സോപ്പിലും ഷാംപൂവിലും ടൂത്ത് പേസ്റ്റിലും മറ്റു സൗന്ദര്യ വർധക വസ്തുക്കളിലും ഒരു ചേരുവയായ ട്രികോൾസാൻ എന്ന രാസപദാർത്ഥം മനുഷ്യരിൽ കാൻസറുണ്ടാക്കിയേക്കുമെന്ന് പഠനം. പരീക്ഷണത്തിനുപയോഗിച്ച എലികളിൽ കരൾ ക്യാൻസറിന് ഇതു കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇതാണ് മനുഷ്യരിൽ ഇത് എത്രത്തോളം സുരക്ഷിതമാണന്ന ആശങ്കയ്ക്കിടയാക്കിയിരിക്കുന്നത്. ബാക്ടീരിയകളെ പ്രതിരേധിക്കാനായാണ് ട്രികോൾസാൻ ബാത്ത്‌റൂം, കിച്ചൻ ഉൽപ്പന്നങ്ങളിൽ സാധാരണ ചേർക്കുന്നതാണ്. ഈ പദാർത്ഥമടങ്ങിയ ഭക്ഷണം നൽകിയ എലികളിൽ കരൾ ക്യാൻസർ ഉണ്ടാകുന്നതായാണ് തെളിഞ്ഞത്. ട്രികോൾസാനെ കരൾ ക്യാൻസറുമായും മറ്റു കരൾ രോഗങ്ങളുമായും ബന്ധിപ്പിക്കുന്ന ഏറ്റവും പുതിയ പഠനമാണിത്. അതേസമയം ഈ കണ്ടെത്തലുകളിൽ ട്രികോൾസാനും ഇത് കൂടുതലായി ഉപയോഗിക്കുന്നവരിലുണ്ടാകുന്ന രോഗങ്ങളും തമ്മിൽ നേരിട്ടുള്ള ബന്ധം തെളിയിക്കപ്പെട്ടിട്ടില്ല എന്നതിനാൽ കരുതലോടെ വേണം ഫലത്തെ വിലയിരുത്താനെന്ന് മറ്റു ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പു നൽകുന്നു.

ദിവസേന മൂന്ന് ഗ്രാം വീതം ട്രികോൾസാൻ ആറു മാസം വരെ എലികളെ തീറ്റിച്ചാണ് പരീക്ഷണം നടത്തിയത്. മറ്റ് ക്യാൻസർജനകമായ പദാർത്ഥങ്ങളെക്കാൾ മാരമാണിതെന്ന് പഠനം സൂചിപ്പിക്കുന്നു. ഒരു ഗ്രാം ടൂത്ത് പേസ്റ്റിൽ 0.03 ശതമാനം ട്രികോൾസാനാണ് അടങ്ങിയിരിക്കുന്നത്. എലികളിൽ നടത്തിയ ആറുമാസത്തെ പരീക്ഷണം കണക്കിലെടുത്താൽ മനുഷ്യരിൽ 18 വർഷം കൊണ്ട് ക്യാൻസർ രോഗം വരാമെന്നു ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. പ്രൊസീഡിങ്‌സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസ് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എലികളിൽ ട്രികോൾസാൻ ക്യാൻസറിനു കാരണമാകുന്നുണ്ടെങ്കിൽ മനുഷ്യരിലും ഇതു സമാന മാറ്റങ്ങൾക്ക് കരാണമാകാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

രക്തത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കുന്ന പ്രൊട്ടീന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തിയാണ് കരളിൽ ട്രികോൾസാൻ രോഗബാധയുണ്ടാക്കുന്നത്. ഈ തടസ്സത്തെ മറികടക്കാൻ കരൾ കൂടുതൽ കോശങ്ങളെ ഉൽപ്പാദിപ്പിക്കുന്നു. ഇത് ക്യാൻസറിനു കാരണമാകുന്നുവെന്ന് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു. പ്രകൃതിദത്തമല്ലാത്ത ഈ കൃത്രിമ രാസപദാർത്ഥം പരീക്ഷണ വിധേയരാക്കിയവരിൽ ഭൂരിഭാഗം പേരുടെ മൂത്രത്തിലും മലയൂട്ടുന്ന അമ്മമാരിൽ 97 ശതമാനം പേരുടെ മുലപ്പാലിലും അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയെന്നും ഗവേഷകർ പറയുന്നു. മാരകമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ട്രികോൾസാനിന്റെ അപകട സാധ്യത കണക്കിലെടുത്ത് യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ ഇതിന്റെ ഉപയോഗം നിയന്ത്രിക്കുകയും ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. നിത്യോപയോഗ വസ്തുക്കളിൽ ഇതിന്റെ ഉപേയാഗം മാറ്റാൻ നിർദ്ദേശിക്കാവുന്ന തരത്തിലുള്ള തെളിവുകൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും എഫ്ഡിഎ പറയുന്നു.

ശസ്ത്രക്രിയകൾക്കു വേണ്ടി ഉപയോഗിക്കാൻ 1970-കളിലാണ് ട്രികോൾസാൻ ആദ്യമായി വികസിപ്പിച്ചെടുത്തത്. ഇന്ന് നിത്യോപയോഗ വസ്തുക്കളിൽ വ്യാപകമായി ഉപയോഗിച്ചു പേൂരന്നു ഇത് പ്രതിവർഷം ലോകത്തൊട്ടാതെ 1500 ടണ്ണോളം ഉൽപാദിപ്പിക്കുന്നുണ്ട്. ഇതിന്റെ നല്ലൊരു ശതമാനവും നദികളിലും പുഴകളിലും ഒഴുകിപ്പോകുകയാണ് ചെയ്യുന്നത്. യുഎസിലെ ജലാശയങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഏഴ് രാസപദാർത്ഥങ്ങളിൽ ഒന്നാണിത്.