ലണ്ടൻ: തൃശ്ശൂർ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ  ബ്രിട്ടണിൽ വച്ച് രണ്ടാമത് നടത്തിയ യു.കെയിലുള്ള തൃശ്ശൂർ ജില്ലാ നിവാസികളുടെ  കുടുംബ സംഗമം ക്രൊയ് ഡണിൽ ഉള്ള ആർച്ച് ബിഷപ്പ് ലാൻഫ്രാങ്ക് അക്കാഥമി ഓഡിറ്റോറിയത്തിൽ വച്ച് വളരെ വിപുലമായി കൊണ്ടാടി .

പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. കുറച്ച് നാൾ മുമ്പ് അകാല നിര്യാണം പ്രാപിച്ച തൃശ്ശൂർ കോലഴി സ്വദേശികളായിരുന്ന പുല്ലാക്കാട്ടിൽ രതീഷിനും  ഭാര്യ ഷിജിക്കും അവരുടെ മക്കളായ നേഹ നിയ എന്നിവർക്ക്  ബാഷ്പാജ്ഞലികൾ അർപ്പിച്ച ശേഷമാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.

സംഘാടക സമിതിയിലെ ജനറൽ കൺ വീനർ ജി.കെ .മേനോൻ സ്വാഗതവും
തൃശ്ശൂർ ജില്ലാ സൗഹൃദ  വേദിയുടെ ചെയർമാൻ അഡ്വ: ജേയ്‌സൺ ഇരിങ്ങാലക്കുട  അദ്ധ്യക്ഷപ്രസംഗവും നടത്തി.

മുഖ്യാതിഥിയായ ക്രോയ്ഡൺ കൗൺസിലർ മഞ്ജു ഷാഹുൽ ഹമീദ് ഭദ്രദീപംകൊളുത്തി ചടങ്ങുകൾ ഉൽഘാടനം ചെയ്ത് പ്രഭാഷണം നടത്തി. പിന്നീട് തൃശ്ശൂർ ജില്ലാ സൗഹൃദ വേദിയുടെ രക്ഷാധികാരികളായ ടി. ഹരിദാസ്, മുരളി വെട്ടത്ത്, മുരളീ മുകുന്ദൻ എന്നിവർ ആശംസ പ്രസംഗം നടത്തി. കോഓർഡിനേറ്ററായ ജീസൻ കടവി നന്ദിയും രേഖപ്പെടുത്തി.

ബ്രിട്ടണിലെ മലയാളി സമൂഹത്തിന് നൽകി വരുന്ന മികച്ച സാമൂഹ്യ സേവനത്തിനുള്ള അംഗീകാരമായി തൃശ്ശൂർ ജില്ലാ സൗഹൃദ വേദിയുടെ മുഖ്യ രക്ഷാധികാരിയായ ടി. ഹരിദാസിനെ വേദിയിൽ വച്ച് പൊന്നടയണിച്ച് ആദരിച്ചു.

ഏതാണ്ട് അറുപതോളം കുടുംബങ്ങൾ ഒത്ത് കൂടി പരിചയം പുതുക്കി. ജില്ലാ നിവാസികൾ അംഗങ്ങളായഒരു പ്രൊഫഷണൽ ഡാൻസ് ട്രൂപ്പിന്റെ വിവിധ തരം ക്ലാസ്സിക്കൽ ഡാൻസുകളും , മറ്റ് കലാകാരന്മാരായവരുടെ പാട്ടുകളും ഡാൻസുകളുമൊക്കെ കലാപ്രകടനങ്ങളായി വേദിയിൽ അരങ്ങേറി. ഇനി അടുത്ത സംഗമ വേദിയിൽ കണ്ടുമുട്ടാമെന്ന് പറഞ്ഞ് പരിപാടി സമാപിച്ചു.