കൊച്ചി: തൃക്കാക്കരയിൽ താൻ സ്ഥാനാർത്ഥി ആകുന്നതിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് ഉമ കെ തോമസ്. ഉപതെരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആളുകൾ സ്ഥാനാർത്ഥിയാണല്ലേ എന്ന് ചോദിച്ചുവെന്നും തനിക്ക് അറിയാത്ത കാര്യത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്നും ഉമ തോമസ് പറഞ്ഞു. 'കുറേപ്പേർ വിളിച്ചു ചോദിച്ചു. ഓരാള് സ്ഥാനാർത്ഥി ആണല്ലേ എന്ന് തന്നെ ചോദിച്ചു. എനിക്ക് അതൊന്നും അറിയില്ല. ഞാനറിയാത്ത കാര്യം എങ്ങനെയാ പറയുക. ഒന്നും അറിയില്ലാട്ടോ'-ഉമ തോമസ് പറഞ്ഞു.

അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് എത്രയും പെട്ടെന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. എഐസിസിയുടെയും യുഡിഎഫ് ഘടകകക്ഷികളുടെയും സമ്മതത്തോടെ ഉടൻ സ്ഥാനർത്ഥിയെ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉജ്ജ്വല വിജയം നേടും. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച തിരുവനന്തപുരത്ത് പ്രധാനപ്പെട്ട നേതാക്കളുമായി കൂടിയാലോചന നടത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെ- റെയിൽ മുഖ്യ വിഷയമാക്കിയാവും പ്രചരണം നടത്തുകയെന്നും വിഡി സതീശൻ പറഞ്ഞു.പ്രഖ്യാപനം വന്നതിന് പിന്നാലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളുമായി എൽഡിഎഫും യുഡിഎഫും മുന്നോട്ട് പോവുകയാണ്. കോൺഗ്രസിന്റെ പ്രാഥമിക ചർച്ച നാളെ തിരുവനന്തപുരത്ത് നടക്കും.

ഇടത് മുന്നണി സ്ഥാനാർത്ഥി ചർച്ചകൾ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റിലായിരിക്കും ഉണ്ടാവുക. ശക്തനായ സ്ഥാനാർത്ഥിയെ നിർത്തുമെന്ന് കെ സുരേന്ദ്രൻ പ്രഖ്യാപിച്ച ബിജെപിക്ക് വേണ്ടി എഎൻ രാധാകൃഷ്ണൻ മത്സരിക്കുമെന്നാണ് സൂചന.തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മെയ് 31നാണ് നടക്കുക. ജൂൺ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്‌ച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനമിറക്കും.

മെയ് 11 ആണ് പത്രിക നൽകാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിൻവലിക്കാൻ അനുവദിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികൾ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ശക്തമാക്കി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 14,329 വോട്ടുകൾക്കാണ് പിടി തോമസ് ജയിച്ചു കയറിയത്.