തിരുവനന്തപുരം: കേരളത്തിൽ വികസനം വരുന്നത് ഫ്ളാക്‌സ് ബോർഡുകളിലൂടെയാണോ? അങ്ങനെ തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. തിരുവനന്തപുരം നഗരത്തിൽ എവിടെ തിരിഞ്ഞാലും വികസന നായകരെ പുകഴ്‌ത്തിക്കൊണ്ടുള്ള ഫ്ളാക്‌സുകളാണ്. മിക്ക ബോർഡുകളിയും താരം സ്ഥലം എംഎൽഎയും ആരോഗ്യമന്ത്രിയുമായി വി എസ് ശിവകുമാറും. കോടികളുടെ ഫണ്ട് ഇന്ന വികസനത്തിന് മുടക്കി എന്ന് പറഞ്ഞുകൊണ്ട് അഭിനന്ദനം നേർന്നുള്ള ബോർഡുകളാണ് വഴിയോരങ്ങളിൽ. ഇങ്ങനെ ബോർഡു വച്ചപ്പോൾ അതിന് സോഷ്യൽ മീഡിയയിൽ നിന്നും പണികിട്ടുമെന്ന് മന്ത്രി വിചാരിച്ചു കാണില്ല.

തിരുവനന്തപുരം നഗരത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാൻ കോടികൾ മുടക്കിയിട്ടും ഇപ്പോഴും സാധിച്ചിട്ടില്ല. കിഴക്കേകോട്ടയും തമ്പാനൂരുമാണ് നഗരത്തിൽ വെള്ളക്കെട്ടിൽ ദുരിതം അനുഭവിക്കുന്ന പ്രധാന കേന്ദ്രങ്ങൾ. പതിവുപോലെ ഇത്തവണയും കിഴക്കേകോട്ടയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കോടികൾ ഫണ്ടിൽ നിന്നും അനുവദിച്ചു. മഴക്കാലമാകുന്നതിന് മുമ്പ് പ്രശ്‌നം തീർക്കാൻ ശ്രമവും നടത്തി. എന്നാൽ, കോടികൾ കരാറുകാർ കൊണ്ടുപോയി എന്നതല്ലാതെ കാര്യമായി മാറ്റമൊന്നും ഉണ്ടായിട്ടില്ല. മഴ പെയ്തതോടെ വീണ്ടും എങ്ങും വെള്ളക്കെട്ട് തന്നെ.

ഇന്നലെ മുതൽ തലസ്ഥാനത്ത് തകർത്ത് മഴപെയ്യുമ്പോൾ കിഴക്കേകോട്ട തോടായി മാറിയിരിക്കയാണ്. ക്ഷമകെട്ട നാട്ടുകാരിൽ ചിലർ മുഖ്യമന്ത്രിയുടെയും ശിവകുമാറിന്റെയും ഇബ്രാഹിംകുഞ്ഞിന്റെയും ചിരിക്കുന്ന ഫ്ളാക്‌സ് ബോർഡും പശ്ചാത്തലത്തിൽ തോടായ റോഡും ചേർത്ത് ഫോട്ടോയെടുത്തും. കൈയോടെ ഇത് ഫേസ്‌ബുക്കിൽ ഇടുകയും ചെയ്തു. ഇതോടെ തലസ്ഥാന വാസികൾ സോഷ്യൽ മീഡിയയിലൂടെ ഒന്നടങ്കം മന്ത്രിമാരെ ചീത്തവിളിച്ച് രംഗത്തെത്തി.

ആറ് കോടി വെള്ളപ്പൊക്ക നിവാരണ പ്രവർത്തനത്തിന് അനുവദിച്ചുവെന്ന ഫ്ളാക്‌സ്‌ബോർഡ് ചൂണ്ടി ആ കോടികൾ എവിടെ പോയി എന്നാണ് സാധാരണക്കാരുടെ ചോദ്യം. ചിത്രത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് യുവാക്കാളാണ് നിൽക്കുന്നത്. ഈ ചിത്രം ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലുമായി അതിവേഗമാണ് വൈറലാകുന്നത്. മന്ത്രിമാരെ പരിഹസിച്ചും കളിയാക്കിയും കൊണ്ടുമാണ് ഫേസ്‌ബുക്കിലെ കമന്റുകൾ. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായി തലസ്ഥാന നഗരത്തിൽ ഓപ്പറേഷൻ അനന്ത എന്ന പേരിൽ കൈയേറ്റം ഒഴിപ്പിക്കൽ നടക്കുന്നതിനിടെയിലും നഗരവാസികൾക്ക് ദുരിതം തന്നെയാണ് ഇപ്പോഴും.