ന്തോനേഷ്യയിലെ, വൻകരയിൽ നിന്നും ഏറെ മാറിക്കിടക്കുന്ന ഫ്ളോറെസ് ദ്വീപിലെ ചുണ്ണാമ്പുകല്ലുകൾ നിറഞ്ഞ മലനിരകൾക്കിടയിൽ ശാസ്ത്രജ്ഞർഒരു ഉത്ഘനനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. കൊടും വനത്തിനുള്ളിൽ മറഞ്ഞുപോയ ഒരു പ്രാചീന ആവാസ വ്യവസ്ഥയെ കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ അറിയുകയാണ് അവരുടെ ലക്ഷ്യം. അവരുടെ പ്രതീക്ഷകളും വളരെ പരിമിതമായിരുന്നു, ഏതാനും പ്രാചീന ഉപകരണങ്ങൾ കണ്ടെത്താനായേക്കും.

എന്നാൽ, 2003-ലെ ആ ദിവസം അവർക്ക് ലഭിച്ചത് ഒരുപക്ഷെ മനുഷ്യന്റെ പരിണാമ ചക്രത്തിൽ തന്നെ വലിയൊരു മാറ്റം വരുത്തിയ ഒന്നായിരുന്നു. ഇതുവരെ ആരും അറിയാതിരുന്ന പരിണാമ ചക്രത്തിലെ ഒരു പുതിയ കണ്ണി കണ്ടെത്തിയത് അന്നായിരുന്നു. ഒരു ചെറിയ തലയോട്ടി അവർക്ക് ലഭിച്ചു. അത് മനുഷ്യന്റെ ഒരു പുതിയ സ്പീഷിസിൽ പെട്ട ആളുടെതാണെന്ന് വ്യക്തമായി. അതുകഴിഞ്ഞാണ് ഒരു സ്ത്രീയുടെ അസ്ഥികൂടത്തിന്റെ ഏതാനും ഭാഗങ്ങൾ ലഭിച്ചത്. നാലടി ഉയരമുള്ള സ്ത്രീയുടെതായിരുന്നു അതെന്ന് പഠനത്തിൽ വ്യക്തമായി.

ഹോമോ ഫ്ളോറെസീൻസിസ് എന്ന് ശാസ്ത്രീയമായി നാമകരണം ചെയ്യുകയും ചെയ്തു. ഇവ ആധുനിക മനുഷ്യരായ ഹോമോ സാപ്പിയൻസിനൊപ്പം സഹവസിച്ചിരുന്ന ഒരു സ്പീഷീസ് ആകാം എന്നുള്ളതാണ് ഈ തലയോട്ടിയും അസ്ഥികൂടവു കണ്ടെത്തിയതിലൂടെ തെളിയുന്നത്. മാത്രമല്ല, ഇവരിൽ പലരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാകാം എന്നും ശാസ്ത്രജ്ഞർ കരുതുന്നു. കിഴക്കൻ ഇന്തോനേഷ്യയിലെ വിദൂര പർവ്വത മേഖലകളിൽ ഇക്കൂട്ടർ ഇപ്പോഴും ജീവിക്കുന്നു എന്നാണ് പലരും വിശ്വസിക്കുന്നത്.

ഹോബിറ്റ് എന്ന സാധാരണ നാമം നൽകിയ ഇവർ മനുഷ്യരുടെ നേരിട്ടുള്ള പൂർവ്വികരോ ല്ലെങ്കിൽ അടുത്ത ബന്ധമുള്ള സ്പീഷീസൊ ആകാം എന്നാണ് ബ്രിട്ടീഷ് ആന്ത്രൊപ്പോളജിസ്റ്റായ ഡോ. ഗ്രിഗറി ഫൊർത്ത് പറയുന്നത്. ഇവർ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന് പലരും വിശ്വസിക്കുന്നു. ഇത്തരത്തിലുള്ളവരെ നേരിൽ കണ്ടതായി ഏകദേശം 30 പേരോളം സാക്ഷി മൊഴി നൽകിയിട്ടുമുണ്ട്. ഇത് പൂർണ്ണമായും വിശ്വസിക്കാൻ ആകില്ലെങ്കിലും തീർത്തും നിഷേധിക്കാനുമാകില്ലെന്നാണ് ശാസ്ത്രലോകത്തിന്റെ നിലപാട്.

