പാലാ: എന്നും കത്തോലിക്കാ സഭയുടെ കടുത്ത വിമർശനകനായിരുന്നു ജോസഫ് പുലിക്കുന്നേൽ. പൗരോഹിത്യത്തോടായിരുന്നു അദ്ദേഹത്തിന് എതിർപ്പ്. കത്തോലിക്കാ സഭയിലെ സംസ്‌ക്കാര ചടങ്ങുകളോട് അടക്കം വ്യത്യസ്ത നിലപാട് സ്വീകരിച്ച അദ്ദേഹത്തിന്റെ സംസ്‌ക്കാര ചടങ്ങുകൾ അദ്ദേഹം ആഗ്രഹിച്ചതു പോലെ നടന്നു. അന്ത്യയാത്രയിലും അടിമുടി വ്യത്യസ്തനായി ആ വിപ്ലവകാരി.

സ്വന്തം മരണാനന്തരചടങ്ങുകൾക്ക് സ്വയം മാനദണ്ഡങ്ങൾ നിശ്ചയിച്ച പുലിക്കുന്നേലിന്, ആഗ്രഹിച്ചപോലെ നാട് അന്ത്യയാത്ര നല്കി. 2008-ൽ ഭാര്യ കൊച്ചുറാണി മരിച്ചപ്പോൾ ശവസംസ്‌കാരചടങ്ങുകൾ നടത്തിയ, ഇടമറ്റത്തെ ഓശാനമൗണ്ടിലൊരുക്കിയ ചിതയിൽ ജോസഫ് പുലിക്കുന്നേലിനെ അഗ്‌നി ഏറ്റുവാങ്ങി. രാവിലെ പതിനൊന്നരയോടെ ജോസഫ് പുലിക്കുന്നേലിന്റെ കൊച്ചുമക്കളായ അശ്വതി, സിദ്ധാർഥ്, ഗോവിന്ദ്, ആദിത്യൻ എന്നിവർചേർന്ന് ചിതയ്ക്കു തീ കൊളുത്തി.

സഭാനവീകരണപ്രവർത്തനങ്ങൾക്ക് അദ്ദേഹം കേന്ദ്രമാക്കിയ ഓശാന കുന്നിലേക്ക് നാടൊന്നാകെ ഒഴുകിയെത്തി. അന്ത്യാഞ്ജലി അർപ്പിച്ചവർ റീത്തിനുപകരം പൂക്കളാണ് മൃതദേഹത്തിൽ സമർപ്പിച്ചത്. തന്റെ മൃതശരീരത്തിൽ റീത്തുവയ്ക്കരുതെന്ന നിർദ്ദേശം, ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹം നൽകിയിരുന്നു. പുലിക്കുന്നേലിനെ അവസാനമായി ഒരുേനാക്കുകാണാൻ ആയിരങ്ങളാണ് ഓശാനമൗണ്ടിലെത്തിയത്.

സംസ്‌ക്കാരചടങ്ങുകൾ കത്തോലിക്കാ വിരുദ്ധമായിട്ടും ജീവിതം മുഴുവൻ സഭയുടെ കടുത്ത വിമർശകൻ ആയിരുന്നിട്ടും നിരവധി മെത്രാന്മാരും വൈദികരും സംസ്‌ക്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തി എന്നതാണ് അദ്ദേഹത്തിന്റെ ജീവിത മഹത്വം വ്യക്തമാക്കുന്നത്. ക്രിസ്തുവിനെ ആരാധിച്ചിരുന്ന അദ്ദേഹം സഭയിലെ തെറ്റായ കീഴ്‌വഴക്കങ്ങളെയാണ് എതിർത്തിരുന്നത്. എങ്കിലും എതിർപ്പുകൾ മാറ്റിവെച്ച് വൈദികർ അദ്ദേഹത്തിന് അന്ത്യയാത്ര നൽകാനെത്തി.

സിറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയെ പ്രതിനിധാനംചെയ്ത് കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഓശാനമൗണ്ടിൽ എത്തി പ്രാർത്ഥന നടത്തി. പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, വിവിധ ക്രൈസ്തവസഭകളുടെ ബിഷപ്പുമാർ, പുരോഹിതന്മാർ എന്നിവർ പ്രാർത്ഥനകൾ നടത്തി. ഓശാനയുടെ ഡയറക്ടർബോർഡംഗം ഫാ. എം.ജെ.ജോസഫിന്റെ നേതൃത്വത്തിൽ വീട്ടിൽ കുടുംബാംഗങ്ങൾചേർന്നു നടത്തിയ പ്രാർത്ഥനകൾക്കുശേഷമാണ് മൃതദേഹം ദഹിപ്പിക്കാനായി എടുത്തത്.

എംഎ‍ൽഎ.മാരായ കെ.എം.മാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, പി.സി.ജോർജ്, കെ.സി.ജോസഫ്, ജോയി എബ്രഹാം എംപി., ജസ്റ്റിസ് കെ.ടി.തോമസ് എന്നിവർ ശവസംസ്‌കാരചടങ്ങുകളിൽ പങ്കെടുത്തു. പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കനും വ്യാഴാഴ്ച പ്രാർത്ഥനകൾ നടത്തി.

ജീവിതകാലം മുഴുവൻ ആരുടെയും മുന്നിൽ തലകുനിക്കാത്തെ ജീവിച്ച ജോസഫ് പുലിക്കുന്നേലിന്റെ വിടവാങ്ങലും ധീരമായി തന്നെയായി. അതിന് സമാനതകൾ ഉണ്ടായിരുന്നില്ല.