പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ 48 മണിക്കൂർ മുൻപേ അനുമതി വേണമെന്ന പുതിയ ഉത്തരവിനെതിരെ പ്രവാസികൾക്കിടയിൽ പ്രതിഷേധം വ്യാപകമാകുന്നു. കരിപ്പൂർ വിമാനത്തവളത്തിലെ ഹെൽത്ത് ഓഫീസർ വിമാന കമ്പനികൾ വഴി കഴിഞ്ഞ ദിവസം ഷാർജ വിമാനത്താവളത്തിലേക്ക് അയച്ച ഉത്തരവിനെതിരെ വൻരോഷവുമാണ് പ്രവാസമേഖലയിൽനിന്ന് ഉയർന്നു വരുന്നത്.

ജനത്തെ അനാവശ്യമായി ബുദ്ധിമൂട്ടിക്കുന്ന ഈ വിവാദ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. പ്രശ്‌നം വിവിധ പ്രവാസി സംഘടനകളും ജനപ്രതിനിധികളും മാധ്യമങ്ങളും കേന്ദ്ര സർക്കാരിന്റേയും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ആശയക്കുഴപ്പം തീർക്കുന്നതിനുള്ള ഇടപെടലുകളോ വിശദീകരണമോ ഇതുവരെ പുറത്തുവന്നിട്ടില്ല.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളിലേക്കും മൃതദേഹങ്ങൾ സ്വീകരിക്കാൻ ഷാർജയിലെ വിമാന കാർഗോ വിഭാഗങ്ങൾ മടിക്കുകയാണ്. 2005-ലെ അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങളും ഇന്ത്യൻ വിമാന പൊതു ആരോഗ്യ ചട്ടങ്ങളും അനുസരിച്ചാണ് ഈ നിബന്ധന പുറപ്പെടുവിച്ചതെന്നാണ് കരിപ്പൂരിലെ ഡെപ്യൂട്ടി ഹെൽത്ത് ഓഫീസർ ജലാലുദ്ദീന്റെ വിശദീകരണം.

രണ്ടു വർഷം മുംബൈ വിമാനത്താവളത്തിൽ ജോലി ചെയ്തശേഷം ഈയിടെയാണ് ഇദ്ദേഹം കരിപ്പൂരിൽ ചുമതലയേറ്റത്. സംഭവം വിവാദമായതോടെ ഇതുകാരണം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കാലതാമസം ഉണ്ടായിട്ടില്ലെന്നും മൃതദേഹം അയക്കുന്ന വിവരവും എംബസിയുടെ കത്തും ലഭിച്ചാലുടൻ അനുമതി കൊടുക്കാൻ തയാറാണെന്നുമാണ് അദ്ദേഹം പറയുന്നത്. എന്നാൽ ഇത്രയും കാലം കുഴപ്പമില്ലാതെ നടന്നിരുന്ന മൃതദേഹം അയക്കൽ വൈകിക്കാനും ആശയക്കുഴപ്പമുണ്ടാക്കാനും ഒരുപേജ് ഇ മെയിൽ ധാരാളമായിരുന്നു.

മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് വിമാനത്തിലയക്കുമ്പോൾ നിർദിഷ്ട വിമാനത്താവളത്തിൽ എത്തുന്നതിന് 48 മണിക്കൂർ മുമ്പ് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ഹാജരാക്കി മുൻകൂർ അനുമതി വാങ്ങണമെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്. മരണ സർട്ടിഫിക്കറ്റ് , എംബാമിങ് സർട്ടിഫിക്കറ്റ്, ഇന്ത്യൻ എംബസിയിൽ നിന്നുള്ള നിരാക്ഷേപ പത്രം(എൻഒസി), റദ്ദാക്കിയ പാസ്‌പോർട്ടിന്റെ പകർപ്പ് എന്നിവയാണ് ഹാജരാക്കേണ്ട രേഖകൾ.

വ്യാഴാഴ്ച രാത്രി ഷാർജക്കടുത്ത് ദൈദിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്കയക്കാൻ ഷാർജ വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിലെത്തിയപ്പോൾ കരിപ്പൂരിൽ നിന്ന് ഇ മെയിലിൽ എത്തിയ നിർദ്ദേശം ചൂണ്ടിക്കാട്ടി അവർ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിക്കുകയായിരുന്നു.

അവസാനം സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി ഇടപ്പെട്ട് മണിക്കൂറുകളോളം സമയമെടുത്ത് അധികൃതരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷമാണ് മൃതദേഹം വിമാനത്തിൽ കയറ്റാൻ തയാറായത്. മൃതദേഹം കൊണ്ടുപോകാനുള്ള വിമാനടിക്കറ്റ് ഹാജരാക്കിയാലേ യു.എ.ഇയിലെ എംബാമിങ് കേന്ദ്രങ്ങളിൽ നിന്ന് എംബാം സർട്ടിഫിക്കറ്റുകൾ ലഭിക്കൂ. അപ്പോൾ ഇത് 48 മണിക്കൂർ മുമ്പ് നാട്ടിലെ വിമാനത്താവളത്തിൽ എങ്ങനെ ഹാജരാക്കാൻ സാധിക്കുമെന്ന് സാമൂഹിക പ്രവർത്തകർ ചോദിക്കുന്നു.

എംബാം ചെയ്ത മൃതദേഹം കേടുവരാതെ സൂക്ഷിക്കാവുന്ന പരമാവധി സമയം 48 മണിക്കൂറാണെന്നിരിക്കെ അതിലധികം സമയം കാത്തിരുന്ന് നാട്ടിലെത്തിക്കുമ്പോൾ ദുർഗന്ധം വമിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ട് പുതിയ ഉത്തരവ് പിൻവലിച്ച് അക്കാര്യം വിമാനക്കമ്പനികളെ അറിയിച്ച് ആശയക്കുഴപ്പം അവസാനിപ്പിക്കണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.