- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃക്കാക്കര തങ്ങളുടെ പൊന്നാപുരം കോട്ട എന്ന് യുഡിഎഫ്; കോട്ട ഇടിച്ചുതകർക്കുമെന്ന് എൽഡിഎഫ്; വികസന രാഷ്ട്രീയം പറയാൻ ഇടതുമുന്നണി ഒരുങ്ങുമ്പോൾ വോട്ടുകൊണ്ട് പിണറായി ഭരണത്തിന് മറുപടി കൊടുക്കാൻ ആഹ്വാനം ചെയ്ത് യുഡിഎഫ്; ഉമാ തോമസിനെ പ്രഖ്യാപിച്ചതോടെ രണ്ടുദിവസത്തിനകം സ്ഥാനാർത്ഥിയെ ഇറക്കി പോരിന് വീറുകൂട്ടാൻ എൽഡിഎഫും
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെ മുന്നണികൾ വീറിലും വാശിയിലുമായി. തൃക്കാക്കര മണ്ഡലം കോൺഗ്രസിന്റെ പൊന്നാപുരം കോട്ടയാണെന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ആദ്യ വെടി പൊട്ടിച്ചത്. യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ തൃക്കാക്കരയിൽ വിജയിക്കും. ഇടത് സർക്കാരിനെതിരെയുള്ള വിധിയെഴുത്താകും തൃക്കാക്കരയിലേതെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു
അതേസമയം, തൃക്കാക്കരയിൽ ഇടതുമുന്നണി വിജയിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ തിരിച്ചടിച്ചു. മികച്ച സ്ഥാനാർത്ഥിയായിരിക്കും എൽഡിഎഫിന്റേത്. കേരളം വികസന കുതിപ്പിലാണ്. സംസ്ഥാനത്ത് എൽഡിഎഫ് സീറ്റ് നില മൂന്നക്കം കടക്കും. സഹതാപത്തെ മാത്രം ആശ്രയിച്ച് മത്സരിക്കുന്നവരോട് ഒന്നും പറയാനില്ല.
എൽഡിഎഫ് വികസനത്തിന്റെ രാഷ്ട്രീയം പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിടുക. ഐശ്വര്യ സമൃദ്ധമായ കേരളം സൃഷ്ടിക്കലാണ് ഇടതുപക്ഷത്തിന്റെ ചുമതല. കെ റെയിൽ ചർച്ച വികസനത്തിന്റെ കരുത്ത് കൂട്ടും. സിൽവർ ലൈൻ ജനവികാരം എൽഡിഎഫിന് അനുകൂലമാക്കും. തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണെങ്കിൽ അത് ഇടിച്ചു തകർക്കാനുള്ള കരുത്ത് എൽഡിഎഫിനുണ്ടെന്നും ഇ പി പറഞ്ഞു.
എൽഡിഎഫ് ജയിക്കേണ്ട മണ്ഡലമെന്ന് പ്രചാരണം വേണം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവമായി പ്രവർത്തിക്കണമെന്ന് നേതാക്കൾക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ തൃക്കാക്കര തിരിച്ചു പിടിക്കണം. എന്നാൽ യുഡിഎഫിന്റെ സിറ്റിങ് മണ്ഡലമായല്ല എൽഡിഎഫ് ജയിക്കേണ്ട മണ്ഡലമെന്ന രീതിയിലാവണം പ്രചാരണമെന്നാണ് മുഖ്യമന്ത്രി നൽകുന്ന നിർദ്ദേശം. അമേരിക്കയിൽ ചികിൽസയിലുള്ള മുഖ്യമന്ത്രി മുതിർന്ന നേതാക്കളുമായി ഫോണിലൂടെ ആശയവിനിമയം നടത്തി.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രവർത്തനങ്ങളുടെ പൂർണ ചുമതല സിപിഐമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇപി ജയരാജനാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം സ്വരാജും പി രാജീവും മണ്ഡലത്തിൽ നിന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. പ്രചരണത്തിൽ പങ്കെടുക്കാനായി താൻ തൃക്കാക്കരയിലെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രണ്ടു ദിവസത്തിനകം എൽഡിഎഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാവും.
എൽഡിഎഫ് വികസനത്തിന്റെ രാഷ്ട്രീയം പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് ഇ പിജയരാജൻ പറഞ്ഞു. ഐശ്വര്യ സമൃദ്ധമായ കേരളം സൃഷ്ടിക്കലാണ് ഇടതുപക്ഷത്തിന്റെ ചുമതല. സിൽവർ ലൈൻ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ എൽഡിഎഫ് തയ്യാറാണ്. കെ റെയിൽ ചർച്ച വികസനത്തിന്റെ കരുത്ത് കൂട്ടുമെന്നും സിൽവർ ലൈൻ ജനവികാരം അനുകൂലമാക്കുമെന്നുമാണ് എൽഡിഎഫ് കൺവീനരുടെ പ്രതികരണം.
ഉറപ്പാണ് 100, ഉറപ്പാണ് തൃക്കാക്കര: എൽഡിഎഫ് സൈബർ ക്യാമ്പെയിൻ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ജയത്തിനായുള്ള സൈബർ ക്യാംപെയ്ന് തുടക്കമിട്ട് എം സ്വരാജ്. 'ഉറപ്പാണ് 100, ഉറപ്പാണ് തൃക്കാക്കര' എന്ന വാക്കുകളുമായി സ്വരാജ് പോസ്റ്റര് പങ്കുവെച്ചു. സമൂഹത്തിന്റെ നാനാതുറയിൽ പെട്ടെ സാധാരണക്കാരായ മനുഷ്യർ മുഷ്ടി ചുരുട്ടി ഉയർത്തി നിൽക്കുന്ന ചിത്രങ്ങളാണ് പോസ്റ്ററിൽ. ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റർ ഇതിനോടകം എൽഡിഎഫ് അനുകൂലികൾ ഏറ്റെടുത്തു കഴിഞ്ഞു.
