അങ്കാറ: 44 വർഷം മുൻപ് കാണാതായ വ്യക്തിയുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്താൻ സഹായകമായത് വയറ്റിൽ മുളച്ച മരം !. കേട്ടാൽ ഏവരേയും അത്ഭുതപ്പെടുത്തുന്ന വാർത്തയാണ് തുർക്കിയിലെ അങ്കാറയിൽ നിന്നും പുറത്ത് വരുന്നത്. 1974ൽ കാണാതായ വ്യക്തിയുടെ മൃതദ്ദേഹത്തിന്റെ അവശിഷ്ടങ്ങളാണ് പ്രദേശത്ത് അസാധാരണമായി കിളിർത്ത അത്തിമരത്തിന്റെ സഹായത്തോടെ കണ്ടെത്തിയത്. ഒരു പ്രദേശത്ത് അസാധാരണമായി വളർന്ന അത്തിമരത്തെ കുറിച്ച് ഒരു ഗവേഷകൻ നടത്തിയ അന്വേഷണത്തിനൊടുവിലാണ് 44 വർഷം മുമ്പ് മരിച്ചയാളെ കുറിച്ചുള്ള വിവരം കിട്ടിയത്.

തുർക്കി വംശജനായ അഹ്മദ് ഹെർഗുണയുടെ വയറ്റിലാണ് ഈ അത്തിമരം കിളിർത്ത് വളർന്നത്. 1974-ലെ ഗ്രീക്ക്-തുർക്കി വംശജർ തമ്മിൽ നടന്ന സംഘർഷത്തിലാണ് അഹ്മദ് ഹെർഗുണെ കൊല്ലപ്പെട്ടത്. മറ്റു രണ്ടു പേരുടെ മൃതദേഹ അവശിഷ്ടങ്ങളും ഈ പ്രദേശത്ത് നിന്ന് കണ്ടെത്തി.സംഘർഷ സമയത്ത് അഹ്മദ് ഹെർഗുണയും മറ്റു രണ്ടുപേരും ഇവിടെയുള്ള ഗുഹയ്ക്കകത്ത് ഒളിച്ചിരിക്കുകയായിരുന്നു. ഇവർ ഇവിടെയുണ്ടെന്ന് മനസ്സിലാക്കിയ ശത്രുക്കൾ ഗുഹ സ്ഫോടനത്തിൽ തകർത്തു. സ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഇവർ കൊല്ലപ്പെടുകയും ചെയ്തു. മരിക്കുന്നതിന് മുമ്പ് ഹെർഗുണ അത്തിപ്പഴം കഴിച്ചിരുന്നു.

ഈ പഴത്തിന്റെ കുരു ഹെർഗുണയുടെ വയറ്റിൽ കിളിർത്ത് ഒരു മരമായെന്നാണ് ഗവേഷകർ കണ്ടെത്തിയത്. 2011-ലാണ് ഗവേഷകർ മരം കണ്ടെത്തിയത്. കുന്നിൻ ചെരുവിൽ ഗുഹാമുഖത്ത് ഒറ്റപ്പെട്ട് ഒരു അത്തിമരം വളർന്നതെങ്ങനെ കൗതുകത്തിൽ നിന്നാണ് അന്വേഷണത്തിന്റെ തുടക്കം. ചുവട്ടിൽ കുഴിച്ചു നോക്കിയപ്പോൾ ശരീര അവശിഷ്ടങ്ങൾ ലഭിച്ചു. തുടർന്ന് ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള പരിശോധനകളിലൂടെയാണ് മരിച്ചയാളുകളെ തിരിച്ചറിഞ്ഞത്. തുർക്കിഷ് റെസിസ്റ്റൻസ് ഓർഗനൈസേഷനിലെ അംഗമാണ് അഹ്മദ് ഹെർഗുണ. ഗ്രീക്ക്-തുർക്കി വംശജർ തമ്മിലുള്ള സംഘർഷത്തിൽ 2000 ത്തോളം പേരേ കാണാതായെന്നാണ് റിപ്പോർട്ട്.