ്ടര ഏക്കർ വരും. അതുമുഴുവൻ ഓടിക്കുകയൊക്കെ ചെയ്യുമായിരുന്നു. എല്ലാ രീതിയിലും എക്‌സ്‌ക്ലൂഡ് ചെയ്യുന്ന ഒരനുഭവമായിരുന്നു. ഭ്രാന്തുള്ള ഒരു കുട്ടി എന്ന ഇമേജായിരുന്നല്ലോ... കരയുമ്പോൾ പോലും.. ഞാനിങ്ങനെ അലറി ഒച്ചവച്ചാ കരയാറുള്ളത്, ആൺ കുട്ടികൾ ഇങ്ങനെ കരയാൻ പാടില്ലെന്ന് ടീച്ചേഴ്‌സ് പറയുമായിരുന്നു. പിന്നീട് ഇതൊക്കെ കേട്ട് ആൺപിള്ളേരെപ്പോലെ നടക്കാൻ ശ്രമിച്ചപ്പൊ ഇവരുതന്നെ ചോദിച്ചു കാലിനു വല്ല അസുഖവുമുണ്ടോന്ന്...

  • കൗമാരത്തിൽനിന്ന് യൗവ്വനത്തിലേക്ക് കടക്കുമ്പോൾ ഉള്ളിലെ സ്ത്രീയും വളരുകയായിരുന്നല്ലോ? ഈ വളർച്ച കാരണം വീടിനുള്ളിലും ഒറ്റപ്പെട്ടോ?

വീടിനുള്ളിൽ ഞാനൊറ്റപ്പെട്ടില്ല. കാരണം ഞാൻ ധാരാളം വായിക്കുമായിരുന്നു. അച്ഛന് നല്ലൊരു പുസ്തകശേഖരമുണ്ടായിരുന്നു. അതിലൊരുഭാഗം ഞാൻ കൈവശമാക്കി വായിച്ചിരുന്നു. പിന്നെ പ്രേം നസീറിന്റെ വലിയൊരു ഫാനായിരുന്നു. എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അങ്ങേരുടെ നായികയായി അഭിനയിക്കണമെന്നത്. പിന്നീടാണ് മനസ്സിലാക്കിയത് എന്റെ ചെറുപ്പത്തിൽത്തന്നെ നസീർ മരിച്ചുപോയെന്ന്. എനിക്ക് ഔട്‌ഡോർ ഗെയിംസില്ലായിരുന്നു. ആൺകുട്ടികളുടെ കൂടെ കളിക്കാൻ പോകാൻ എനിക്ക് മടിയാണ്. അല്ലെങ്കിൽ അവരെന്നെ കൂട്ടില്ല. പിന്നെ അവരുടെ ഇടയിൽ നിന്നുതന്നെ കളിയാക്കുന്ന, ഒറ്റപ്പെടുത്തുന്ന അപ്രോച്ചസ് വരുമ്പൊ നമ്മളുതന്നെ മാറിനിൽക്കാൻ ശ്രമിക്കും. എനിക്ക് പുസ്തകങ്ങളും പാട്ടുമൊക്കെയായിരുന്നു എൻജോയ്‌മെന്റ്. സുശീലാമ്മയുടെയൊക്കെ സ്ഥിരം കേൾക്കും. റേഡിയോയിൽ, വിളിച്ച് പാട്ടാവശ്യപ്പെടുക, എഴുതി പാട്ടാവശ്യപ്പെടുക. അന്നേ കവിതയൊക്കെ എഴുതിത്ത്ത്ത്ത്ത്ത്ത്ത്ത്ത്തുടങ്ങിയിരുന്നു.

  • പ്രതിസന്ധിയുടെയും ഒറ്റപ്പെടലിന്റെയും ബാല്യകൗമാരങ്ങളിൽ ആരെങ്കിലും പിന്തുണയായി ഉണ്ടായോ?

