- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുവളപ്പിൽ നട്ടുവളർത്തേണ്ട മരങ്ങൾ ഏതൊക്കെ; ഈ മൂന്നു മരങ്ങൾ ഒരമിച്ച് നട്ടാൽ വീട്ടിൽ സർവ്വൈശ്വര്യമൊ ; വൃക്ഷങ്ങളുടെ സ്ഥാനങ്ങളും അതിലെ ശാസ്ത്രീയതയും അറിയാം
തിരുവനന്തപുരം: വീട്ടിൽ മരങ്ങൾ നല്ലതാണെങ്കിലും അവയുടെ പരിപാലനത്തെക്കുറിച്ചും നട്ടുവളർത്തുന്ന സ്ഥലത്തെക്കുറിച്ചുമൊക്കെ നിരവധി വിശ്വാസങ്ങളും രീതികളുമൊക്കെ പരമ്പരാഗതമായി തന്നെ നാം അനുവർത്തിച്ച് പോരുന്നുണ്ട്.ചില മരങ്ങൾ വീട്ടിൽ വളർത്തരുത് ചിലത് ചില സ്ഥാനങ്ങളിൽ വളർത്തരുത് എന്നിങ്ങനെ പോകുന്നു വൃക്ഷപരിപാലനവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും ആചാരങ്ങളും.ഇത്തരം വിശ്വാസങ്ങൾക്കു എന്തെങ്കിലും ശാസ്ത്രീയ അടിത്തറയുണ്ടൊ എന്നാണ് ഇപ്പോൾ പ്രധാനമായും ചർച്ചയാകുന്നത്.
ചെമ്പകം,പിച്ചകം,മുല്ല, തുളസി,വെറ്റിലക്കൊടി, കൂവളം,കുമിഴ് എന്നീ ചെടികൾ നിങ്ങൾ താമസിക്കുന്ന വസ്തുവിൽ എവിടെയും നട്ടുവളർത്താമെന്നാണ് പറയപ്പെടുന്നത്. അത് പോലെ തന്നെ വീടിന്റെ തെക്ക് ഭാഗത്താണ് ആഞ്ഞിലി വളർത്തേണ്ടത് എന്ന് പറയുന്നു. ഇലഞ്ഞിയും പേരാലും വിഷാംശത്തെ നശിപ്പിക്കുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതിനാൽ വസ്തുവിൽ എവിടെയും വളർത്താം എന്നിരുന്നാലും പേരാൽ വീട് നിൽക്കുന്ന ഭാഗത്ത് ഒഴിവാക്കുന്നതാണ് നല്ലത് എന്നും അടിസ്ഥാന ഗ്രന്ഥങ്ങളിൽ കാണുന്നു. അരയാലും ഏഴിലംപാലയും അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുന്നതാണ്.
നാഗവൃക്ഷവും പ്ലാവും വീടിന്റെ വടക്കേദിക്കിൽ നല്ലതാണ്. നിങ്ങളുടെ ഭൂമിയുടെ വടക്കുഭാഗം താഴ്ന്നതാണെങ്കിൽ പൊതുവേ ഈർപ്പത്തെ വലിച്ചെടുത്ത് അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാനും ഉത്തരായനകാലത്തെ മഴയും തണുപ്പും ലഘൂകരിക്കാനും ഇത് ഉപകരിക്കും എന്നതിൽ സംശയമില്ല. വീടിനടുത്തോ,കിണർ,കുളം എന്നിവയുടെ അരികിലോ കാഞ്ഞിരം വളർത്തുന്നത് കിണറ്റിലെ വെള്ളം വിഷബാധയുള്ളതാക്കും. അതുപോലെ മാവ് ഗൃഹത്തിന്റെ ഏതുഭാഗത്തും നട്ടുവളർത്താം.
പൂരുരുട്ടാതിയിൽ പിറന്നവർക്ക് വീടിന്റെ വടക്ക്കിഴക്ക് ഭാഗത്തെ തേന്മാവ് വളരെ നല്ലതാണെന്ന് കാണാം, ഭൂമിയുടെ തെക്ക്പടിഞ്ഞാറ് ഭാഗത്ത് പുളിയോ അത് പോലെ മറ്റ് ഉയരമുള്ളതും ബലമുള്ളതുമായ വൃക്ഷങ്ങൾ നല്ലതാണെന്നും പറയപ്പെടുന്നു. ആ ദിക്കിൽ കണിക്കൊന്നയും, ഇലഞ്ഞിയും നല്ലതാണ് . തെക്കുപടിഞ്ഞാറ് ഭാഗത്തെ വലിയ വൃക്ഷങ്ങൾ വെയിലിൽ നിന്നും തെക്കുപടിഞ്ഞാറൻ മൺസൂൺ കാലാവസ്ഥയിൽ നിന്നും നിങ്ങളുടെ വീടിനെ സംരക്ഷിക്കും എന്നകാര്യത്തിൽ തർക്കമില്ല.
അതുപോലെ തന്നെ നമ്മുടെ വസ്തുവിൽ കൂവളം, നെല്ലി, പ്ലാവ് എന്നിവ ഒന്നിച്ച് വളരുന്നതും നട്ട് വളർത്തുന്നതും വളരെ ഐശ്വര്യപ്രദമാണെന്നും പറയുന്നു. 'നാരകം നട്ടിടം, കൂവളം കെട്ടിടം' എന്നൊക്കെ പറയുന്നത് പ്രാസം ഉപയോഗിച്ച് ആരെങ്കിലും പറഞ്ഞുതുടങ്ങിയതായിരിക്കാം. അത് തെറ്റായ ഒരു പ്രചാരണമാണോ എന്നറിയില്ല എന്തായാലും അതിന്റെ ശാസ്ത്രീയത എന്താണെന്ന് ഒരു ഗ്രന്ഥങ്ങളിലും കാണുന്നില്ല, കൂവളത്തിന്റെ ഔഷധഗുണം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ?
വടക്കുപടിഞ്ഞാറ് ഭാഗത്തും തെക്കുകിഴക്ക് ഭാഗത്തും മുള വളർത്തുന്നതും നല്ലതാണെന്ന് കാണുന്നു. അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ നാല്പാമരങ്ങൾ ദേവാലയത്തിൽ അല്ലാതെ താമസസ്ഥലത്ത് വളർത്താൻ പാടില്ല എന്നും വടക്ക് അത്തി പാടില്ല, തെക്ക് ഇത്തി പാടില്ല കിഴക്ക് അരയാൽ പാടില്ല, പടിഞ്ഞാറ് പേരാൽ പാടില്ല എന്നിങ്ങനെയും നമ്മുടെ പരമ്പരാഗത ശാസ്ത്രമനുസരിച്ച് പറയപ്പെടുന്നു.നാരകം നടാൻ പാടില്ല എന്നും പഴമക്കാർ പറയാറുണ്ട് എങ്കിലും അതിന്റെ ശാസ്ത്രീയമായ യുക്തി മനസ്സിലാകുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