1920 കളിൽ ഇന്തോനേഷ്യയിലെത്തിയ ചില മിഷണറിമാർ മനുഷ്യക്കുരങ്ങിനോട് സദൃശ്യമുള്ള മനുഷ്യരെ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബിറ്റിയൂവിൻ എയ്പ് ആൻഡ് ഹ്യൂമൻ എന്ന ഗ്രന്ഥത്തിന്റെ രചന നടത്തിക്കൊണ്ടിരിക്കുന്ന ഡോ. ഫോർത്ത് പറഞ്ഞത് 1984-ൽ ഈ ദ്വീപിൽ മറ്റൊരു പര്യവേക്ഷണം നടത്തുന്നതിനിടയിലാണ് ഈ ആദിമ മനുഷ്യർ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന വാർത്ത ആദ്യം കേട്ടതെന്നാണ്. തുടർന്ന് 2001-ൽ ഫോർത്ത് ഇവിടം സന്ദർശിച്ച്, തികച്ചും ഒറ്റപ്പെട്ട് ജീവിച്ചിരുന്ന ഒരു ഗോത്രവർഗ്ഗക്കാരുമായി ബന്ധപ്പെട്ടു.

അപ്പോഴാണ് ഹോബിറ്റ് മനുഷ്യരെ കുറിച്ചുള്ള രസകരമായ കഥകൾ കേൾക്കാൻ ഇടയായതും. അത്തരക്കരെ പ്രദേശവാസികൾ പലപ്പോഴായി കണ്ടിട്ടുണ്ടെന്നും പറഞ്ഞു. അതിനും രണ്ടു വർഷങ്ങൾക്ക് ഇപ്പുറമാണ് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തുന്നതും ഒരു പുതിയ സ്പീഷീസ് മനുഷ്യകുലത്തിൽ ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കപ്പെടുന്നതും.

തലയോട്ടിയിലും അസ്ഥികളിലും നടത്തിയ പഠനങ്ങളിൽ അവർ നടന്നിരുന്നതും ചവച്ചിരുന്നതുമൊക്കെ മനുഷ്യർക്ക് സമാനമായ രീതിയിലാണെന്ന് കണ്ടെത്തി. എന്നാൽ ആധുനിക മനുഷ്യനുള്ള തലച്ചോറിന്റെ മൂന്നിലൊന്ന് മാത്രമായിരുന്നു അവർക്ക്. ഹോമോ ഫ്ളോറെസീൻസിസ് മനുഷ്യർക്ക് ആയുധങ്ങൾ ഉപയോഗിക്കുവാൻ അറിയാമായിരുന്നു. മാത്രമല്ല, അവർ അഗ്‌നിയും ഉപയോഗിച്ചിരുന്നു. ഏകദേശം 2 ലക്ഷം വർഷങ്ങൾക്ക് മുൻപാണ് ആധുനിക മനുഷ്യനായ ഹോമോ സപിയൻസ് പരിണമിച്ചെത്തിയത്. അക്കാലത്ത് ഹോമോ ജനുസിൽ പെടുന്ന പൽ മുൻഗാമികൾക്കൊപ്പവും ആധുനിക മനുഷ്യൻ സഹവാസം നടത്തിയിട്ടുണ്ട്. ഏകദേശം 30,000 വർഷങ്ങൾക്ക് മുൻപ് ഇല്ലാതെയായി എന്ന് വിശ്വസിക്കിൂന്ന നിയാണ്ടാർറ്റലെൻസിസ് എന്ന സ്പീഷീസാണ് ഇതിൽ ആധുനിക മനുഷ്യനോട് ഏറ്റവും അടുത്തുള്ള സ്പീഷീസ്.

ഇപ്പോൾ കണ്ടെടുത്ത ഹോബിറ്റ്മനുഷ്യരുടെ സ്പീഷീസ് നിലനിന്നിരുന്നത് 1,90,000 മുതൽ 50,000 വരെ വർഷങ്ങൾക്ക് മുൻപായിരുന്നു എന്നാണ് കരുതുന്നത്. പരിണാമ പ്രക്രിയയുടെ വ്യക്തമായ് ചിത്രം ലഭ്യമല്ല,. ഈ സ്പീഷീസ് എന്നാണ് വംശനാശം സംഭവിച്ച് ഇല്ലാതായതെന്ന് അറിയില്ല. അതല്ല, നിയാണ്ടർതാലസിനെയും അതിജീവിച്ച് ഈ സ്പീഷീസ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെങ്കിൽ, ഇവരായിരിക്കും ആധുനിക മനുഷ്യനോട് ഏറ്റവും അടുത്തു നിന്ന പൂർവ്വികൻ.