ങ്ങനെ ആരുമുണ്ടായിരുന്നില്ല. ഒരു മനുഷ്യൻ പോലുമുണ്ടായില്ല. എന്നും ഒറ്റയ്ക്ക് തന്നെയായിരുന്നു. അതുപറയുമ്പോൾ ആദ്യം അമ്മയെക്കുറിച്ച് പറയണം. താൻ പ്രസവിച്ച കുട്ടിയെ ആദ്യമറിയേണ്ടത് അമ്മയാണ്. ആ അമ്മ അതറിയാതെവരുമ്പോൾ കുട്ടിയെ സംബന്ധിച്ച് അത് വലിയിരു ആഘാതമാണ്. എനിക്കെന്റെ അമ്മയോട് തുറന്നുപറയാനുള്ള സ്‌പെയ്‌സ് അമ്മയും ഒരുക്കിത്തന്നില്ല. ഫാമിലിയും ഒരുക്കിത്തന്നില്ല. പക്ഷേ എല്ലാർക്കുമറിയാം. ഇതെന്തോ വ്യത്യസ്തതയുള്ളതാണെന്ന്. അങ്ങനെയൊക്കെയായിരിക്കാം രാഗിണിയോടുള്ള ഒരു ക്രെയ്‌സ് എനിക്കുണ്ടായത്. രാഗിണിയുടെ കിട്ടാവുന്ന പടങ്ങളൊകെ ശേഖരിച്ച് ഇങ്ങെനെ മുന്നിൽ നിരത്തി വയ്ക്കുമായിരുന്നു. സങ്കടം വരുമ്പോഴൊക്കെ രാക്കിയക്കന്റെ ഫോട്ടോയുടെ മുന്നിൽ നിന്ന് കരഞ്ഞിങ്ങനെ സംസാരിക്കും. എന്റെ ചേച്ചി എന്നെക്കാൾ ഒൻപത് വയസ്സിനു മൂത്തതാ. ഞാൻ എട്ടിൽ പഠിക്കുമ്പോൾ തന്നെ അവരുടെ കല്യാണമൊക്കെ കഴിഞ്ഞു. അപ്പൊ ഒരു സിസ്റ്ററെന്ന നിലയ്ക്ക് എനിക്ക് ഒന്നും എക്സ്‌പ്രസ്സ് ചെയ്യാനുള്ള അവസരമുണ്ടായില്ല. അതുകൊണ്ടുതന്നെ അറ്റാച്ച്‌മെന്റും കുറവായിരുന്നു. എന്റെ ചേച്ചിയെക്കാളും എനിക്കിഷ്ടം രാക്കിയക്കനെയാണ്.

  • വിജയരാജമല്ലിക പറഞ്ഞിട്ടുണ്ട് 31 വർഷക്കാലം എന്നിലെ സ്ത്രീ ഒരു പുരുഷശരീരത്തിന്റെ തടവറയിലായിരുന്നു എന്ന്. എന്നിട്ടും ഒരു ഘട്ടത്തിൽ വീട്ടുകാരുടെ നിർബ്ബന്ധത്തിനു വഴങ്ങി വിവാഹിതനായി. എന്തേ അങ്ങനെ സംഭവിക്കാൻ?

വീട്ടുകാരെ കുറ്റം പറയാൻ പറ്റില്ല. കാരണം അതിനൊക്കെ മുമ്പ് 25 ആം വയസ്സിൽ ഞാൻ വിവാഹം കഴിക്കാനാഗ്രഹിച്ച്.., ഒരു പുരുഷനെ കണ്ടെത്തിയതാണ്. ഞാനൊരു കന്യകയാണെന്നോ മദർ തെരേസയാണെന്നോ ഒന്നുമവകാശപ്പെടുന്നില്ല. എന്റെ നല്ല പ്രായത്തിൽ എന്റെ ശരീരത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ഒരുപാട് പുരുഷന്മാരോട് എനിക്ക് പ്രണയമുണ്ടായിരുന്നു. അത് തുറന്നുപറഞ്ഞിട്ടുമുണ്ട്. അതിൽ ചിലരെങ്കിലും മാനസികമായും ലൈംഗികമായുമൊക്കെ സപ്പോർട്ട് ചെയ്തിട്ടുമുണ്ട്. പലരും പറഞ്ഞിട്ടുണ്ട്, വിവാഹം കഴിച്ചുപോയി അല്ലെങ്കിൽ നിന്നെ കല്യാണം കഴിച്ചേനെ, സ്വത്തെഴുതിത്ത്ത്ത്ത്ത്ത്ത്ത്ത്ത്തന്നാൽ കല്യാണം കഴിച്ചോളാം എന്നൊക്കെ. പക്ഷെ എനിക്കൊരു കല്യാണം കഴിക്കാൻ തോന്നിയത് 25 ആം വയസ്സിലാണ്. അന്ന് പ്ലാനെറ്റ് റോമിയോ എന്നൊരു സൈറ്റ് ഉണ്ടായിരുന്നു.

