- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപിയുടെ വൈറസ് വീണ ഭൂമി മോചിപ്പിക്കണം; ബിജെപി റാലി നടത്തിയ പാടത്ത് ചാണകം തളിച്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ; നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങവേ ബംഗാളിൽ ബിജെപി- തൃണമൂൽ പോര് കനക്കുന്നു
കൊൽക്കത്ത: ബിജെപി റാലി നടത്തിയ പാടം ചാണകം തളിച്ച് ശൂചീകരിച്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. ഭിർഭൂമിലെ സിയൂരിയിൽ ബിജെപി റാലി നടത്തിയ സ്ഥലത്താണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ചാണകം തളിച്ചത്. പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിന്റെ ചിത്രത്തിലും പ്രവർത്തകർ ചാണകം തളിച്ചു. ബിജെപിയുടെ വൈറസ് വീണ ഭൂമി മോചിപ്പിക്കുകയാണ് തങ്ങൾ ചെയ്തതെന്നാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഇത് സംബന്ധിച്ച് പ്രതികരിച്ചത്.
അതിനിടെ, തൃണമൂൽ കോൺഗ്രസ് എംഎൽഎ മിഹിർ ഗോസ്വാമി ബിജെപിയിൽ ചേർന്നു. കൂച്ച്ബിഹാർ ദക്ഷിണിനെ പ്രതിനിധീകരിക്കുന്ന എംഎൽഎയാണ് മിഹിർ ഗോസ്വാമി. കഴിഞ്ഞ ദിവസമാണ് മിഹിർ തൃണമൂലിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചത്. ഡൽഹിയിലെ ബിജെപി കേന്ദ്ര ആസ്ഥാനത്തു നടന്ന ചടങ്ങിൽ ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയയുടെ സാന്നിധ്യത്തിലാണ് മിഹിർ ബിജെപി അംഗത്വം സ്വീകരിച്ചത്. 1998ൽ തൃണമൂൽ കോൺഗ്രസ് രൂപവത്കരിച്ചപ്പോൾ മുതൽ പാർട്ടിക്കൊപ്പമുണ്ടായിരുന്ന നേതാവായിരുന്നു മിഹിർ. അവഗണന ഇനിയും സഹിക്കാനാവാത്തതിനാൽ തൃണമൂലുമായുള്ള ബന്ധം തുടരുക ബുദ്ധിമുട്ടാണെന്ന് കഴിഞ്ഞ ദിവസം മിഹിർ പ്രതികരിച്ചിരുന്നു. കഴിഞ്ഞമാസം ബിജെപി. എംപി. നിസിത് പ്രമാണിക്കുമായി മിഹിർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ മിഹിർ പാർട്ടി വിടുകയാണെന്ന അഭ്യൂഹവും ഉയർന്നിരുന്നു. മിഹിർ ബിജെപി. അംഗത്വം സ്വീകരിച്ചതോടെ രാഷ്ട്രീയമായി ഇരട്ട ആഘാതമാണ് ഇന്ന് തൃണമൂൽ കോൺഗ്രസിന് ഉണ്ടായിരിക്കുന്നത്.
തൃണമൂൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മന്ത്രി സുവേന്ദു അധികാരി ഇന്ന് മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് മിഹിർ ഗോസ്വാമി ബിജെപിയിൽ ചേർന്നത്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അധികാരി ബിജെപിയിൽ ചേർന്നേക്കുമെന്നാണ് സൂചന. സുവേന്ദു അധികാരിയുടെ പിതാവ് ശിശിർ അധികാരി തൃണമൂൽ കോൺഗ്രസ് എംപിയാണ്. സുവേന്ദു അധികാരി പാർട്ടി വിടുകയാണെങ്കിൽ പിതാവും സഹോദരങ്ങളടക്കമുള്ളവരും ഒപ്പമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
2007-08-ൽ നന്ദിഗ്രാമിനെ ഇടതുപക്ഷത്ത് നിന്ന് തൃണമൂലിന്റെ ശക്തികേന്ദ്രമാക്കി മാറ്റിയതിന് പിന്നിൽ പ്രധാനിയാണ് സുവേന്ദ. എന്നാൽ നേതൃനിരയിൽ നിരന്തരം സുവേന്ദയെ അവഗണിക്കുന്നുവെന്നാണ് പരാതി. സുവേന്ദു അധികാരി മാസങ്ങളായി തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയാണ്. ഇതിനിടെ ശുഭേന്ദു സ്വന്തം നിലക്ക് റാലികൾ നടത്തുകയും അനുയായികളെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തൃണമൂലിന്റെ കൊടിയോ ബാനറുകളോ റാലികളിൽ ഉപയോഗിച്ചിരുന്നില്ല.
