- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
പൈജാമ ധരിക്കരുത്; ലോയൽറ്റി സ്‌കീമിൽ ചേരണം; ഹണിമൂൺ ട്രിപ്പെന്ന് പറയണം; എക്കണോമിക് ക്ലാസ് ടിക്കറ്റ് എടുത്ത് ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാൻ ചില കുറുക്കു വഴികൾ
യാത്രകളിൽ ഏറ്റവും സുഖകരവും സൗകര്യപ്രദവും വിമാനയാത്രയാണെന്നതിൽ സംശയമൊന്നുമില്ല. എന്നാൽ ഉചിതമായ സീറ്റും മറ്റും സൗകര്യങ്ങളും ലഭിച്ചില്ലെങ്കിൽ വിമാനയാത്ര ഏറ്റവും നരകം പിടിച്ചതാവുകയും ചെയ്യും. അതിനാൽ എക്കണോമിക് ക്ലാസ് ടിക്കറ്റെടുക്കുന്നവരും ബിസിനസ് ക്ലാസിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടാൻ ആഗ്രഹിക്കുന്നവരാണ്. സാധാരണയായി ചീഫ് എക്
യാത്രകളിൽ ഏറ്റവും സുഖകരവും സൗകര്യപ്രദവും വിമാനയാത്രയാണെന്നതിൽ സംശയമൊന്നുമില്ല. എന്നാൽ ഉചിതമായ സീറ്റും മറ്റും സൗകര്യങ്ങളും ലഭിച്ചില്ലെങ്കിൽ വിമാനയാത്ര ഏറ്റവും നരകം പിടിച്ചതാവുകയും ചെയ്യും. അതിനാൽ എക്കണോമിക് ക്ലാസ് ടിക്കറ്റെടുക്കുന്നവരും ബിസിനസ് ക്ലാസിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടാൻ ആഗ്രഹിക്കുന്നവരാണ്. സാധാരണയായി ചീഫ് എക്‌സിക്യൂട്ടീവുമാർ, ചലച്ചിത്രതാരങ്ങൾ, തുടങ്ങിയ പ്രമുഖരായിരിക്കും ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാറുള്ളത്.
എന്നാൽ നിങ്ങൾക്കും ഇതിനായി ശ്രമിക്കാവുന്നതാണ്. പലരും അതിനായി പലവിധ ശ്രമങ്ങൾ നടത്താറുണ്ടെങ്കിലും മിക്കവാറും നിരാശയായിരിക്കും ഫലം. എന്നാൽ എക്കണോമിക് ക്ലാസ് ടിക്കറ്റ് എടുത്ത് ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാൻ ചില കുറുക്കു വഴികളുണ്ട്. ഇത്തരത്തിൽ അപ്‌ഗ്രേഡിനായി ആഗ്രഹിക്കുന്നവർ ഒരിക്കലും പൈജാമ ധരിച്ച് വിമാനയാത്രയ്ക്കായി എത്തരുതെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ദ്ധർ നിർദേശിക്കുന്നത്. അതുപോലെത്തന്നെ ലോയൽറ്റി സ്‌കീമിൽ ചേരുകയും വേണം. ഹണിമൂൺ ട്രിപ്പിന് പറഞ്ഞാൽ അപ്‌ഗ്രേഡ് ലഭിക്കാനുള്ള സാധ്യതയേറെയാണെന്നും കണ്ടെത്തലുണ്ട്. ഇത്തരത്തിൽ കുറഞ്ഞ ചെലവിൽ ഉയർന്ന ക്ലാസ് യാത്ര തരപ്പെടുത്തുന്നതിനുള്ള കുറുക്കുവഴികളിൽ ചിലതിനെക്കുറിച്ചാണിവിടെ ചർച്ച ചെയ്യുന്നത്.
ഫ്രീക്വന്റ് ഫ്‌ലയർ സ്‌കീമിൽ ചേരുക
നിങ്ങൾ ഒരു കമ്പനിയുടെ വിമാനങ്ങളിൽ പതിവായി യാത്ര ചെയ്യുന്ന ആളാണെങ്കിൽ അവരുടെ ഫ്രീക്വന്റ് ഫ്‌ലയർ സ്‌കീമിൽ അഥവാ റിവാർഡ് സ്‌കീമിൽ ചേർന്നാൽ സീറ്റ് അപ്‌ഗ്രേഡ് അടക്കമുള്ള നിരവധി ആനുകൂല്യങ്ങൾ ലഭിക്കാനുള്ള സാധ്യതയേറുന്നതാണ്. ഇതിലൂടെ കാരിയർമാരുടെ പാർട്ട്ണർമാർ ലഭ്യമാക്കുന്ന പലവിധ സേവനങ്ങളും നല്ല രീതിയിൽ നമുക്ക് കരഗതമാകുന്നതിനുള്ള അവസരമാണ് ലഭിക്കുന്നത്. വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട ഹോട്ടൽ, റസ്‌റ്റോറന്റ്, കാർഹയർ കമ്പനികൾ തുടങ്ങിയവയിൽ നിന്നും നല്ല ഡീലിംഗുകൾ നമുക്ക് ലഭിക്കാൻ ഇതിലൂടെ വഴിയൊരുങ്ങിയേക്കും. സീറ്റുകൾ അപ്‌ഗ്രേഡ് ചെയ്യാനായി പരിഗണിക്കുമ്പോൾ തങ്ങളുടെ സ്ഥിരം യാത്രക്കാർക്ക് മുൻഗണന നൽകാൻ മിക്ക വിമാനക്കമ്പനികളും താൽപര്യം കാണിക്കാറുണ്ട്.
