ഫ്രാൻസിലെ ട്രെയിൻ യാത്രക്കാരെ വലച്ച് ഈ മാസത്തിലെ മൂന്നാം ദിവസം സമരവുമായി ജീവനക്കാർ രംഗത്തിറങ്ങി.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുൽ മാക്രോണിന്റെ തൊഴിൽ പരിഷ്‌കരണ നയങ്ങളിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. ഏപ്രിൽ മൂന്ന്. നാല് തീയതികളിൽ നടന്ന സമരത്തിന് ശേഷം അഞ്ചാം ദിവസം പിന്നിട്ട് ഞായറാഴ്‌ച്ച മുതലാണ് രണ്ടാം ഘട്ട സമരം ആരംഭിച്ചിരിക്കുന്നത്.

ഞയറാഴ്‌ച്ച അഞ്ച്് ഹൈ സ്പീഡ് ട്രെയിനുകളിൽ ഒന്ന് മാത്രമാണ് സർവ്വീസ് നടത്തിയത്. റീജിയൻ നെറ്റ്‌വർക്ക് ട്രെയിനുകൾ മിക്കവയും സർവ്വീസ് റദ്ദാക്കി. അതേപോലെ തന്നെ ഫ്രാൻസ്- ജർമ്മനി അതിവേഗ സർവീസുകളെയും സമരം ബാധിച്ചിട്ടുണ്ട്.

മൂന്നു മാസത്തേക്ക്, അഞ്ച് ദിവസം ഇടവിട്ട്, രണ്ടു ദിവസം വീതമായിരിക്കും പണിമുടക്ക നടക്കുക. സമരം ഫ്രാൻസിലെ പ്രധാന നഗരങ്ങളെയെല്ലാം നിശ്ചലമാക്കിയിരിക്കുകയാണ് .ദിവസം 45 ലക്ഷം യാത്രക്കാരാണ് ഫ്രാൻസിലെ റെയിൽവേയെ ആശ്രയിക്കുന്നത്. റെയിൽ ഗതാഗതം താറുമാറായതോടെ മറ്റ് വാഹനങ്ങളിൽ വൻ തിരക്കനുഭവപ്പെട്ടു. പാരീസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ മണിക്കൂറുകൾ നീണ്ട ഗതാഗത സ്തംഭനമാണ് അനുഭവപ്പെട്ടത്......

പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ ഉപയോഗിച്ച് തൊഴിൽ നിയമങ്ങൾ പരിഷ്‌കരിക്കാൻ അനുവാദം നൽകുന്ന ബില്ല് നേരത്തെ പാർലമെന്റ് പാസാക്കിയിരുന്നു. പുതിയ വിപണികൾ കണ്ടെത്താൻ കമ്പനികളെ സഹായിക്കുന്ന തരത്തിലാണ് തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതിയത്. ഇതിനെതിരെ റെയിൽവേ തൊഴിലാളികൾക്കുപുറമേ, എയർ ഫ്രാൻസ് ജീവനക്കാരും മാലിന്യ സംസ്‌കരണ തൊഴിലാളികളും ഊർജമേഖലയിലെ ജീവനക്കാരും സമരം പ്രഖ്യാപിച്ചിട്ടുണ്ട്‌