- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മുല്ലപ്പെരിയാറിലെ മരംമുറി വനം മന്ത്രി അറിഞ്ഞിട്ടില്ല; ഫയൽ അയച്ചിട്ടില്ല'; ഉദ്യോഗസ്ഥരെ പഴിചാരി വനം സെക്രട്ടറിയുടെ വിശദീകരണം; സർക്കാർ അറിയാതെ ഉത്തരവിറക്കിയത് എങ്ങനെയെന്ന ചോദ്യം വീണ്ടും ഉയരുന്നു
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാമിനോട് ചേർന്നുള്ള 15 മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയത് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ അറിഞ്ഞിട്ടില്ലെന്ന് വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ.
മരംമുറിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളൊന്നും വനം ഉദ്യോഗസ്ഥർ സമർപ്പിച്ചിട്ടില്ല. അതിനാൽ മന്ത്രിക്കു ഫയൽ അയച്ചിട്ടില്ലെന്നാണ് രാജേഷ് കുമാർ സിൻഹ വിശദീകരണത്തിൽ പറയുന്നത്.
ഉദ്യോഗസ്ഥരെ പഴിചാരിയാണ് വനം സെക്രട്ടറി വിശദീകരണം നൽകിയിരിക്കുന്നത്. അതേ സമയം സർക്കാരിൽ ബന്ധപ്പെട്ടവർ അറിയാതെ എങ്ങനെയാണ് ഉദ്യോഗസ്ഥർക്ക് ഉത്തരവിറക്കാനാകുക എന്ന ചോദ്യം വീണ്ടും ഉയരുകയാണ്.
ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് പ്രിൻസിപ്പൽ സെക്രട്ടറി 2020 സെപ്റ്റംബർ മൂന്നിനു കത്തയച്ചിരുന്നതായി വിശദീകരണത്തിൽ പറയുന്നു.
സുപ്രീംകോടതി വിധിയുടെയും നിലവിലെ നിയമങ്ങളുടെയും സംസ്ഥാന സർക്കാർ നിർദേശത്തിന്റെയും അടിസ്ഥാനത്തിൽ നടപടി റിപ്പോർട്ട് സമർപ്പിക്കാൻ വനം പ്രിൻസിപ്പൽ സെക്രട്ടറി വനംവകുപ്പ് മേധാവി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോട് 2020 ഒക്ടോബറിൽ ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല.
ഈ വർഷം ജൂലൈ, സെപ്റ്റംബർ മാസങ്ങളിൽ വീണ്ടും റിപ്പോർട്ട് ആവശ്യപ്പെട്ടു. അതിനും മറുപടി ലഭിച്ചില്ല. പരിവേഷ് പോർട്ടലിൽ വിശദാംശങ്ങൾ അപ്ലോഡ് ചെയ്യുന്നതിനും പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കുന്നതിനും വനംമന്ത്രിയുടെ അനുമതി ആവശ്യമാണ്. എന്നാൽ വനംവകുപ്പിൽനിന്ന് റിപ്പോർട്ട് ലഭിക്കാത്തതിനാൽ മന്ത്രിയെ കാര്യങ്ങൾ അറിയിക്കാനായില്ലെന്നും വിശദീകരണത്തിൽ പറയുന്നു.
മരങ്ങൾ മുറിക്കാൻ സർക്കാർ നിർദേശിച്ചതിന്റെ രേഖകൾ നേരത്തെ പുറത്ത് വന്നിരുന്നു. ജൂലൈ 13ാം തീയതിയാണ് വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മരം മുറിക്കുന്നതിന് അനുമതി നൽകാൻ ഉത്തരവിലൂടെ നിർദേശിച്ചത്. 2020 സെപ്റ്റംബർ മൂന്നിന് ഇക്കാര്യം ആവശ്യപ്പെട്ട് തമിഴ്നാട് പബ്ലിക്ക് വർക്സ് ഡിപ്പാർട്ട്മെന്റ് അയച്ച കത്തും ഉത്തരവിനൊപ്പം നൽകി.
ബേബി ഡാമിനോടു ചേർന്ന മരങ്ങൾ മുറിക്കാൻ സുപ്രീംകോടതി വിധി അനുസരിച്ചും നിലവിലെ നിയമങ്ങൾ അനുസരിച്ചും നടപടിയെടുക്കണമെന്നും വിശദമായ നടപടി റിപ്പോർട്ട് എത്രയും വേഗം നൽകണമെന്നും വനം പ്രിൻസിപ്പൽ സെക്രട്ടറിക്കുവേണ്ടി അണ്ടർ സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 19നും വനം പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, പെരിയാർ ടൈഗർ റിസർവ് ഡപ്യൂട്ടി ഡയറക്ടർ എന്നിവർക്കും ഉത്തരവിന്റെ പകർപ്പ് നൽകി. ഈ ഉത്തരവുകളുടെ കൂടി അടിസ്ഥാനത്തിലാണ് മരം മുറിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് അനുമതി നൽകിയത്. ഇക്കാര്യം ജലവിഭവ സെക്രട്ടറിയെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.
