ദുബായ് : തട്ടിപ്പിന്റെ പല രീതി കണ്ടിട്ടുണ്ടെങ്കിലും ഞെട്ടിക്കുന്ന ഒന്നായിരുന്നു ഇക്കഴിഞ്ഞ ജൂണിൽ ദുബായിൽ നിന്നും പുറത്ത് വന്നത്. മസാജിനെന്ന് പറഞ്ഞ് ഫ്‌ളാറ്റിലെത്തിയ നൈജീരിയൻ യുവതികൾ ഉസ്‌ബെക്കിസ്ഥാൻ സ്വദേശിയായ യുവാവിനെ മുറിയിൽ ബന്ധിയാക്കിയ ശേഷം പണം കവരുകയായിരുന്നുവെന്നാണ് കേസ്. സംഭവത്തിൽ ഇപ്പോൾ ദുബായ് കോടതിയിൽ വിചാരണ പുരോഗമിക്കുകയാണ്. 28നും 33നും മധ്യേ പ്രായമുള്ള നാലു യുവതികൾ മസാജിനെന്ന് പറഞ്ഞ് ഫ്‌ളാറ്റിലെത്തിയ ശേഷം യുവാവിനെ മർദ്ദിക്കുകയും ബന്ധിയാക്കിയ ശേഷം 4500 ദിർഹം മോഷ്ടിക്കുകയുമായിരുന്നു.

കാർഡ് വഴി പരസ്യം കണ്ടാണ് താൻ ഇവരെ മസാജിനായി വിളിച്ചതെന്നും യുവാവ് വെളിപ്പെടുത്തിയിരുന്നു. ഞായറാഴ്ച കോടതിയിൽ നടന്ന വാദത്തിനിടെ യുവതികൾ കുറ്റം നിഷേധിച്ചു. യുവാവിനെ തടഞ്ഞുവയ്ക്കുകയോ ഭീഷണിപ്പെടുത്തി പണം വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് യുവതികൾ ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിൽ പറഞ്ഞു. കേസിൽ ഈമാസം 20ന് വീണ്ടും വാദം നടക്കും.

നഗ്നനാക്കി ഫോട്ടോയെടുത്തു, പ്രതികളെ കുടുക്കിയത് സിസിടവി ദൃശ്യങ്ങൾ

പരസ്യത്തിലുണ്ടായിരുന്ന മേൽവിലാസത്തിലെ ഫ്‌ളാറ്റിൽ എത്തിയപ്പോഴാണ് യുവാവ് തട്ടിപ്പിന്റെ പിന്നാമ്പുറ കഥ അറിയുന്നത്. യുവാവിന് 24 വയസാണ് പ്രായമെന്നാണ് വിവരം. സ്ഥലത്ത് വന്നയുടൻ തന്നെ യുവാവിനെ യുവതികൾ സ്വീകരിച്ച് അകത്തേക്ക് കൊണ്ടു പോവുകയായിരുന്നു. പിന്നാലെ അഞ്ചു നൈജീരിയൻ യുവതികൾ ചേർന്ന് ആക്രമിച്ചു.

മർദ്ദിച്ച് അവശനാക്കിയ ശേഷം വസ്ത്രം വലിച്ച് കിറി നഗ്ന ചിത്രങ്ങൾ എടുത്തു. ശേഷം യുവാവിന്റെ പക്കലുണ്ടായിരുന്ന പണവും കൈക്കലാക്കി. ശേഷം യുവതികൾ മുങ്ങുകയായിരുന്നു. ചതിക്കിരയായ യുവാവ് അൽ റാഫാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ജൂൺ ആറിന് രാത്രി പതിനൊന്നു മണിയോടെ മൂന്ന് സ്ത്രീകൾ ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിയോടുന്നതായി പാക്കിസ്ഥാനി സെക്യൂരിറ്റി പൊലീസിന് മൊഴി നൽകി.

ഒരു നൈജീരിയൻ പുരുഷനും ഉണ്ടായിരുന്നു. അൽപസമയത്തിനുള്ളിൽ പൊലീസ് സംഘം എത്തുന്നതാണ് കണ്ടത്. മോഷണം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു പറഞ്ഞതെന്നും സെക്യൂരിറ്റി പറഞ്ഞു. തുടർന്ന് ഫ്‌ളാറ്റിലെ സിസി ടിവി കാമറയുടെ ദൃശ്യത്തിന്റെ സഹായത്തോടെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.