- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മഹാമാരിയുടെ ദുരിതങ്ങൾക്കിടയിലും മരുതോങ്കരയിൽ നിന്നും കാരുണ്യത്തിന്റെ നല്ല പാഠം; നിജേഷിന്റെ സ്വപ്നങ്ങൾക്ക് വർണ്ണം പകരാൻ പശുക്കടവിലെ സഹായ പയറ്റിലൂടെ സ്വരൂപിച്ചത് 5,60, 000 രൂപ; പണം സ്വരൂപിച്ചത് നിജേഷിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി; 25 ലക്ഷം രൂപ സമാഹരിക്കാൻ ഒരു നാടു മുഴുവൻ ഒരുമിക്കുമ്പോൾ
കോഴിക്കോട്: രണ്ട് വൃക്കകളും തകരാറിലായി ചികിത്സയിലുള്ള കുറ്റ്യാടി പശുക്കടവിലെ നിജേഷിന് സഹായ പയറ്റിലൂടെ ലഭിച്ചത് 5,60,000 രൂപ. കോവിഡ് മഹാമാരിയുടെ പ്രയാസങ്ങൾക്കിടയിലും മരുതോങ്കര പഞ്ചായത്തിലെ കുടിയേറ്റ ഗ്രാമമായ പശുക്കടവിൽ നിന്ന് വരുന്നത് അതിജീവനത്തിന്റെയും കാരുണ്യത്തിന്റെയും ഈ നല്ല പാഠത്തിന്റെ വാർത്തയാണ്.
വൃക്കകൾ തകറാറിലായി കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിയുന്ന പശുക്കടവിലെ തലച്ചിറ നാണു, ചന്ദ്രി ദമ്പതികളുടെ മകനായ നിജേഷിന്റെ പുതുജീവിതത്തിനായി ഒരു ഗ്രാമം ഒന്നാകെ രംഗത്തിറങ്ങുകയായിരുന്നു. നിജേഷിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി 25 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിജേഷിന്റെ അമ്മയാണ് വൃക്ക നൽകുന്നത്. വാസയോഗ്യമല്ലാത്ത ഒരു വീട് പോലും ഇല്ലാത്ത ഈ കുടുംബത്തിന് ഇത്രയും വലിയൊരു തുക ശസ്ത്രക്രിയക്കായി കണ്ടെത്താൻ പറ്റാത്തതു കൊണ്ടാണ് നാട്ടുകാരുടെ സഹായം തേടിയത്.
പണമില്ലാത്തതു കാരണം ഒരു സഹോദരന്റെ ജീവൻ നഷ്ട്ടപ്പെട്ടുകൂടാ എന്ന പശുക്കടവ് നിവാസികളുടെ ദൃഢനിശ്ചയത്തിൽ സി പി ബാബു രാജ് ചെയർമാനും, കെ ജെ സെബാസ്റ്റ്യൻ കൺവീനറും, ടി എ അനീഷ് ഖജാൻജിയുമായി ജനകീയ ചികിത്സാ കമ്മറ്റിക്ക് രൂപം നൽകുകയായിരുന്നു. ഒരു കുടുംബത്തെയാകെ ദുരിതക്കയത്തിൽ നിന്ന് രക്ഷിക്കാനായി കമ്മറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ മുതൽ രാത്രി വരെ പശുക്കടവ് ഉപാസന വായനശാലയിൽ വച്ച് സഹായ പയറ്റ് സംഘടിപ്പിക്കുകയായിരുന്നു.
പ്രധാനമായും പശുക്കടവ് ഗ്രാമത്തിലെ രണ്ട് വാർഡുകൾ കേന്ദ്രീകരിച്ചായിരുന്നു പയറ്റ്. കടത്തനാട് ദേശത്ത് ഏറെ പ്രചാരമുള്ള പണപയറ്റിന്റെ മഹിമയോടെ തന്നെ നടത്തിയ പരിപാടിയിൽ ഗ്രാമത്തിലെ നാനാതുറകളിലെ ആളുകളും പങ്കാളികളാവുകയായിരുന്നു. ഒരു ചെറുപ്പക്കാരന്റെ ജീവരക്ഷിക്കാൻ അണ്ണാരക്കണ്ണനും തന്നാലായത് എന്നൊരു ഒറ്റ ചിന്തയിൽ ഗ്രാമം ഒന്നാകെ സഹായ വായ്പിൽ പങ്കാളികളായി. പശുക്കടവ് സെന്റ് തേരസാസ് ചർച്ച് വികാരി ഫാ: ജോഷി ചക്കിട്ട മുറിയിൽ ആദ്യ സംഖ്യയായ അയ്യായിരത്തി ഒന്നു രൂപ സഹായ പയറ്റിലേക്ക് നൽകി ഉദ്ഘാടനംം ചെയ്തു.
പയറ്റ് അവസാനിപ്പിക്കുമ്പോൾ സംഖ്യ 5,60, 000 രൂപയും കഴിഞ്ഞിരുന്നു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബീന ആലക്കൽ, ബിബി പാറക്കൽ, സി കെ നിഷാദ് ഉപാസന, അരുൺ പുനത്തിൽ, വി പി ഗോപി, പി സി വാസു, കെ പി പ്രജീഷ്, എം എസ് ഷിജു, എം എസ് ഷൈജു, ബേബി കോച്ചേരി, ടി വി മനു, കെ കെ സുരേഷ്, സി ആർ ലിജേഷ്, എം കെ ഷിനോജ്, കെ കെ മോഹനൻ, മഹേഷ് ശശി, കെ കെ പ്രകാശ് തുടങ്ങിയവർ സഹായ പയറ്റിന്റെ വിജയത്തിനായി മുൻനിരയിലുണ്ടായിരുന്നു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.