ദോഹ: ഖത്തറിലേക്ക് മരുന്നുമായി വിമാനം കയറുന്നവരുടെ കൈയിൽ കൃത്യമായ രേഖകൾ ഉണ്ടെന്ന നിയമം നിലനില്‌ക്കെ മാനസിക രോഗത്തിനുള്ള മരുന്നുകൾ കൈവശം വയ്ക്കുന്നവരും നാർക്കോട്ടിക് മരുന്നുകൾ കൈവശം വയ്ക്കുന്നവരും ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. മതിയായ ചികിത്സാരേഖകളുണ്ടെങ്കിൽ മാനസികരോഗത്തിന് 60 ദിവസത്തേക്കുള്ള മരുന്നുകളും പത്തു ദിവസത്തേക്കുള്ള നാർകോട്ടിക് മരുന്നുകളും കൈവശംവയ്ക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം പുതുതായി അറിയിച്ചിരിക്കുന്നത്.

ഇതിലധികം മരുന്നുകൾ കൊണ്ടുവരാൻ ഖത്തറിലെ നിയമം അനുവദിക്കുന്നില്ലെന്ന് ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ വിഭാഗം ഡയറക്ടർ ഡോ. അയിഷ അൽ അൻസാരി വ്യക്തമാക്കി. *കൊറിയറായി മരുന്നുകൾ എത്തിക്കുന്നതിനും ഈ വ്യവസ്ഥകൾ ബാധകമാണ്. ഏതു മരുന്നിനുമൊപ്പം ചികിത്സാരേഖകൾ ഉണ്ടാവണം. അവ അധികൃതർ വിശദമായി പരിശോധിച്ച ശേഷമേ വിട്ടുനൽകൂ എന്നും അവർ അറിയിച്ചു.

ഏതെങ്കിലും മരുന്നുകളിൽ എന്തെങ്കിലും ദോഷം കണ്ടാൽ അവ അപ്പോൾത്തന്നെ ഖത്തറിലെ ഫാർമസികളിൽ നിന്നു പിൻവലിക്കുമെന്നും അവർ പറഞ്ഞു. ഖത്തറിൽ 314ഫാർമസികളാണുള്ളത്. ഇവയിൽ പരിശോധനകൾ കർശനമാണ്. എന്നാൽ നിയമലംഘനത്തിന്റെ പേരിൽ ഒരു ഫാർമസിപോലും ഇതുവരെ അടച്ചുപൂട്ടിക്കേണ്ടിവന്നിട്ടില്ല.

ജിസിസിയിൽ മരുന്നുവില ഏകീകരണം നടപ്പാക്കിയതോടെ ഖത്തറിലേക്കുള്ള മരുന്നുകടത്ത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ 2,473 മരുന്നുകളാണ് കുറഞ്ഞവിലയിൽ ലഭ്യമാവുന്നത്. വില ഏകീകരിക്കലിന്റെ രണ്ടാംഘട്ടം ഈ ഞായറാഴ്ച പ്രാബല്യത്തിലാകും.