- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നര വർഷമായി കാൻസറിന്റെ പിടിയിൽ; മരണകാരണമായത് പത്ത് ദിവസം മുമ്പ് ഉണ്ടായ പനി; 45-ാം വയസ്സിൽ മരിക്കുമ്പോൾ ആർക്കും മറക്കാനാവാത്ത ശബ്ദമായി രാധികാ തിലക് മാറിയത് ഇങ്ങനെ
കൊച്ചി: ലളിത ഗാന സംഗീതത്തിന്റെ കരുത്തുമായെത്തി മലയാളി സിനിമാ പിന്നണി ഗാന രംഗത്ത് ശ്രദ്ധേയമായ വ്യക്തിത്വമാണ് രാധികാ തിലിക്. അവസരങ്ങളുടെ പിന്നാലെ പോകാതെ കിട്ടിയതെല്ലാം സാധ്യതകളാക്കി മാറ്റിയ കലാകാരി. ലളിത ഗാനാലാപനത്തിന്റെ മികവുമായെത്തിയ കുയിൽ നാദമാണ് രാധികാ തിലക് എന്നായിരുന്നു കിട്ടിയ അംഗീകാരം. ഇന്നലെ രാത്രിയാണ് രാധിക തിലക് (45) അ

കൊച്ചി: ലളിത ഗാന സംഗീതത്തിന്റെ കരുത്തുമായെത്തി മലയാളി സിനിമാ പിന്നണി ഗാന രംഗത്ത് ശ്രദ്ധേയമായ വ്യക്തിത്വമാണ് രാധികാ തിലിക്. അവസരങ്ങളുടെ പിന്നാലെ പോകാതെ കിട്ടിയതെല്ലാം സാധ്യതകളാക്കി മാറ്റിയ കലാകാരി. ലളിത ഗാനാലാപനത്തിന്റെ മികവുമായെത്തിയ കുയിൽ നാദമാണ് രാധികാ തിലക് എന്നായിരുന്നു കിട്ടിയ അംഗീകാരം.
ഇന്നലെ രാത്രിയാണ് രാധിക തിലക് (45) അന്തരിച്ചത്. അർബുദ ബാധയെ തുടർന്ന് ഒന്നര വർഷമായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 8.15 ന് എറണാകുളം കൃഷ്ണ ആശുപത്രിയിലായിരുന്നു അന്ത്യം. അണുബാധയെ തുടർന്നുള്ള പനി കടുത്തപ്പോഴാണ് കൃഷ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്ത് ദിവസം മുമ്പ് വന്ന പനിയാണ് ഗായികയുടെ മരണത്തിന് കാരണമായത്.
ആകാശവാണിയിലൂടെയായിരുന്നു തുടക്കം. എം.ജി. ശ്രീകുമാർ, യേശുദാസ്, വേണുഗോപാൽ തുടങ്ങിയവർക്കൊപ്പം നിരവധി സ്റ്റേജ് ഷോകളിലും പങ്കെടുത്തിട്ടുണ്ട്. ബന്ധു കൂടിയായ ജി. വേണുഗോപാലിനൊപ്പം 'ഒറ്റയാൾ പട്ടാളം' എന്ന ചിത്രത്തിൽ ആലപിച്ച 'മായാമഞ്ചലിൽ...' എന്ന ഗാനത്തോടെയാണ് രാധിക സിനിമാ രംഗത്ത് ശ്രദ്ധേയയായത്. ഗുരുവിൽ ദേവസംഗീതം നീയല്ലോ... , കന്മദത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ.... ദീപസ്തംഭം മഹാശ്ചര്യത്തിൽ എന്റെയുള്ളുടുക്കും കൊട്ടി..., തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ രാധിക പാടിയവയാണ്. സംഘഗാനം എന്ന ചിത്രത്തിലെ 'പുൽക്കൊടിതുമ്പിലും' എന്നതാണ് ആദ്യസിനിമാ ഗാനം. നിരവധി കാസറ്റുകളിലും സി.ഡികളിലും രാധിക പാടിയിട്ടുണ്ട്.
ഏതാണ്ട് 70 ഗാനങ്ങളാണ് മലയാള സിനിമയിൽ രാധികയുടേതായുള്ളത്. അതിൽ തന്നെ വിരലിലെണ്ണാവുന്നവ മാത്രമാണ് ശ്രദ്ധിക്കപ്പെട്ടതും. ചെപ്പു കിലുക്കണ ചങ്ങാതി, ഒറ്റയാൾ പട്ടാളം, സ്‌നേഹം,.പട്ടാളം, ദീപസ്തംഭം മഹാശ്ചര്യം എന്നിവയാണു പ്രധാന ചിത്രങ്ങൾ. മായാ മഞ്ചലിൽ (ഒറ്റയാൾ പട്ടാളം) , അരുണ കിരണ ദീപം.. , ദേവ സംഗീതം നീയല്ലേ (ഗുരു) , കൈതപ്പൂ മണം (സ്‌നേഹം), തിരുവാതിര ,മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ (കന്മദം) , നിന്റെ കണ്ണിൽ വിരുന്നു വന്നു (ദീപ സ്തംഭം മഹാശ്ചര്യം ) എന്നിവയാണു അവരുടെ പ്രധാന പാട്ടുകൾ.
