- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
യാത്രയെന്നാൽ അത് വിദേശയാത്രതന്നെ ആകണമെന്നില്ല; കേരളത്തിലെ ഓരോ ഗ്രാമവും മനോഹരമാണ്; ഓരോ ഗ്രാമത്തിലും കാണേണ്ടതായ എന്തെങ്കിലുമുണ്ടാകും; എവിടേക്കാണ് നാം യാത്രപോകേണ്ടതെന്ന് യാത്രാവിവരണത്തിൽ മുരളി തുമ്മാരുകുടി
എവിടേക്കാണ് നാം യാത്ര പോകേണ്ടത്? പണ്ടൊക്കെ മുംബൈയിലെ ടൈംസ് ഓഫ് ഇന്ത്യയിൽ ഞായറാഴ്ചകളിൽ വിദേശജോലികളെക്കുറിച്ചുള്ള പരസ്യങ്ങൾ വരാറുണ്ട്. അതുകൊണ്ടുമാത്രം ഞായറാഴ്ച ടൈംസ് ഓഫ് ഇന്ത്യ വാങ്ങും. അതിലാണ് ബ്രൂണെയിലെ എണ്ണക്കമ്പനിയിൽ (പേര് പറയുന്നില്ല) പരിസ്ഥിതി പഠനവിഭാഗം തലവനായി ഒരാളെ വേണമെന്ന പരസ്യം കണ്ടത്. ഞാനന്ന് മുംബൈയിൽ ഒരു ഗവേഷണസ്ഥാപനത്തിൽ ജോലിചെയ്യുകയാണ്. ഒരു എണ്ണക്കമ്പനി മതിലിനകത്ത് പോയി കണ്ടിട്ടുകൂടിയില്ല. പിന്നെ പരിസ്ഥിതി പഠനം. പണ്ട് നടത്തിയിട്ടുണ്ട്, പി എച്ച് ഡി യുമുണ്ട്. കിടക്കട്ടെ ഒരപേക്ഷ എന്നുകരുതി അയച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഇന്റർവ്യൂവിന് വിളി വന്നു. നേരിട്ട് ചെല്ലണം പോലും. പാസ്സ്‌പോർട്ടിന്റെ കോപ്പി വാങ്ങി ഒരാഴ്ചക്കുള്ളിൽ ടിക്കറ്റ് വന്നു. അപ്പോഴാണ് അതിശയിച്ചത്. സിംഗപ്പൂർ വഴിയാണ് യാത്ര. ഇതെന്തു കഥ? എണ്ണയാൽ സമ്പന്നമായ, സുൽത്താൻ വാഴുന്ന ബ്രൂണെ ഒരു ഗൾഫ് രാജ്യമാണെന്നാണ് ഞാൻ ധരിച്ചിരുന്നത്. എന്തുമാകട്ടെ, ഫ്രീ ടിക്കറ്റ് കിട്ടിയതല്ലേ, സ്ഥലമൊന്ന് കണ്ടുകളയാം എന്ന് കരുതി ഞാൻ ബ്രൂണെക്ക് വിമാനം പിട
എവിടേക്കാണ് നാം യാത്ര പോകേണ്ടത്?
പണ്ടൊക്കെ മുംബൈയിലെ ടൈംസ് ഓഫ് ഇന്ത്യയിൽ ഞായറാഴ്ചകളിൽ വിദേശജോലികളെക്കുറിച്ചുള്ള പരസ്യങ്ങൾ വരാറുണ്ട്. അതുകൊണ്ടുമാത്രം ഞായറാഴ്ച ടൈംസ് ഓഫ് ഇന്ത്യ വാങ്ങും. അതിലാണ് ബ്രൂണെയിലെ എണ്ണക്കമ്പനിയിൽ (പേര് പറയുന്നില്ല) പരിസ്ഥിതി പഠനവിഭാഗം തലവനായി ഒരാളെ വേണമെന്ന പരസ്യം കണ്ടത്. ഞാനന്ന് മുംബൈയിൽ ഒരു ഗവേഷണസ്ഥാപനത്തിൽ ജോലിചെയ്യുകയാണ്. ഒരു എണ്ണക്കമ്പനി മതിലിനകത്ത് പോയി കണ്ടിട്ടുകൂടിയില്ല. പിന്നെ പരിസ്ഥിതി പഠനം. പണ്ട് നടത്തിയിട്ടുണ്ട്, പി എച്ച് ഡി യുമുണ്ട്. കിടക്കട്ടെ ഒരപേക്ഷ എന്നുകരുതി അയച്ചു.
രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഇന്റർവ്യൂവിന് വിളി വന്നു. നേരിട്ട് ചെല്ലണം പോലും. പാസ്സ്‌പോർട്ടിന്റെ കോപ്പി വാങ്ങി ഒരാഴ്ചക്കുള്ളിൽ ടിക്കറ്റ് വന്നു. അപ്പോഴാണ് അതിശയിച്ചത്. സിംഗപ്പൂർ വഴിയാണ് യാത്ര. ഇതെന്തു കഥ? എണ്ണയാൽ സമ്പന്നമായ, സുൽത്താൻ വാഴുന്ന ബ്രൂണെ ഒരു ഗൾഫ് രാജ്യമാണെന്നാണ് ഞാൻ ധരിച്ചിരുന്നത്. എന്തുമാകട്ടെ, ഫ്രീ ടിക്കറ്റ് കിട്ടിയതല്ലേ, സ്ഥലമൊന്ന് കണ്ടുകളയാം എന്ന് കരുതി ഞാൻ ബ്രൂണെക്ക് വിമാനം പിടിച്ചു. Rest is history as they say.
