തിരുവനന്തപുരം: തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗണിനുള്ള നടപടികൾ തുടങ്ങി. ന?ഗരത്തിൽ പല റോഡുകളും പൊലീസ് അടയ്ക്കുകയാണ്. മേഖല തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഒരു മേഖലയിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും ഒരു വഴി മാത്രമായിരിക്കും ഉണ്ടാവുക. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് നിൽക്കുന്ന തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്.

ജനസഞ്ചാരം നിയന്ത്രിക്കാനുള്ള കർശന നടപടികൾ ജില്ലാഭരണകൂടം തുടങ്ങി. ജില്ലാ അതിർത്തികൾ അടയ്ക്കും. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യ സർവ്വീസ് വിഭാഗത്തിൽപെട്ടവർക്കും യാത്ര ചെയ്യുന്നതിനായി എൻട്രി/എക്‌സിറ്റ് പോയിന്റുകൾ ക്രമീകരിക്കുകയാണ്. ഓരോ പൊലീസ് സ്റ്റേഷനുകളേയും ഓരോ ക്ലസ്റ്ററുകളാക്കി അകത്തേക്കും പുറത്തേക്കും പോകാൻ ഒരു വഴി മാത്രം തുറക്കും.

ബാരിക്കേഡുകൾ ഇതിനകം നിരത്തിക്കഴിഞ്ഞു. കൂടുതൽ കോവിഡ് കേസുകളുള്ള മേഖലകളെ സോണുകളാക്കി തിരിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന് ചുമതല നൽകും. ക്വാറന്റനീനിൽ കഴിയുന്നവർ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തും. പലചരക്ക്, പച്ചക്കറി വിൽക്കുന്ന കടകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാം. ഹോട്ടലുകളിൽ പാഴ്‌സൽ വിതരണം ഉണ്ടാകും.

ബാങ്കുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്താൻ ലോക്ഡൗൺ ബാധകമായ ജില്ലകളിലേത് പോലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം. പാൽ പത്ര വിതരണം ആറുമണിക്ക് മുമ്പ് പൂർത്തിയാക്കണമെന്ന് ആദ്യം നിർദ്ദേശമുണ്ടായിരുന്നെങ്കിലും, എട്ട് മണി വരെ ഇളവ് നൽകി.

ട്രിപ്പിൽ ലോക്ഡൗൺ ബാധകമല്ലാത്ത ജില്ലകളിൽ നിലവിലെ ലോക്ഡൗണും നിയന്ത്രണങ്ങളും തുടരും. 23 ന് ശേഷവും ലോക്ഡൗൺ നീട്ടണമോയെന്ന കാര്യത്തിൽ അടുത്തവാരം അവസാനത്തോടെ സാഹചര്യം വിലയിരുത്തി തീരുമാനമുണ്ടാകും.