കുറിപ്പടിയില്ലാതെ മരുന്ന് കൊണ്ടുവന്ന് വിമാനത്താവളത്തിൽ പിടിയിലാകുന്ന പ്രവാസി കളുടെ എണ്ണം പെരുകുന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നതിന് പിന്നാലെ ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ രാജ്യത്തേക്ക് മരുന്നുകൾ കൊണ്ടുവരുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തി.

യാത്രക്കാരുടെ കൈവശം മരുന്നിന്റെ കുറിപ്പടി ഉണ്ടായിരിക്കണമെന്നാണ് കർശന നിർദ്ദേശം നല്കിയിരിക്കുന്നത്. ഡോക്ടർമാരുടെ വ്യക്തമായ കുറിപ്പടിയില്ലാത്ത മരുന്നുകൾ രാജ്യത്തേക്ക് കൊണ്ടുവരുന്നത് നിരോധിക്കാനുള്ള തീരുമാനമെടുക്കുന്നത് ഫാർമസി ആൻഡ് ഡ്രഗ്
കൺട്രോൾ വകുപ്പാണ്‌രാജ്യത്ത് നിരോധിക്കാത്ത മരുന്നുകൾ മാത്രമേ കൈവശം ഉണ്ടാകാൻ പാടുള്ളുവെന്നും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് വകുപ്പ് ഡയറക്ടർ അജാബ് മാനുർ അൽ ഖഹ്താനി പറഞ്ഞു.

ഹമദ് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ പ്രവേശന പോയിന്റിലും വിമാനത്താവളത്തിന്റെ കാർഗോയിലും അബുസമ്ര അതിർത്തിയിലും മരുന്നുകളുടെ പരിശോധനക്കായി ഡോക്ടർമാരെ നിയമിച്ചിട്ടുണ്ട്. കൈവശം മരുന്നുമായി യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും നിർബന്ധമായും കസ്റ്റംസ് ഓഫീസർക്കു മുമ്പാകെ മരുന്നിന്റെ കുറിപ്പടി ഹാജരാക്കിയിരിക്കണം. ഇത് ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ പരിശോധനയ്ക്ക് വിേധയമാക്കും. രാജ്യത്തെ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനാണിത്.

നിരോധിക്കപ്പെട്ട മരുന്നുകളുടെ പട്ടികയിൽ ചില ഇനം ഔഷധങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ചിലവ രാജ്യത്തേക്ക് കൊണ്ടുവരണമെങ്കിൽ അംഗീകൃത ഡോക്ടർമാരുടെ കുറിപ്പടി നിർബന്ധമായും കൈവശം ഉണ്ടായിരിക്കണമെന്നും അൽ ഖഹ്താനി പറഞ്ഞു. ചില കേസുകളിൽ ഡോക്ടർ അംഗീകരിച്ച മരുന്നുകൾ ചില യാത്രക്കാർ വലിയ അളവിലാണ് രാജ്യത്തേക്ക് കൊണ്ടുവരുന്നത്.

ഇത്തരം സാഹചര്യങ്ങളിൽ ഇത്രയധികം അളവിൽ മരുന്ന് പ്രവേശിപ്പിക്കാൻ അനുമതി നൽകണോ വേണ്ടയോ എന്നത് ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ വകുപ്പാണ് തീരുമാനിക്കുന്നതെന്നും അൽ ഖഹ്താനി പറഞ്ഞു. ഡോക്ടറുടെ കൃത്യമായ കുറിപ്പടിയില്ലാത്ത ആയുർവേദ മരുന്നുകൾ കൈവശം വെക്കുന്ന യാത്രക്കാരെ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കൈമാറും.