ഈ ഇന്റർവ്യൂവിന് പോകലും സ്ഥലംകാണലും കാശില്ലാതിരുന്ന കാലത്തേ എന്റെയൊരു തന്ത്രമായിരുന്നു. രാജസ്ഥാനിലെ കോട്ട (JK Synthetics), ഗുജറാത്തിലെ ബറോഡ (Paramount Pollution Control) എന്നിങ്ങനെ എത്രയോ സ്ഥലങ്ങൾ ഞാൻ എംപ്ലോയറുടെ ചെലവിൽ കണ്ടിരിക്കുന്നു! വാസ്തവത്തിൽ എനിക്ക് കിട്ടിയിട്ടുള്ള ജോലികളെല്ലാം തന്നെ (ഇപ്പോഴത്തേത് ഉൾപ്പെടെ) ഇങ്ങനെ യാത്രക്കായി അപേക്ഷിച്ചവയിൽ നിന്ന് കിട്ടിയതാണ്.
സ്‌കൈപ്പ് ഇന്റർവ്യൂവിന്റെ ഇക്കാലത്ത് ഈ തന്ത്രം അത്ര വിജയിക്കില്ലെങ്കിലും ശ്രമിക്കാതിരിക്കരുത്. അത്യാവശ്യം നല്ല ബയോഡാറ്റ കയ്യിൽ ഉണ്ടെങ്കിൽ ഇപ്പോഴും കുറച്ചു സാധ്യത ഉണ്ട്. എവിടേക്ക് യാത്രചെയ്യണം എന്നതാണ് ഇന്നത്തെ വിഷയം. യാത്രചെയ്യാൻ ആഗ്രഹമുള്ളവർ പാരീസ്, ലണ്ടൻ, മൈസൂർ, ഊട്ടി, ആഗ്ര, ജയ്പൂർ, അതിരപ്പിള്ളി, വീഗാലാൻഡ് എന്നൊക്കെയാണ് ആദ്യം ചിന്തിക്കുന്നത്. ഇത് നമുക്കൊന്ന് മാറ്റിപ്പിടിക്കണം. ആദ്യമായി നമ്മൾ യാത്രയെ പ്രണയിച്ചുതുടങ്ങണം, യാത്ര ഒരു ഹരമാക്കിയെടുക്കണം. അത് എങ്ങോട്ട്, എന്തിന്, ആരുടെകൂടെ, എന്നതൊക്കെ പ്രസക്തമാണെങ്കിലും രണ്ടാമത്തെ കാര്യമാക്കണം. ഒന്നാമത്തെ ലക്ഷ്യം എപ്പോഴും യാത്ര തന്നെയായിരിക്കണം.
യാത്രക്ക് നമ്മുടെ കൈയിൽ ഏറ്റവും വേണ്ടത് ജിജ്ഞാസയാണെന്ന് പറഞ്ഞല്ലോ. ഓരോ യാത്രയിലും കണ്ണും കാതും തുറന്നിരിക്കണം. പരമാവധി ആളുകളോട് സംസാരിക്കാനും പരമാവധി വൈവിധ്യമുള്ള ഭക്ഷണം കഴിക്കാനും നമുക്ക് അളവില്ലാത്തത്ര ഉത്സാഹം വേണം. അതേസമയം നമ്മൾ ഉപേക്ഷിക്കേണ്ട ഒന്നാണ് നമ്മൾ പരിചയിച്ച ശീലങ്ങളും അതോടനുബന്ധിച്ചുള്ള നിർബന്ധബുദ്ധിയും. ഉദാഹരണത്തിന്, വൃത്തിയുള്ള ടോയ്ലറ്റിലേ കാര്യം സാധിക്കൂ എന്ന ചിന്ത മനസ്സിലുണ്ടെങ്കിൽ നിങ്ങൾക്ക് ഇന്ത്യയിലും മറ്റനവധി രാജ്യങ്ങളിലും യാത്ര ദുരിതം തന്നെയായിരിക്കും. നമ്മുടെ ആരോഗ്യത്തെ ബാധിക്കാത്ത തരത്തിൽ എവിടെയും കാര്യം സാധിക്കാൻ നമ്മൾ പഠിക്കണം. ഇതത്ര എളുപ്പമല്ലെങ്കിലും
മനസ്സുവച്ചാൽ സാധ്യമാണ്. ചൂടുവെള്ളത്തിൽ കുളിയും (എന്തിന് കുളി തന്നെ?) തൈര് കൂട്ടിയുള്ള ഊണുമൊന്നും നടക്കില്ല. ചില ദിവസങ്ങളിൽ ഭക്ഷണം കഴിക്കുന്ന സമയം പോലും ആകെ തെറ്റും. ഇതൊക്കെ യാത്രയുടെ സ്പിരിറ്റിൽ എടുക്കാൻ പഠിച്ചാലേ യാത്ര ആസ്വദിക്കാൻ കഴിയൂ.
