മസ്‌കത്ത്: രാജ്യാന്തര വിമാനത്താവളം വഴി കടന്ന് പോകുന്നവർ ഇനി മുതൽ 300 ബൈസ നൽകണം. ാേമൺ യൂസ് പാസഞ്ചർ പ്രോസസിങ് സിസ്റ്റംസ് ഫീസ് ആയിട്ടാണ് 300 ബൈസ വീതം നൽകേണ്ടത്. ചെക്ക് ഇൻ കൗണ്ടറുകളിലെ കമ്പ്യൂട്ടറുകൾ, ഗേറ്റ് പോഡിയം പൊസിഷൻ തുടങ്ങി വിമാന കമ്പനികൾ പൊതുവായി ഉപയോഗിക്കുന്ന സൗകര്യങ്ങൾക്കായാണ് ഈ ഫീസ് ചുമത്തുന്നത്.

ജനുവരി ഒന്നുമുതൽ ഓരോ അന്താരാഷ്ട്ര യാത്രക്കാരിൽനിന്നും ഒരു റിയാൽ സെക്യൂരിറ്റി ഫീസ് ചുമത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ജനുവരി ഒന്നുമുതൽ സെക്യൂരിറ്റി ഫീസ് ചുമത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇത് പിന്നീട് ജനുവരി പകുതിയിലേക്ക് മാറ്റിയിട്ടുണ്ട്. സെക്യൂരിറ്റി ഫീസായ ഒരു റിയാലിന് പുറമെ യൂസേജ് ഫീസായ 300 ബൈസയും ടിക്കറ്റിനൊപ്പം യാത്രക്കാരൻ നൽകേണ്ടിവരും.

പുതിയ അന്താരാഷ്ട്ര ടെർമിനൽ പ്രവർത്തനമാരംഭിക്കുന്നതോടെ യൂസേജ് ഫീസ് 600 ബൈസയായി വർധിക്കുമെന്നും വിമാനത്താവള കമ്പനിയുടെ സർക്കുലറിൽ പറയുന്നു. അന്താരാഷ്ട്ര യാത്രക്കാർക്കുള്ള എയർപോർട്ട് ടാക്‌സ് കഴിഞ്ഞ ജൂലൈ ഒന്നുമുതൽ എട്ടു റിയാലിൽനിന്ന് പത്തു റിയാലായി വർധിപ്പിച്ചിരുന്നു.

ഏതായാലും പുതിയ ചാർജുകൾ വിമാനയാത്രാടിക്കറ്റ് നിരക്കിൽ വലിയ വർദ്ധനയുണ്ടാക്കും. പല രാജ്യങ്ങളും ഈ രണ്ട് ഫീസുകളും വളരെ നേരത്തെ തന്നെ നടപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ കൊല്ലം ഒമാൻ വിമാനത്താവള നികുതി എട്ട് റിയാലിൽ നിന്ന് പത്ത് റിയാലായി വർദ്ധിപ്പിച്ചിരുന്നു. ഏതായാലും പുതിയ ചാർജുകൾ യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്.