സാധാരണയായി ഇത്തരം ചെറിയ ഭൂകമ്പങ്ങൾ അറിയാതെ പോകേണ്ടതാണ്. എന്നാൽ, റിക്ടർ സ്‌കെയിലിൽ 3.6 മാത്രം രേഖപ്പെടുത്തിയ ഭൂകമ്പം ഇറ്റലിയിലെ വിനോദസഞ്ചാര കേന്ദ്രമായ ഇസ്ചിയയെ വിറപ്പിച്ചു. ഭൂകമ്പത്തിൽ ഒട്ടേറെ കെട്ടിടങ്ങൾ നിലംപൊത്തി. ഒരു സ്ത്രീ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കെട്ടിടങ്ങളിൽനിന്ന് ആളുകൾ പുറത്തേയ്‌ക്കോടി മാറിയതുകൊണ്ടാണ് മരണസംഖ്യ കുറഞ്ഞത്.

തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. അഗ്നിപർവതമുള്ള ദ്വീപാണ് ഇസ്ചിയ. ഇവിടുത്തെ കാസാമിസോള പട്ടണത്തിലാണ് ഭൂകമ്പം നാശംവിതച്ചത്. ആറ് കെട്ടിടങ്ങളെങ്കിലും പൂർണമായി നശിച്ചു. ഒരു പള്ളിയും ഇക്കൂട്ടത്തിൽപ്പെടുന്നു. തകർന്ന കെട്ടിടാവശശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടപ്പുണ്ടെന്ന ആശങ്കയുമുണ്ട്. കാരണം, കാണാതായ നിരവധിപേരെക്കുറിച്ച് പൊലീസിൽ വിവരം ലഭിച്ചിട്ടുണ്ട്.

വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ സഞ്ചാരികളേറെയുണ്ടായിരുന്ന ദിവസമാണ് ഭൂകമ്പമുണ്ടായത്. ദ്വീപിലെ ആശുപത്രിയിൽനിന്നടക്കം ജനങ്ങളെ ഒഴിപ്പിക്കേണ്ടിവന്നു. അഗ്നിപർവത സ്‌ഫോടനമുണ്ടായതാണെന്നാമ് ആദ്യം കരുതിയത്. പിന്നീടാണ് ഭൂകമ്പമാണെന്ന് മനസ്സിലായതെന്ന് പൊലീസ് പറഞ്ഞു.

ഇത്ര ചെറിയ ഭൂകമ്പത്തിലും കെട്ടിടങ്ങൾ തകരാനുണ്ടായ സാഹചര്യം അധികൃതതരെ ചിന്തിപ്പിക്കുന്നുണ്ട്. അഗ്നിപർവത സ്‌ഫോടനമുണ്ടാകാറുണ്ടെന്നതൊഴിച്ചാൽ, സമീപകാലത്തൊന്നും ഇസ്ചിയയിൽ ഭൂകമ്പമുണ്ടാട്ടില്ല. അതുകൊണ്ടുതന്നെ, അതിനെ പ്രതിരോധിക്കാനുള്ള മുൻകരുതലുകളും സ്വീകരിച്ചിട്ടില്ല.

ഭൂകമ്പങ്ങൾ പതിവായ ജപ്പാനിലിനും തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളും അതിനെ അതിജീവിക്കാനായി സ്വീകരിച്ചിട്ടുള്ള മാർഗങ്ങൾ കണ്ടുപഠിക്കേണ്ടതാണെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ ഈ പശ്ചാലത്തിൽ റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തെ ചെറുക്കുന്ന കെട്ടിട നിർമ്മാണ രീതികളാണ് ജപ്പാനിലുള്ളത്. പ്രകൃതിദുരന്തങ്ങൾ കനത്ത നാശം വിതയ്ക്കാൻ തുടങ്ങിയതോടെയാണ് ജപ്പാനിലെ സാങ്കേതിക വിദഗ്ദ്ധർ അപകടം കുറയ്ക്കുന്ന തരത്തിലുള്ള നിർമ്മാണരീതികൾ കണ്ടെത്താൻ തുടങ്ങിയത്.