ഓരോ ഗ്രാമവും മനോഹരം: യാത്ര എന്നാൽ അത് വിദേശയാത്ര തന്നെ ആകണമെന്നില്ല. കേരളത്തിലെ ഓരോ ഗ്രാമവും മനോഹരമാണ്. ഓരോ ഗ്രാമത്തിലും കാണേണ്ടതായ എന്തെങ്കിലുമുണ്ടാകും. വെങ്ങോലയിലാണെങ്കിൽ തുമ്മാരുകുടിയുണ്ട്. അവിടെ നൂറുവർഷം പഴക്കമുള്ള രണ്ടാമന്റെ തറവാടുണ്ടെന്നതല്ല പ്രധാന ആകർഷണം. ആളുകളുടെ ശവം മറവുചെയ്യാൻ ഉപയോഗിച്ചിരുന്ന രണ്ടായിരം വർഷം പഴക്കമുള്ള വലിയ മൺപാത്രങ്ങളുടെ (നന്നങ്ങാടി എന്ന് ചരിത്രഗവേഷകർ, ചാറ എന്ന് തുമ്മാരുകുടിക്കാർ) അവശിഷ്ടങ്ങളുണ്ട്. തുമ്മാരുകുടി ഇപ്പോഴും കഴിഞ്ഞ നൂറുവർഷം മുമ്പുള്ളതു പോലെതന്നെ കാടും പടലും പിടിച്ചുകിടക്കുകയാണ്. ഇതുപോലെ ഓരോ ഗ്രാമത്തിലും എന്തെങ്കിലും കാഴ്ചയുണ്ടാകും. ഒരവധി കിട്ടുമ്പോൾ ആതിരപ്പള്ളിയിലും വാഗമണ്ണിലും പോയി തിരക്കുകൂട്ടി നിങ്ങൾ യാത്രയുടെ രസം കൊല്ലുകയാണ്, സ്ഥലങ്ങളെയും.
കഴിഞ്ഞ ഡിസംബറിൽ ഞാൻ തൃശൂരിൽ എന്റെ ഫേസ് ബുക്ക് സുഹൃത്ത് മനോജിന്റെ (Manoj Karingamadathil) കൂടെ കോൾ നിലങ്ങൾ കാണാൻ പോയി. മനോജിനെ തന്നെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. തൃശൂരിൽ എത്രയോ തവണ പോയിരിക്കുന്നു, പക്ഷെ ഒരിക്കൽ പോലും ഇത്ര മനോഹരമായ സ്ഥലങ്ങൾ അവിടെ അടുത്തുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. പോയിട്ടില്ലാത്തവർ എങ്ങനെയും പോകണം, ഹൈവേയിൽ കൂടിയുള്ള ബോറൻ യാത്രയല്ല, എത്രയോ സന്തോഷം തരുന്ന യാത്രയാണിത്. ഒരു മണിക്കൂറേ കൂടുതൽ എടുക്കുകയുള്ളൂ.
ആസ്വാദ്യകരമായ യാത്രക്ക് ഞാനൊരു ഐഡിയ പറയാം. അടുത്ത അവധിക്ക് നിങ്ങളുടെ ഫേസ്‌ബുക്ക് സുഹൃത്തായ ഒരാളുടെ ഗ്രാമത്തിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുക. ബസലോ കാറിലോ ബൈക്കിലോ ആകാം, സുഹൃത്തിനോട് മുൻകൂട്ടി പറഞ്ഞിട്ടാകണമെന്നു മാത്രം. അവരുടെ വീടും അതിനടുത്ത അമ്പലമോ മറ്റ് ആരാധനാലയങ്ങളോ, കാണാനുള്ള എന്തും കണ്ട് പറ്റിയാൽ സുഹൃത്തിന്റെ വീട്ടിൽ നിന്നോ ആ നാട്ടിലെ ചായക്കടയിൽ നിന്നോ ഒരൂണും തരമാക്കി തിരിച്ചുപോരുക. ഏത് ആതിരപ്പള്ളിയേക്കാളും ഉന്മേഷം തരുന്ന യാത്രയായിരിക്കും അത്.
ഭാരത് ദർശൻ, സഹപാഠികളോടൊപ്പം: ഇതുപോലെ തന്നെയാണ് ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെയും കാണേണ്ടത്. പ്രത്യേകിച്ചും കേരളത്തിന് പുറത്തു പഠിച്ചവർക്കെല്ലാം അവരുടെ മറുനാട്ടുകാരായ സഹപാഠികളുണ്ടാകും. അവരുടെ നാടുകളിലേക്ക് ഒരു യാത്ര പോയി നോക്കണം. പൊതുവെ ആളുകൾക്ക് ഇത് വളരെ ഇഷ്ടമാണ്. അലിഗഡിനടുത്തുള്ള ഗോമത് എന്ന ഗ്രാമത്തിലാണ് എന്റെ സുഹൃത്തായ അതുൽ വളർന്നത്. അദ്ദേഹത്തിന്റെ ഗ്രാമത്തിലേക്ക് ഞാൻ നടത്തിയ യാത്ര യു പി യിൽ എത്രയോ വർഷം താമസിച്ച എന്റെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു. (അതുലും കുടുംബവും എന്റെ വീട്ടിലും വന്ന് താമസിച്ചിട്ടുണ്ട്). നമ്മുടെ നാടിനെ ശരിക്കറിയണമെങ്കിൽ നഗരങ്ങളൊക്കെ വിട്ട്, സാധാരണ റ്റൂറിസ്റ്റുകൾ കാണുന്നതെല്ലാം മാറ്റിവെച്ച്, അനുഭവങ്ങളുടെ യാത്ര ചെയ്യാൻ നമ്മൾ പഠിക്കണം. അതത്ര എളുപ്പമല്ല.
