കൊച്ചി: തൃക്കാക്കരയിൽ സിപിഎം ഒരുങ്ങുന്നത് ഒരു സർപ്രൈസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാണ്. കെ.എസ്.അരുൺകുമാർ ആകും ഇടതുമുന്നണി സ്ഥാനാർത്ഥി എന്ന് പ്രചാരണം ഉണ്ടായെങ്കിലും, മുതിർന്ന നേതാക്കളായ ഇ.പി.ജയരാജനും, പി.രാജീവും അത് നിഷേധിച്ചു. തീരുമാനം എടുക്കുന്നതേയുള്ളു എന്നാണ് അവർ പറഞ്ഞത്.

കെ എസ് അരുൺ കുമാറോ കെവി തോമസോ കെവി തോമസിന്റെ മക്കളോ സ്ഥാനാർത്ഥിയാകില്ല എന്ന് നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിക്കുന്ന നേതാവ് തൃക്കാക്കരയിൽ സിപിഎം പിന്തുണയോടെ മത്സരിക്കുമെന്നാണ് അറിയുന്നത്. ഇടത് പക്ഷത്തിന്റെ സ്ഥാനാർത്ഥിയെ കുറിച്ചുള്ള വ്യക്തമായ സൂചന മറുനാടന് കിട്ടി. തൃക്കാക്കരയിൽ വമ്പൻ സപ്രൈസാകും കോൺഗ്രസിന് സിപിഎം നൽകുക. അമേരിക്കയിൽ ചികിൽസയിലുള്ള മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആണ് കരുക്കൾ നീക്കിയത്. സ്ഥാനാർത്ഥിയെ കണ്ടെത്തിയതിൽ കെവി തോമസിനും നിർണ്ണായക പങ്കുണ്ട്. വികസന രാഷ്ട്രീയം ചർച്ചയാക്കുന്നതിനൊപ്പം ലത്തീൻ ക്രൈസ്തവ വോട്ടുകളും പെട്ടിയിലെത്തിക്കാൻ സർപ്രൈസിലൂടെ സിപിഎം ശ്രമിക്കും.

അതേസമയം, ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപ് തൃക്കാക്കരയിൽ കെഎസ് അരുൺ കുമാറിന് വേണ്ടി ചുവരെഴുത്തും പ്രത്യക്ഷപ്പെട്ടു. വോട്ട് അഭ്യർത്ഥിച്ച് കൊണ്ടുള്ള ചുവരെഴുത്ത് ഉച്ചയോടെയാണ് തൃക്കാക്കരയിൽ പ്രത്യക്ഷപ്പെട്ടത്. സ്ഥാനാർത്ഥിയെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെന്ന് വ്യക്തമായതോടെ ചുവരെഴുത്ത് നിർത്തിവച്ചു.

ഇപ്പോൾ പുറത്തുവരുന്ന പേര് ഊഹാപോഹം മാത്രമാണ്. അന്തിമമായി സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല. സിപിഐഎമ്മിന് ഒരു സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിന് നടപടി ക്രമങ്ങളുണ്ട്. ഇന്ന് വൈകിട്ടോടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും ഇപി പ്രതികരിച്ചു.
സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറിയേറ്റിന് ശേഷം പുറത്തിറങ്ങിയ മന്ത്രി പി രാജീവും പ്രതികരിച്ചിരുന്നു. അരുൺ കുമാർ ആണോ സ്ഥാനാർത്ഥിയെന്ന ചോദ്യത്തിന് ആലോചനകൾ തുടരുകയാണെന്ന് രാജീവ് പറഞ്ഞു.

തൃക്കാക്കരയിൽ ഉമ തോമസിന് എതിരാളിയായി അരുൺ കുമാർ വരുമെന്ന വാർത്ത മണിക്കൂറുകൾക്ക് മുൻപാണ് പുറത്തുവന്നത്. ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുന്നതിനിടെയാണ് റിപ്പോർട്ടുകൾ വന്ന് തുടങ്ങിയത്.സിപിഐഎം ജില്ലാ കമ്മറ്റി അംഗമാണ് അരുൺ കുമാർ. ഡിവൈഎഫ്ഐ നേതാവായിരുന്ന അരുൺ കുമാർ കെ റെയിൽ സംവാദങ്ങളിൽ സർക്കാർ നിലപാട് അവതരിപ്പിച്ചതിലൂടെ വളരെ ശ്രദ്ധേയനായി. ശിശുക്ഷേമ സമിതി ജില്ലാ ഉപാദ്ധ്യക്ഷനാണ്. ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും മുൻ പ്രസിഡന്റുമാണ്.
ഭാരത് മാതാ കോളേജ് മുൻ അദ്ധ്യാപികയും സീറോ മലബാർ സഭാ വക്താവുമായ കൊച്ചുറാണി ജോസഫ്, കൊച്ചി മേയർ എം അനിൽ കുമാർ എന്നിവരുടെ പേരും എൽഡിഎഫ് പരിഗണിക്കുന്നതായി വാർത്തയുണ്ടായിരുന്നു. കെ വി തോമസിന്റെ മകൾ രേഖാ തോമസിന്റെ പേരും ഇക്കൂട്ടത്തിൽ ഉയർന്നുകേട്ടു.

