ജിദ്ദ: സൗദി അറേബ്യ പ്രഖ്യാപിച്ച അപ്രതീക്ഷിത യാത്ര വിലക്ക് കാരണം സൗദിയിലേക്ക് ദുബായ് വഴി പുറപ്പെട്ട നിരവധി മലയാളികൾ സൗദിയിലേക്ക് വരാൻ കഴിയാതെ ദുബായിയിൽ കുടുങ്ങി. ദുബായിയിൽ രണ്ടാഴ്ച പൂർത്തിയാക്കി ഇന്നും നാളെയും ഉൾപ്പെടെ അടുത്ത ദിവസങ്ങളിൽ സൗദിയിലെ വിവിധ നഗരങ്ങളിലേക്ക് തിരിക്കേണ്ടവരുടെ യാത്രയാണ് ഇപ്പോൾ അനിശ്ചിതാവസ്ഥയിലായിക്കുന്നത്.

ബ്രിട്ടനിലും മറ്റു ചില യൂറോപ്യൻ രാജ്യങ്ങളിലും ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് പടരുന്ന സാഹചര്യത്തിലാണ് സൗദി അറേബ്യ ഒരാഴ്ചത്തേക്ക് തങ്ങളുടെ അതിർത്തികൾ അടച്ചിടാൻ തീരുമാനിച്ചത്. ഇക്കാരണത്താൽ വന്ദേ ഭാരത് ഉൾപ്പെടെ ഇന്ത്യയിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിറുത്തി വെച്ചിരിക്കുകയാണ്. എന്നാൽ ഈ നിരോധനം ഒരാഴ്ചത്തേക്ക് കൂടി നീട്ടാനും സാധ്യതയുണ്ട്.

നിലവിൽ ഇന്ത്യയിൽ നിന്നും നേരിട്ട് സൗദിയിലേക്ക് വരാൻ കഴിയില്ല. ഇത് മറികടക്കാനാണ് ദുബായിയിൽ വന്ന് രണ്ടാഴ്ച താമസിച്ചു കോവിഡ് ടെസ്റ്റ് നടത്തി സൗദിയിലേക്ക് വരുന്നത്. വിവിധ ട്രാവൽ ഏജൻസികൾ മുഖേന നിരവധി പേരാണ് ഇങ്ങനെ സൗദിയിലേക്ക് വരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ ദുബായ് വഴിയുള്ള യാത്രയും മുടങ്ങിയിരിക്കുകയാണ്.

ഇപ്പോൾ സൗദിയിലേക്ക് പുറപ്പെട്ടു ദുബായിയിൽ ഉള്ളവർക്ക് ഒരാഴ്ച കൂടി അവിടെ തങ്ങേണ്ടി വരും. ട്രാവൽ ഏജൻസികളുടെ രണ്ടാഴ്ചത്തെ പാക്കേജ് അവസാനിച്ചാൽ സ്വന്തം ചെലവിൽ അവിടെ കഴിയണം. ഹോട്ടൽ വാടക വളരെ കൂടുതലായതിനാൽ പലരും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൂടെ താമസിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ സൗദി അറേബ്യ വീണ്ടും ഒരാഴ്ച കൂടി നിരോധനം നീട്ടിയാൽ കാര്യങ്ങൾ എല്ലാം അവതാളത്തിലാവുമോയെന്നാണ് ഇപ്പോൾ ദുബായിയിൽ ഉള്ളവരുടെ ആശങ്ക.