കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകം പ്രതീക്ഷയോടെ കണ്ട പരീക്ഷണമായിരുന്നു ഓക്സ്ഫഡ് സർവകലാശാലയുടെ കോവിഡ് വാക്സിൻ. എന്നാൽ, കോവിഡ് വാക്സിൻ പരീക്ഷണത്തിന് വിധേയായ യുവതിക്ക് അജ്ഞാത രോ​ഗം പിടിപെട്ടു എന്ന റിപ്പോർട്ടുകൾ ആശങ്കയോടെയാണ് ലോകം കേട്ടത്. ഇതിന് പിന്നാലെ വാക്‌സിൻ ഉത്‌പാദകരായ അസ്ട്രാസെനക പരീക്ഷണം നിർത്തിവെക്കുകയും ചെയ്തു. രോ​ഗം സംബന്ധിച്ച് വിശദമായി പഠിച്ച ശേഷം വാക്സിൻ പരീക്ഷണം തുടരും എന്നാണ് അസ്ട്രാസെനക അറിയിച്ചത്. ഒരാൾക്ക് അജ്ഞാതമായ രോഗം വന്നതിനെ തുടർന്ന് കമ്പനിയുടെ വാക്സിൻ പരീക്ഷണങ്ങൾ താൽക്കാലികമായി നിർത്തിയതെന്ന് ആസ്ട്രാസെനെക പ്രസ്താവനയിൽ പറഞ്ഞിരുന്നു. പരീക്ഷണങ്ങളുടെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനിടയിൽ സുരക്ഷാ ഡാറ്റ പരിശോധിക്കാൻ ഗവേഷകർക്ക് സമയം നൽകാനാണ് ഈ നീക്കമെന്നും കമ്പനി അറിയിച്ചിരുന്നു. കോവിഡ് വാക്‌സിൻ സ്വീകരിച്ച ബ്രിട്ടീഷ് യുവതിക്ക് ബാധിച്ചത് നാഡീ സംബന്ധമായ അപൂർവവും ഗുരുതരവുമായ അസുഖമെന്ന് അസ്ട്രാസെനെക പിന്നീട് വെളിപ്പെടുത്തിയിരുന്നു. സ്ത്രീക്ക് 'ട്രാൻവേഴ്‌സ് മൈലൈറ്റീസ്' (Transverse Myelitis) എന്ന രോഗാവസ്ഥയാണെന്ന് അസ്ട്രാസെനെക സിഇഒ പാസ്‌കൽ സോറിയറ്റ് പറഞ്ഞു.

വാക്‌സിൻ നൽകിയത് മൂലമാണോ ഇയാൾക്ക് രോഗബാധയുണ്ടായതെന്ന കാര്യത്തിൽ പരിശോധന നടത്തും. ഇത് സംബന്ധിച്ച പരിശോധനകൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഒക്‌സ്‌ഫഡ് വാക്‌സിന് കഴിയുമെന്ന സൂചനകൾ ശക്തമായി നിലനിൽക്കെയുണ്ടായ ഈ സംഭവത്തിൽ വിശദമായ പരിശോധനകൾ നടത്താനാണ് ഗവേഷകരുടെ തീരുമാനം.സുഷുമ്‌ന നാഡിയിലെ തന്തുക്കളെ സംരക്ഷിക്കുന്ന ആവരണമായ മൈലിനുണ്ടാകുന്ന വീക്കമാണ് ട്രാൻവേഴ്‌സ് മൈലറ്റീസ്. ഒരു രോഗാവസ്ഥയിൽ നിന്ന് കരകയറാൻ ശരീരം ശ്രമിക്കുമ്പോഴോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധയിൽ നിന്ന് മുക്തി നേടാൻ ശ്രമിക്കുമ്പോഴോ ആണ് ഈ അവസ്ഥ കണ്ടെത്താൻ കഴിയുക. ശരീരത്തിലെ ആരോഗ്യകരമായ സെല്ലുകളെയാണ് ട്രാൻവേഴ്‌സ് മൈലൈറ്റീസ് കൂടുതലായി ആക്രമിക്കുക.

ട്രാൻവേഴ്‌സ് മൈലൈറ്റീസിന്റെ ലക്ഷണങ്ങൾ പലതരത്തിലാണ്. ശരീരത്തിന്റെ പിൻഭാഗങ്ങളിലോ അരയ്‌ക്ക് സമീപമായുള്ള ഭാഗങ്ങളിലോ ശക്തമായ വേദന അനുഭവപ്പെടാം. കാലുകൾക്ക് വേദന അനുഭവപ്പെടുത്തത് പ്രധാന ലക്ഷണങ്ങളിലൊന്നാണ്. മൂന്ന് കാരണങ്ങൾ കൊണ്ട് ഈ അവസ്ഥയുണ്ടാകാമെന്ന് ഗവേഷകർ പറയുന്നു. വാക്‌സിൻ സ്വീകരിച്ചത് മൂലം ശരീരത്തിന്റെ പ്രതിരോധ ശേഷിയിലുണ്ടായ അപ്രതീക്ഷിത മാറ്റം. വാക്‌സിൻ ശരീരത്തിൽ എത്തിയതോടെ നിർജീവമായിരുന്ന വൈറസുകളിൽ ഏതെങ്കിലും സജീവമായത്. രോഗപ്രതിരോധ സംവിധാനം സ്വന്തം ശരീരത്തെ തന്നെ ആക്രമിക്കുന്ന ഓട്ടോ ഇമ്യൂൺ എന്നിവ ട്രാൻവേഴ്‌സ് മൈലൈറ്റീസിന്റെ കാരണങ്ങളാണ്.

