കോതമംഗലം: സഞ്ചരിക്കുന്ന ജിംനേഷ്യവും സിനിമാ ലോകത്ത് ഇടംപിടിക്കുന്നു. കന്നഡ നടനു വേണ്ടി കേരളത്തിലാണ് സഞ്ചരിക്കുന്ന എ സി ജിംനേഷ്യം നിർമ്മിക്കുന്നത്. കർണാടകയിലെ പ്രമുഖ രാഷ്ട്രീയനേതാവ് എച്ച്.ഡി. കുമാരസാമിയുടെ മകനും നടനുമായ നിഖിൽ കുമാരസ്വാമിക്കുവേണ്ടിയാണ് സഞ്ചരിക്കുന്ന ആഡംബര എ.സി. ജിംനേഷ്യം നിർമ്മിച്ചിരിക്കുന്നത്. ജനതാദൾ (എസ്) നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ പൗത്രൻ കൂടിയായ നിഖിലിനുവേണ്ടി കോതമംഗലത്താണ് ജിം നിർമ്മിച്ചത്.

മമ്മൂട്ടിക്കും മോഹൻ ലാലിനും പൃഥ്വിരാജിനും സുരേഷ് ഗോപിക്കും അടക്കം 40 കരാവൻ നിർമ്മിച്ചു നൽകിയ ഓജസ് ആണ് നിഖിലിന് വേണ്ടി സഞ്ചരിക്കുന്ന ജിം നിർമ്മിച്ചത്. 1.75 കോടി രൂപയാണ് വില. ഇന്ത്യയിലെ ആദ്യത്തെ ചലിക്കുന്ന ജിനേഷ്യം കൂടിയാണിതെന്ന് നിർമ്മാതാക്കൾ അവകാശപ്പെട്ടു.

ചിത്രീകരണ സ്ഥലം എവിടെ ആയാലും പതിവ് വ്യായാമം മുടങ്ങാതിരിക്കാനാണ് സഞ്ചരിക്കുന്ന ജിം നിഖിൽ സ്വന്തമാക്കുന്നത്. ആഡംബര ജിമ്മിൽ ആസ്വദിച്ച് വ്യായാമം ചെയ്യാവുന്നവിധമാണ് സജ്ജീകരണം. നിഖിലിനുവേണ്ടി 1.75 കോടിയുടെ ആഡംബരകാരവനും ഇവിടെ പണിയുന്നുണ്ട്. 75 ശതമാനം നിർമ്മാണം പൂർത്തിയായി.

വാഹനത്തെക്കാൾ വിലകൂടിയതാണ് ജിംനേഷ്യം. ജിംനേഷ്യത്തിന് ഒരു കോടി രൂപയും വാഹനത്തിന് 75 ലക്ഷം രൂപയുമാണ് നിർമ്മാണച്ചെലവ്. ഏഴ് ലക്ഷം രൂപയുടെ ബോഡി ബൈക്ക് ഉൾപ്പെടെ മൾട്ടിപർപ്പസ് ജിം ഉപകരണങ്ങളെല്ലാം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തവയാണ്. ജിംനേഷ്യത്തോട് ചേർന്ന് ആധുനിക സൗകര്യത്തോടെയുള്ള കുളിമുറിയുണ്ട്.

രണ്ട് എൽ.സി.ഡി. ടെലിവിഷനും പുറംകാഴ്ചയ്ക്കായി സി.സി.ടി.വി. സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. മൂന്നുമാസംകൊണ്ടാണ് ആഡംബര ജിം വാഹനം നിർമ്മിച്ചത്. ഓജസ് എം.ഡി. ബിജു കുര്യാക്കോസ് തന്നെയാണ് വാഹനത്തിന്റെ ബോഡിയും ജിംനേഷ്യവും ഡിസൈൻ ചെയ്തിരിക്കുന്നത്.