ഒറ്റയ്ക്ക് യാത്ര ചെയ്യുക
ഒറ്റയ്ക്ക് യാത്ര ചെയ്താൽ അപ്‌ഗ്രേഡ് ലഭിക്കാനുള്ള സാധ്യതയേറെയാണ്. കുടുംബമായി യാത്ര ചെയ്യുന്നവരേക്കാൾ ബിസിനസ് ക്ലാസ് ലഭിക്കാൻ ഇത്തരക്കാർക്ക് എളുപ്പത്തിൽ സാധിക്കും. അതായത് ഇവർക്ക് കുടുംബങ്ങളേക്കാൽ 72 ശതമാനം അപ്‌ഗ്രേഡിനുള്ള സാധ്യത കൂടുതലാണെന്നാണ് സ്‌കൈസ്‌കാനേർസ് അടുത്തിടെ നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.
ഹണിമൂൺ ട്രിപ്പെന്ന് പറയുക
നിങ്ങൾ ജീവിതപങ്കാളിയുമൊത്താണ് യാത്ര ചെയ്യുന്നതെങ്കിൽ ഹണിമൂണിന് പോവുകയാണെന്ന് വിമാന അധികതരെ ബോധിപ്പിച്ചാൽ അപ്‌ഗ്രേഡിംഗിനുള്ള സാധ്യതയേറെയാണ്. ജീവിതത്തിലെ നിർണായകമായ ഒരു ആഘോഷത്തിനോ ചടങ്ങിനോ പോകുന്നവർക്ക് ഉയർന്ന ക്ലാസുകൾ അനുവദിക്കുന്നതിൽ വിമാനക്കമ്പനികൾ മുൻഗണന നൽകി വരുന്നുണ്ട്. ഇതിനായി ചെക്ക്ഇൻഡെസ്‌കിൽ ഇക്കാര്യം ബോധിപ്പിക്കേണ്ടതാണ്. വിദേശത്ത് ഹണിമൂണിന് പോകുന്ന ദമ്പതികൾ ഇതിനായി സമർപ്പിക്കുന്ന അപേക്ഷകളിന്മേൽ 58 ശതമാനവും പരിഗണിക്കാറുണ്ടെന്നാണ് സ്‌കൈസ്‌കാനേർസ് സർവേയിൽ പങ്കെടുത്ത 700 കാബിൻ ക്രൂ മെമ്പർമാരും വെളിപ്പെടുത്തിയിട്ടുള്ളത്.
പൈജാമ ധരിക്കരുത്
പൈജാമ കുലീനമായ വസ്ത്രമാണെങ്കിലും വിമാനയാത്രയിൽ ഇത് അത്ര ഉചിതമല്ലെന്നാണ് വിദഗ്ദ്ധർ നിർദേശിക്കുന്നത്. ഇത്തരം വസ്ത്രങ്ങൾ ധരിച്ചാൽ അപ്‌ഗ്രേഡ് ലഭിക്കുന്നതിനുള്ള സാധ്യത കുറയുമെന്നും അവർ പറയുന്നു. ടീ ഷർട്ട്, ജീൻസ് പോലുള്ള സ്മാർട്ട് വസ്ത്രങ്ങൾ ധരിക്കുന്നവർക്ക് ബിസിനസ് ക്ലാസിലേക്ക് മാറാനുള്ള സാധ്യതകൂടുമെന്നാണ് റിപ്പോർട്ട്. അപ്‌ഗ്രേഡ് അനുവദിക്കുമ്പോൾ സ്മാർട്ട് വസ്ത്രങ്ങൾ ധരിച്ചവർക്കാണ് ഫ്‌ലൈറ്റ് അറ്റൻഡന്റുകൾ മുൻഗണന നൽകി വരാറുള്ളത്.