അതുവഴി ഒരു പരസ്യം കൊടുത്തപ്പൊ തമിഴ്‌നാട്ടിൽ, ഒരു അയ്യങ്കാർ ഫാമിലിയിലെ ഒരു ഡോക്ടർ മുന്നോട്ട് വരികയും അയാളുടെ ഫാമിലി എന്നെ അക്‌സപ്റ്റ് ചെയ്യാൻ തയ്യാറായി വരികയുമൊക്കെ ചെയ്തിരുന്നു. ഇതെന്റെ വീട്ടിൽ ചർച്ചയായപ്പൊ അവർ പറഞ്ഞത് സമൂഹം ഈ വിവാഹത്തിനു സമ്മതിക്കില്ല, സോഷ്യൽ പ്രഷറുണ്ടാവും അതുകൊണ്ട് ഞങ്ങൾ സമ്മതിക്കില്ല എന്നൊക്കെയാണ്. ഞാനൊരു രണ്ടരമാസം വെയ്റ്റ് ചെയ്തിരുന്നു. ജോലിയൊക്കെ റിസൈൻ ചെയ്തു. ഇവരെന്നെ കല്യാണം കഴിപ്പിച്ച് വിടും, അങ്ങനെയെനിക്ക് പുള്ളിക്കൊപ്പം ജർമനിയിൽ പോയി സെറ്റിൽ ചെയ്യാം അല്ലെങ്കിൽ ചെന്നൈയിൽ താമസിക്കാം എന്നൊക്കെയായിരുന്നു പ്രതീക്ഷ. അന്ന് ഞാൻ കേരളത്തിലെ അറിയപ്പെടുന്ന ഒരു ഗേ ആക്ടിവിസ്റ്റായിരുന്നു. ശരീരം ആണിന്റേതായിരുന്നതുകൊണ്ട് അങ്ങനെയായിരുന്നു ഞാൻ ചിത്രീകരിക്കപ്പെട്ടത്. ആ ആഗ്രഹം നടക്കാതെവന്നപ്പോൾ 18 വയസ്സുമുതൽ അഞ്ചുവർഷം അഞ്ചരലക്ഷം രൂപ ചെലവാക്കി ഹോർമോൺ ട്രീറ്റ്‌മെന്റെടുത്തിരുന്ന എന്റെ നിയന്ത്രണമൊക്കെ പോയി. സെക്ഷ്വൽ ഫ്രസ്‌ട്രേഷൻസ് വരാൻ തുടങ്ങി. ഞാൻ ആമ്പിള്ളേരെ ഫോൺ വിളിച്ച് വീട്ടിൽ വരുത്തി ചെവിക്കുറ്റിക്കടിക്കും. അപ്പോഴെനിക്ക് ഒരു ലൈംഗിക സുഖം കിട്ടും. ഞാനൊരു 100 രൂപ കൊടുത്തിട്ട് എന്നെ അടിക്കാൻ പറയും. അപ്പോഴും ഒരു സുഖം കിട്ടും.

അപ്പൊ, അദ്ദേഹം എനിക്കുവേണ്ടി കാത്തിരുന്നു, ഞാൻ ചെന്നില്ല. ഒടുവിലയാൾ വേറൊരു ഗേയെ കല്യാണം കഴിച്ചു. രണ്ട് പിള്ളേരെയൊക്കെ ദത്തെടുത്ത് അവരിപ്പൊ ഹാപ്പിയായി ജീവിക്കുന്നു. പക്ഷേ എനിക്കീ പ്രേമത്തിൽ നിന്ന് പുറത്തുവരാൻ കഴിഞ്ഞില്ല. അങ്ങനെ ഞാൻ രാസവന്ധീകരണത്തിനു തയ്യാറായി. കാരണം സെക്ഷ്വൽ ഫ്രസ്‌ട്രേഷൻ എന്നെ വല്ലാതെ ബാധിച്ചിരുന്നു. നിയന്ത്രണമില്ലാത്ത അവസ്ഥ. ഇങ്ങനെപോയാൽ എനിക്കുമാത്രമല്ല സമൂഹത്തിനും അതൊരു വലിയ പ്രശ്‌നമാവും. വികാരങ്ങളെ കൊല്ലുന്ന ചികിത്സയ്ക്ക് ഞാൻ വിധേയയായി. ഇന്നുമതിൽ വിഷമമൊന്നുമില്ല. പക്ഷേ ആ അൺഎത്തിക്കൽ നാടൻ ചികിത്സയുടെ ഫലമായിട്ട് 27 വയസ്സായപ്പോഴേക്കും ആർത്രൈറ്റിസ് വന്നു. മുട്ടിലിഴഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. സ്വന്തം ആവശ്യത്തിന് ബാത്‌റൂമിൽപ്പോലും പോകാനാവാത്ത സ്ഥിതി.

