ലണ്ടൻ: യുകെയിൽ ഒരു പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പത്തിൽ വെയ്ൽസും സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടും വിറച്ചു. റിക്ടർ സ്‌കെയിലിൽ 4.4 രേഖപ്പെടുത്തിയ ഭൂകമ്പം, താരതമ്യേന ദുർബലമാണെങ്കിലും ഭൂകമ്പങ്ങൾ സാധാരണയയല്ലാത്ത ബ്രിട്ടനിൽ പരിഭ്രാന്തിക്കിടയാക്കി.. കെട്ടിടങ്ങൾ ചെറുതായി കുലുങ്ങി. സ്വാൻസിയിൽനിന്ന് എട്ട് മൈൽ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് കണ്ടെത്തിയിട്ടുണ്ട്. ലിങ്കൺഷയറിൽ 2008 ഫെബ്രുവരി 28-ന് ഉണ്ടായതാണ് സമീപകാലത്ത് ബ്രിട്ടനിലെ ഏറ്റവും വലിയ ഭൂകമ്പം. റിക്ടർസ്‌കെയിലിൽ 5.2 ആയിരുന്നു ഇതിന്റെ പ്രഹരശേഷി.

ഭൂകമ്പമുണ്ടായി എന്ന വിവരമറിഞ്ഞ് ആളുകൾ പരിഭ്രാന്തരായി പൊലീസിലും അടിയന്തര സേവന വിഭാഗത്തിലും വിളിച്ചുകൊണ്ടിരുന്നുവെങ്കിലും ആശങ്കപ്പെടേണ്ടതായി യാതൊന്നുമില്ലെന്ന് ഡൈഫെഡ്-പോവീസ് പൊലീസ് പറഞ്ഞു. ആർക്കും പരിക്കേറ്റതായിപ്പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒട്ടേറെ കെട്ടിടങ്ങൾക്ക് നേരീയ വിള്ളലുണ്ടായിട്ടുണ്ടെങ്കിലും മനുഷ്യർക്ക് ഭൂചലനം കാര്യമായി അുവഭവപ്പെട്ടില്ല പലരും ഇത് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വന്നശേഷമാണ് അറിഞ്ഞതുതന്നെ.

ഭൂകമ്പത്തിന്റെ തുടർചലനങ്ങളേറെയും സോഷ്യൽ മീഡിയയിലായിരുന്നു. ഭൂകമ്പം അറിഞ്ഞതെങ്ങനെയെന്ന് സംബന്ധിച്ച കമന്റുകൾ ട്വിറ്ററിലും ഫേസ്‌ബുക്കിലുമൊക്കെ നിറഞ്ഞു. പ്രഭവകേന്ദ്രത്തിനടുത്തുള്ള സ്വാൻസി യൂണിവേഴ്‌സിറ്റി കാമ്പസിൽപ്പോലും കാര്യമായ ചലനമോ പരിഭ്രാന്തിയോ ഭൂകമ്പത്തിന്റെ സമയത്തുണ്ടായില്ല. എന്നാൽ, ഭൂകമ്പത്തെത്തുടർന്ന് പത്തുമിനിറ്റോളം വെൽഷ് ഫുട്‌ബോൾ ലീഗിലെ മത്സരം നിർത്തിവെച്ചു. പോർട്ട് ടാൽബോൾട്ടും ടാഫ്‌സ് വെല്ലും തമ്മിലുള്ള മത്സരത്തെയാണ് ഭൂചലനം ബാധിച്ചത്.

മെഴ്‌സിസൈഡ് ഭാഗത്തെ ജനങ്ങൾക്കാണ് ഭൂകമ്പം കാര്യമായി അനുഭവപ്പെട്ടത്. ഒട്ടേറെ വിളികൾ തുടർന്നുണ്ടായതായി അവൺ ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം അറിയിച്ചു. വിളിച്ചവരോടെല്ലാം ആശങ്കപ്പെടേണ്ടതില്ലെന്ന കാര്യം അറിയിച്ചതായി വക്താവ് പറഞ്ഞു. ബ്രിസ്റ്റൾ ഭാഗത്തുനിന്നുള്ള ഒരു വിളിയെത്തുടർന്ന് ആ വീട്ടിൽ അഗ്നിരക്ഷാസേന സന്ദർശിക്കുകയും കുഴപ്പമൊന്നും ഉണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.