- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൃണമൂൽ നേതാവ് സായോണി ഘോഷിനെതിരെ വധശ്രമത്തിന് കേസ്; ത്രിപുരയിൽ അറസ്റ്റിൽ; പൊലീസ് സ്റ്റേഷനിൽ ബിജെപി പ്രവർത്തകർ മർദിച്ചുവെന്ന് ആരോപണം
അഗർത്തല: തൃണമൂൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റും ബംഗാളി നടിയുമായ സായോണി ഘോഷ് ത്രിപുരയിൽ അറസ്റ്റിൽ. ശനിയാഴ്ച ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന്റെ പരിപാടി തടസപ്പെടുത്തിയതിനാണ് അറസ്റ്റ്. സയോണിക്കെതിരെ വധശ്രമത്തിന് കേസെടുത്താണ് അറസ്റ്റ് ചെയ്തത്. യോഗത്തിനു നേരെ കല്ലെറിയുകയും അസഭ്യം പറയുകയും ചെയ്തെന്ന് ബിജെപി ആരോപിച്ചു.
അതേ സമയം സയോണിയെ പൊലീസ് സ്റ്റേഷനിൽ ബിജെപി പ്രവർത്തകർ മർദിച്ചതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. അഗർത്തല വനിതാ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദിച്ചുവെന്നാണ് ആരോപണം. എന്നാൽ ആരോപണം ബിജെപി നിഷേധിച്ചു. മുഖ്യമന്ത്രി ബിപ്ലവ് ദേബിന്റെ പരിപാടി തടസ്സപ്പെടുത്തിയതിനാണ് സയോണിയെ അറസ്റ്റ് ചെയ്തതെന്നാണ് ബിജെപി വാദം.
സയോണിക്കൊപ്പമുണ്ടായിരുന്ന സുസ്മിത ദേബ് എംപി, കുണാൽ ഘോഷ്, സുബൽ ഭൗമിക് എന്നിവർക്കും മർദനമേറ്റതായി തൃണമൂൽ നേതൃത്വം ആരോപിച്ചു. പാർട്ടി പ്രവർത്തകർക്ക് പിന്തുണ നൽകാനായി മുതിർന്ന തൃണമൂൽ നേതാവും മമത ബാനർജിയുടെ മരുമകനുമായ അഭിഷേക് ബാനർജി ഉടൻ ത്രിപുരയിലെത്തുമെന്നും തൃണമൂൽ കോൺഗ്രസ് വാർത്താക്കുറിപ്പിലറിയിച്ചു.
സംഭവം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച ചെയ്യാൻ പതിനഞ്ചിലധികം തൃണമൂൽ കോൺഗ്രസ് എംപിമാർ ഞായറാഴ്ച രാത്രി കൊൽക്കത്തയിൽനിന്ന് ഡൽഹിയിലേക്ക് തിരിക്കും. തിങ്കളാഴ്ച ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.
പൊലീസ് സ്റ്റേഷനിൽ സായോണി ഘോഷിനെ ചോദ്യം ചെയ്യുന്നതിനിടെ അവിടെ കൂടിയ ആളുകളെ ഒരു കൂട്ടം അക്രമികൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും ആർക്കും പരിക്കേറ്റില്ലെന്നും ത്രിപുര പൊലീസ് പ്രതികരിച്ചു. വൈകുന്നേരത്തോടെയാണ് വധശ്രമമുൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് സയോണി ഘോഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
2023ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്ത് ചുവടുറപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. നവംബർ 25ന് നടക്കുന്ന ത്രിപുര തദ്ദേശ തിരഞ്ഞെടുപ്പിലും പാർട്ടി മത്സരിക്കുന്നുണ്ട്. ത്രിപുരയിൽ തൃണണമൂൽ കോൺഗ്രസ് പ്രവർത്തനം ആരംഭിച്ചത് മുതൽ പാർട്ടി പ്രവർത്തകർക്ക് നേരെ ആക്രമങ്ങൾ നടക്കുന്നതായി പാർട്ടി ആരോപിച്ചിരുന്നു.




