കൊച്ചി: മോഹൻലാൽ ബംഗളൂരു അപ്പോളോ ആശുപത്രിയിൽ എത്തിയത് ഒടിയന്റെ മെയ്ക് ഓവറുമായി ബന്ധപ്പെട്ട പരിശോധനകൾക്ക്. ലാലിന്റെ ഹൃദയവുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തിയതും സിനിമയിലേക്ക് വേണ്ടിയുള്ള രൂപമാറ്റത്തിന് ശരീരം സജ്ജമാണോ എന്നറിയാൻ. പരിശോധനകളെല്ലാം വിജയമാണ്. ഇതോടെ നടൻ ഒടിയന്റെ മെയ്ക് ഓവറിനായുള്ള തയ്യാറെടുപ്പുകളും തുടങ്ങും. ലാലിനെ അപ്രതീക്ഷിതമായി ആശുപത്രിയിൽ കണ്ടത് മറുനാടൻ മലയാളിയാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സോഷ്യൽ മീഡിയയിൽ താരത്തിന്റെ ആരോഗ്യത്തിൽ ആശങ്കയുമെത്തി. എന്നാൽ ഇത്തരം ചർച്ചകൾ തീർത്തും അടിസ്ഥാന രഹിതമാണ്. മോഹൻലാൽ പൂർണ്ണ ആരോഗ്യവാനാണ്. ഓടിയൻ സിനിമയ്ക്കായി കടുത്ത വ്യായാമ മുറകൾ ചെയ്യുന്നതിന് മുന്നോടിയായുള്ള പരിശോധനയാണ് നടന്നത്. ഇതിൽ നടൻ വിജയിക്കുകയും ചെയ്തു.

ഒടിയൻ സിനിമയ്ക്കായി മോഹൻലാൽ പുതിയ മേക്കോവറിനൊരുങ്ങുകയാണ്ു. തടികുറച്ച് പുതിയ രൂപത്തിലേയ്ക്ക് മാറാൻ ഫ്രാൻസിൽ നിന്നുള്ള പ്രത്യേക സംഘത്തിന്റെ കീഴിലാണ് മോഹൻലാലിന്റെ പരിശീലനം. കഠിന വ്യായാമമുറകളും യോഗയുമായി ഒടിയന്റെ ചെറുപ്പകാലത്തിനായി ഒരുങ്ങുകയാണ് അദ്ദേഹം. ഏകദേശം 15 കിലോ ഭാരം കുറയ്ക്കും. ഹോളിവുഡ് താരങ്ങളെ പരിശീലിപ്പിക്കുന്ന ടീമാണിത്. ഫാൻസിൽ നിന്നുള്ള ഈ ടീമിൽ 25 പേരുണ്ട്. അതിൽ ഉഴിച്ചിൽക്കാരൻ,ആയുർവ്വേദ വിദഗ്ദ്ധർ, ത്വക്രോഗവിദഗ്ദ്ധൻ, ഫിറ്റ്നെസ് ട്രെയിനേർസ് എന്നിവർ ഉൾപ്പെടും. ഇതാദ്യമായാണ് ഇങ്ങനെയൊരു ടീമിനെ മലയാളത്തിലെത്തിക്കുന്നത്. ഈ ടീമാണ് മോഹൻലാലിന് ആരോഗ്യ പരിശോധനകൾ വേണമെന്ന് നിർദ്ദേശിച്ചത്. ഇതിൽ വിജയിച്ചാൽ മാത്രമേ കഠിനമായ മുറകൾ നടനെ കൊണ്ട് ചെയ്യിക്കൂവെന്ന് ഇവർ സിനിമയുടെ സംവിധായകനായ ശ്രീകുമാർ മേനോനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ആശുപത്രിയിലെ പരിശോധനകൾ.

രണ്ടാമൂഴത്തിന് മുന്നോടിയായി സംവിധായകൻ ശ്രീകുമാർ മേനോനൊപ്പം ചേർന്ന് മോഹൻലാൽ അഭിനയിക്കുന്ന ചിത്രമാണ് ഒടിയൻ. ബിഗ്ബജറ്റിൽ ഒരുക്കുന്ന ഈ ചിത്രം മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവാകുമെന്നാണ് പൊതുവിലയിരുത്തൽ. എന്തായാലും വലിയ സർപ്രൈസുകൾ ഉള്ളിലൊളിപ്പിച്ചു കൊണ്ടാണ് ലാൽ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവന്നത്. മോഹൻലാലിന്റെ കഥാപാത്രത്തെ വ്യക്തമാക്കുന്ന ചിത്രമാണ് പുറത്തുവന്നത്. അമാവാസി നാളിൽ ചുണ്ണാമ്പു തേച്ച്, കറുത്ത ചരട് കഴുത്തിൽ കെട്ടി, വെറ്റില ചുവപ്പിച്ച ചുണ്ടുമായി ഇരിക്കുന്ന മോഹൻലാലിന്റെ ദൃശ്യമാണ് പോസ്റ്ററിലുള്ളത്. ഈ വേഷ പകർച്ചയ്ക്ക് വേണ്ടിയാണ് ഫ്രാൻസിൽ നിന്നും സംഘമെത്തിയത്. ഇവരുടെ നിയന്ത്രണത്തിലാകും ഇനിയുള്ള നാളുകളിൽ ലാലിന്റെ വർക്ക് ഔട്ടുകൾ.

