തെന്നിന്ത്യൻ നടി തൃഷ വിവാഹം ഉറപ്പിച്ചപ്പോൾ മുതൽ കരാറൊപ്പിട്ട സിനിമകൾ തീർക്കുന്ന തിരക്കിലാണ്. പോരാത്തതിന് നടിക്ക് കൈ നിറയെ അവസരങ്ങളും. അതിനിടെ പ്രതിശ്രുത വരനായ വരുൺ മണിയന്റെ പുതിയ ചിത്രത്തിൽ നിന്നും തൃഷ പിന്മാറിയെന്നാണ് തമിഴകത്ത് നിന്നുള്ള റിപ്പോർട്ടുകൾ.

വരുണിന്റെ റാഡിയൻസ് മീഡിയയുടെ ബാനറിലൊരുക്കുന്ന ഈ ചിത്രത്തിൽ ജയ് ആയിരുന്നു നായകൻ. തന്റെ തിരക്കുകൾ കാരണമാണ് തൃഷ ചിത്രത്തിൽ നിന്നും പിന്മാറിയത് എന്നാണ് അറിയുന്നത്. ഭോഗി, അപ്പ താക്കർ, തൃഷയുടെ മാനേജറായ ഗിരിധർ നിർമ്മിക്കുന്ന പേരിട്ടിട്ടില്ലാത്ത പുതിയ ഹൊറർ ചിത്രം, ബാലകൃഷ്ണയുടെ ലയൺ എന്ന തെലുങ്ക് ചിത്രം എന്നിവയാണ് തൃഷയുടെ സ്വന്തമായി ഇപ്പോഴുള്ളത്.

ഇതോടെ ചിത്രത്തിന്റെ സംവിധായകർ പ്രാധാന്യമുള്ള വേഷം അവതരിപ്പിക്കാൻ പ്രഭുദേവയേയും സിമ്രാനേയും സമീപിച്ചതായാണ് കേൾക്കുന്നത്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് തമനാണ്. സമുദ്രക്കനി, ജോൺ വിജയ്, ആ.കെ, ചാർലി, സോണിയ അഗർവാൾ എന്നിവരാണ് ചിത്രത്തിലെ മറ്ര് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമർ, തീരാത്ത വിളയാട്ട് പിള്ളൈ എന്നീ ചിത്രങ്ങളുടെ സംവിധായകനായ തിരുവാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.

തമിഴിലും തെലുങ്കിലും മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള തൃഷ കന്നടയിലും സാന്നിധ്യമറിയിച്ചതോടെ തനിക്ക് മലയാള സിനിമയിൽ കൂടി അഭിനയിക്കണമെന്ന ആഗ്രഹം കഴിഞ്ഞ ദിവസം പങ്ക് വച്ചതായി റിപ്പോർ്ട്ടുണ്ടായിരുന്നു. ഒരു മലയാള സിനിമയിലെങ്കിലും അഭിനയിക്കണം എന്നാണ് താരത്തിന്റെ ആഗ്രഹം. ഇവിടെയുള്ള സിനിമകൾക്കാണ് കൂടുതൽ ദേശീയ പുരസ്‌കാരങ്ങൾ ലഭിക്കുന്നതെന്നും മലയാള സിനിമകളുടെ തിരക്കഥ ഗംഭീരമാണെന്നും തൃഷ പറയുന്നു. ഒരവസരം വന്നാൽ തീർച്ചയായും അഭിനയിക്കുമെന്നും തൃഷ പറഞ്ഞു.