സ്വച്ഛമല്ലാത്ത ഭാരതം: വടക്കേ ഇന്ത്യയിൽ ഞാൻ പോയിട്ടുള്ള ഒരു സുഹൃത്തിന്റെ കുടുംബം വളരെ സമ്പന്നരാണ്. യു പി ഗവണ്മെന്റിലും ഇന്ത്യൻ ആർമിയിലും വദേശത്തുമൊക്കെ ജോലിചെയ്യുന്നവരാണ് മിക്കവരും. ഏതാണ്ട് ഇരുപതോളം കുടുംബങ്ങളാണ് ചേർന്ന് നിൽക്കുന്ന, എന്നാൽ പ്രത്യകം അടുക്കളയുള്ള വീടുകളിൽ ഒരു മതിൽക്കെട്ടിനുള്ളിൽ താമസിക്കുന്നത്. നാലുനിലയിൽ പരന്നുകിടക്കുന്ന വലിയ കെട്ടിടങ്ങൾ. അവിടെയുള്ള പ്രശ്‌നം നമ്മൾ ഉപയോഗിക്കതുപോലെയുള്ള കക്കൂസ് അവിടെയില്ല എന്നതാണ്. പകരം സമാന്തരമായ അരമതിലുകൾക്കുള്ളിൽ ചെറിയ ഇടമതിൽ കെട്ടിമറച്ചൊരു സ്ഥലം, നിരയായി അഞ്ചോ ആറോ ഉണ്ട്. അതിൽ ഓരോന്നിലും കുന്തിച്ചിരിക്കാൻ പാകത്തിന് രണ്ടു കല്ലുകൾ. നമുക്ക് അതിൽ കയറിയിരുന്ന് കാര്യം സാധിക്കാം.മുകളിൽ ആകാശം താഴെ ഭൂമി!
വെങ്ങോലയിൽ കക്കൂസില്ലാതെ വളർന്നതുകാരണം വെളിമ്പ്രദേശത്ത് കാര്യം സാധിക്കുന്നതോ കുന്തിച്ചിരിക്കുന്നതോ എനിക്ക് പ്രശ്‌നമല്ല. പക്ഷെ, അവിടെ ഒരു അഡീഷണൽ പ്രശ്‌നം കൂടിയുണ്ടായിരുന്നു. ഈ ചെറിയ ക്യൂബിക്കിളിന് വാതിൽ ഇല്ല. കക്കൂസിലേക്ക് ആൺ പെൺ വ്യത്യാസമില്ലാതെ ആരും കടന്നു വരും, അപ്പോൾ നമ്മൾ ഇരിക്കുന്നതറിയാതെ അവിടേക്ക് മറ്റൊരാൾ ഏതുസമയത്തും കടന്നുവന്നേക്കാം. അതിനെ മുരൾച്ച ശബ്ദം കൊണ്ടാണ് നേരിടുന്നത്. അത് അതുൽ എന്നെ നേരത്തെ പഠിപ്പിച്ചു. ഉദാഹരണത്തിന് നിങ്ങൾ കാര്യം സാധിച്ചുകൊണ്ടിരിക്കുന്നു, എന്നുകരുതുക. അപ്പോൾ അടുത്ത ഒരാൾക്ക് അവിടെ വരണമെങ്കിൽ കുബിക്കിളിന്റെ പുറത്തു വന്ന് ഹ്റും ഹ്റും എന്ന് ശബ്ദമുണ്ടാക്കും. ഉടനെ നിങ്ങൾ അതെ ശബ്ദം മൂന്നുപ്രാവശ്യം (ഹ്റും ഹ്റും ഹ്റും) കേൾപ്പിക്കണം. അതോടെ മറ്റെയാൾ വേറെ മുറി നോക്കി പൊക്കോളും. ഇവരൊക്ക കോടീശ്വരന്മാരും ആർമി കേണൽമാരും വിദേശത്ത് താമസിക്കുന്നവരും മറ്റു സംവിധാനങ്ങൾ പരിചയം ഉള്ളവരും ഒക്കെയാണ്. പക്ഷെ നാട്ടിലെത്തിയാൽ സ്ഥിതി ഇതാണ്.
രാവിലെ പത്തുമണിയോടെ മിക്കവരുടെയും കാര്യം സാധിക്കൽ കഴിയും. നമ്മുടെ അപ്പിയെല്ലാം അവിടെ കൂടിക്കിടക്കുകയല്ലേ, ഗ്രാമത്തിലുള്ള കക്കൂസ് വൃത്തിയാക്കലുകാർ വന്ന് അതെല്ലാം ഒരു കുട്ടയിൽ വാരിക്കൊണ്ടുപോകും. ഈ ആളുകളെ സമൂഹം ഏറ്റവും മോശമായിട്ടാണ് കാണുന്നത്. ഗ്രാമത്തിന് ഏറ്റവും പുറത്തായിട്ടാണ് ഇവർ ജീവിക്കുന്നതും. ഈ വർഗ്ഗക്കാരുടെ പ്രശ്‌നമെല്ലാം ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ അതൊക്ക അപ്പോഴും നില നിൽക്കുന്നു എന്ന്, ആളുകൾ എത്ര സമ്പന്നരായാലും, വിദ്യാഭ്യാസം നേടിയാലും എങ്ങനെ ചില കാര്യങ്ങൾ മാറ്റമില്ലാതെ തുടരുന്നു എന്ന് നമ്മൾ കണ്ടാലേ അറിയൂ. സ്വച്ഛ് ഭാരത് എന്നൊക്ക പറയുന്നത് വെറും കക്കൂസ് ഉണ്ടാക്കുന്ന പണിയല്ല എന്ന് ഇതൊന്നും കാണാത്തവർക്ക് മനസ്സിലാവാൻ ബുദ്ധിമുട്ടാണ്.
