വെല്ലിങ്ടൺ: ഇന്ത്യൻ വംശജനെ കൊന്ന കേസിൽ കുറ്റക്കാരാണെന്ന് ആരോപിക്കപ്പെട്ട രണ്ടു ആൺകുട്ടികളുടെ വിചാരണ ഏഴു മാസത്തേക്ക് നീട്ടിക്കൊണ്ട് കോടതി വിധിയായി. വെസ്റ്റ് ഓക്‌ലാൻഡ് ഹെൻഡേഴ്‌സണിലുള്ള റെയിൽസൈഡ് ഡയറിൽ അരങ്ങേറിയ കൊലപാതകത്തിന്റെ വിചാരണയാണ് ഏഴു മാസത്തേക്ക് നീട്ടിവച്ചിരിക്കുന്നത്.

ജൂൺ പത്തിനാണ് 57 കാരനായ അരുൺ കുമാർ കൊല്ലപ്പെടുന്നത്. ഈ കേസിൽ പതിമൂന്നുകാരനേയും പന്ത്രണ്ടുകാരനേയുമാണ് കുറ്റക്കാരെന്ന് ആരോപിക്കപ്പെട്ടിട്ടുള്ളത്. ഡയറിയിൽ ഭാര്യയുമൊത്ത് ജോലി ചെയ്തുകൊണ്ടിരിക്കേയാണ് അരുൺകുമാർ കൊല്ലപ്പെടുന്നത്. പ്രതികളെന്ന് പറയപ്പെടുന്ന ആൺകുട്ടികൾ രണ്ടുപേരും ഇപ്പോൾ ചൈൽഡ് യൂത്ത് ആൻഡ് ഫാമിലി സംരക്ഷണത്തിലാണ്.

കുട്ടികളുടെ പ്രായം പരിഗണിച്ച് ഇവരുടെ പേരു വിവരം പുറത്തുവിട്ടിട്ടില്ല. നാലാഴ്ച നീണ്ടു നിൽക്കുന്ന വിചാരണ അടുത്ത ജൂൺ രണ്ടിലേക്കാണ് മാറ്റിവച്ചിരിക്കുന്നത്. ചില സാങ്കേതിക കാരണങ്ങളാലാണ് വിചാരണ നീട്ടിവച്ചതെന്ന് കോടതി അറിയിച്ചിട്ടുണ്ട്.
അതേസമയം വിചാരണ നീട്ടിവച്ചതിൽ അരുൺകുമാറിന്റെ ഭാര്യ അനിതയും മകൻ ശിവനീലും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.