അങ്ങനെയിരിക്കുമ്പോൾ പാരെന്റ്‌സ് കരുതി ഇത്രയും ബുദ്ധിമുട്ടുള്ള ഒരാളല്ലെ, ലൈംഗികമായി ചേഷ്ടകളും ആവശ്യങ്ങളുമൊന്നുമില്ല; അപ്പോൾ ഇവനെ നോക്കാനൊരാൾ എന്ന നിലയ്ക്കാണ് എന്നെ കല്യാണം കഴിപ്പിച്ചത്. എന്നെക്കാൾ അഞ്ചുവയസ് പ്രായക്കൂടുതലുള്ള, ഒരു കുട്ടിയുള്ള, വിധവയായ ഒരു സ്ത്രീയെയാണ് അവർ എനിക്ക് വധുവായി കണ്ടെത്തിയത്. സ്്ത്രീധനമൊക്കെ അങ്ങോട്ട് കൊടുത്താണ് കെട്ടിയത്. അവരോടും പറഞ്ഞിരുന്നു, സെക്‌സ് ചെയ്യാൻ പറ്റില്ലാന്ന്. പക്ഷേ അതേ പാരെന്റ്‌സ് തന്നെ കല്യാണം കഴിഞ്ഞ് 10 ദിവസം കഴിഞ്ഞപ്പൊ കൂടെക്കിടക്കാനും കെട്ടിപ്പിടിക്കാനുമൊക്കെ നമ്മളെ നിർബ്ബന്ധിക്കുകയാണ്. അപ്പോഴാണ് ഞാൻ മുറീന്നിറങ്ങി ഓടുന്നത്, എന്നെ ബലാൽസംഗം ചെയ്യുന്നൂ എന്ന് പറഞ്ഞ്. പിന്നീട് 11 മാസം ഞങ്ങൾ ഒരുമിച്ച് താമസിച്ചു. അവർ അവരുടെ മുറിയിലും ഞാൻ എന്റെ മുറിയിലും. അതിനപ്പുറം ഒരു ദ്രോഹം ഒരു പെണ്ണിനോട് ചെയ്യാനില്ല. അല്ലേ? ഇപ്പഴും അവരൊരുപാട് സഹിക്കുന്നുണ്ട്. അവരുടെ കുട്ടിയും വല്ലാണ്ട് സ്ട്രഗിൾ ചെയ്യുന്നുണ്ട്

  • പിന്നീടെപ്പോഴാണ് വീട്ടിൽ നിന്ന് ഇറങ്ങേണ്ടിവരുന്നത്?

ട്രാൻസ്‌ജെൻഡറാണെന്ന പേരിൽ നിലവിലുള്ള ജോലി പോയതോടെ എനിക്ക് നാട്ടിലെങ്ങും വേറെ ജോലി കിട്ടാൻ സാധ്യതയില്ലാതായി. എല്ലാ സ്ഥാപനങ്ങൾക്കും മെയിൽ അല്ലെങ്കിൽ ഫീമെയിൽ സ്റ്റാഫ് മതി. ട്രാൻസ്‌ജെൻഡറിന് അക്കൗണ്ടബിലിറ്റിയില്ല, അതുകൊണ്ടുതന്നെ ജോലി കിട്ടില്ല. അങ്ങനെ ഞാൻ ജോലിതേടി ബോംബെയ്ക്ക് പോകുകയായിരുന്നു.

  • കൂടെ പഠിച്ചവർ, പഠിപ്പിച്ചവർ ജോലിചെയ്തവർ ഇങ്ങനെ ആരോടെങ്കിലുമൊക്കെ പ്രണയമുണ്ടായിരുന്നോ? അത് പ്രകടിപ്പിച്ചോ?