2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ക്ലിക്കായ 'ഉറപ്പാണ് എൽഡിഎഫ്' ടാഗ് ലൈനിന്റെ തുടർച്ചയായാണ് ഇത്. എൽഡിഎഫിന് തുടർഭരണം ഉറപ്പാണ്, ക്ഷേമപ്രവർത്തനങ്ങളിൽ സർക്കാരിന്റെ ഉറപ്പ് എപ്പോഴുമുണ്ടാകും എന്നീ ആശയങ്ങളിൽ രണ്ട് വാക്കുകളിലൂടെ ജനങ്ങളിലെത്തിക്കാൻ ഈ ക്യാംപെയ്ന് സാധിച്ചിരുന്നു. നിയമസഭയിൽ നൂറ് സീറ്റ് തികയ്ക്കാൻ അങ്ങേയറ്റം പ്രയത്നിക്കും യുഡിഎഫ് സീറ്റ് പിടിച്ചെടുക്കും എന്നീ ആവേശ ചിന്ത സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പുതിയ ടാഗ് ലൈൻ.
പിണറായി ഭരണത്തിന് കനത്ത പ്രഹരമാകുമെന്ന് സുധാകരൻ
പതിവ് പോലെ ഇക്കാര്യത്തിലും പിണറായി വിജയനെ ലാക്കാക്കി അമ്പെയ്യാൻ ആയിരുന്നു കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന് താൽപര്യം. തൃക്കാക്കരയിൽ യുഡിഎഫ് സ്വന്തമാക്കുന്ന ഓരോ വോട്ടും പിണറായി വിജയന്റെ അഴിമതി ഭരണത്തിന്റെ തിരുനെറ്റിയിലുള്ള കനത്ത പ്രഹരമായിരിക്കണമെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ ശിഷ്ടഭാഗം ഇങ്ങനെ:
കമ്മീഷൻ റെയിലിന്റെ പേരിൽ വീട്ടമ്മമാരെ തെരുവിൽ വലിച്ചിഴച്ചവർക്ക് വോട്ട് കൊണ്ട് മറുപടി കൊടുക്കേണ്ടേ? കിടപ്പാടം നഷ്ടപ്പെടുന്നതിൽ പ്രതിഷേധിച്ച പാവങ്ങളുടെ നെഞ്ചിൽ ചവിട്ടിയ സിപിഎമ്മിന്റെ ഭരണകൂടത്തിന് വോട്ട് കൊണ്ട് മറുപടി കൊടുക്കേണ്ടേ? കിസ്റ്റ്യൻ പുരോഹിതനെ വരെ മർദ്ദിച്ച പിണറായി വിജയന്റെ ഭരണകൂടത്തിന് വോട്ട് കൊണ്ട് മറുപടി കൊടുക്കേണ്ടേ?
സ്ത്രീ സുരക്ഷ കടലാസിൽ മാത്രമൊതുക്കിയ, മലയാളത്തിന്റെ പ്രിയ നായികയെ പോലും വേട്ടയാടിയവർക്കൊപ്പം നിൽക്കുന്ന സ്ത്രീവിരുദ്ധ ഭരണകൂടത്തിനെതിരെ ആത്മാഭിമാനമുള്ള സ്ത്രീകളുടെ പ്രതിഷേധം വോട്ട് കൊണ്ട് രേഖപ്പെടുത്തേണ്ടേ? സംഘപരിവാറിന് കുഴലൂതുന്ന, ഭരണത്തിൽ ഗുജറാത്തിനെ മാതൃകയാക്കുന്ന പിണറായി വിജയന് നാം വോട്ട് കൊണ്ട് മറുപടി കൊടുക്കണ്ടേ?
അടിമുടി ദുരന്തമായ ആഭ്യന്തര വകുപ്പിന്റെ മുഖത്ത് നമുക്ക് വോട്ട് കൊണ്ട് പ്രഹരിക്കേണ്ടേ? കെ എസ് ഇ ബി - കെ എസ് ആർ ടി സി - ബിവറേജസ് കോർപ്പറേഷൻ അടക്കം സകല സ്ഥാപനങ്ങളെയും കടക്കെണിയിൽ വീഴ്‌ത്തിയ പിണറായി വിജയനോട് വോട്ട് കൊണ്ട് പകരം വീട്ടേണ്ടേ?
കൊലയാളികളെ സംരക്ഷിക്കാൻ ഖജനാവിൽ നിന്ന് കോടികൾ ധൂർത്തടിച്ച ആഭ്യന്തര മന്ത്രിയെ വോട്ട് കൊണ്ട് വിചാരണ നടത്തേണ്ടേ? വിലക്കയറ്റം രൂക്ഷമാക്കിയ, ഇന്ധന നികുതി പോലും കുറക്കാത്ത മുഖ്യമന്ത്രിയോട് വോട്ട് കൊണ്ട് പ്രതികരിക്കേണ്ടേ?
തൃക്കാക്കരയിലെ പ്രബുദ്ധ ജനത കേരളത്തിന് വേണ്ടി ഈ ഭരണകൂടത്തോട് പ്രതികരിക്കുമെന്ന് കേരളത്തിന്റെ പൊതു സമൂഹം പ്രത്യാശിക്കുന്നു. അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുന്ന പിണറായി ഭരണത്തിന് താക്കീത് നൽകാൻ ഓരോ വോട്ടും തൃക്കാക്കരയുടെ പെൺകരുത്ത് ശ്രീമതി ഉമ തോമസിന് നൽകി വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് സ്‌നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