- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു വർഷമായിട്ടും പുനരധിവാസം എങ്ങുമെത്തിയില്ല; മിന്നൽസമരവുമായി നിലമ്പൂരിലെ ആദിവാസികൾ; കണ്ണ് തുറന്നില്ലെങ്കിൽ കളക്ടറേറ്റിന് മുന്നിൽ രാപകൽ സമരം
മലപ്പുറം: കണ്ണൻകുണ്ടിലെ മാതൃക വില്ലേജ് നിർമ്മാണം മൂന്നു വർഷമായിട്ടും പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് ഗുണഭോക്താകളായ ഗോത്രവർഗ കുടുംബങ്ങൾ നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിന് മുന്നിൽ മിന്നൽ സമരം നടത്തി. ഇന്നു രാവിലെ പതിനൊന്നരയോടെയാണ് സ്ത്രികളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങൾ ഓഫീസിന് മുന്നിലെത്തിയത്. ഒരുമാസത്തിനകം ഗോത്രവർഗ കുടുംബങ്ങളുടെ വീടുപണി ആരംഭിച്ചില്ലെങ്കിൽ കളക്ടറേറ്റ് പടിക്കൽ രാപകൽ സമരം ആരംഭിക്കുമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് പ്രഖ്യാപിച്ചു. നീതിക്കായി ആദിവാസികളുടെ പ്രക്ഷോഭത്തിന് കോൺഗ്രസ് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബർ രണ്ടിന് വീടുപണി തുടങ്ങുമെന്ന് പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ സുരേഷ് നൽകിയ വാഗ്ദാനം ജലരേഖയായതോടെയാണ് പ്രതിഷേധവുമായി ആദിവാസി കുടുംബങ്ങൾ സമരരംഗത്തിറങ്ങിയത്.
നാടിനെ നടുക്കിയ 2018ല ഉരുൾപൊട്ടലിലും മലവെള്ളപാച്ചിലില്ലും വീടും കിടപ്പാടവും നഷ്ടപ്പെട്ട ചാലിയാർ പഞ്ചായത്തിലെ ചെട്ടിയംപാറ, മതിൽമൂല, വൈലാശ്ശേരി, പെരുവമ്പാടം എന്നിവിടങ്ങളിലെ 34 ഗോത്ര വർഗ കുടുംബങ്ങളുടെ പുനരധിവാസത്തിനാണ് വനം വകുപ്പിൽ നിന്നും ലഭിച്ച പത്ത് ഹെക്ടർ ഭൂമിയിൽ സംസ്ഥാനത്തെ ആദ്യത്തെ മാതൃക വില്ലേജ് വിഭാവനം ചെയ്തത്. റോഡ്, സ്റ്റേഡിയം, ക്ഷേത്രം, കമ്യൂണിറ്റി സെന്റർ, കുടിവെള്ളം, അംഗണവാടി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ ആദ്യത്തെ മാതൃക ഗ്രാമമാണിത്. 2018 ഡിസംബറിൽ യാഥാർത്ഥ്യമാക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയ മാതൃക ഗ്രാമമാണ് മൂന്നു വർഷമായിട്ടും നിർമ്മാണം മുടങ്ങി കിടക്കുന്നത്.
നിർമ്മിതിക്കാണ് മാതൃക ഗ്രാമം പദ്ധതിയുടെ നിർമ്മാണ ചുമതല നൽകിയത്. ഇതിൽ ഒമ്പത് വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ച് കുടുംബങ്ങൾക്ക് കൈമാറി. എസ്റ്റിമേറ്റ് പ്രകാരമല്ല വീടുകളുടെ നിർമ്മാണം നടക്കുന്നതെന്ന് ആരോപിച്ച് ഗുണഭോക്താകളായ ശേഷിച്ച കുടുംബങ്ങൾ എതിർപ്പുമായി രംഗത്ത് വന്നു. ഇതോടെ നിർമ്മാണ പ്രവൃത്തി നിശ്ചലമായി. പ്രവർത്തി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മുൻ കലക്ടർമാരുടെ ചേംബറിൽ നിരവധി തവണ യോഗം ചേർന്നിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 18 ന് നിലമ്പൂർ താലൂക്ക് ഒഫീസിൽ സബ് കലക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഒക്ടോബർ രണ്ടിന് വീടുകളുടെ നിർമ്മാണം തുടങ്ങുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതും ലംഘിക്കപ്പെട്ടതോടെയാണ് കുടുംബങ്ങൾ മിന്നൽ സമരവുമായെത്തിയെത്.
സമരത്തിനു ശേഷം ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസറുമായി ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി. കളക്ടറുടെ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ വീടുനിർമ്മാണത്തിന് ഗുണഭോക്താക്കൾക്ക് ഫണ്ടും അനുമതിയും നൽകാമെന്ന് ട്രൈബൽ ഡെവലപ്പ്‌മെന്റ് ഡയറക്ടർ ടി.വി അനുപമ ഫോണിൽ അറിയിച്ചു. ഇതോടെയാണ് ഒരുമാസത്തെ സാവകാശം നൽകാനും അനുകൂല നടപടിയില്ലെങ്കിൽ ഡിസംബർ ഒന്നു മുതൽ കളക്ടറേറ്റ് പടിക്കൽ രാപ്പകൽ സമരം നടത്താനും തീരുമാനിച്ചത്.
ചാലിയാർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ തോണിയിൽ സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പവല്ലി, ജില്ലാ പഞ്ചായത്ത് അംഗം എൻ.എ.കരീം,ഡി.സി.സി സെക്രട്ടറി ഹാരിസ് ബാബു, എ.ഗോപിനാഥ്, ബിന്ദു വൈലാശ്ശേരി, കുട്ടൻ മതിൽമൂല, രാധ, മാധവി എന്നിവർ പ്രസംഗിച്ചു.