ഉമാ തോമസാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെന്നതിനാൽ കരുതലോടെയാണ് സിപിഎം ഓരോ ചുവടും നീങ്ങുന്നത്. സിപിഎമ്മിൽ നിന്നൊരു സ്ഥാനാർത്ഥിക്ക് പിടി തോമസ് സഹതാപ തരംഗത്തെ അതിജീവിക്കാൻ കഴിയില്ല. ഇതു കൂടി മനസ്സിലാക്കിയാണ് എതിർ ക്യാമ്പിലേക്ക് ചൂണ്ടിയിട്ടത്. കുമ്പളങ്ങിയിലെ തിരുത മീനിനെ പിടിക്കുന്ന വൈഭവത്തോടെ കെവി തോമസ് സിപിഎമ്മിന് വേണ്ടി ആ ലക്ഷ്യം കൈയെത്തി നേടിയെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത്. ജില്ലാ കമ്മറ്റിയും മറ്റും അരുൺകുമാറിനൊപ്പമാണ്. എന്നാൽ നിയമസഭയിൽ സെഞ്ച്വറി അടിക്കാൻ ഇറക്കുമതി താരത്തെ ഇറക്കുകയാണ് പിണറായിയും കോടിയേരിയും. സഭയുടെ പിന്തുണ ഉറപ്പാക്കി മത്സരിക്കാനാണ് സ്ഥാനാർത്ഥിക്ക് താൽപ്പര്യം. അതുകൊണ്ടാണ് പ്രഖ്യാപനം വൈകുന്നത്. അതിനിടെ സഭാ നേതൃത്വത്തെ കൈയിലെടുത്ത് സിപിഎമ്മിനെ ഞെട്ടിക്കാൻ കോൺഗ്രസും നീക്കം സജീവമാക്കുന്നുണ്ട്.

നാളെ ഇടതു മുന്നണി യോഗം ചേരുന്നുണ്ട്. സിപിഎമ്മിന് പുറത്തു നിന്നുള്ള സ്ഥാനാർത്ഥിയായതു കൊണ്ടാണ് ഇടതു പക്ഷത്തെ കൂടി കാര്യങ്ങൾ ധരിപ്പിക്കുന്നത്. ഈ യോഗത്തിന് ശേഷം സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും. മന്ത്രിയായിരുന്ന നേതാവാകും മത്സരത്തിന് എത്തുക. നാളെ ഇടതു സ്ഥാനാർത്ഥിയെ സിപിഎം പ്രഖ്യാപിക്കും.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നിയമസഭയിൽ അംഗബലം നൂറ് തികയ്ക്കാൻ ലക്ഷ്യമിട്ടാണ് ഇടതുപക്ഷം ഇറങ്ങുന്നത്. ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്ന ടാഗ്ലൈനാണ് പ്രചാരണത്തിന്റെ മുഖ്യ വാചകം. സമൂഹമാധ്യമങ്ങളിൽ നേതാക്കൾ ഇതുമായി ബന്ധപ്പെട്ട കാർഡുകൾ പുറത്തുവിട്ടു. തൃക്കാക്കര മണ്ഡലം ഇക്കുറി പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം. കേരള നിയമസഭയിൽ എംഎൽഎമാരുടെ എണ്ണം നൂറിലെത്തുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. വികസനത്തിന് വേണ്ടിയായിരിക്കും വോട്ട് ചോദിക്കുകയെന്നും പി രാജീവ് പറഞ്ഞു. കെ റയിൽ പ്രചാരണ വിഷയമാക്കാനാണ് സിപിഎം തീരുമാനം.

യുഡിഎഫിന് മേൽക്കോയ്മയുള്ള മണ്ഡലമാണ്, എന്നാൽ ഇത്തവണ മണ്ഡലം പിടിക്കണം എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഉന്നത നേതാക്കളുമായുള്ള ആശയവിനിമയത്തിൽ അതിന് കഴിയുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചതെന്നും രാജീവ് പറഞ്ഞു. രണ്ടാഴ്ച മുൻപ് മുന്നണി കൺവീനറായി ചുമതലയേറ്റെടുത്ത ഇപി ജയരാജൻ നേരിട്ട് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഏകോപ്പിപ്പിക്കും. മന്ത്രി പി രാജീവും സെക്രട്ടേറിയറ്റംഗം എം സ്വരാജും മുഴുവൻ സമയം മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. കെ റയിലിനെതിരെ സംസ്ഥാന വ്യാപകമായ എതിർപ്പ് മുന്നണിക്കും സർക്കാരിനുമെതിരെ നിൽക്കുമ്പോൾ വികസന വിഷയം തന്നെ മുന്നോട്ട് വെക്കാനുള്ള ധൈര്യവും സിപിഎം കാണിക്കും.

നഗര കേന്ദ്രീകൃത മണ്ഡലത്തിൽ വികസന അജണ്ടക്ക് പ്രാധാന്യം കിട്ടുമെന്ന കണക്ക് കൂട്ടലിലാണ് സിപിഎം. ഉടക്കി നിൽക്കുന്ന കെവി തോമസ് ഘടകം, യുഡിഎഫിലെ സ്ഥാനാർത്ഥി നിർണയം ഉണ്ടാക്കാവുന്ന പ്രശ്നങ്ങൾ, ട്വന്റി ട്വന്റി - ആപ് സംയുക്ത സ്ഥാനാർത്ഥി നീക്കം ഇതെല്ലാം പരമാവധി തങ്ങൾക്ക് ഗുണകരമാകുമെന്ന് സിപിഎം പ്രതീക്ഷ.