പാരീസ്: ജൂൺ രണ്ടിന് ട്രാൻസ്‌പോർട്ട് വർക്കർമാർ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്കിൽ നഗരം നിശ്ചലമാകും. മെട്രോ, ബസ്, ആർഇആർ റെയിൽ വർക്കർമാർ ആണ് സിജിടി യൂണിയനുമായി സഹകരിച്ച് അനിശ്ചിതകാല പണിമുടക്കിന് ഒരുങ്ങുന്നത്. പുതിയ തൊഴിൽ നിയമത്തിനെതിരേയും തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് പണിമുടക്ക്.

ജൂൺ രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന അനിശ്ചിത കാല പണിമുടക്കിന് നേതൃത്വം കൊടുക്കുന്നത് സിജിടി യൂണിയനാണ്. അതേസമയം ട്രാൻസ്‌പോർട്ട് വർക്കർമാർ പണിമുടക്കുമായി മുന്നോട്ടു പോകുന്ന സാഹചര്യമാണ് ഉണ്ടാകുന്നതെങ്കിൽ അത് യൂറോ 2016 ടൂർണമെന്റുകളെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ജൂൺ പത്തിനാണ് യൂറോ 2016 ആരംഭിക്കുന്നത്.

അടുത്തകാലത്ത് പ്രാബല്യത്തിൽ വന്ന പുതിയ തൊഴിൽ നിയമത്തിന് എതിരേ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. കൂടാതെ ട്രാൻസ്‌പോർട്ട് വർക്കർമാരുടെ വേതന വ്യവസ്ഥകളെ ചൊല്ലിയും തർക്കം നിലനിന്നിരുന്നു. ഇവയ്ക്ക് പരിഹാരം കണ്ടെത്തണമെന്നാണ് യൂണിയന്റെ പ്രധാന ആവശ്യം. കഴിഞ്ഞ രണ്ടു വർഷമായി വേതനത്തിൽ വർധനയൊന്നും ഉണ്ടായിട്ടില്ലെന്നും യൂണിയൻ വ്യക്തമാക്കി.

വേതന വ്യവസ്ഥകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് റെയിൽ വർക്കർമാരും ഏതാനും നാളുകളായി പണിമുടക്ക് നടത്തി വരികയായിരുന്നു.