- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂജാസമയത്ത് ഭക്തർക്ക് പ്രവേശനം ഇല്ല; അന്നദാനം പാടില്ല; പ്രസാദം നേരിട്ട് നൽകരുത്; ക്ഷേത്രങ്ങൾക്ക് മാർഗരേഖ പുറത്തിറക്കി തിരുവിതാംകൂർ ദേവസ്വം ബേർഡ്
തിരുവനന്തപുരം: ടിപിആർ 16 ശതമാനത്തിന് താഴെയുള്ള ഇടങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയതിന് പിന്നാലെ ക്ഷേത്രങ്ങളുടെ പ്രവർത്തനത്തിന് മാർഗരേഖ പുറത്തിറക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്.
ക്ഷേത്രങ്ങളുടെ പൂജാ സമയങ്ങൾ ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് മുമ്പുള്ളതിന് സമാനമായ രീതിയിൽ ക്രമീകരിക്കാമെന്ന് ബോർഡ് നിർദ്ദേശം നൽകി. ഒരേ സമയം 15 പേരിൽ കൂടുതൽ ദർശനത്തിനായി ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ പാടില്ല. അന്നദാനം അനുവദിക്കരുതെന്നും നിർദേശമുണ്ട്.
പൂജാ സമയങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കാൻ പാടില്ല. ദർശനത്തിനെത്തുന്നവർ മാസ്ക് ധരിച്ചിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. ശ്രീകോവിലിൽ നിന്നു ശാന്തിക്കാർ ഭക്തർക്ക് നേരിട്ട് പ്രസാദം വിതരണം ചെയ്യാൻ പാടില്ല.
വഴിപാട് പ്രസാദങ്ങൾ നാലമ്പലത്തിന് പുറത്ത് ഭക്തരുടെ പേര് എഴുതിവെച്ച് വിതരണം ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾക്ക് നിർദ്ദേശം നൽകി.
ബലിതർപ്പണ ചടങ്ങുകൾ സാമൂഹിക അകലം പാലിച്ച് നടത്താം. സപ്താഹം, നവാഹം എന്നിവയ്ക്കും അനുമതിയില്ല.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് മുകളിലുള്ളയിടങ്ങളിൽ ക്ഷേത്രങ്ങൾ തുറക്കാൻ പാടില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് മാർഗരേഖയിൽ പറയുന്നു. ഗുരുവായൂരിൽ നാളെ മുതൽ 300 പേർക്ക് ദർശനത്തിന് അനുമതി നൽകിയിരുന്നു. ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ദർശനം. ഒരേ സമയം 15 പേരെ മാത്രമേ കടത്തിവിടുകയുള്ളൂ.വിവാഹങ്ങൾക്കും നാളെ മുതൽ അനുമതി നൽകിയതായി ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു.
കല്യാണങ്ങളും വഴിപാടുകളും പുനരാരംഭിക്കാനും തീരുമാനിച്ചു. ദിവസം 80 വിവാഹങ്ങൾ വരെ നടത്താനാണ് തീരുമാനം. ഇതിന്റെ ബുക്കിങ് ആരംഭിച്ചു. ഒരു വിവാഹസംഘത്തിൽ പരമാവധി 10 പേർക്ക് പങ്കെടുക്കാം. ചോറൂണ് ഒഴികെയുള്ള എല്ലാ വഴിപാടുകളും നടത്താം. വഴിപാടിന്റെ പ്രസാദ വിതരണവും ഉണ്ടാകും.
കോവിഡ് രണ്ടാം തരംഗത്തെ തുടർന്നാണ് ഗുരുവായൂരിൽ അടക്കം സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം വിലക്കിയത്. ആഴ്ചകളോളം അടഞ്ഞുകിടന്ന ശേഷമാണ്് ഗുരുവായൂർ ക്ഷേത്രം വീണ്ടും ഭക്തർക്കായി തുറന്നുകൊടുക്കുന്നത്്. കഴിഞ്ഞദിവസം ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
ന്യൂസ് ഡെസ്ക്