സാമ്പാറിന്റെ വിധി: കേരളത്തിൽ ഇരുന്ന് മറ്റു സ്ഥലങ്ങളിലെ ആചാരങ്ങളെ വിധിക്കുക എളുപ്പമാണ്. മുൻപൊരിക്കൽ പറഞ്ഞതുപോലെ കണ്ടതിനെ നമ്മൾ വിധിക്കാൻ നോക്കരുത്, അനുഭവിക്കുക, അറിയുക. ഇതിനെ വിധിക്കാൻ മുട്ടുന്നവരോട് ഒരു കഥ പറയാം. നമ്മുടെ നാട്ടിലെ സദ്യയെപ്പറ്റി നമുക്ക് നല്ല അഭിപ്രായം ആണല്ലോ. ഒരിക്കൽ എന്റെ ഒരു വടക്കേ ഇന്ത്യൻ സുഹൃത്ത് പറഞ്ഞു സദ്യ ഒക്കെ കൊള്ളാം, പക്ഷെ ബക്കറ്റും ആയി ഒരാൾ (സാമ്പാർ വിളമ്പാൻ) വരുമ്പോൾ അവരുടെ ഗ്രാമത്തിൽ ആളുകൾ ബക്കറ്റുമായി കാര്യം സാധിക്കാൻ പോകുന്ന ഓർമ്മ വരും, പിന്നെ ഭക്ഷണം കഴിക്കാൻ തോന്നില്ല. നമുക്ക് തികച്ചും സ്വാഭാവികമായി തോന്നുന്നത് മറ്റുള്ളവർക്ക് അരോചകം ആകും എന്ന് സൂചിപ്പിക്കാൻ പറഞ്ഞു എന്നെ ഉള്ളൂ, അടുത്ത തവണ സദ്യക്ക് സാമ്പാറുകാരനെ കാണുമ്പോൾ ഇതൊന്നും ഓർക്കേണ്ട.
മരുഭൂമിയിലെ ജീവിതം: ഗൾഫിൽ താമസിക്കുന്ന ലക്ഷക്കണക്കിന് മലയാളികളിൽ ഒരു ശതമാനം പോലും ആ നാട്ടുകാരുടെ വീട് സന്ദർശിച്ചിട്ടുണ്ടാകില്ല. പൊതുവെ ഗൾഫിൽ വിവിധ സമൂഹങ്ങൾ വ്യത്യസ്ത കുമിളകളിൽ ആണ് ജീവിക്കുന്നത് (ഇന്ത്യക്കാരും പാക്കിസ്ഥാനികളും ഒരു കുമിള, അറബികൾ മറ്റൊന്ന്, പാശ്ചാത്യർ വേറെ, ഫിലിപ്പീൻസുകാർ വേറെ, ബംഗാളികൾ വേറെ, ഇവർ തമ്മിൽ ബന്ധങ്ങൾ ഇല്ല, കേരളത്തിൽ നാട്ടുകാരും ബംഗാളികളും പോലെയുള്ള ബന്ധമാണ് ഗൾഫിൽ അറബികളും മലയാളികളും തമ്മിൽ). അഥവാ അറബികളുടെ വീട്ടിൽ പോയിട്ടുള്ളവരിൽ ഒരു ചെറിയ ശതമാനമേ അവരുടെ ഗ്രാമങ്ങളിൽ പോയിട്ടുണ്ടാകൂ. ഞാൻ ഒമാനിലായിരുന്ന കാലത്ത് നിർബന്ധം പിടിച്ച് സുഹൃത്ത് അബ്ദുള്ളയുടെ വീട്ടിൽ പോയി. അതിശയിപ്പിക്കുന്ന ആതിഥ്യമര്യാദയാണ് അവർക്കുള്ളത്. വീട്ടിൽ എത്തിയാൽ നമ്മളും കൂടെയുള്ള ഭാര്യയും രണ്ടായി പിരിയണം. സ്ത്രീകൾ വീടിന്റെ ഒരു ഭാഗത്ത്, മറ്റിടത്ത് ആണുങ്ങൾ. സുഹൃത്തിന്റെ അമ്മയെ മാത്രമേ സ്ത്രീകളിൽ നമ്മൾ കാണൂ, എങ്കിലും അവന്റ്‌റെ അമ്മയാണ് വീട്ടിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. നമ്മുടെ സങ്കല്പത്തിലും നഗരത്തിലും കാണുന്ന അറബികളല്ല, ഗ്രാമത്തിലുള്ളത്. പ്രത്യേകിച്ചും ഒമാനിൽ. സമയം കിട്ടുമ്പോൾ എഴുതാം. അവിടെ ഉള്ളവരിൽ നാട്ടുകാരും ആയി അത്യാവശ്യം അടുപ്പമുള്ളവർ നേരിട്ടുകാണാൻ ശ്രമിച്ചുനോക്കുക. ഡെസേർട്ട് കാമ്പിൽ പോയി കാണുന്ന ബെഡ് ജീവിതം അല്ല സത്യം.
വിദേശങ്ങളിൽ ഇപ്പോൾ AirBnB വന്നതോടെ ഇക്കാര്യം നല്ല എളുപ്പമായി. ലക്ഷക്കണക്കിന് ആളുകളാണ് അവരുടെ വീടുകൾ യാത്രക്കാർക്കായി തുറന്നിട്ടിരിക്കുന്നത്. അവിടങ്ങളിൽ താമസിക്കുന്നതിന് ചെലവ് കുറവാണെന്ന് മാത്രമല്ല, ആ നാട്ടുകാരെ പരിചയപ്പെടാനും അവരുടെ സംസ്‌കാരത്തെപ്പറ്റി അറിയാനുമുള്ള സുവർണ്ണാവസരങ്ങൽ കൂടിയാണ് നമ്മുടെ മുന്നിൽ തുറന്നുകിട്ടിയിരിക്കുന്നത്. യാത്രചെയ്യുമ്പോൾ ഇത്തരം സ്ഥലങ്ങളിൽ താമസിക്കുക. (നല്ല ആതിഥേയരെ കിട്ടുന്നതെങ്ങനെ എന്ന് പിന്നീടെഴുതാം).
