- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ റേഷൻ കാർഡുമായി പുറത്തിറങ്ങാം; എറണാകുളത്തും ജനസഞ്ചാരം തടയാൻ അതിശക്തമായ ഇടപെടലുകൾ; മേഖല തിരിച്ച് നിയന്ത്രണങ്ങൾ തൃശൂരിലും; തിരുവനന്തപുരത്ത് ഇടറോഡുകളിൽ പോലും ബാരിക്കേഡുകൾ; ഇന്നുവരെ കണ്ടിട്ടില്ലാത്ത നിയന്ത്രണങ്ങൾ; ട്രിപ്പിൾ ലോക്ഡൗണിൽ കേരളം നിശ്ചലമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ഡൗൺ നിലവിൽ വരും. ഇത് സംബന്ധിച്ച് മാർഗരേഖ പുറത്തിറങ്ങി. ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴം, പച്ചക്കറി, പാല്, മത്സ്യം, മാംസം, മൃഗങ്ങളുടെ തീറ്റ, കോഴിത്തീറ്റ, കാലിത്തീറ്റ, ബേക്കറി തുടങ്ങിയ സ്ഥാപനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കാം. ഹോം ഡെലിവറി ചെയ്യുന്ന കടകൾ അടക്കം ഉച്ചക്ക് രണ്ട് മണിക്ക് അടയ്ക്കണം. ട്രിപിൾ ലോക്ഡൺ ജില്ലകളിൽ മേഖല തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഒരു മേഖലയിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും ഒരു വഴി മാത്രമായിരിക്കും ഉണ്ടാവുക. നാലു ജില്ലകളിലാകും ട്രിപ്പിൾ ലോക്ഡൗൺ എങ്കിലും കേരളത്തെ സമ്പൂർണ്ണമായും നിശ്ചലമാക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ പോകും. ട്രിപ്പിൾ ലോക്ഡൗൺ ബാധകമല്ലാത്ത ജില്ലകളിൽ നിലവിലെ ലോക്ഡൗണും നിയന്ത്രണങ്ങളും തുടരും. 23 ന് ശേഷവും ലോക്ഡൗൺ നീട്ടണമോയെന്ന കാര്യത്തിൽ അടുത്തവാരം അവസാനത്തോടെ സാഹചര്യം വിലയിരുത്തി തീരുമാനമുണ്ടാകും.
എറണാകുളത്ത് ജനസഞ്ചാരം നിയന്ത്രിക്കാനുള്ള കർശന നടപടികൾ ജില്ലാഭരണകൂടം തുടങ്ങി. ജില്ലാ അതിർത്തികൾ അടയ്ക്കും. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യ സർവ്വീസ് വിഭാഗത്തിൽപെട്ടവർക്കും യാത്ര ചെയ്യുന്നതിനായി എൻട്രി/എക്സിറ്റ് പോയിന്റുകൾ ക്രമീകരിക്കുകയാണ്. ഓരോ പൊലീസ് സ്റ്റേഷനുകളേയും ഓരോ ക്ലസ്റ്ററുകളാക്കി അകത്തേക്കും പുറത്തേക്കും പോകാൻ ഒരു വഴി മാത്രം തുറക്കും. ബാരിക്കേഡുകൾ ഇതിനകം നിരത്തിക്കഴിഞ്ഞു. കൂടുതൽ കോവിഡ് കേസുകളുള്ള മേഖലകളെ സോണുകളാക്കി തിരിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന് ചുമതല നൽകും. ക്വാറന്റനീനിൽ കഴിയുന്നവർ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തും. പലചരക്ക്, പച്ചക്കറി വിൽക്കുന്ന കടകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാം. ഹോട്ടലുകളിൽ പാഴ്സൽ വിതരണം ഉണ്ടാകും.
ബാങ്കുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്താൻ ലോക്ഡൗൺ ബാധകമായ ജില്ലകളിലേത് പോലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം. പാൽ പത്ര വിതരണം ആറുമണിക്ക് മുമ്പ് പൂർത്തിയാക്കണമെന്ന് ആദ്യം നിർദ്ദേശമുണ്ടായിരുന്നെങ്കിലും, എട്ട് മണി വരെ ഇളവ് നൽകി. പാൽ, പത്രം വിതരണം എന്നിവ രാവിലെ എട്ട് മണിക്ക് മുമ്പ് പൂർത്തീകരിക്കണം. റേഷൻ കടകൾ, മാവേലി സ്റ്റോർ, സപ്ലൈകോ ഷോപ്പ്, മിൽക്ക് ബൂത്ത് എന്നിവ വൈകിട്ട് അഞ്ച് മണിവരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ രാവിലെ ഏഴ് മുതൽ മുതൽ വൈകിട്ട് 7.30 വരെ പ്രവർത്തിക്കാം. പക്ഷേ ഹോംഡെലിവറി മാത്രമാണ് അനുവദിക്കുക. ഒരു കാരണവശാലും ആളുകളെ ഇരുത്തി ഭക്ഷണം നൽകാൻ പാടില്ല. മെഡിക്കൽ ഷോപ്പ്, പെട്രോൾ പമ്പ്, എടിഎം, ജീവൻ രക്ഷാ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ തുടങ്ങിയവയ്ക്ക് എല്ലാ ദിവസവും പ്രവർത്തിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളല്ലാതെ മറ്റൊന്നും പ്രവർത്തിക്കാൻ പാടില്ല. എന്നാൽ പച്ചക്കറി അടക്കമുള്ള അവശ്യ വസ്തുക്കൾ വാങ്ങാനായി ജനങ്ങൾ അധികദൂരം സഞ്ചരിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.
