ട്രാൻസ്‌ജെൻഡേഴ്‌സിനെ മൂന്നാം ലിംഗക്കാരായി അംഗീകരിക്കാനും അവർക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ഏർപ്പെടുത്താനും നരേന്ദ്ര മോദി സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയക്കുശേഷം ഏത് ലിംഗത്തിൽ തുടരണെമെന്ന് തീരുമാനിക്കാനുള്ള അവകാശവും അവർക്കുണ്ടാവും.

ട്രാൻസ്‌ജെൻഡറുകളുടെ അവകാശ സംരക്ഷണ ബില്ലിലാണ് സ്വാഗതാർഹമായ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മൂന്നാം ലിംഗക്കാർക്കുനേരെയുള്ള സമൂഹത്തിന്റെ വിവേചനത്തിനും ഈ നിയമം നടപ്പിലാകുന്നതോടെ അന്ത്യമാകും. മൂന്നാം ലിംഗക്കാരെ പിന്നോക്ക വിഭാഗമായി പരിഗണിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

സാമൂഹികക്ഷേമ മന്ത്രി തവാർ ചന്ദ് ഗെലോട്ട് കൊണ്ടുവന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. രാജ്യസഭയിൽ കഴിഞ്ഞവർഷം തന്നെ ഇത്തരത്തിലൊരു ചർച്ച നടന്നിരുന്നു. വ്യാപകമായി അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, സ്വവർഗ രതിയോടുള്ള ബിജെപിയുടെ നിലപാടുകളാണ് ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുന്നതിന് കാലതാമസമുണ്ടാക്കിയത്.

സ്വവർഗ രതിക്കാരെ ട്രാൻസ്‌ജെൻഡറുകളായി പരിഗണിക്കാനാവില്ലെന്ന് അടുത്തിടെ സുപ്രീം കോടതി വിധിച്ചിരുന്നു. ഇതോടെയാണ് ഇക്കാര്യത്തിൽ പാർട്ടിക്കുണ്ടായിരുന്ന ആശയക്കുഴപ്പം അവസാനിച്ചത്. എന്നാൽ, ഇതുകൊണ്ടും ആശയക്കുഴപ്പം അവസാനിക്കുന്നില്ലെന്നതാണ് യാഥാർഥ്യം.

ട്രാൻസ്‌ജെൻഡറിന് അവരവരുടെ ലിംഗമേതെന്ന് നിശ്ചയിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നാണ് സുപ്രീം കോടതി പറയുന്നത്. അപ്പോൾ, മൂന്നാം ലിംഗമെന്ന് എങ്ങനെ പറയുമെന്ന സംശയം ബാക്കിയാകും. ഇക്കാര്യങ്ങളിലാകും പാർലമെന്റിലെ ചർച്ച ചൂടുപിടിക്കുകയെന്ന് ഉറപ്പാണ്.