പേരുകേൾക്കാത്ത സ്ഥലങ്ങൾ: ലോകത്ത് എവിടെയും ടൂറിസത്തിന് പേരുകേട്ട ഇടങ്ങളുണ്ട്. കേരളത്തിൽ മൂന്നാർ, തമിഴ്‌നാട്ടിൽ കന്യാകുമാരി, വടക്കേ ഇന്ത്യയിൽ ജയ്പൂർ, ഗൾഫിൽ ദുബായ്, യൂറോപ്പിൽ സ്വിറ്റ്‌സർലാൻഡ് എന്നിങ്ങനെ. അവിടെയെല്ലാം എപ്പോഴും യാത്രികരുടെ തിരക്കായിരിക്കും. ഇത്തരം സ്ഥലങ്ങളിലൊന്നും പോകുന്നതിൽ തെറ്റില്ലെങ്കിലും അതിന്റെയൊക്കെ കൂടെ സാധാരണ ആളുകൾ പോകാത്ത മനോഹരങ്ങളായ സ്ഥലങ്ങളും കാണാൻ ശ്രമിക്കണം.
ഉദാഹരണത്തിന്, ആലുവക്കടുത്ത് തിരുവാലൂർ എന്നൊരു ഗ്രാമമുണ്ട്. അവിടെ ഐതിഹ്യമാലയിൽ പരാമർശിച്ചിട്ടുള്ള ഒരു ക്ഷേത്രമുണ്ട്. പക്ഷെ, എന്തുകൊണ്ടോ അവിടെ ഗുരുവായൂരോ വൈക്കമോ പോലുള്ള തിരക്കില്ല. ഐതിഹ്യമാല വായിച്ച ഓർമ്മയിൽ ഞാനൊരിക്കൽ അവിടെ പോയി. എത്ര മനോഹരമാണ് ആ ക്ഷേത്രമെന്നോ! ദൈവവിശ്വാസിയല്ലെങ്കിൽ പോലും ആ വഴി പോകുന്നവർ ഒന്ന് കയറണം. ഇതുപോലെ നമ്മളറിയാത്ത എത്രയോ ക്ഷേത്രങ്ങൾ, പള്ളികൾ, മോസ്‌ക്കുകൾ, മലകൾ, കുന്നുകൾ, അരുവികൾ നമ്മുടെ ചുറ്റുമുണ്ട്! നാം കേട്ടിട്ടില്ലാത്ത മനോഹരമായ സ്ഥലങ്ങളെപ്പറ്റി അറിയാൻ സാധിക്കുന്നു എന്നത് ഫേസ്‌ബുക്ക് വന്നതിൽപ്പിന്നെ ഞാൻ കണ്ട ഒരു ഗുണമാണ്. നിങ്ങളുടെ അറിവിൽ അത്ര പ്രശസ്തമല്ലാത്തതും എന്നാൽ കണ്ടിരിക്കേണ്ടതുമായ സ്ഥലങ്ങളുണ്ടെങ്കിൽ പറയൂ, അത് കേരളത്തിലോ ഇന്ത്യയിലോ ലോകത്ത് മറ്റെവിടെയാണെങ്കിലും.
കോൺഫറൻസ് യാത്രകൾ: സ്‌കൈപ്പ് വന്നതോടെ ഇന്റർവ്യൂ തന്ത്രത്തിന് ഇനിയധികം ഭാവിയില്ല. അതുകൊണ്ട് കോൺഫറൻസ്, വർക്ക് ഷോപ്പ്, ട്രെയിനിങ് എന്നിങ്ങനെ റൂട്ട് ഒന്ന് മാറിപ്പിടിക്കണം. ലോകത്ത് മത്തങ്ങ മുതൽ സെക്‌സ് വരെ ചർച്ച ചെയ്യാനുള്ള കോൺഫറൻസുകളുണ്ട്. നിങ്ങളൊരു പ്രൊഫഷനലാണെങ്കിൽ ഇത് നിങ്ങൾക്ക് ഇപ്പോൾത്തന്നെ അറിയാം. ഇല്ലെങ്കിൽ https://conferencealerts.com ൽ പോയി വിഷയവും രാജ്യവും തിരിച്ചുള്ള ലിസ്റ്റിൽ നിങ്ങൾക്ക് താല്പര്യമുള്ള വിഷയം നോക്കിയോ പോകാനിഷ്ടമുള്ള സ്ഥലം നോക്കിയോ ഒരു കോൺഫറൻസ് തെരഞ്ഞെടുക്കുക. ശേഷം പരമാവധി ചുരുങ്ങിയ ചെലവിൽ യാത്രചെയ്യാനും ശ്രദ്ധിക്കണം. ആദ്യം തന്നെ ഇന്ത്യക്കാരനായതുകൊണ്ട് (അയ്യോ...പാവം) കോൺഫറൻസ് ഫീ വേണ്ടെന്ന് വെക്കാൻ പറയുക. സമ്മതിച്ചില്ലെങ്കിൽ താമസമെങ്കിലും ഫ്രീയാക്കാൻ പറയുക. അതു സമ്മതിച്ചാൽ ടിക്കറ്റും കൂടി കിട്ടിയാൽ ഉപകാരമായിരുന്നു എന്നുപറയുക. നിങ്ങളുടെ ബയോഡേറ്റയുടെ ഗുണമനുസരിച്ചും നിങ്ങൾ ഏതു ഗ്രൂപ്പിൽനിന്ന് (ഗവണ്മെന്റ്, അക്കാദമിക്, എൻ ജി ഓ, സ്വകാര്യ മേഖല, മീഡിയ) വരുന്നു എന്നതുമായിരിക്കും നിങ്ങളുടെ വിജയസാധ്യത. എൻ ജി ഓ യിലുള്ള ഇന്ത്യൻ പെൺകുട്ടികളാണെങ്കിൽ സപ്പോർട്ട് ഉറപ്പാണ്.
