രാജ്യത്ത് യാത്രാവിലക്ക് സംബന്ധിച്ച ആശങ്കകൾക്ക് വിരമാമിട്ടുകൊണ്ട് കൂടുതൽ വ്യക്തത നല്കുന്ന വിശദികരണവുമായി അധികൃതർ രംഗത്തെത്തി. 100 ദിനാറിൽ കുറഞ്ഞ സാമ്പത്തിക ബാധ്യതയുള്ളവരെ യാത്രാവിലക്കിൽനിന്ന് ഒഴിവാക്കുമെന്ന നിർദ്ദേശം കോടതി വിധിയുമായി ബന്ധപ്പെട്ട കേസുകളിൽ ബാധകമാവില്ലെന്ന് അധികൃതർ അറിയിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു യാതാവിലക്ക് വ്യാപകമായ സാഹചര്യത്തിലാണ് 100 ദിനാർ വരെ കുടിശികയുള്ളവരെ യാത്രാവിലക്കിൽ നിന്ന് ഒഴിവാക്കുമെന്ന് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.

അര ദിനാർ കുടിശികയായാലും യാത്രാവിലക്ക് എന്നതായിരുന്നു നിലവിലുള്ള വ്യവസ്ഥ. കോടതിവിധിപ്രകാരമുള്ള പിഴ കുടിശികയ്ക്കു പുറമേ സർക്കാരിലേക്കു വിവിധ ആവശ്യങ്ങൾക്കായി അടയ്‌ക്കേണ്ടുന്ന തുകയിലെ കുടിശികവരെ യാത്രാവിലക്കിനു കാരണമാകുന്നവയാണ്.

100 ദിനാർവരെ യാത്രാവിലക്ക് ഉണ്ടാകില്ലെന്നതു കോടതി ഫീസ്, വിവിധതരം നിയമ ലംഘനങ്ങളുടെ പേരിൽ ചുമത്തുന്ന പിഴ, സേവനങ്ങൾക്കു പകരം സർക്കാരിനു ലഭിക്കേണ്ട തുക തുടങ്ങിയവയുടെ കാര്യത്തിൽ മാത്രമായിരിക്കുമെന്നു മന്ത്രി പറഞ്ഞു. എന്നാൽ യാത്രാവിലക്ക് കോടതിവിധി പ്രകാരമുള്ളതാണെങ്കിൽ എത്ര കുറഞ്ഞ തുകയുടേതാണെങ്കിലും തുക അടച്ചാൽ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.