ഴിഞ്ഞ ദിവസം ഒരു ക്രിസ്മസ്ട്രീയുടെ ചിത്രം ഇൻസ്റ്റാഗ്രാമിലിട്ടതിന്റെ പേരിൽ പുലിവാൽ പിടിച്ചിരിക്കുകയാണ് പ്രശസ്തനായ മുൻ ബോക്‌സിങ് താരം അമീർഖാൻ. വീട്ടിലുണ്ടാക്കിയ ട്രീ ആയിരുന്നു ഖാൻ ഷെയർ ചെയ്തിരുന്നത്. തുടർന്ന് ഇസ്ലാമിനെ വഞ്ചിച്ചു എന്നാരോപിച്ച് മതമൗലികവാദികൾ ഇദ്ദേഹത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. ഇതിന് പുറമെ അമീർഖാന് നേരെ തെറിവിളിയും വധഭീഷണിയുമുയർന്നിട്ടുമുണ്ട്. വീട്ടിലുണ്ടാക്കിയ ഈ ക്രിസ്മസ് ട്രീ മൂന്ന് വയസുള്ള തന്റെ മകൾ ഉണർന്ന് വന്ന് കണ്ടപ്പോൾ അവൾക്കേറെ ഇഷ്ടപ്പെട്ടുവെന്ന വിവരണത്തോടെയായിരുന്നു ഖാൻ ക്രിസ്മസ് ട്രീയുടെ ചിത്രം ഇൻസ്റ്റാഗ്രാമിലിട്ടിരുന്നത്.

തുടർന്ന് ഖാന്റെ ഫോളോവേഴ്‌സിൽ ചിലർ തന്നെ ഇതിനെതിരെ പ്രകോപനപരമായ പ്രതികരണങ്ങളുമായി മുന്നോട്ട് വന്നിരുന്നു. തുടർന്ന് അവർ ഇതിനെതിരെ ഖാനെ അപമാനിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ സന്ദേശങ്ങളുമുയർത്തി. ഖാനും കുടുംബവും വൈകാതെ മരിക്കുമെന്നും അള്ളാഹു ശിക്ഷിക്കുമെന്നുമായിരുന്നു ചിലർ മുന്നറിയിപ്പേകിയിരുന്നത്. ഖാൻ നരകത്തിൽ പോവുമെന്നായിരുന്നു മറ്റൊരു ഫോളോവറുടെ പ്രതികരണം. എന്നാൽ മുസ്ലീങ്ങളാണെങ്കിലും ചില ഫോളോവർമാർ ഖാന്റെ പ്രവൃത്തിയെ ന്യായീകരിച്ചും മുന്നോട്ട് വന്നിരുന്നു.

ക്രിസ്മസ് ട്രീ വച്ചുവെന്നതിനാൽ ഖാൻ ഇസ്ലാംമതത്തെ അവഹേളിച്ചുവെന്ന് പറയാനാവില്ലെന്നാണ് അവർ അദ്ദേഹത്തെ ന്യായീകരിച്ചിരിക്കുന്നത്. ഖാൻ ജീവിക്കുന്നത് ഇംഗ്ലണ്ടിൽ പടിഞ്ഞാറൻ സംസ്‌കാരത്തിലാണെന്നും അവിടെ ക്രിസ്മസ് ആഘോഷിക്കുന്നതിനാൽ ഖാൻ ട്രീ വച്ചതിൽ തെറ്റില്ലെന്നുമാണ് അദ്ദേഹത്തെ ന്യായീകരിക്കുന്നവർ വാദിക്കുന്നത്. കാലിഫോർണിയയിലെ ട്രെയിനിങ് ക്യാമ്പിനടുത്തുള്ള മുസ്ലിം പള്ളിയിലാണ് എല്ലാ വെള്ളിയാഴ്ചയും താൻ ചെലവഴിക്കാറുള്ളതെന്ന് കഴിഞ്ഞ വർഷം ഒരു ഇന്റർവ്യൂവിൽ ഖാൻ വെളിപ്പെടുത്തിയിരുന്നു.

മോസ്‌ക് താൻ പോവാൻ ഏറെ ഇഷ്ടപ്പെടുന്ന ഇടമാണെന്നും താൻ ഒരു മുസ്ലീമാണെന്ന് പറയാൻ തനിക്ക് ഭയമില്ലെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ചിലർക്ക് ഇന്ന് മുസ്ലീമാണെന്ന് പറയാൻ ഭയമാണെന്നും അദ്ദേഹം എടുത്ത് കാട്ടിയിരുന്നു. തീവ്രവാദത്തെ എതിർക്കുന്ന നിരവധി മുസ്ലീങ്ങളുണ്ടെന്നും ആളുകൾ പരസ്പരം കൊല്ലുന്നതിനോട് അവർക്ക് യോജിപ്പില്ലെന്നും ബോക്‌സർ വെളിപ്പെടുത്തിയിരുന്നു.