മറ്റുള്ളവർക്കും എന്തെങ്കിലുമൊക്കെ സപ്പോർട്ട് കിട്ടുമോ എന്ന് പരീക്ഷിക്കുക. ഇതൊക്കെ സംഘടിപ്പിച്ചു കഴിഞ്ഞാൽ പിന്നെ നമ്മുടെ സ്ഥാപനത്തിൽ പോയി 'എന്നെ ഇന്നയിടത്ത് കോൺഫറൻസിൽ വിളിച്ചിട്ടുണ്ട്, ഞാനാണ് പ്രധാന പ്രസംഗം നടത്തുന്നത്, ഞാൻ ചെല്ലണം എന്ന് അവർക്ക് വലിയ നിർബന്ധം' (ഇവിടെ അയ്യോ പാവം മാറി, 'ഞാൻ ആരാ മോൾ' ഭാവം എടുക്കുക, കുറെ കയ്യിൽ നിന്നും എടുത്തടിക്കുക, പോസ്റ്റർ പ്രസന്റേഷൻ ആണെങ്കിലും കീ നോട്ട് ആണെന്നെ പറയാവൂ) എന്നൊക്ക പറഞ്ഞു അവധിയും പറ്റിയാൽ എന്തെങ്കിലും സഹായവും താരമാക്കുക. ഐ ഐ ടി കളിലും പുതിയ തലമുറ സ്ഥാപനങ്ങളിലും ഒക്കെ കുട്ടികൾക്ക് കോൺഫറൻസിന് പോകാനായി ഏറെ പണം ലഭ്യമാണ്. കോൺഫറൻസിന് പോകാൻ പല സർക്കാർ വകുപ്പുകളും സഹായം നൽകുന്നുമുണ്ട്, അതൊക്കെ അന്വേഷിച്ചു കണ്ടു പിടിക്കുക. പി എച്ച് ഡി ഒരു വർഷം കൂടി നീണ്ടാലും കുഴപ്പം ഒന്നുമില്ല. ഇത്രയുമൊക്കെ ബുദ്ധിമുട്ടി പോയിട്ട് കോൺഫറൻസ് മുഴുവൻ അറ്റൻഡ് ചെയ്ത് വിവരമുണ്ടാക്കിക്കളയാം എന്നൊന്നും വിചാരിച്ചേക്കരുത്. പകരം അവിടെ വരുന്നവരിൽ പ്രാസംഗികരുൾപ്പെടെ പരമാവധി ആളുകളെ പരിചയപ്പെടുക, അടുത്ത കോൺഫറൻസിനുള്ള ക്ഷണം ഉറപ്പാക്കുക, പറ്റിയാൽ കോൺഫറൻസ് സംഘാടകരുടെ ചെലവിൽ നഗരം ചുറ്റുക, ആ നാട്ടിൽ ബന്ധുവോ, സുഹൃത്തോ, ഫേസ്‌ബുക്ക് സുഹൃത്തോ ആയ മലയാളികളെ തപ്പിപ്പിടിച്ച് ചായ് പേ ചർച്ച നടത്തുക. കോൺഫറൻസിന് പോയി വിഷയത്തിൽ വിവരം ഉണ്ടായ ഒരാളെയും ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല.
ഈ കോൺഫറൻസ് തട്ടിപ്പ് പരിപാടി അറിയാവുന്ന തട്ടിപ്പുകാർ ലോകത്തുണ്ട് കേട്ടോ. അതുകൊണ്ട് ഇങ്ങനെ നടക്കുന്നവരെ പറ്റിക്കാനുള്ള കോൺഫറൻസുകളും ഉണ്ട്, സൂക്ഷിക്കണം. നിങ്ങളെ അമേരിക്കയിലേക്കും ആഫ്രിക്കയിലേക്കും കോൺഫറൻസിന് തിരഞ്ഞെടുത്തു എന്നും, വണ്ടിക്കൂലി എല്ലാം ഫ്രീ ആയി തരും എന്നൊക്കെ എഴുത്തയക്കും. നിങ്ങൾ അതിൽ വീണാൽ പെട്ടു .