2011-ൽ സുവേന്ദയെ മാറ്റിയാണ് അഭിഷേക് ബാനർജിയെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കിയത്. സുവേന്ദ അധികാരി പാർട്ടിയിൽ നിന്ന് പുറത്ത് പോകുന്നത് തൃണമൂലിന് കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. വിപുലമായ സംഘടനാ ശൃംഖലയുള്ളയാളാണ് അദ്ദേഹം. തൃണമൂലിന്റെ ചുരുക്കം വരുന്ന ജനകീയ നേതാക്കളിലൊരാളായ സുവേന്ദ പാർട്ടി വിടുകയാണെങ്കിൽ കൂടുതൽ നേതാക്കളെ സമാനമായ തീരുമാനത്തിന് പ്രേരിപ്പിക്കുമെന്നും വിലയിരുത്തുന്നു. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടിരിക്കുന്ന ബിജെപിക്ക് സുവേന്ദയുടെ വരവ് വലിയൊരു മുതൽകൂട്ടാകും.
പാർട്ടിയിലെ അസംതൃപ്തിക്ക് പുറമെ സുവേന്ദയ്ക്ക് തൃണമൂൽ വിടാനുള്ള ചില നിർബന്ധിത സാഹചര്യങ്ങളുണ്ടെന്ന റിപ്പോർട്ടുകളുമുണ്ട്. മമതയുടെ അടുത്ത അനുയായിയും ഇപ്പോൾ ബിജെപി ദേശീയ സെക്രട്ടറിയുമായ മുകുൾ റോയിക്കൊപ്പം നാരദ കേസിൽ സുവേന്ദയുടെ പേരും ഇടംപിടിച്ചിട്ടുണ്ട്.
തൃണമൂൽ കോൺഗ്രസ് എംഎൽഎമാരെ വിലയ്ക്ക് വാങ്ങാനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് മമത ആരോപിച്ചിരുന്നു. എന്നാൽ എംഎൽഎമാരുടെ പേര് വെളിപ്പെടുത്താൻ മമത തയ്യാറായിട്ടില്ല. ബിജെപി അധികാരത്തിൽ വരുമെന്ന വ്യാമോഹത്തിലാണ് അവരുടെ പ്രവർത്തനമെന്നും മമത പറഞ്ഞു. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തില്ലെന്നും മികച്ച ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്നും മമത കഴിഞ്ഞ ദിവസം ഒരു റാലിയിൽ പറഞ്ഞിരുന്നു.
സംസ്ഥാനത്ത് പാർട്ടി അധികാരത്തിലേറിയാൽ ബംഗാൾ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കുമെന്ന ബിജെപിനേതാവിന്റെ പ്രസ്താവന വിവാദമായിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് രാജു ബാനർജിയാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. ദുർഗാപൂരിൽ ബിജെപി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പശ്ചിമ ബംഗാളിൽ ഈ ദിവസങ്ങളിൽ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്?, സംസ്ഥാനത്ത് ഗുണ്ടാരാജല്ലേ നിലനിൽക്കുന്നത്? പൊലീസ് ആർക്ക് നേരെയും സഹായത്തിന്റെ ഹസ്തം നീട്ടുന്നില്ല. ഇത്തരക്കാരായ പൊലീസുകാരെ എന്തുചെയ്യണം?, ബിജെപി അധികാരത്തിൽ വന്നാൽ ഇവരെ കൊണ്ട് ബൂട്ട് നക്കിക്കും' - രാജു ബാനർജി പറഞ്ഞു.
കഴിഞ്ഞ ദിവസം സ്ത്രീകൾക്ക് സുരക്ഷ നൽകുന്ന കാര്യത്തിൽ പശ്ചിമ ബംഗാൾ മോശമാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്വർഗീയ കുറ്റപ്പെടുത്തിയിരുന്നു. "ബംഗാളിൽ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടെങ്കിലും സംസ്ഥാനത്തെ സ്ത്രീകൾ സുരക്ഷിതരല്ല. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബംഗാളിലെ സ്ത്രീ സുരക്ഷയും സുരക്ഷയും ഏറ്റവും മോശമാണ്. ക്രമസമാധാന സ്ഥിതി സംസ്ഥാനത്ത് പൂർണ്ണമായും തകർന്നിട്ടുണ്ട്,"- കൈലാഷ് വിജയ്വർഗീയ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മമത സർക്കാരിനെതിരെ ആഞ്ഞടിച്ച് രാജു ബാനർജി രംഗത്തുവന്നത്. സംസ്ഥാനത്ത് 2011 മുതൽ തൃണമൂൽ സർക്കാരാണ് ഭരിക്കുന്നത്. ബംഗാളിലെ 294 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തവർഷം ഏപ്രിൽ മെയ് മാസത്തിലാണ്.
മറുനാടന് ഡെസ്ക്