ട്രാൻവേഴ്‌സ് മൈലൈറ്റീസ് ശരീരത്തെ ബാധിക്കുന്നത് പലതരത്തിലാണ്. തണുപ്പ്, മരവിപ്പ്, ഇക്കളി, വേദനകൾ എന്നിവ തിരിച്ചറിയാൻ കഴിയാതെ വരും. കാലുകളിലെയും കൈകളിലെയും വേദന രൂക്ഷമായേക്കാം. ഈ അവസ്ഥയിലെത്തുന്ന ഭൂരിഭാഗം രോഗികളും ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ സുഖം പ്രാപിക്കും. ചുരുക്കം ചിലയാളുകൾ മാത്രം രണ്ട് വർഷം വരെ ഈ അവസ്ഥയിൽ തുടർന്നേക്കാം. ചില കേസുകളിൽ ഇതിലും കൂടുതൽ വർഷങ്ങളെടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. സ്‌റ്റൊറോയിഡുകൾ അടക്കമുള്ള മരുന്നുകൾ ഇവരിൽ ഫലപ്രദമാണ്.

വാക്‌സിൽ സ്വീകരിച്ച സ്ത്രീക്ക് അപൂർവ രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഓക്‌സ്ഫഡ്- അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്‌സിന്റെ പരീക്ഷണം നിർത്തിവെച്ചത്. എന്നാൽ രോഗി സുഖം പ്രാപിച്ചുവരികയാണെന്നും എത്രയും വേഗം ആശുപത്രി വിടാനാകുമെന്നും അസ്ട്രാസെനെക സിഇഒ പ്രതികരിച്ചു.

കോവിഡ് വാക്‌സിൻ ആഗോള പരീക്ഷണങ്ങൾ താൽക്കാലികമായി നിർത്തുമെന്നും അസ്ട്രാസെനെക അറിയിച്ചു. അടുത്തയാഴ്ചയോടെ പരീക്ഷണങ്ങൾ പുനരാരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അസ്ട്രാസെനെകയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി റിപ്പേർട്ടുകളുണ്ട്. ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർക്കൊപ്പം അസ്ട്രസെനെക്ക വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സിൻ വിപണിയിലെത്തുന്ന മുൻനിര വാക്സിനുകളിൽ ഒന്നായാണ് കണക്കാക്കപ്പെട്ടിരുന്നത്.

എന്നാൽ പരീക്ഷണം നിലച്ചതിൽ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്രസെനെക അറിയിച്ചിട്ടുണ്ട്. പാർശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരും. പരീക്ഷണത്തിൽ പങ്കെടുക്കുന്ന സന്നദ്ധപ്രവർത്തകരുടെ സുരക്ഷ പ്രധാനമാണെന്നും കമ്പനി വിശദീകരിച്ചു. ജൂലായ് 20-നാണ് ഓക്സ്ഫോർഡ് സർവകലാശാല കോവിഡ് 19 വാക്സിൻ വികസിപ്പിച്ചെടുത്തത്. 2021 ജനുവരിയോടെ വാക്‌സിൻ വിപണിയിൽ എത്തുമെന്നായിരുന്നു വിലയിരുത്തൽ. ഇത് രണ്ടാം തവണയാണ് വാക്‌സിൻ പരീക്ഷണം നിർത്തിവെയ്ക്കുന്നത്.

അതിനിടെ, ഓക്‌സ്ഫഡ് സർവകലാശാല വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് വാക്‌സിന്റെ ഇന്ത്യയിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർത്തിവെച്ചു. അമേരിക്കയിലും ബ്രിട്ടനിലും കോവിഡ് വാക്സിൻ പരീക്ഷണം താത്ക്കാലികമായി നിർത്തിവെച്ചതിന് പിന്നാലെയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടും പരീക്ഷണങ്ങൾ നിർത്തിവെച്ചത്. വാക്‌സിൻ പരീക്ഷണങ്ങൾ താത്കാലികമായി നിർത്തിവെക്കുകയാണെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.)യുടെ കൂടുതൽ നിർദ്ദേശങ്ങൾ ലഭിക്കാൻ കാത്തിരിക്കുകയാണെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. കോവിഡ് പരീക്ഷണങ്ങൾ ഇന്ത്യയിൽ നിർത്തിവെക്കാതിരുന്നതിന് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം സിറം ഇൻസ്റ്റിറ്റ്യൂട്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷണങ്ങൽ താത്ക്കാലികമായി നിർത്തിവെച്ചത്.