- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോട്ടോ ഷോപ്പ് വഴി ചമച്ച വ്യാജ കോവിഡ് ആർടിപിസിആർ ഫലവുമായി കണ്ണൂർ വിമാനത്താവളത്തിൽ; സാമ്പിൾ പോലും എടുക്കാതെ 500 രൂപയ്ക്ക് സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത് ട്രാവൽ ഏജൻസി; എയർ ഇന്ത്യ എക്സ്പ്രസ്സ് ഫ്ലൈറ്റിൽ നിന്നും യുവാവിനെ ഇറക്കി വിട്ടു
കണ്ണൂർ: വ്യാജ കോവിഡ് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റുമായി കണ്ണൂർ എയർപ്പോർട്ടിലെത്തിയ ഖത്തർ പ്രവാസിയുടെ യാത്ര മുടങ്ങി. എയർ ഇന്ത്യ എക്സ്പ്രസ്സ് ഫ്ലൈറ്റിൽ നിന്നും യുവാവിനെ ഇറക്കി വിട്ടു. ഹോട്ടൽ ക്വാറന്റൈൻ അടക്കം വലിയ തുകയും ഇതോടെ യാത്രക്കാരന് നഷ്ടമായി.
പരിശോധനയ്ക്കുള്ള സാമ്പിൾ പോലും എടുക്കാതെ തന്നെ അഞ്ഞൂറു രൂപ കൂടുതൽ വാങ്ങിയാണ് താൻ ടിക്കറ്റെടുത്ത ട്രാവൽ ഏജൻസി തന്നെ ഫോട്ടോഷോപ്പ് വഴി മറ്റൊരാളുടെ റിപ്പോർട്ട് എഡിറ്റു ചെയ്തു നൽകുകയതെന്നാണു യുവാവിന്റെ മൊഴി. ഒരു ഹെൽത്ത് ലെബോറട്ടറിയുടെ റിപ്പോർട്ട് അവരുടെ ലെറ്റർ ഹെഡിൽതന്നെ ആളുടെ പേര് മാറ്റിയാണ് ഫോട്ടോ ഷോപ്പിലൂടെ നിർമ്മിച്ചു നൽകുന്നത്.
ഇത്തരത്തിൽ വ്യാജ റിപ്പോർട്ടുകളുമായി എയർപോർട്ടുകളിലെത്തി തിരച്ചയക്കപ്പെടുന്ന അനവധി യാത്രക്കാർക്ക് പിന്നീട് നിയമ നടപടികൾ കാരണം യാത്ര തന്നെ മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യവും നിലവിലുണ്ട്. കരിപ്പൂർ വിമാനത്തവളത്തിലും അടുത്തിടെ ഇത്തരത്തിലുള്ള നിരവധി യാത്രക്കാർ പിടിയിലായിരുന്നു.
അതേ സമയം ഇത്തരത്തിൽ വിമാനത്താവളങ്ങളിൽ കോവിഡ് 19 റാപ്പിഡ് മോളിക്കുലാർ പരിശോധനകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങൾ തെറ്റിദ്ധാരണയും ഭീതിയും പരത്തുന്നതാണെന്നും പൊതുജനങ്ങൾ ഇതിൽ വഞ്ചിതരാകരുതെന്നും മൈക്രോ ഹെൽത്ത് ലബോറട്ടീസ് എം.ഡിയും സിഇഒയുമായ സി.കെ നൗഷാദ് പറഞ്ഞു.
ഇന്ത്യയുൾപ്പെടെ രോഗവ്യാപനം തീവ്രവായ രാജ്യങ്ങളിൽ നിന്നും പരിപൂർണ രോഗമുക്തി ഉറപ്പുവരുത്താതെ യാത്രക്കാർ എത്തുന്നത് തടയുക എന്ന ഉദ്ദേശത്തോടുകൂടിയാണ് യാത്ര ചെയ്യുന്നതിന് ആറ് മണിക്കൂർ മുമ്പ് വിമാനത്താവളങ്ങളിൽ വച്ച് റാപ്പിഡ് പരിശോധന നടത്തണമെന്ന് യു.എ.ഇ ഭരണകൂടം തീരുമാനിച്ചത്. ഇന്ത്യയിലെ കോവിഡ് വ്യാപന തോത് കുറയുന്നതോടെ യു.എ.ഇ ഈ നിയന്ത്രണം എടുത്തുകളയുമെന്നാണ് കരുതുന്നത്. യാത്രയ്ക്ക് മുന്നോടിയായി 48 മണിക്കൂറിനകം ചെയ്യേണ്ടുന്ന സാധാരണ ആർ.ടി.പി.സി.ആർ പരിശോധനയുടെ ഫലവും എയർപോർട്ടുകളിൽ വെച്ച് നടത്തുന്ന റാപ്പിഡ് മോളിക്യൂലാർ പരിധോനയുടെ ഫലവും താരതമ്യപ്പെടുത്തിയാണ് തെറ്റിദ്ധാരണ പരത്തുന്നത്.
