ചെന്നൈ; തമിഴിൽ എന്നപോലെ മലയാളത്തിലും  പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന ചിത്രമാണ് 96. ഇപ്പോഴും മിക്ക തിയേറ്ററുകളിലും നിറഞ്ഞോടുന്ന ചിത്രത്തെ ദീപാവലിക്ക് ടെലിവിഷൻ പ്രീമിയറായി സ്വീകരണമുറിയിൽ എത്തുന്നതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ നായിക കൂടിയായ തൃഷാ കൃഷ്ണൻ. ഇത് അനീതിയാണ് ഇത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെയാണ് തൃഷയുടെ പ്രതികരണം.

ഞങ്ങളുടെ സിനിമ തീയേറ്ററുകളിലെത്തിയിട്ട് ഇത് അഞ്ചാമത്തെ ആഴ്ചയാണ്. ഒടു ടീം എന്ന നിലയിൽ ഇത്ര നേരത്തേ 96ന്റെ ടെലിവിഷൻ പ്രീമിയർ വരുന്നത് അനീതിയാണെന്ന് ഞങ്ങൾ കരുതുന്നു. പ്രീമിയർ പ്രദർശനം പൊങ്കലിലേക്ക് മാറ്റിവെക്കാൻ ഞങ്ങൾ സൺ ടിവിയോട് അഭ്യർത്ഥിക്കുന്നുവെന്നും അവർ അറിയിച്ചു.

കോളിവുഡിലെ ഈ വർഷത്തെ സർപ്രൈസ് വിജയങ്ങളിലൊന്നാണ് 96. തമിഴ്‌നാടിന് പുറമെ കേരളമുൾപ്പെടെയുള്ള മാർക്കറ്റുകളിലും ചിത്രം തരംഗം തീർത്തിരുന്നു. വിജയ് സേതുപതി-തൃഷ്, ഗൗരി-ആദിത്യ ടീമിന്റെ മാസ്മരിക പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സ്‌കൂൾ കാലം മുതൽ പ്രണയം സൂക്ഷിക്കുന്ന രണ്ടുപേർ 22 വർഷങ്ങൾക്ക് ശേഷം നടക്കുന്ന റീ-യൂണിയൻ വേദിയിൽ കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട്.

വിജയ് സേതുപതി റാം എന്ന നായകനെ അവതരിപ്പിക്കുമ്പോൾ ജാനകിയാണ് തൃഷ. സംവിധായകൻ തന്നെ രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. എൻ ഷൺമുഖ സുന്ദരമാണ് ഛായാഗ്രഹണം. മദ്രാസ് എന്റർപ്രൈസസിന്റെ ബാനറിൽ നന്ദഗോപാൽ ആണ് നിർമ്മാണം. കേരളത്തിൽ നിന്ന് ചിത്രം ഇതുവരെ നേടിയത് 10 കോടിയോളം രൂപയാണ് ആഗോള കളക്ഷൻ 60 കോടിക്കും മുകളിൽ.