ന്യൂഡൽഹി: മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോയെന്ന വിഷയം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. മെയ് 11 മുതൽ ഭരണഘടനാ ബെഞ്ച് പ്രശ്‌നത്തിൽ വാദം കേൾക്കും.

വ്യക്തി നിയമങ്ങൾ ഭരണഘടനയുടെ 13ാം വകുപ്പിന്റെ പരിധിയിൽ വരുമോ? മുത്തലാഖും ബഹുഭാര്യത്വവും മറ്റും 25ാം വകുപ്പിന്റെ സംരക്ഷണം ലഭിക്കുന്ന സംഗതികളാണോ? മതസ്വാതന്ത്ര്യം സംബന്ധിച്ച 25(1) വകുപ്പ് തുല്യതയ്ക്കും ജീവിക്കാനുള്ള അവകാശത്തിനുമുള്ള വകുപ്പുകൾക്കും വിധേയമാണോ? മുത്തലാഖും ബഹുഭാര്യത്വവും മറ്റും ഇന്ത്യയുടെ രാജ്യാന്തര ധാരണകളുമായി ഒത്തുപോകുന്നതാണോ എന്നിങ്ങനെ നാലു ചോദ്യങ്ങളാണ് കോടതിയുടെ പരിഗണനയ്ക്കായി കേന്ദ്ര സർക്കാർ നൽകിയിട്ടുള്ളത്.

മൗലികാവകാശങ്ങൾക്കു വിരുദ്ധമായ നിയമങ്ങൾ അസാധുവെന്നു വ്യക്തമാക്കുന്നതാണ് 13ാം വകുപ്പ്. വ്യക്തിനിയമങ്ങൾ ഈ വകുപ്പിന്റെ പരിധിയിൽ വരുമോയെന്ന തർക്കവിഷയമാണ് കേന്ദ്രം ഉന്നയിച്ചിരിക്കുന്നത്. മുസ്ലിം വ്യക്തിനിയമ ബോർഡ് ഉൾപ്പെടെയുള്ള കക്ഷികളോട് നിലപാടുകൾ എഴുതി നൽകാൻ കോടതി നിർദ്ദേശിച്ചിരുന്നു. കോടതി സ്വമേധയാ എടുത്ത പൊതുതാൽപര്യ ഹർജിയും വിവിധ സംഘടനകളുടെയും ഏതാനും മുസ്ലിം സ്ത്രീകളുടെയും ഹർജികളുമാണ് പരിഗണനയിലുള്ളത്.