വ്യായാമത്തിലൂടെ ഹൃദയത്തിന്റെ കാര്യക്ഷമത മനസിലാക്കുന്ന പരിശോധനയായ 'ട്രെഡ്മിൽ ടെസ്റ്റിനാണ് മലയാളത്തിന്റെ സൂപ്പർസ്റ്റാർ ബംഗളൂരുവിലെ പ്രസിദ്ധ ആശുപത്രിയായ അപ്പോളോയിൽ എത്തിയത്. താരപ്പകിട്ടില്ലാതെ സാധാരണക്കാരിൽ ഒരുവനായി താരം ഒപിയിൽ നിൽക്കുന്ന ദൃശ്യങ്ങളും വൈറലാവുകയും ചെയ്തു. കഴിഞ്ഞ ദിവസം രാവിലെയാണ് മോഹൻലാൽ ആശുപത്രിയിൽ എത്തിയത്. ഹൃദയധമനികളിൽ ബ്ളോക്കുണ്ടെങ്കിൽ സാധാരണ ഇസിജിയിൽ കാണണമെന്നില്ല. ഇത്തരം ആരോഗ്യ പ്രശ്‌നങ്ങളുള്ളവർക്ക് കടുത്ത വ്യായാമം പ്രശ്‌നങ്ങളുണ്ടാക്കും. ഇത് മനസ്സിലാക്കാനായിരുന്നു ട്രെഡ് മിൽ ടെസ്റ്റ്. ഇതിൽ ലാലിന് കുഴപ്പമൊന്നുമില്ലെന്നും പൂർണ്ണ ആരോഗ്യവാനാണെന്നും വ്യക്തമായി. ഇതോടെ ഒടിയന്റെ മെയ്ക് ഓവറിലേക്ക് കടന്നു.

പേര് സൂചിപ്പിക്കുന്നതു പോലെ വ്യായാമത്തിനു പ്രാധാന്യം നൽകുന്നതാണ് ട്രെഡ്മിൽ ടെസ്റ്റ്. രോഗിയെ വ്യായാമം ചെയിച്ച ശേഷം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പ്‌ളാറ്റ്‌ഫോമിലൂടെ നടത്തി ഇ.സി.ജി. പരിശോധിക്കും. ആദ്യം സാവധാനത്തിലും പിന്നീട് വേഗത്തിലും പ്‌ളാറ്റ്‌ഫോം ചലിപ്പിക്കുന്നു. ട്രെഡ്മിൽ ടെസ്റ്റിന് പത്തു മിനിട്ട് സമയമെടുക്കും. അധിക സമയം പ്രവർത്തിക്കുമ്പോൾ ഹൃദയത്തിന്റെ മാറ്റങ്ങൾ അറിയാൻ കഴിയും എന്നതാണ് ഈ പരിശോധനയുടെ അടിസ്ഥാനതത്വം. നിരന്തരം വ്യായാമം ചെയ്യുകയും ആരോഗ്യത്തിനായി ആയുർവേദ ചികിത്സകൾ മുടങ്ങാതെ ചെയ്യുകയും ചെയ്യുന്ന താരമാണ് ലാൽ. ചിത്രങ്ങളിൽ ആയാസമുള്ള രംഗങ്ങൾ ഡ്യൂപ്പിനെ വയ്ക്കാതെ ചിത്രീകരിക്കാറുമുണ്ട്. ഒടിയനിലും ഇത്തരം രീതികൾ ലാൽ തുടരും. ഇതിന് കരുത്ത് പകരുന്നതാണ് പരിശോധനാ റിപ്പോർട്ട്.