ഡിഗ്രിക്ക് പഠിക്കുമ്പോൾ ഒരു വളരെ സ്‌ട്രോങ്ങായ പ്രണയമുണ്ടായിരുന്നു. സുവോളജി ഡിപ്പാർട്ട്‌മെന്റിലെ ഒരു മാഷിനോട് മുടിഞ്ഞ പ്രേമം. ഞാൻ ഇംഗ്ലിഷിലായിരുന്നു. എനിക്കുതോന്നി, അത്മതിയാക്കി സുവോളജിക്ക് ചേർന്നാലോന്ന്. ഒരു ന്യൂസ്പ്രിന്റിന്റെ വലിയ പേപ്പറില് നാലുവശത്തും ഒരു വലിയ പ്രണയലേഖനം എഴുതിക്കൊടുത്തു. അന്ന് ടീച്ചേഴ്‌സൊക്കെ പറഞ്ഞു, ഇതിനിനി റാങ്കൊന്നും കിട്ടാൻ പോണില്ലെന്ന്. പക്ഷേ എന്റെ പ്രണയം എത്ര തീവ്രമായിരുന്നോ അത്രയും നല്ല വിജയം എനിക്ക് കിട്ടി. ഇന്നും ഒരു പ്രണയം ഉള്ളിലുള്ളതുകൊണ്ടാണ് വിജയരാജമല്ലിക ജീവിക്കുന്നത്. പണ്ട് വയലാർ പറഞ്ഞിട്ടുണ്ട്, മലരിന്റെയുള്ളിൽ ഒരു പ്രണയം അല്ലെങ്കിൽ അഭിലാഷം തപസ്സിരുന്നാലേ മലരിനു വസന്തമുണ്ടാവൂ എന്ന്. റാങ്ക് കിട്ടിയത് ആ മുടിഞ്ഞ പ്രേമം കൊണ്ടുതന്നെയായിരുന്നു. സ്‌കൂൾ ഡേയ്‌സിലൊക്കെ ഒരുപാട് പ്രേമമുണ്ടായിരുന്നു. പക്ഷേ ഡാർക്കും ഫെമിനൈനും ഒക്കെയായിരുന്നതുകൊണ്ട് എന്നെയാരും ശ്രദ്ധിക്കില്ലായിരുന്നു. അതുകൊണ്ട് പ്രേമം തുറന്നുപറയാൻ ധൈര്യമുണ്ടായില്ല.

  • ശാരിരികമായി ആരെയെങ്കിലും സമീപിച്ചോ?

ഷ്ടം പോലെ അപ്രോച്ച് ചെയ്തിട്ടുണ്ട്. അന്നെനിക്കത് ബോഡി നീഡായിരുന്നു. പിന്നീട് അതല്ല പ്രയോറിട്ടൈസ് ചെയ്യേണ്ടതെന്ന് എനിക്ക് മനസ്സിലാവുകയായിരുന്നു. അപ്പൊ സ്റ്റോപ്പ് ചെയ്തു. ആദ്യത്തെ വിവാഹമോഹം തകർന്നിട്ട് കെമിക്കൽ കാസ്റ്ററേഷൻ നടത്തിയതിൽപ്പിന്നെ ആ വികാരമൊക്കെ കുറവായിരുന്നു. പിന്നെ ഒന്നോരണ്ടോ തവണ സോഷ്യൽ ഫീൽഡിലെ ഫ്രണ്ട്‌സുമായി.. അത്രയൊക്കെയേ ഉണ്ടായിട്ടുള്ളു. ഇപ്പൊ കുറേ കാലമായിട്ട് മരുഭൂമിയാണ്. അന്നത് ഒരു ഏയ്ജിന്റെ ആവശ്യമായി, ഒരു ബോഡി നീഡായി മാത്രമേ തോന്നിയിട്ടുള്ളു. ഇപ്പൊ അങ്ങനൊരു ബോഡി നീഡില്ല. പക്ഷെ ഇപ്പോൾ എനിക്ക് വിവാഹിതയായാൽ കൊള്ളാമെന്നുണ്ട്. 'വിവാഹിത'. ഒരു പുരുഷനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. കാരണം വിവാഹത്തിനുപുറത്തുള്ള ഒരു റിലേഷനിലും സ്ത്രീക്കോ സോഫ്റ്റ് സെക്‌സിനോ സെക്യൂരിറ്റിയില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് വിവാഹം നൽകുന്ന സെക്യൂരിറ്റിയിൽ ജീവിക്കാൻ ഇപ്പോൾ ആത്മാർഥമായി ആഗ്രഹിക്കുന്നു.

  • വീട്ടിൽനിന്നിറങ്ങിയശേഷം അച്ഛനമ്മമാരുടെ നിലപാടെങ്ങനെയാണ്?

