വാഷിങ്ടൺ ഡി.സി.: കാനഡ, മെക്സിക്കൊ അതിർത്തിയിലൂടെയുള്ള യാത്രാനിയന്ത്രണം ഏപ്രിൽ 21 വരെ നീട്ടിയതായി യു.എസ്. ഗവൺമെന്റു വ്യാഴാഴ്ച(മാർച്ച് 18)ന് പ്രസ്താവനയിലൂടെ അറിയിച്ചു. അത്യാവശ്യ സർവീസുകളെ ഇതിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ബൈഡൻ ഭരണകൂടം യാത്രാനിയന്ത്രണം നീട്ടി ഉത്തരവിടുന്നത്.

കൊറോണ വൈറസിന്റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ മൂന്ന് രാജ്യങ്ങളും ചർച്ച ചെയ്താണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി അറിയിച്ചു. കനേഡിയൻ പബ്ലിക്ക് സേഫ്റ്റി മിനിസ്റ്റർ ട്വിറ്റർ സന്ദേശത്തിലൂടെ നിയന്ത്രണമേർപ്പെടുത്തിയത് ശരിവെച്ചിട്ടുണ്ട്.

ജനുവരി 26ന് ബൈഡൻ എല്ലാ ഇന്റർനാഷ്ണൽ യാത്രാക്കാർക്കും കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയിരുന്നു. യാത്ര പുറപ്പെടുന്നതിന് മുമ്പ് മൂന്നു ദിവസത്തിനുള്ളിൽ പരിശോധിച്ച് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ബോർഡിംഗിനു മുമ്പു വിമാനത്താവള അധികൃതരെ കാണിച്ചിരിക്കണമെന്ന ഉത്തരവ് ഇന്നും നിലവിലുണ്ട്.

കാനഡ അതിർത്തിയിൽ യു.എസ്. പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സ്വന്തമായി വ്യാപാരങ്ങളും, ഭൂമിയും ഉള്ളതു സന്ദർശിക്കുന്നതിന് ഈ യാത്രാ നിരോധനം തടസ്സമാകുമെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഈ നിയമം നിലവിൽ വന്നതോടെ മെക്സിക്കോയിൽ നിന്നും ആയിരക്കണക്കിന് അഭയാർത്ഥികൾ അതിർത്തി കടന്ന് അമേരിക്കയിലെത്തുന്നത് തടയാനാകുമെന്നാണ് ബൈഡൻ ഭരണകൂടം വിലയിരുത്തുന്നത്. ബൈഡന്റെ കുടിയേറ്റ നിയമം അനധികൃത കുടിയേറ്റക്കാർക്ക് അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് അനുകൂലമാണെന്നും ശക്തമായ വിമർശനവും ഉയരുന്നു.