മലപ്പുറം: കരുളായി മാഞ്ചീരിയിൽ ആദിവാസി വൃദ്ധന് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. ചോലനായ്ക്ക കോളനിയിലെ കരിമ്പുഴ മാതനാണ് മരിച്ചത്. 90 വയസായിരുന്നു. രാഷ്ട്രപതിയുടെ ക്ഷണപ്രകാരം ഡൽഹിയിലെത്തി റിപബ്ലിക് പരേഡ് നേരിട്ട് കണ്ടിട്ടുള്ള ആളാണ് മാതൻ. ഭാര്യ കരിക്കക്കൊപ്പമാണ് മാതൻ അന്ന് ഡൽഹിയിലെത്തി പരേഡ് കണ്ടത്.

രാഷ്ട്രപതിയുടെ ക്ഷണപ്രകാരം 2002 ലാണ് ഡൽഹിയിൽപോയി റിപ്പബ്ലിക് ദിന ചടങ്ങിൽ മാതൻ പങ്കെടുത്തത്. ഇരുപത് വർഷത്തിന് ശേഷം മറ്റൊരു റിപ്പബ്ലിക്ക് ദിനത്തിൽ കാട്ടാനയുടെ കുത്തേറ്റ് മരണം സംഭവിക്കുകയായിരുന്നു.

നിലമ്പൂർ വനമേഖലയിൽ വസിക്കുന്ന ഏഷ്യയിലെ ഏക ഗുഹാവാസികളായ ചോലനായ്ക്ക വിഭാഗത്തിലെ കരിമ്പുഴ ഭാഗത്തെ ഗുഹയിൽ താമസിക്കുന്ന കരിമ്പുഴ മാതൻ രാവിലെ മാഞ്ചീരിയിലേക്ക് പോകുമ്പോളാണ് അപകടം ഉണ്ടായത്. പാണപ്പുഴ വാൾക്കെട്ട് ഭാഗത്തു വച്ചാണ് ഇയാളെ കാട്ടാന ആക്രമിച്ചത്.

എല്ലാ ബുധനാഴ്ചയും വനം വകുപ്പും ഐ ടി ഡി പി യും ചേർന്ന് ഇവർക്ക് ആവശ്യ ഭക്ഷ്യവിഭവങ്ങൾ മാഞ്ചീരി കോളനിയിൽ എത്തിക്കാറുണ്ട്. പതിവു പോലെ ഇതു വാങ്ങാൻ രണ്ട് കുട്ടികൾക്കൊപ്പം വരുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കുട്ടികൾ ഓടി രക്ഷപ്പെട്ടു.

കൂട്ടത്തിലുണ്ടായിരുന്ന ചാത്തൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇയാൾ ഓടി രക്ഷപ്പെട്ടങ്കിലും മാതനെ രക്ഷപ്പെടുത്താനായില്ല. പ്രായം കാരണം ഓടി രക്ഷപ്പെടാനും കഴിയാത്തതിനെ തുടർന്ന് ആന കുത്തുകയായിരുന്നു. തുടർന്ന് ചാത്തനെത്തി വിവരമറിയിച്ചതിനെ തുടർന്ന് കൂടുതൽ ആദിവാസികളും അധികൃതരും സ്ഥലത്തെത്തിയെങ്കിലും മൃതദേഹത്തിന് ചുറ്റും ആനക്കൂട്ടം തമ്പടിച്ചതിനാൽ മൃതദേഹം മാറ്റാനായിട്ടില്ല. കരിക്കയാണ് ഭാര്യ.

ഈ സമയം ഭക്ഷ്യ വിതരണത്തിന് ശേഷം വനപാലകർ ഉൾപ്പെടെയുള്ളവർ മടങ്ങുകയും ചെയ്തിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മാതനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകീട്ട് നാലോടെയാണ് കോളനി നിവാസികളിൽ നിന്നും വിവരം അറിഞ്ഞതെന്ന് കരുളായി റെയ്ഞ്ച് ഓഫിസർ നജ്മൽ അമീൻ പറഞ്ഞു. ഉടൻ തന്നെ വനപാലകരെ കോളനിയിലേക്ക് അയച്ചു.

ഉൾവനത്തിലായതിനാലും കാട്ടാന പരിസര പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നതിനാലും വലിയ ജാഗ്രതയോടെയാണ് വനപാലകരും പൊലീസും സംഭവസ്ഥലത്തേക്ക് പോയത്. നാളെ പെരിന്തൽമണ്ണ സബ് കലക്ടർ എത്തിയ ശേഷമായിരിക്കും പോസ്റ്റ്‌മോർട്ടം നടപടികളിലേക്ക് കടക്കുക. 20 വർഷം മുമ്പ് നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിലാണ് രാഷ്ട്രപതിയുടെ നിർദ്ദേശപ്രകാരം ഡൽഹിൽ അതിഥിയായി കരിമ്പുഴ മാതനും ഭാര്യ കരിക്കയും പങ്കെടുത്തത്.