ന്റെ സ്വത്വം തുറന്നുപറഞ്ഞുകൊണ്ടാണ് ഞാൻ വീട്ടിൽനിന്നിറങ്ങുന്നത്. ഈ സ്വത്വത്തിൽ സ്വന്തംകാലിൽ നിൽക്കാൻ പ്രാപ്തിനേടിയിട്ടേ വീട്ടിലേക്ക് തിരികെപ്പോകൂ എന്ന് ഞാനുറച്ചിരുന്നു. സ്റ്റേറ്റ് അവാർഡ് പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് ഞാൻ വീട്ടിലേക്ക് പോകുന്നത്. അമ്മയ്ക്ക് ഒറ്റക്കാര്യത്തിലേ വിഷമമുള്ളു. ജോലിയില്ലാത്ത കാര്യത്തിൽ. മല്ലികയോ വിജയരാജമല്ലികയോ എന്തോ ആയിക്കോട്ടെ, സാരിയോ ചുരിദാറോ എന്തുധരിച്ച് ജീവിച്ചാലും ഒരു ജോലിയില്ലാതെ നീ എങ്ങനെ എക്‌സിസ്റ്റ് ചെയ്യുമെന്നാണ് അമ്മയുടെ ചോദ്യം. അത് തന്നെയാണ് എന്നെസംബന്ധിച്ചുമുള്ള നിലനിൽപ്പിന്റെ ചോദ്യം. എത്രയൊക്കെ നമ്മളു സെക്‌സ് വർക് ചെയ്യില്ലാന്നു പറഞ്ഞാലും നാട്ടുകാർ പറഞ്ഞുണ്ടാക്കും ബോംബെയിൽ ജീവിക്കാൻ അതില്ലാതെ പറ്റില്ലാന്ന്. എന്നെക്കുറിച്ചുള്ള ആധികൊണ്ട് അമ്മ ഒരു ഹൃദ്‌രോഗിയായി മാറി. അച്ഛനാണെങ്കിൽ കുറേക്കാലമായി സ്വാഭാവികമായ ബോധമില്ല. But he is happy in his world.

  • ഒരു ട്രാൻസ്‌ജെൻഡറിന്റെ നിത്യജീവിതാനുഭവം എന്തുമാത്രം ഭയാനകമാണ്?

തിരുവനന്തപുരത്ത് കഴിഞ്ഞതവണ വന്നപ്പൊ എനിക്ക് കണ്ണൂരിൽ നിന്നൊരു ഫോൺ വന്നു. നാളെകഴിഞ്ഞ് അവിടെയൊരു മീറ്റിംഗിൽ എത്താനാകുമോ എന്നായിരുന്നു ചോദ്യം. ഞാനെത്താമെന്ന് ഏറ്റു. പലകാരണങ്ങൾ കൊണ്ടും എനിക്ക് ട്രെയിൻ യാത്ര ഇഷ്ടമല്ല. ഒരു ഇൻസെക്യൂരിറ്റി ഫീലിംഗാണ്. ബസിൽ കണ്ണൂരിലേക്ക് പോകുമ്പോൾ ഇടയ്‌ക്കൊന്നിറങ്ങി ടോയ്‌ലെറ്റിൽ പോകണമെങ്കിൽ... നമ്മുടെ കെ എസ് ആർടിസി ബസ്റ്റാൻഡുകളിലെ ടോയ്‌ലെറ്റുകളിൽ കുറ്റീം കൊളുത്തുമൊന്നും കാണില്ല. എന്നെ സംബന്ധിച്ച്, എന്റെ പെനിസ് തീരെച്ചെറുതായതുകൊണ്ട് ഒരു കുഴലിന്റെ സഹായത്തോടെയാണ് ഞാൻ മൂത്രമൊഴിക്കാറ്. ഈ പ്രക്രിയ കുറ്റീം കൊളുത്തുമില്ലാത്ത ടോയ്‌ലെറ്റിൽ വച്ച് മറ്റൊരു സ്ത്രീ കാണുകയാണെങ്കിൽ എന്താവും അവസ്ഥ! ഒരാണ് പെൺവേഷം കെട്ടി സ്ത്രീകളുടെ ടോയ്‌ലെറ്റിൽ വന്ന് ഫോട്ടോ എടുത്തു എന്നുപോലും പറഞ്ഞേക്കും. മറ്റൊരിക്കൽ ഞാൻ കണ്ണൂരിൽ നിന്ന് വരുമ്പോൾ തൃശ്ശൂരെത്തുമ്പോൾ മൂത്രമൊഴിക്കാൻ മുട്ടി.