റാപ്പിഡ് പി.സി.ആർ എന്ന് സാർവത്രികമായി വിളിക്കപ്പെടുന്നുണ്ടെങ്കിലും വിമാനത്താവളങ്ങളിൽ വച്ച് നടത്തുന്ന ഐസോതെർമൽ ആംപ്ലിഫിക്കേഷൻ മോളിക്കുലാർ ടെസ്റ്റിങ് സാധാരണ ആർ.ടി.പി.സി.ആർ പോലെയുള്ളതല്ല. മറിച്ച് പതിന്മടങ്ങ് ചെലവ് കൂടുതൽ വരുന്ന തീർത്തും വ്യത്യസ്തമായ പരിശോധനാ രീതിയാണ്. കോവിഡ് ബാധിതനായ വ്യക്തിയുടെ ശരീരത്തിലെ സാർസ് കൊറോണ വൈറസിന്റെ അളവിനെ ശാസ്ത്രീയമായി അപഗ്രഥിക്കുന്ന സൈക്കിൾ ത്രെഷോൾഡ് വാല്യൂവിനെ അടിസ്ഥാനപ്പെടുത്തിയാണ് ആർ.ടി.പി.സി.ആർ പരിശോധനാ ഫലങ്ങൾ നൽകുന്നത്. നിശ്ചിത പരിധിയായ 35ന് മുകളിൽ സി.ടി വാല്യൂ ലഭിക്കുന്ന പരിശോധനാ ഫലങ്ങളാണ് സാധാരണയായി നെഗറ്റീവ് ആയി നൽകുന്നത്. തീരെ വൈറസ് സാന്നിധ്യം ഇല്ലാത്തവർക്കൊപ്പം കുറഞ്ഞ തോതിൽ വൈറസിന്റെ സാന്നിധ്യം ഉള്ളവരുടെ ഫലവും നെഗറ്റീവ് ആകും.
അതിനർത്ഥം ആ വ്യക്തി വൈറസ് ബാധിതൻ അല്ലെന്നല്ല. മറിച്ച് രോഗിയുടെ ശരീരത്തിൽ കുറഞ്ഞ തോതിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചിട്ടുണ്ടാവുക എന്നാണ്. എന്നാൽ വിമാനത്താവളങ്ങളിൽ വെച്ച് നടത്തുന്ന ഐസോതെർമൽ ആംപ്ലിഫിക്കേഷൻ റാപ്പിഡ് മോളിക്ക്യുലാർ പരിശോധനയിൽ വ്യക്തി വൈറസ് വാഹകനാണോ എന്ന് മാത്രമാണ് കണ്ടെത്തുന്നത്. ഏറിയും കുറഞ്ഞുമുള്ള വൈറസിന്റെ അളവിനെ അടിസ്ഥാനമാക്കിയല്ല, പരിശോധനയ്ക്ക് വിധേയനാകുന്ന വ്യക്തിയുടെ ശരീരത്തിൽ വൈറസ് ഉണ്ടോ ഇല്ലയോ എന്നതുമാത്രമാണ് പരിശോധിക്കപ്പെടുന്നത്.
ആർ.ടി.പി.സി.ആർ പരിശോധനയിൽ അനുവദനീയമായ അളവിൽ കുറഞ്ഞ വൈറസ് വാഹകരായി കണ്ടെത്തി നെഗറ്റീവ് ഫലം ലഭിച്ചവരാണ് പ്രധാനമായും വിമാനത്താവളങ്ങളിലെ പരിശോധനയിൽ പോസിറ്റീവ് ആവുന്നത്. വിമാനത്താവളങ്ങളിൽ നടക്കുന്ന പരിശോധന സമ്പൂർണായി യന്ത്രനിയന്ത്രിതവും പിഴവുകൾ സംഭവിക്കാനുള്ള സാധ്യത വിരളവുമാണ്. രോഗം ഭേദമായവരിലും ചിലപ്പോൾ മാസങ്ങളോളം വൈറസ് കണങ്ങൾ അവശേഷിക്കാം.
ആർ.ടി.പി.സി.ആർ ടെസ്റ്റിനുള്ള അശാസ്ത്രീയ സാമ്പിൾ ശേഖരണവും വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത പരിശോധനാ ഫലങ്ങൾ ലഭിക്കുന്നതിന് കാരണമാവാറുണ്ട്. വൈറസിന്റെ സമൂഹ വ്യാപനമാണ് ആനുപാതികമായി വിദേശയാത്രക്കാരിലും പോസിറ്റീവ് കേസുകൾ കൂടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ മൈക്രോ ഹെൽത്ത് ലബോറട്ടീസ് ചെയർമാൻ സി. സുബൈർ, ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് നജീബ് യൂസുഫ്, ലാബ് ഡയറക്ടർ ഹരികൃഷ്ണൻ കാശി, കൺസൾട്ടന്റ് മൈക്രോബയോളജിസ്റ്റ് ഡോ. അരുൺ, ക്ലിനിക്കൽ മോളിക്ക്യുലാർ സയന്റിസ്റ്റ് ഡോ. ജസ്റ്റിൻ, ഓപ്പറേഷൻസ് മാനേജർ ഷൈജു എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്