നിരവധി ഭക്തിഗാനങ്ങളും ആലപിച്ചിട്ടുണ്ട്. സംഗീത പാരമ്പര്യമുള്ള എറണാകുളം രവിപുരത്തെ ശ്രീകണ്ഠത്ത് കുടുംബത്തിൽ ജനിച്ച രാധിക എറണാകുളം ചിന്മയ വിദ്യാലയം, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മഹാത്മാഗാന്ധി യുവജനോത്സവത്തിൽ ലളിതഗാനത്തിന് ഒന്നാം സമ്മാനം നേടിയായിരുന്നു സംഗീത വേദികളിലേക്കുള്ള രാധികയുടെ ആദ്യ കാൽവെപ്പ്. പിന്നീട് സ്റ്റേജ് ഷോകളിലൂടെയും കാെസറ്റുകളിലൂടെയും രാധികയുടെ സ്വരമാധുരി മലയാളിയുടെ മനസ്സിൽ ഇടംപിടിച്ചു.
അഞ്ച് വർഷക്കാലത്തെ ദുബായ് ജീവിതത്തിനിടെ ഗൾഫിൽ നടന്ന യേശുദാസിന്റെയും ദക്ഷിണാമൂർത്തി, ജോൺസൺ, രവീന്ദ്രൻ മാഷ്, എംജി ശ്രീകുമാർ തുടങ്ങിയവരുടെയെല്ലാം സംഗീത സന്ധ്യകളിലും രാധിക തിലക് സജീവ സാന്നിദ്ധ്യമായിരുന്നു. ദുബായിൽ താമസിക്കവേ വോയ്‌സ് ഓഫ് അറേബ്യ എന്ന ടെലിവിഷൻ ഷോയും അവതരിപ്പിച്ചിരുന്നു. രോഗബാധയെ തുടർന്ന് കുറച്ചുകാലമായി സംഗീതരംഗത്തു നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
രാധികയെ എംജി ശ്രീകുമാർ അനുസ്മരിക്കുന്നത് ഇങ്ങനെ. പന്ത്രണ്ടു വർഷം ഞങ്ങൾ ഒരുമിച്ച് പാടി. എന്റെ കൂടെ വേദിയിൽ ഇത്രയും പാട്ടുകൾ പാടിയ മറ്റൊരു ഗായികയില്ല. പല ഭാഷകളിലെ പലതരം ഗാനങ്ങൾ വഴങ്ങുമായിരുന്ന ശബ്ദമാണ് രാധികയുടേത്. ലോകത്തെ പല വേദികളിൽ രാധികയ്‌ക്കൊപ്പം പാടിയപ്പോഴുള്ള അനുഭവങ്ങൾ മനസ്സിലൂടെ കടന്നപോവുകയാണ്. ഇളയരാജ ഉൾപ്പെടെ പലരോടും രാധികയെക്കുറിച്ച് ഞാൻ സൂചിപ്പിച്ചിട്ടുമുണ്ട്. പക്ഷേ വേണ്ടത്ര അവസരങ്ങൾ രാധികയ്ക്ക് ലഭിച്ചില്ലെന്നതാണു സത്യം. ഇത്ര കഴിവുള്ള ഗായികയായിട്ടും അർഹതയുള്ള പാട്ടുകൾ രാധികയ്ക്ക് കിട്ടിയില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ചിത്രയ്ക്കും സുജാതയ്ക്കും ശേഷം നമ്മൾ പരിഗണിക്കുന്ന പേര് രാധിക തിലക് എന്നാകുമായിരുന്നു. ഗുരുവിലെയും മറ്റും ഗാനങ്ങൾ കേൾക്കുമ്പോൾ രാധികയുടെ പ്രതിഭ നമുക്ക് തിരിച്ചറിയാനാവും.
ശ്രീകണ്ഠത്ത് പി.ജെ. തിലകന്റെയും പരേതയായ ഗിരിജാ ദേവിയുടെയും മകളാണ്. കാർ ബിസിനസ്സുകാരനായ സുരേഷ് കൃഷ്ണയാണ് രാധികയുടെ ഭർത്താവ്. മകൾ ദേവിക (എൽ.എൽ.ബി. വിദ്യാർത്ഥിനി, കളമശ്ശേരി ന്യുവാൽസ്). മൃതദേഹം രാത്രി പത്തുമണിയോടെ കൊച്ചി പനമ്പിള്ളി നഗറിലെ ആർവിൻ റോസ് ഡെയ്ൽ അപ്പാർട്ട്‌മെന്റിലേക്ക് കൊണ്ടുപോയി. പൊതുദർശനത്തിനു ശേഷം ശവസംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് 4 ന് രവിപുരം ശ്മശാനത്തിൽ നടക്കും.