ഇതോടെ ഒടിയനിൽ പഴയ മോഹൻലാലിനെ വീണ്ടും കാണാനാകും. ഒടിയൻ സിനിമയ്ക്കായി നിലവിൽ 65കാരനായ മാണിക്കന്റെ ജീവിതഘട്ടങ്ങളാണ് ചിത്രീകരിച്ചുകഴിഞ്ഞിരിക്കുന്നത്. ഇനിയുള്ളത് ഒടിയന്റെ ചെറുപ്പകാലമാണ്. പാലക്കാടും പരിസരത്തുമായി നടന്നു വരുന്ന ഒടിയന്റെ ക്ലൈമാക്സ് രംഗങ്ങളാണ് മുമ്പ് ചിത്രീകരിച്ചിരുന്നത്. ഇത് പൂർത്തിയായതോടെയാണ് ഒടിയന്റെ മെയ്ക് ഓവറിനായുള്ള തയ്യാറെടുപ്പുകൾ നടൻ തുടങ്ങിയത്. മോഹൻലാലിന്റെ തിരിച്ചുവരവിനായി 40 ദിവസത്തെ ഇടവേളയും ഒടിയൻ ടീം എടുത്തുകഴിഞ്ഞു. ഇതിന് ശേഷം പുതിയ ലാലാകും സെറ്റിലെത്തുക. ഒക്ടോബർ 6 ന് തുടങ്ങിയ ക്ലൈമാക്‌സ ചിത്രീകരണം ഏതാണ്ട് ഒരു മാസത്തോളം നീണ്ടു നിന്നിരുന്നു. പീറ്റർ ഹെയ്ൻ ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുന്നതാണ് ഒടിയന്റെ ക്ലൈമാക്സ്.

രണ്ടു പ്രധാന ചിത്രങ്ങൾ മാറി വച്ചാണ് പീറ്റർ ഹെയ്ൻ ഒടിയന്റെ ആക്ഷൻ സംവിധാനം ഏറ്റെടുത്തത്. 12 മിനിറ്റ് നീണ്ടുനിൽക്കുന്ന ക്ലൈമാക്സ് ആകും ഒടിയന്റെ പ്രധാന പ്രത്യേകത. മലയാള സിനിമാചരിത്രത്തിലെ എല്ലാ റെക്കോർഡുകളും തിരുത്തിക്കുറിച്ച പുലിമുരുകന് ശേഷം മുന്തിരി വള്ളികൾ തളിർക്കുമ്പോൾ വലിയ വിജയമായിരുന്നു. അതിന് ശേഷം ഇറങ്ങിയ രണ്ടു ചിത്രങ്ങളും വിജയമായില്ല. ഏറെ പ്രതീക്ഷയുണ്ടായിരുന്ന വില്ലൻ നിരാശപ്പെടുത്തിയെന്നാണ് റിപ്പോർ്ട്ട്. അതുകൊണ്ട് തന്നെ ഒടിയന്റെ വിജയം ഏറെ നിർണ്ണായകമാണ്. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായി 'ഒടിയൻ' മാറുമെന്നാണ് സംവിധായകൻ പറയുന്നത്. ഒരു നാടോടിക്കഥയുടെ സ്വപ്നഭംഗിയോടെ മിത്തും പ്രണയവും പ്രതികാരവും ഇഴചേരുന്ന ചിത്രമായിരിക്കും ഇത്. കൗതുകമുണർത്തുന്ന ഒരു പ്രോജക്ട് ആണത്, ഒപ്പം വെല്ലുവിളിയുമുണ്ടെന്ന് ശ്രീകുമാർ പറഞ്ഞിരുന്നു.

മാജിക്കൽ റിയലിസത്തിന്റെ തലത്തിൽ വരുന്ന സിനിമയാകും ഇത്. മണ്ണിന്റെ മണമുള്ള ഒരു ത്രില്ലറായിരിക്കും. മനുഷ്യൻ മൃഗത്തിന്റെ വേഷം കെട്ടി, ഇരുട്ടിനെ മറയാക്കി ആളുകളെ പേടിപ്പിക്കാൻ ക്വട്ടേഷനെടുക്കുന്ന ഒരു സംഘമുണ്ടായിരുന്നു പണ്ട്. കേരളത്തിലല്ല, തമിഴ്‌നാട്ടിൽ. അവർ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെത്തുകയും ആളുകളെ ഭയപ്പെടുത്തുകയും ചെയ്തിരുന്നു. അവരാണ് കേരളത്തിലേക്കെത്തുന്ന ആദ്യത്തെ ക്വട്ടേഷൻ സംഘം. അവരുടെ കഥയാണ് ഒടിയൻ. ജീവിച്ചിരിക്കുന്ന അവസാനത്തെ ഒടിയനാണ് മോഹൻലാലിന്റെ കഥാപാത്രമെന്ന് സംവിധായകൻ പറയുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ബ്രഹ്മാണ്ഡചിത്രം നിർമ്മിക്കുന്നത്.

ദേശീയഅവാർഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവർത്തകനുമായ ഹരികൃഷ്ണനാണ് 'ഒടിയ'ന്റെ രചന നിർവഹിച്ചിരിക്കുന്നത്. മഞ്ജുവാര്യർ നായികയാകുന്ന ഈ ചിത്രത്തിൽ കരുത്തുറ്റ പ്രതിനായകനായി പ്രകാശ് രാജാണ് എത്തുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കാണാത്ത വിഷ്വൽ ഇഫക്ടുകളുടെ അനന്യാനുഭവമാകും 'ഒടിയനിൽ ഉണ്ടാകുക എന്നതാണ് സംവിധായകൻ നൽകുന്ന മറ്റൊരു വാഗ്ദാനം.