മുംബൈ: ശബരിമല സ്ത്രീപ്രവേശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ഉടൻ സന്നിധാനത്തേക്കില്ല. സുപ്രീം കോടതി പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനമനുവദിച്ചെങ്കിലും, തൽക്കാലം ശബരിമലയിലേക്ക് എത്തുന്നില്ലെന്ന് അവർ വ്യക്തമാക്കി. പകരം അടുത്ത മാസം 17ന് മണ്ഡലകാലം ആരംഭിക്കുമ്പോൾ ശബരിമലയിലെത്തും. ഇക്കാര്യങ്ങൾ പ്രഖ്യാപിക്കാൻ ഉടൻ തന്നെ വാർത്താ സമ്മേളനം വിളിക്കുമെന്നും അവർ വ്യക്തമാക്കി.

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ താനും സംഘവും ശബരിമലയിലെത്തുമെന്ന് തൃപ്തി ദേശായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും സന്നിധാനത്തേക്ക് തിരിച്ച സ്ത്രീകൾക്ക് മടങ്ങേണ്ടി വരികയും ചെയ്തതിനാലാണ് തൃപ്തി ദേശായി പിന്മാറിയതെന്നാണ് സൂചന. എന്നാൽ സുപ്രീം കോടതി വിധിയുള്ളതിനാൽ താൻ ശബരിമലയിലേക്ക് എത്തുമെന്ന് തന്നെയാണ് തൃപ്തിയുടെ അവകാശവാദം. ഇതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളോട് തനിക്ക് യോജിക്കാനാവില്ലെന്നും അവർ ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ശ്രമിച്ച തൃപ്തിയെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മഹാരാഷ്ട്രയിലെ ശിർദിയിൽ മോദിയുടെ സന്ദർശനം കഴിയുന്നത് വരെ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചശേഷമാണ് തൃപ്തി ദേശായിയെ വിട്ടയച്ചത്.

തൃപ്തി ദേശായി

ലിംഗവിവേചനത്തിനെതിരെ പോരാടുന്ന തൃപ്തി ദേശായി ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവാണ്. സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദർഗ, ത്രൈയംബകേശ്വർ ക്ഷേത്രം, ശനി ശിംഘനാപൂർ ക്ഷേത്രം എന്നിവിടങ്ങളിൽ സ്ത്രീകളോടൊപ്പം ഇവർ പ്രവേശിച്ചിരുന്നു. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ തൃപ്തി നേരത്തേ സ്വാഗതം ചെയ്തിരുന്നു

കോടതി വിധിയുമായിതന്നെ തങ്ങൾ മുന്നോട്ടുപോകുമെന്നുതന്നെയാണ തൃപ്തി ദേശായി ഉറപ്പിച്ചുപറയുന്നത്. ഭീഷണികളെ ഭയമില്ലെന്നാണ് അവർ പറയുന്നത്. ഭീഷണികൾക്ക് മുന്നിൽ പതറുന്ന ആളല്ല താൻ. ശബരിമലയിൽ കയറുമെന്ന് പറഞ്ഞതിന് ശേഷം കേരളത്തിൽ നിന്നുൾപ്പെടെ നിരവധി ഭീഷണി ഫോൺ കോളുകളും, സന്ദേശങ്ങളും വന്നിട്ടുണ്ട്. സൈബറിടത്തിലും വലിയതോതിൽ കാമ്പെയിൻ നടക്കുകയാണെന്നറിയാം. വന്നാൽ, മർദ്ദിക്കുമെന്നും തല്ലുമെന്നും കൊല്ലുമെന്നും അങ്ങനെ പലതരത്തിൽ. പക്ഷേ, അവിടെ കയറിക്കോളാൻ അനുവാദം തന്നത് സുപ്രീംകോടതിയാണ്. ശബരിമല ആരുടെയും പിതൃസ്വത്തല്ല. തങ്ങളെ സുരക്ഷിതമായി ശബരിമലയിൽ എത്തിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും, ഉറപ്പായിട്ടും വരുംമെന്നുമാണ് തൃപ്തി ദേശായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇപ്പോൾ മഹാരാഷ്ട്രയിൽ, മഹാലക്ഷ്മി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു പ്രക്ഷോഭത്തിലാണ്. അത് തീർപ്പായാലുടൻ ശബരിമലയിൽ എത്തുന്ന തീയതി തീരുമാനിക്കും. മണ്ഡലകാലം തീരുംമുമ്പ് വരും മുമ്പ് വരുമെന്നും അവർ പറയുന്നു.

ഇന്ത്യയിലെ പ്രശസ്ത ലിംഗസമത്വ പ്രവർത്തകയും ഭൂമാത റാൻ രാഗിണി (ഭൂമാതാ ബ്രിഗേഡ്) എന്ന പ്രസ്ഥാനത്തിന്റെ (2010) സ്ഥാപകയുമാണ്. കർണാടകയിലെ നിപാൻ താലൂക്കിൽ ജനനം. 2003ൽ ചേരിനിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ക്രാന്തിവീർ ജോപ്പഡി വികാസ് സംഘ് എന്ന സംഘടനയിലൂടെ പൊതുപ്രവർത്തനത്തിന് തുടക്കം. ഭർത്താവ് പ്രശാന്ത് ദേശായി. ഒരു മകൻ. തൃപ്തി ദേശായിയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങൾക്കൊടുവിലാണ് മഹാരാഷ്ട്രയിലെ ശനി ശിംഘ്നാപുർ ക്ഷേത്രം, നാസിക്കിലെ ത്രയംബകേശ്വർ ജ്യോതിർലിംഗ ക്ഷേത്രം, ഹാജി അലിദർഗ എന്നിവിടങ്ങളിൽ സ്ത്രീപ്രവേശനം ഉറപ്പാക്കാനായത്.