പിടിവാശി കാണിക്കാതെ അയവുള്ളവരാകുക
ചിലപ്പോൾ ഒരു വിമാനത്തിൽ യാത്ര അനുവദിക്കാൻ സാധിക്കാതിരുന്നാൽ കമ്പനി മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യാനുള്ള അവസരം യാത്രക്കാർക്കായി ഒരുക്കാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ആദ്യത്തെ വിമാനത്തിൽ മാത്രമെ യാത്ര ചെയ്യൂ എന്ന് പിടിവാശി പിടിക്കാതിരുന്നാൽ നമുക്ക് പല ഗുണങ്ങളും ലഭിക്കുന്നതാണ്. ഇതിന് പകരം വിമാനക്കമ്പനി ഫ്രീ അപ്‌ഗ്രേഡ് അല്ലെങ്കിൽ ഭാവിയിലെ വിമാനയാത്രക്കായി ഉപയോഗിക്കാവുന്ന വൗച്ചറുകൾ തുടങ്ങിയ അനുവദിക്കുന്നതാണ്.
അപഗ്രേഡിനായി ഒരു പ്രാവശ്യം മാത്രം ചോദിക്കുക
ചിലർ അപ്‌ഗ്രേഡ് ലഭിക്കുന്നതിനായി ചെക്ക്ഇൻഡെസ്‌കിലുള്ള ജീവനക്കാരെ തുടർച്ചയായി ചോദിച്ച് ശല്യം ചെയ്യാറുണ്ട്. എന്നാൽ ഇത് അപ്‌ഗ്രേഡിനുള്ള സാധ്യതയെ കുറയ്ക്കുകയാണ് ചെയ്യുകയെന്നാണ് വിഗദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതിനായി ഒരു പ്രാവശ്യം മാത്രം ചോദിക്കുകയാണ് അഭികാമ്യമായിട്ടുള്ളതെന്നും അവർ നിർദേശിക്കുന്നു. അപ്‌ഗ്രേഡിനായി ആവശ്യപ്പെടാതെ ചിരിച്ച് വിനയാന്വതരായിരിക്കുന്നവർക്ക് ഫ്‌ലൈറ്റ് അറ്റൻഡർമാർ ഇങ്ങോട്ട് ചോദിച്ച് അപ്‌ഗ്രേഡ് അനുവദിച്ച സംഭവങ്ങൾ ഏറെയുണ്ടായിട്ടുണ്ട്.
മികച്ചൊരു സീറ്റ് ലഭിക്കാനായി തങ്ങൾ എന്തും പറയാൻ തയ്യാറാണെന്ന് സ്‌കൈസ്‌കാനേർസ് നടത്തിയ സർവേയിൽ യാത്രക്കാർ വെളിപ്പെടുത്തിയിട്ടുണ്ട്. അപ്‌ഗ്രേഡ് ലഭിക്കാനായി തങ്ങൾ എന്ത് കള്ളവും പറയുമെന്നാണ് ഈ സർവേയിൽ പങ്കെടുത്ത മൂന്നിലൊന്ന് പേരും പറഞ്ഞിരിക്കുന്നത്. ഇതിനായി തങ്ങൾ നവദമ്പതികളാണെന്ന് കളവ് പറയാൻ 14 ശതമാനം പേർ തയ്യാറാവുന്നുണ്ട്.
തിരക്കുള്ള സമയങ്ങൾ ഒഴിവാക്കുക
അപ്‌ഗ്രേഡിനായി ആഗ്രഹിക്കുന്നവർ തിരക്കുള്ള സമയങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതം. അത്തരം സമയങ്ങളിൽ സ്ഥിരമായി യാത്ര ചെയ്യുന്ന ബിസിനസ് ട്രാവലർമാർ യാത്ര ചെയ്യുന്ന സമയമായതിനാൽ നിങ്ങൾക്ക് മികച്ച സീറ്റിലേക്ക് മാറാനുള്ള സാധ്യത കുറയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മധ്യാഹ്നം, അർധരാത്രി, വീക്കെൻഡ്, ബാങ്ക് അവധി ദിവസം, തുടങ്ങിയ സമയങ്ങളിൽ വിമാനം ബുക്ക് ചെയ്താൽ അപ്‌ഗ്രേഡ് ലഭിക്കാനുള്ള സാധ്യതയേറുന്നതാണ്.
പരുക്കുള്ളവർക്ക് മുൻഗണന
പരുക്കു പറ്റിയവർക്ക് മികച്ച സീറ്റ് അനുവദിക്കുന്നതിൽ കാബിൻ ക്രൂ മുൻഗണന നൽകാറുണ്ട്. കൈയോ കാലോ പൊട്ടിയവർക്ക് മികച്ച സീറ്റുകൾ അനുവദിക്കാൻ സാധ്യതയേറെയാണെന്ന് സ്‌കൈസ്‌കാനേർസ് നടത്തിയ സർവേയിൽ തെളിഞ്ഞിട്ടുണ്ട്.