പത്തനംതിട്ട: ശരീരമാസകലം മാരകമായ മുറിവുകളോടെ ആദിവാസി യുവാവ് റോഡരികിൽ മരിച്ച നിലയിൽ. ആത്മഹത്യയെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടെങ്കിലും ഇൻക്വസ്റ്റ് തയാറാക്കിയ പൊലീസിന്റെ പ്രാഥമിക നിഗമനം കൊലപാതകമെന്ന്. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ (തിങ്കൾ) റാന്നി താലൂക്കിൽ ഹർത്താലിന് ബിജെപി ആഹ്വാനം ചെയ്തു. സ്വകാര്യ ബസിലെ ക്ലീനറായ അടിച്ചിപ്പുഴ ആദിവാസി കോളനിയിൽ തേക്കുംമൂട്ടിൽ പരേതനായ ബാലന്റെ മകൻ ബാലു (19) ആണ് മരിച്ചത്. നിരപ്പുപാറ- അത്തിക്കയം റോഡരുകിലെ ഓടയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്.

ശരീരമാസകലം മുറിവുകൾ ഉള്ളതിനാൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യും. കഴുത്തിൽ ആഴത്തിൽ മുറിവുണ്ട്. വാരിയെല്ലുകൾ ഒടിഞ്ഞ് കഷണങ്ങളായി. പുറമാസകലം ക്ഷതമേറ്റ പാടുകളും തെളിഞ്ഞു കാണുന്നുണ്ട്. ഇതാണ് കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലെത്താൻ പൊലീസിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ, തിരുവല്ല ഡിവൈഎസ്‌പി ആർ. ചന്ദ്രശേഖരപിള്ള, റാന്നി സിഐ ന്യൂമാൻ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.ആദിവാസി യുവാവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് താലൂക്കിൽ തിങ്കളാഴ്ച ഹർത്താൽ നടത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട അറിയിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.