ചാലക്കുടിയെത്തുമ്പോൾ സഹിക്കാൻ വയ്യാതായി. ഞാൻ കണ്ടക്ടറോട് പറഞ്ഞു. അദ്ദേഹം ചാലക്കുടി സ്റ്റാൻഡിൽ നിർത്തിത്തന്നു. ചാലക്കുടിയിൽ സ്ത്രീകളുടെ ടോയ്‌ലെറ്റ് കുറച്ചകത്തോട്ടാണ്. ആദ്യം കാണുന്നത് ജെന്റ്‌സിന്റെ ടോയ്‌ലെറ്റാണ്. ഓടിയിറങ്ങിയ ഞാൻ അവിടെ കേറി. ഞാൻ വല്ലാതെ മുട്ടി നിൽക്കുകയായിരുന്നു. ഞാനവിടെ കേറി, നിന്നോണ്ട് മൂത്രമൊഴിച്ചു. ആശ്വാസത്തോടെ തിരിഞ്ഞ് നോക്കുമ്പൊ ചുറ്റും കാഴ്‌ച്ചക്കാരാണ്. ഒരു സ്ത്രീ, ആണുങ്ങളുടെ മൂത്രപ്പുരയിൽ കയറി, നിന്ന് മൂത്രമൊഴിക്കുന്നു. ഇതെന്താ എന്ന ക്യൂറിയോസിറ്റിയാണ്. നിങ്ങൾക്കറിയാമോ? ഞാൻ തിരുവനതപുരത്തുനിന്ന് കണ്ണൂരേക്ക് ബസിൽ പോകുന്നത് അഡൾട് പാംപേഴ്‌സ് വച്ചിട്ടാണ്. 12 മണിക്കൂർ യാത്രയ്ക്കിടയിൽ അഡൾട്ട് പാംപേഴ്‌സ് വച്ച് ഒരു ട്രാൻസ്‌ജെൻഡർ യാത്രചെയ്യുമ്പോൾ എല്ലാ വിസർജനങ്ങളും ഈ അഡൾട്ട് പാംപേഴ്‌സിലേക്കാ വന്നുവീഴുന്നത്. ഇത് വളരെയധികം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്. കൂടുതലൊന്നും വേണ്ട, ഒരു ടോയ്‌ലെറ്റ് ഞങ്ങൾ ട്രാൻസ്‌ജെൻഡേഴ്‌സിനും അനുവദിച്ചുകൂടേ?

കെ എസ് ആർ ടിസി ബസിൽ യാത്രചെയ്യുമ്പൊ മുൻസീറ്റിലാ നമ്മളു യാത്രചെയ്യുക. എങ്ങനെയൊക്കെയായാലും ചില സ്ത്രീകൾ കണ്ടുപിടിക്കും ഇത് പെണ്ണല്ലാന്ന്. അടുത്ത് വന്നിരിക്കില്ല. മാറി നിൽക്കും. മലബാറിലൊക്കെ യാത്രചെയ്യുമ്പൊ ചില ആണുങ്ങള് മുടിയിൽ പിടിച്ചിങ്ങനെ വലിക്കും. അവരു ടെസ്റ്റ് ചെയ്യുന്നതാണ് ഇത് ആണ് പെൺവേഷം കെട്ടിയതാണോന്ന്. മറ്റൊരു വലിയ മനുഷ്യാവകാശലംഘനമുണ്ട്. ഒരാവശ്യവുമായി സർക്കാരോഫീസിൽ കയറിച്ചെന്നാൽ അവരുടെ ഒരു ഭാവമുണ്ട്, ഇതെന്താദ്! കൊള്ളാലോ.. ഈയൊരു രീതി ഇതുവരെ സർക്കാരോഫീസിൽ നിന്ന് മാറിയിട്ടില്ല. ഒരു ലോഡ്ജിൽ മുറിയെടുക്കാൻ ചെന്നാൽ... 'നിങ്ങള് പെൺവേഷം കെട്ടിനടക്കുന്ന..മറ്റേ.. ഫ്‌ളൂട്ടാണോ..'ന്നാണ് ചോദ്യം. ഇടയ്ക്ക് ഇന്റർസെക്‌സായ ഒരുകുട്ടി ചിഞ്ചു ഒരു ഡോക്ടറെ കാണാൻ പോയപ്പൊ, ഡോക്ടറോട് താൻ ഇന്റർസെക്‌സാണെന്ന് പറഞ്ഞപ്പൊ ആ ഡോക്ടർ ചോദിച്ചത്രേ.. ഞാനൊന്നു കണ്ടോട്ടേന്ന്. വയറുവേദനയായിട്ട് ചെന്ന അവൾ പറഞ്ഞു, വേണ്ട ചികിത്സിക്കണ്ട ഞാൻ പൊയ്‌ക്കോളാമെന്ന്. ജോലിക്കുള്ള ഇന്റർവ്യൂവിനുപോയാൽ ജോലിതരാമെന്നൊക്കെ പറയും പക്ഷെ പറച്ചിൽ മാത്രമേ ഉള്ളു. ആരും ജോലി തരില്ല. പി എസ് സി പോലും ഞങ്ങൾക്ക് ജോലി തരില്ല. സോഷ്യൽ മീഡിയയിൽ അതുപോലെ. നമ്മളൊരു പ്രൊഫൈൽ പടമിട്ടാൽ എന്തെല്ലാം കമന്റുകളാണെന്നോ.. അതിലുമപ്പുറമുള്ള മെസേജുകൾ കൊണ്ട് ഇൻബോക്‌സ് നിറയും.

