ന്യൂഡൽഹി: മൂന്നുതവണ തലാക്ക് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നതിനെ ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ, മുസ്ലിം വ്യക്തിനിയമം വീണ്ടും സജീവ ചർച്ചാവിഷയമാകുന്നു. സുപ്രീം കോടതി തലാക്ക് ചൊല്ലൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കുമോ എന്ന ആശങ്കയിലാണ് മുസ്ലിം നേതാക്കൾ. ഇതിനെതിരെ ശക്തമായി മുന്നോട്ടുപോകാനാണ് മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ തീരുമാനം.

എൺപതുകൾ മുതൽക്ക് തലാക്ക് ചൊല്ലലിനെതിരായ നിയമ പോരാട്ടം മുസ്ലിം വ്യക്തിനിയമത്തെ വെല്ലുവിളിക്കുകയാണ്. 1985-ൽ ഇൻഡോറിൽനിന്നുള്ള ഷാ ബാനു എന്ന 62-കാരി തലാക്കിനെതിരെ സുപ്രീം കോടതിയിൽ എത്തിയിരുന്നു. അഞ്ച് മക്കളുടെ അമ്മയായ തനിക്ക് ഭർത്താവിൽനിന്ന് ജീവനാംശം ലഭിക്കണമെന്നായിരുന്നു ഇവരുടെ വാദം.

തലാക്കിലൂടെയുള്ള വിവാഹബന്ധം വേർപെടുത്തലിനെ വിമർശിച്ചുകൊണ്ട് ഇവർക്ക് ജീവനാംശം നൽകാൻ കോടതി ഉത്തരവിട്ടു. ഇതേത്തുടർന്ന് കേന്ദ്രത്തിൽ ശക്തമായ സ്വാധീനമുണ്ടായിരുന്ന മുസ്ലിം നേതൃത്വം നിയമം തന്നെ പൊളിച്ചെഴുതി. രാജീവ് ഗാന്ധി സർക്കാർ കൊണ്ടുവന്ന മുസ്ലിം വനിതാ നിയമം അതിനുള്ളതായിരുന്നു. സുപ്രീം കോടതി വിധിയെ മയപ്പെടുത്തിയ ഈ നിയമം, വിവാഹബന്ധം വേർപെടുത്തപ്പെട്ട സ്ത്രീകൾക്ക് ജീവനാംശത്തിനുള്ള അർഹത പോലും ഇല്ലാതാക്കി.

ഇപ്പോൾ ഷാ ബാനുവിന്റെ സ്ഥാപത്ത് ഷയറാ ബാനുവാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡിൽനിന്നുള്ള ഷയറാ ബാനു തലാക്ക് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ കേസ് പരിഗണിക്കുന്ന കോടതി, മുസ്ലിം വനിതകളുടെ നിയമപരിരക്ഷയ്ക്കായുള്ള ശ്രമങ്ങൾക്ക് സ്വമേധയാ തുടക്കമിടുകയും ചെയ്തു.

എന്നാൽ, വ്യക്തിനിയമത്തിനെതിരായ നീക്കത്തെ ഏതുവിധത്തിലും ചെറുത്തുതോൽപ്പിക്കാനാണ് മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി അവർ കേസിൽ കക്ഷി ചേർന്നുകഴിഞ്ഞു. കേന്ദ്ര സർക്കാരോ മറ്റാരെങ്കിലുമോ വ്യക്തിനിയമത്തിൽ ഇടപെട്ടാൽ അനുവദിക്കില്ലെന്ന നിലപാടിലാണ് ബോർഡ്.

ഒരേസമയത്തുതന്നെ മൂന്നുവട്ടം തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്ന സമ്പ്രദായം പുനഃപരിശോധിക്കാനാവില്ലെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് അടുത്തിടെ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. തലാഖ് സമ്പ്രദായം പരിഷ്‌കരിക്കണമെന്നും അന്തിമമായി വിവാഹമോചനം നടത്തുന്നതിനു മൂന്നു മാസത്തെ സമയം നൽകണമെന്നും അഖിലേന്ത്യാ സുന്നി ഉലമ കൗൺസിൽ ആവശ്യപ്പെട്ടുവെന്ന് സൂചനകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ബോർഡിന്റെ വക്താവ് മൗലാന അബ്ദുൽ റഹിം ഖുറേഷി നിലപാട് വ്യക്തമാക്കിയത്.

ക്ഷോഭം പൂണ്ടോ ലഹരിയിലോ ഒറ്റയടിക്കു മൂന്നു വട്ടം തലാഖ് ചൊല്ലിയാൽ അത് ഒന്നായി മാത്രമേ കണക്കാക്കാവൂ എന്നും അതു സ്ഥിരീകരിക്കുന്നതിനു പാക്കിസ്ഥാൻ അടക്കം ഏഴു ഇസ്‌ലാമിക രാജ്യങ്ങളിലുള്ളതുപോലെ മൂന്നു മാസത്തെ സമയം നൽകണമെന്നുമുള്ള ആവശ്യമാണ് ഉയർന്നത്. ഇതാണ് നിരാകരിക്കപ്പെടുന്നത്. ഇതോടെ ന്യായമായ ആവകാശങ്ങൾ പോലും മുസ്ലിം വനിതകൾക്ക് നിഷേധിക്കപ്പെടുന്ന സ്ഥിതി തുടരും. ഇപ്പോഴത്തെ ചർച്ചകളോട് യോജിക്കുന്നില്ലെന്നും മറ്റു രാജ്യങ്ങളിൽ നടക്കുന്നതുമായി തങ്ങൾക്കു ബന്ധമില്ലെന്നമാണ് മുസ്ലിം ്‌വ്യക്തി നിയമ ബോർഡ് നിഷ്‌ക്കർഷിക്കുന്നത്.

ഇപ്പോഴത്തെ നിലയിൽ സുപ്രീം കോടതിയിൽ നിന്നും ഷയറാ ബാനുവിന് അനുകൂലമായ ഉത്തരവുണ്ടായാൽ അത് നടപ്പിലാക്കാൻ തന്നെയാകും മോദി സർക്കാർ ശ്രമിക്കുക. ഏകീകൃത സിവിൽ കോഡ് എന്ന ആശയത്തെ പിന്തുണയ്ക്കുന്നവരാണ്. അതുകൊണ്ട് രാജീവ് ഗാന്ധി സർക്കാരിന്റെ കാലത്തു ലഭിച്ചതുപോലൊരു സഹായം നരേന്ദ്ര മോദി സർക്കാരിന്റെ കാലത്തുണ്ടാവുമോ എന്ന ആശങ്ക മത നേതാക്കൾക്കുണ്ട്. എങ്കിലും രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ അഭിഭാഷകരെ അണിനിരത്തി ഷയറ ബാനു കേസിൽ വാദിക്കാനാണ് വ്യക്തിനിയമ ബോർഡിന്റെ തീരുമാനം. വ്യക്തിനിയമത്തിൽ ഒരുതരത്തിലുള്ള ഇടപെടലും അനുവദിക്കില്ലെന്ന് അവർ പറയുന്നു.

ഹൈദരാബാദ് എംപി അസാദുദീൻ ഒവൈസിയും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. അടുത്തിടെ മൂന്ന് ചൊല്ലിയുള്ള തലാഖിനെതിരെ കേരളത്തിൽ ജസ്റ്റിസ് കമാൽ പാഷ പറഞ്ഞ അഭിപ്രായങ്ങൾ ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.