തൊഴിലും യാത്രയും: എന്റെ ഉൾപ്പടെ ഏറെ ആളുകളുടെ ജോലിയുടെ ഭാഗമാണ് യാത്ര. പക്ഷെ നമ്മൾ ജോലിയെ ഏറെ സീരിയസ് ആയി എടുത്താൽ പിന്നെ വിമാനത്താവളവും ഹോട്ടൽ റൂമും മാത്രമേ കാണൂ. ഓരോ നാട്ടിലും ആദ്യം ചെല്ലുമ്പോൾ പറ്റിയാൽ ഒരു ദിവസമെങ്കിലും അവധി എടുത്ത് കുറച്ചു കാര്യങ്ങൾ കാണണം. ചുരുങ്ങിയത് പുതിയ എന്തെങ്കിലും ആ നഗരത്തിൽ കണ്ടു പിടിക്കാൻ നോക്കണം. പറ്റിയാൽ നഗര പ്രാന്തത്തിൽ പോകണം. ഷാങ്ഹായിൽ പോകുന്നവർ ഒരു ടാക്‌സി എടുത്ത് അതിനടുത്ത ഷോജിയാജിയാവോ വാട്ടർ വില്ലേജിൽ പോകണം (https://www.chinahighlights.com/.../attraction/zhujiajiao-wat...), വെനീസിലും പഴക്കമുള്ളതാണ്, ടൂറിസ്റ്റുകൾ ഇല്ലാത്തതാണ്, മനോഹരം ആണ്.
ഔദ്യോഗിക യാത്ര പോകുമ്പോൾ കുടുംബത്തെ കൂടെ കൊണ്ടുപോകുന്നത് ഒരു റിസ്‌കി പരിപാടിയാണ്. നമ്മൾ അവിടെ ചെല്ലുമ്പോൾ നമ്മുടെ പ്രധാന ജോലി ഔദ്യോഗികം ആണല്ലോ, അപ്പോൾ നമ്മുടെ പങ്കാളിയെയും കുട്ടികളെയും ഒക്കെ വേണ്ട പോലെ നോക്കാൻ പറ്റാതെ വരും. അവർ ഒറ്റക്ക് സ്ഥലം ചുറ്റിയടിക്കാൻ ഒക്കെ തയ്യാറാണെങ്കിൽ എങ്ങനെയും അവരെയും കൊണ്ട് പോകണം. അല്ല, അവർ ഹോട്ടലിൽ ഇരിക്കുകയും വൈകീട്ട് നമ്മൾ വരാൻ അല്പം വൈകിയാൽ ഉടക്കുന്നവരും ആണെങ്കിൽ പിന്നെ ആ പണിക്ക് പോകാതിരിക്കുന്നതാണ് നല്ലത്. ഫ്‌ലെക്‌സിബിലിറ്റി ആണ് ഇവിടുത്തെ പ്രധാന വിഷയം. ജോലി ചെയ്യുന്നത് സ്ത്രീകൾ ആണെങ്കിൽ ഭർത്താക്കന്മാർ കൂടുതൽ ഫ്‌ലെക്‌സിബിലിറ്റി കാണിച്ചേ പറ്റൂ.
വൈകീട്ട് ആറുമണി കഴിഞ്ഞും മീറ്റിങ് കഴിഞ്ഞു ഭാര്യ വന്നില്ലെങ്കിൽ കണ്ണുരുട്ടുകയും സംശയിക്കുകയും ചെയ്യുന്ന ഭർത്താക്കന്മാരെ കൂട്ടി ഒരു ഭാര്യയും ഒഫീഷ്യൽ ട്രിപ്പ് പോകരുത്.
സുഹൃത്തുക്കളും ബന്ധുക്കളും: യാത്ര പോയി തുടങ്ങുന്ന കാലത്ത് നിങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളും ഉള്ള നാട്ടിലേക്ക് യാത്ര പോകുന്നതാണ് ഏറ്റവും എളുപ്പമുള്ള പരിപാടി. അവരുടെ ചെലവിലോ അവരുടെ വീട്ടിൽ താമസിച്ചോ ഒന്നും ആകേണ്ടതില്ല (അങ്ങനെ ആയാലും കുഴപ്പമില്ല). പക്ഷെ അവർ അവിടെ ഉണ്ടെങ്കിൽ ആധികാരികമായ വിവരങ്ങൾ കിട്ടും, എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ അവർ ഉണ്ടെന്ന ധൈര്യവും ഉണ്ടല്ലോ. നിങ്ങളും അവരും തമ്മിലുള്ള ഇരിപ്പു വശം അനുസരിച്ച് അവരുടെ കൂടെ താമസിക്കുകയോ യാത്രക്ക് അവരെ കൂട്ടുകയോ ചെയ്യാം, അതൊന്നും അത്ര പ്രധാനമല്ല, പക്ഷെ യാത്ര പോയി തുടങ്ങുന്ന കാലത്ത് നിങ്ങൾക്ക് ധൈര്യം കിട്ടാൻ ഇതെല്ലാം നല്ല ഉപായങ്ങൾ ആണ്. ഇതൊക്കെ അവർക്കല്പം ബുദ്ധിമുട്ടല്ലേ എന്ന് തോന്നാം.
ആണ്, പക്ഷെ സുഹൃത്തുക്കൾക്ക് വേണ്ടി അല്പം ബുദ്ധിമുട്ടുന്നതൊക്കെ സൗഹൃദത്തിന്റെ ഭാഗമാണ്. ഫേസ്‌ബുക്ക് സൗഹൃദവും യാത്രക്ക് വേണ്ടി ഉപയോഗിക്കാം, പക്ഷെ ഒരിക്കലും നേരിട്ട് കാണാത്തവരുമായി ഇടപെടുമ്പോൾ സുരക്ഷ കാര്യങ്ങൾ ശ്രദ്ധിക്കണം. ഒരിക്കലും കണ്ടിട്ടില്ലാത്തവരുടെ വീട്ടിൽ പോയി താമസിക്കാം എന്നുള്ള പരിപാടികൾ ചിലപ്പോൾ കുഴപ്പത്തിൽ ചാടിക്കും.
നാളെ: യാത്രയും പണവും, നാടനും മറുനാടനും.
Photo Oman, Credit Prakash SJ