  • ട്രാൻസ്‌ജെൻഡർ ആനന്ദാനുഭവങ്ങൾ..ദുഃഖാനുഭവങ്ങൾ..?

ഴിഞ്ഞ സെപ്റ്റംബർ 2 ന് സൂര്യ കൃഷ്ണമൂർത്തി സറിന്റെ ചായക്കടക്കഥകൾ, നാടകം കണ്ടിട്ട് തിരികെപ്പോകുമ്പോൾ; അന്ന് ദേശീയപണിമുടക്കാണ്. കൊച്ചിയിൽ ചെന്നിറങ്ങുമ്പോൾ ഗ്യാസൊക്കെ കയറി എന്റെ വയറിങ്ങനെ വീർത്തിരിപ്പുണ്ട്. അവിടെ മൊത്തം സംഘർഷമാണ്. എന്റെ വയറൊക്കെ കണ്ട് അപ്പ്രത്തുനിന്ന ഒരു ചെക്കൻ ഓടിവന്ന് ചേച്ചി പ്രഗ്നന്റാണോന്ന് ചോദിച്ചു. അവൻ എന്നെ സെയ്ഫായി ഒരു ഗട്ടറിൽ പോലുമിറക്കാതെ എന്റെ താമസസ്ഥലത്തുകൊണ്ടാക്കി. പൈസപോലും വാങ്ങിയില്ല.

സങ്കടപ്പെടുത്തുന്ന അനുഭവമെന്ന് പറയുമ്പൊ, കഴിഞ്ഞ തിരുവോണത്തിന് കയ്യിൽ പത്തുപൈസയില്ല, ഒന്നുമില്ല കയ്യിൽ. അങ്ങനെയിരിക്കെ ഒരു സുഹൃത്ത് സദ്യ വാങ്ങിത്തരാമെന്ന് പറഞ്ഞ് കൊണ്ടുപോയി. അന്നവിടെ ഒരു സദ്യക്ക് 300 രൂപയാണ് വില. രണ്ട് സദ്യക്ക് 600 രൂപയാവും. അയാളുടെ കയ്യിൽ ക്യാഷായി 450 രൂപയേ ഉള്ളു. എന്നെ അവിടെയിരുത്തി അയാൾ എടിഎം തേടിപ്പോയി. തിരുവോണമായതുകൊണ്ട് ഒരു എ ടി എമിലും പൈസയില്ല. സദ്യയുണ്ണുക എന്നു പറഞ്ഞാൽ നമുക്കെല്ലാം വല്ലാത്തൊരു സന്തോഷമല്ലേ.. എലേല് ചോറും പാലട പ്രഥമനുമൊക്കെയായിട്ട്... അന്നവിടെ ഇരുന്നതല്ലാതെ സദ്യയുണ്ണാൻ പറ്റീല. ഇതുപോലെ ചില നോവിക്കുന്ന അനുഭവങ്ങൾ...എങ്കിലും സന്തോഷമാണ്. ഞാനെന്റെ സ്വത്വബോധത്തിലാണല്ലോ ഇപ്പോൾ ജീവിക്കുന്നത്.

(2016 ഡിസംബർ ലക്കം 'ജീവധാര' മാസികയിൽ പ്രസിദ്ധീകരിച്ചത്.)