മുല്ലപെരിയാറിലെ ബേബി ഡാമിനോട് ചേർന്നുള്ള മരങ്ങൾ മുറിക്കാൻ വനം പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ ഉത്തരവ്
സസ്പെൻഷനു മുന്നോടിയായി ബെന്നിച്ചൻ സർക്കാരിനു നൽകിയ വിശദീകരണത്തിൽ സർക്കാർ ഉത്തരവുകളുടെ കാര്യം വ്യക്തമാക്കുന്നുണ്ട്. കത്തുകളുടെ നമ്പരും നൽകി.
ജലവിഭവ സെക്രട്ടറി മൂന്നു യോഗങ്ങൾ വിളിച്ചെന്നും അദ്ദേഹത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് മരം മുറിക്കാൻ അനുമതി നൽകിയതെന്നുമാണ് ബെന്നിച്ചന്റെ വിശദീകരണം. മരംമുറിക്കാൻ അനുമതി നൽകിയെങ്കിലും ഡാമിലേക്കുള്ള റോഡ് നിർമ്മാണത്തിന് അനുമതി നൽകാത്തതിനാൽ ഡാം ശക്തിപ്പെടുത്തുന്ന നടപടികൾക്ക് തമിഴ്നാടിനു കഴിയില്ലെന്നും വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു.
അതേ സമയം മുല്ലപ്പെരിയാർ മരംമുറി വിഷയം കഴിഞ്ഞ ദിവസം തമിഴ്നാട് സുപ്രീംകോടതിയിൽ ഉയർത്തി. ബേബി ഡാം ശക്തിപ്പെടുത്താൻ കേരളം അനുവദിക്കുന്നില്ലെന്നും അണക്കെട്ടിലേക്കുള്ള റോഡ് നന്നാക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നും തമിഴ്നാട് കോടതിയെ അറിയിച്ചു.
കേരളത്തിന് ഇരട്ടത്താപ്പെന്നാണ് തമിഴ്നാടിന്റെ വിമർശനം. മരംമുറിക്കാൻ അനുമതി നൽകിയ ഉത്തരവ് കേരളം റദ്ദാക്കിയത് സുപ്രീംകോടതിയെ അറിയിച്ചുകൊണ്ടാണ് വാദങ്ങളുയർത്തിയത്. ഉത്തരവിന്റെ പകർപ്പും കോടതിക്ക് കൈമാറി.
'ഏഴു വർഷത്തിന് ശേഷമാണ് കേരളം മരംമുറിക്കാനായി ഉത്തരവ് ഇറക്കിയത്. എന്നാൽ ഒരു ദിവസംകൊണ്ട് ആ ഉത്തരവ് മരവിപ്പിച്ചു. അതിന്റെ കാരണമെന്തെന്ന് വ്യക്തമല്ല. ഉത്തരവ് റദ്ദാക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. മേൽനോട്ട സമിതി യോഗത്തിലും സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും മരംമുറിക്കാൻ അനുമതി നൽകുമെന്നാണ് കേരളം പറഞ്ഞത്. അതനുസരിച്ച് ഉത്തരവിറക്കിയെങ്കിലും രാഷ്ട്രീയസമ്മർദങ്ങൾ കാരണം കേരള സർക്കാർ ഉത്തരവ് മരവിപ്പിക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്തു. അക്കാര്യത്തിൽ കൃത്യമായ ഒരു ആശവിനിമയം പോലും കേരളം നടത്തിയില്ല.' തമിഴ്നാട് സുപ്രീംകോടതിയിൽ പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ വിസമ്മതിക്കുന്നത് കേരള സർക്കാരാണ്. ജലനിരപ്പുമായി ബന്ധപ്പെട്ട് ആശങ്കകൾ ഉയർത്തി സുപ്രീംകോടതി ഉത്തരവ് അട്ടിമറിക്കാനാണ് കേരളത്തിന്റെ ശ്രമമെന്നും തമിഴ്നാട് സത്യവാങ്മൂലത്തിൽ പറഞ്ഞു,
മറുനാടന് മലയാളി ബ്യൂറോ