ബാങ്ക്, ഇൻഷ്വറൻസ്, ഫിനാൻഷ്യൽ സ്ഥാപനങ്ങൾ എന്നിവ ചുരുങ്ങിയ എണ്ണം ജീവനക്കാരുമായി തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ 10 മുതൽ ഒരു മണിവരെ പ്രവർത്തിക്കാം. സഹകരണ സ്ഥാപനങ്ങൾ തിങ്കളും വ്യാഴവും 10 മുതൽ ഒരു മണിവരെ പ്രവർത്തിക്കാം. അവശ്യവസ്തുക്കളുടെ ഡെലിവറിക്കായി ഇ കൊമേഴ്സ് സ്ഥാപനങ്ങൾക്ക് രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ട് വരെ അനുമതി നൽകിയിട്ടുണ്ട്.
മലപ്പുറത്ത് റേഷൻ കാർഡ് നിർബന്ധം
മലപ്പുറത്ത് അവശ്യസാധനങ്ങൾ വാങ്ങാൻ സത്യവാങ്മൂലത്തിനൊപ്പം റേഷൻ കാർഡ് കരുതണം, ഒറ്റ-ഇരട്ട നിബന്ധനയിൽ ഒന്നിടവിട്ട് മാത്രം പുറത്തിറങ്ങാം. കാർഡില്ലാത്തവർ സത്യവാങ്മൂലത്തിൽ അക്കാര്യം പറയണം. തിങ്കൾ ബുധൻ വെള്ളി...ഒറ്റ അക്കത്തിൽ ഉള്ളവർക്ക് സാധനം വാങ്ങാൻ ഇറങ്ങാം. മറ്റ് ദിവസങ്ങളിൽ ഇരട്ട അക്കത്തിലുള്ളവർക്കും. വാർഡ് സമിതികളുടെ സഹായത്തോടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റണം.
എറണാകുളം ജില്ലയിലെ ട്രിപ്പിൾ ലോക്ഡൗൺ പ്രധാന നിയന്ത്രണങ്ങൾ
ട്രിപ്പിൾ ലോക്ക്ഡൗൺ ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരുന്ന എറണാകുളം ജില്ലയിലെ നിയന്ത്രണങ്ങൾ വ്യക്തമാക്കി ജില്ലാഭരണകൂടം. ഹോം നഴ്സ്, വീട്ടുജോലിക്കാർ എന്നിവർക്ക് ഓൺലൈൻ പാസ് നിർബന്ധമാണ്. ഇലക്ട്രിക്കൽ, പ്ളംബിങ്' ടെലികമ്യൂണിക്കേഷൻ തിരിച്ചറിയൽ കാർഡ് ഉപ്രയോഗിച്ച് യാത്ര ചെയ്യാം.
1. പലച്ചരക്കുകടകൾ, ബേക്കറി, പഴംപച്ചക്കറി കടകൾ, മത്സ്യമാംസ വിതരണ കടകൾ, കോഴി വ്യാപര കടകൾ, കോൾഡ് സ്റ്റോറേജ് എന്നിവ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ പ്രവർത്തിക്കാം. പരമാവധി ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കണം.
2. പൊതുജനങ്ങൾ, അവശ്യവസ്തുക്കൾ വീടിനോട് ഏറ്റവും അടുത്തുള്ള കടയിൽനിന്നു വാങ്ങണം. ഇവ വാങ്ങുന്നതിനായി കൂടുതൽ ദൂരം സഞ്ചരിക്കാൻ അനുവദിക്കില്ല.
3. വഴിയോര കച്ചവടങ്ങൾ ജില്ലയിൽ അനുവദിക്കില്ല
4. ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ എട്ടു മുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ടേക്ക് എവേയും പാഴ്സൽ സർവീസും അനുവദിക്കില്ല.
5. പാൽ, പത്രം, തപാൽ വിതരണം എന്നിവ രാവിലെ എട്ടിനു മുൻപു പൂർത്തിയാക്കണം. പാൽ സംഭരണം ഉച്ചയ്ക്ക് 2 മണി വരെ നടത്താം.
6. റേഷൻ കടകൾ, പൊതുവിതരണ കേന്ദ്രം, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ പ്രവർത്തിക്കാം. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, എടിഎമ്മുകൾ, ജീവൻരക്ഷാ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ തുടങ്ങിയവ സാധരാണഗതിയിൽ പ്രവർത്തിക്കാം.
തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ ഇങ്ങനെ
തിരുവനന്തപുരം ജില്ലയിൽ അർധരാത്രി മുതൽ നിലവിലുള്ള നിയന്ത്രണങ്ങൾക്കു പുറമേ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
നിയന്ത്രണങ്ങൾ ഇങ്ങനെ
1. ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴം, പച്ചക്കറി, പാൽ, മാംസം, മത്സ്യം, കാലിത്തീറ്റ, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവയ്ക്കു തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം. പ്രവർത്തിക്കുന്ന ദിവസങ്ങളിൽ ഉച്ചയ്ക്കു രണ്ടു മണിക്ക് കടകൾ അടയ്ക്കണം.
2. പാൽ, പത്ര വിതരണം എന്നിവ രാവിലെ എട്ടിനു മുൻപു പൂർത്തിയാക്കണം.
3. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, മിൽക്ക് ബൂത്തുകൾ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ പ്രവർത്തിക്കാം.
4. ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ ഏഴു മുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ടേക്ക് എവേയും പാഴ്സൽ സർവീസും അനുവദിക്കില്ല.
5. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, എടിഎമ്മുകൾ, ജീവൻരക്ഷാ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ തുടങ്ങിയവ എല്ലാ ദിവസവും പ്രവർത്തിക്കും.
6. മേൽപ്പറഞ്ഞ വിഭാഗങ്ങളിൽപ്പെടാത്ത കടകൾ അടഞ്ഞുകിടക്കും.
7. പൊതുജനങ്ങൾ, അവശ്യവസ്തുക്കൾ വീടിനോട് ഏറ്റവും അടുത്തുള്ള കടയിൽനിന്നു വാങ്ങണം. ഇവ വാങ്ങുന്നതിനായി കൂടുതൽ ദൂരം സഞ്ചരിക്കാൻ അനുവദിക്കില്ല.
8. ബാങ്കുകൾ, ഇൻഷ്വറൻസ് സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം. ഏറ്റവും കുറഞ്ഞ സ്റ്റാഫിനെ വച്ച് രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് ഇവയ്ക്കു പ്രവർത്തിക്കാൻ അനുവാദം. സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ പ്രവർത്തിക്കും. ഇ-കൊമേഴ്സ്, അവശ്യ വസ്തുക്കളുടെ ഡെലിവറി എന്നിവ ദിവസവും രാവിലെ ഏഴു മുതൽ ഉച്ചയ്ക്കു രണ്ടു വരെ അനുവദിക്കും.
മറ്റു നിയന്ത്രണങ്ങൾ
ജില്ലയിലേക്കു പ്രവേശിക്കുന്നതും ജില്ലയ്ക്കു പുറത്തേക്കു പോകുന്നതും പൊലീസ് കർശനമായി നിയന്ത്രിക്കും. കണ്ടെയ്ന്മെന്റ് സോണുകളിലും കർശന നിയന്ത്രണങ്ങൾ ഉണ്ടാകും. ചരക്കു ഗതാഗതം, അവശ്യ സേവനങ്ങൾ എന്നിവയ്ക്കു മാത്രമേ സംസ്ഥാനാന്തര ഗതാഗതം അനുവദിക്കൂ. സംസ്ഥാനാന്തര അവശ്യയാത്രയ്ക്ക് കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതു നിർബന്ധമാണ്.
മാധ്യമ പ്രവർത്തകർക്കു ജില്ലയിലേക്കു പ്രവേശിക്കുന്നതിനും ജില്ല വിട്ടു പോകുന്നതിനും പൊലീസിന്റെ പ്രത്യേക പാസ് വേണം. വീട്ടുജോലിക്കാർ, ഹോം നഴ്സ് തുടങ്ങിയവർക്ക് ഓൺലൈൻ പാസ് നിർബന്ധം. ഇലക്ട്രോണിക്, പ്ലമ്പിങ് ജോലികൾ ചെയ്യുന്ന ടെക്നീഷ്യന്മാർക്കും പാസ് നിർബന്ധം. പാസുകൾ pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷിച്ചാൽ ലഭ്യമാകും.
നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കിയിട്ടുള്ള വിഭാഗങ്ങളിൽപ്പെടുന്ന സ്വകാര്യ - പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കു ജോലിസ്ഥലത്തേക്കു പോകുന്നതിനായി ജില്ലയ്ക്കുള്ളിലും ജില്ലയ്ക്കു പുറത്തേക്കും യാത്ര അനുവദിക്കും. ജില്ലയിലെ ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്കു പ്രവേശനം ഉണ്ടായിരിക്കില്ല. പൊതുജനങ്ങളുടെ പങ്കാളിത്തമില്ലാതെ ചടങ്ങുകൾ മാത്രം നടത്താൻ അനുവദിക്കുമെന്നും കളക്ടർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